- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
രണ്ടുംകല്പിച്ചുള്ള ആ ഓറഞ്ച് കുപ്പായക്കാരന്റെ വരവ് കണ്ടാൽ ഇനി ഒന്ന് മാറിനിൽക്കണം; പാളത്തിലൂടെ മണിക്കൂറിൽ 180 കിലോമീറ്റർ വേഗതയിൽ പറപറക്കും; അതിവേഗം ലക്ഷ്യസ്ഥാനങ്ങളിലെത്തിച്ച് യാത്ര; ഇന്ത്യൻ മണ്ണിൽ കുതിക്കാൻ ഇതാ..മറ്റൊരു പുലിക്കുട്ടി കൂടി; 'സ്ലീപ്പർ വന്ദേഭാരത്' ഉടൻ സർവീസ് ആരംഭിക്കും
ഡൽഹി: രാജ്യത്തെ റെയിൽ ഗതാഗത മേഖലയിൽ പുതിയ അധ്യായം കുറിച്ചുകൊണ്ട് ആദ്യ സ്ലീപ്പർ വന്ദേഭാരത് എക്സ്പ്രസ് ഉടൻ സർവീസ് ആരംഭിക്കും. ഗുവാഹാട്ടിയിൽനിന്ന് കൊൽക്കത്തയിലേക്കാണ് ഈ ദീർഘദൂര വന്ദേഭാരത് എക്സ്പ്രസ് യാത്രക്കാരെ വഹിക്കുക. പ്രധാനമന്ത്രി നരേന്ദ്രമോദി ഫ്ളാഗ് ഓഫ് ചെയ്യുമെന്ന് റെയിൽവേമന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചു.
ഇതിന് പുറമെ, രാജ്യത്തെ ആദ്യ ബുള്ളറ്റ് ട്രെയിൻ 2027 ഓഗസ്റ്റ് 15-ന് സർവീസ് തുടങ്ങുമെന്നും റെയിൽവേ മന്ത്രാലയം അറിയിച്ചു. മണിക്കൂറിൽ 320 കിലോമീറ്റർ വേഗതയിൽ സഞ്ചരിക്കുന്ന ഈ ബുള്ളറ്റ് ട്രെയിൻ മുംബൈ-അഹമ്മദാബാദ് ഹൈ-സ്പീഡ് റെയിൽ കോറിഡോറിൽ ഉൾപ്പെട്ട സൂറത്ത്-ബിലിമോറ സെക്ഷനിലെ 100 കിലോമീറ്ററിലാകും ആദ്യ സർവീസ് നടത്തുക.
രാജ്യത്ത് തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന പശ്ചിമബംഗാൾ, അസം സംസ്ഥാനങ്ങളുടെ തലസ്ഥാനങ്ങളെ ബന്ധിപ്പിച്ചാണ് ആദ്യ സ്ലീപ്പർ വന്ദേഭാരത് സർവീസ് ആരംഭിക്കുന്നത്. ആയിരം കിലോമീറ്ററിലധികം ദൈർഘ്യമുള്ള യാത്രകൾക്കാണ് സ്ളീപ്പർ വന്ദേഭാരത് ഏർപ്പെടുത്തുന്നത്. യാത്രക്കാർക്ക് ലോകനിലവാരമുള്ള സൗകര്യങ്ങളും സുരക്ഷാ സംവിധാനങ്ങളും ഉറപ്പാക്കുമെന്നും മന്ത്രി വ്യക്തമാക്കി.
ദീർഘദൂരയാത്രയ്ക്ക് ഇണങ്ങുന്ന രീതിയിലാണ് സ്ലീപ്പർ കോച്ചുകളുടെ നിർമാണം. ഓട്ടോമാറ്റിക് വാതിലുകൾ, ആധുനിക ശൗചാലയങ്ങൾ, സിസിടിവി സൗകര്യം, ഡിജിറ്റൽ ഇൻഫർമേഷൻ ഡിസ്‌പ്ലേകൾ, പ്രത്യേകം രൂപകല്പന ചെയ്ത ബെർത്തുകൾ, ശബ്ദനിയന്ത്രണത്തിനുള്ള സംവിധാനങ്ങൾ തുടങ്ങിയവ ഇതിൽ ഒരുക്കിയിട്ടുണ്ട്. കൂട്ടിയിടി ഒഴിവാക്കുന്നതിനുള്ള 'കവച്' സംവിധാനവും സുരക്ഷാ സംവിധാനങ്ങളിൽ പ്രധാനമാണ്. മണിക്കൂറിൽ 180 കിലോമീറ്റർ വേഗം ഉറപ്പാക്കുന്ന രീതിയിലാണ് സ്ളീപ്പർ വന്ദേഭാരത് നിർമ്മിച്ചിരിക്കുന്നത്.
16 കോച്ചുകളുള്ള ഈ ട്രെയിനിൽ 823 പേർക്ക് യാത്രചെയ്യാം. 11 ത്രീ-ടയർ എസി കോച്ചുകളിൽ 611 സീറ്റുകളും, നാല് ടു-ടയർ എസി കോച്ചുകളിൽ 188 സീറ്റുകളും, ഒരു ഫസ്റ്റ് ക്ലാസ് എസി കോച്ചിൽ 24 സീറ്റുകളുമുണ്ടാകും. തേഡ് എസി (ത്രീ-ടയർ) സീറ്റിന് ഭക്ഷണമുൾപ്പെടെയുള്ള ടിക്കറ്റ് നിരക്ക് 2300 രൂപയാണ്. ടു-ടയറിന് 3000 രൂപയും, ഫസ്റ്റ് ക്ളാസ് എസിക്ക് 3900 രൂപയുമാണ് നിരക്ക്. ഈ റൂട്ടിൽ വിമാനനിരക്ക് ആറായിരം മുതൽ പതിനായിരം രൂപവരെയായിരിക്കെ, ഇടത്തരക്കാരെ മനസ്സിൽ കണ്ടാണ് ഈ നിരക്കുകൾ നിശ്ചയിച്ചതെന്ന് മന്ത്രി അറിയിച്ചു. ഈ വർഷം അവസാനത്തോടെ 12 സ്ലീപ്പർ വന്ദേഭാരത് വണ്ടികൾ കൂടി സർവീസ് ആരംഭിക്കുമെന്ന് റെയിൽവേ മന്ത്രാലയം ഉദ്യോഗസ്ഥർ കൂട്ടിച്ചേർത്തു.
ഇന്ത്യൻ റെയിൽവേയുടെ ചരിത്രത്തിലെ സുപ്രധാന ചുവടുവെപ്പായി കണക്കാക്കപ്പെടുന്ന ബുള്ളറ്റ് ട്രെയിൻ പദ്ധതിയുടെ ആദ്യഘട്ടം 2027 ഓഗസ്റ്റ് 15-ന് യാഥാർത്ഥ്യമാകും. ആദ്യ സർവീസ് മുംബൈ-അഹമ്മദാബാദ് ഹൈ-സ്പീഡ് റെയിൽ കോറിഡോറിന്റെ ഭാഗമായ സൂറത്ത്-ബിലിമോറ സെക്ഷനിലെ 100 കിലോമീറ്ററിൽ നടക്കും. രണ്ടാംഘട്ടത്തിൽ വാപി-സൂറത്ത്, മൂന്നാംഘട്ടത്തിൽ വാപി-അഹമ്മദാബാദ്, നാലാം ഘട്ടത്തിൽ താനെ-അഹമ്മദാബാദ്, അവസാനഘട്ടത്തിൽ മുംബൈ-അഹമ്മദാബാദ് എന്നിങ്ങനെ ഘട്ടംഘട്ടമായി പദ്ധതി വിപുലീകരിക്കും. ഈ നീക്കങ്ങൾ രാജ്യത്തിന്റെ യാത്രാ സൗകര്യങ്ങളിൽ വിപ്ലവകരമായ മാറ്റങ്ങൾ കൊണ്ടുവരുമെന്നാണ് പ്രതീക്ഷിക്കുന്നത്.




