ശ്രീനഗര്‍: ജമ്മു-കശ്മീരില്‍ നാഷണല്‍ കോണ്‍ഫറന്‍സ്-കോണ്‍ഗ്രസ് സഖ്യം സര്‍ക്കാര്‍ രൂപീകരിക്കാന്‍ ഒരുങ്ങുമ്പോള്‍, ചിത്രത്തില്‍ നിന്ന് പുറത്തായത് പ്രചാരണത്തിനിടെ തലക്കെട്ടുകളില്‍ ഇടം പിടിച്ച ചെറിയ പാര്‍ട്ടികള്‍. നിരോധിക്കപ്പെട്ടിരുന്ന ജമാത്തെ ഇസ്ലാമി പതിറ്റാണ്ടുകളുടെ തിരഞ്ഞെടുപ്പ് ബഹിഷ്‌കരണം അവസാനിപ്പിച്ച് പ്രചാരണ രംഗത്തേക്ക് ഇറങ്ങിയപ്പോള്‍, ആ പാര്‍ട്ടിയുടെ സ്ഥാനാര്‍ഥികളുടെ പ്രകടനത്തില്‍ ഏവരും ഉറ്റുനോക്കിയിരുന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ നിയുക്ത മുഖ്യമന്ത്രിയും നാഷണല്‍ കോണ്‍ഫറന്‍സ് ഉപാദ്ധ്യക്ഷനുമായ ഒമര്‍ അബ്്ദുള്ളയെ പരാജയപ്പെടുത്തിയ എഞ്ചിനിയര്‍ റഷീദിന്റെ ആവാമി ഇത്തെഹാദ് പാര്‍ട്ടി ജമാത്തുമായി തന്ത്രപരമായ സഖ്യത്തില്‍ ഏര്‍പ്പെട്ടതോടെ ആകാംക്ഷയേറി.


നാമനിര്‍ദ്ദേശ പത്രികാ സമര്‍പ്പണം തുടങ്ങിയപ്പോള്‍ ജമാത്തെ ഇസ്ലാമിയുടെ പിന്തുണയുള്ള 10 സ്വതന്ത്ര സ്ഥാനാര്‍ഥികള്‍ മത്സരത്തിനെത്തി. ഇവരില്‍ ചിലര്‍ പിന്മാറുകയും ചെയ്തു. ജമാഅത്തെ സ്ഥാനാര്‍ഥികള്‍ എല്ലാം മത്സരിച്ചയിടങ്ങളില്‍ പിന്നിലാണ്.

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍, അദ്ഭുത വിജയം നേടിയെങ്കിലും, എഞ്ചിനിയര്‍ റഷീദിനും നിയമസഭാ തിരഞ്ഞെടുപ്പില്‍ കാര്യമായ ചലനം ഉണ്ടാക്കാനായില്ല. റഷീദിന്റെ ആവാമി ഇത്തെഹാദ് പാര്‍ട്ടി പിന്തുണയ്ക്കുന്ന അദ്ദേഹത്തിന്റെ സഹോദരന്‍ ഖുര്‍ഷിദ് അഹമദ് ഷെയ്ക് മാത്രമാണ് ലീഡ് ചെയ്യുന്നത്.( ഉച്ചയ്ക്ക് രണ്ടുമണി).

ഗുലാം നബി ആസാദിന്റെ ഡെമോക്രാറ്റിക് പ്രോഗ്രസീവ് ആസാദ് പാര്‍ട്ടി 2022 ലാണ് രൂപീകരിച്ചത്. കോണ്‍ഗ്രസില്‍ നിന്ന് തെറ്റി പിരിഞ്ഞതിനെ തുടര്‍ന്ന് ആസാദ് രൂപീകരിച്ച പാര്‍ട്ടിയും മത്സരിച്ച എല്ലാ സീറ്റിലും മോശം പ്രകടനമാണ് കാഴ്ച വച്ചത്. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിച്ച മൂന്നു മണ്ഡലങ്ങളും നഷ്ടപ്പെട്ടതിന് പിന്നാലെ പല നേതാക്കളും പാര്‍ട്ടി വിട്ടിരുന്നു.

സ്വതന്ത്രരുടെ രൂപത്തില്‍ വന്ന ഈ ചെറുകക്ഷികളുടെ സ്ഥാനാര്‍ഥികളെല്ലാം നാഷണല്‍ കോണ്‍ഫറന്‍സിന്റെ വോട്ടുപിടിക്കാന്‍ ബിജെപി നിര്‍ത്തിയവരാണെന്ന ധാരണയാണ് തിരഞ്ഞെടുപ്പില്‍ തിരിച്ചടിയായതെന്നാണ് സൂചന. തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് എഞ്ചിനിയര്‍ റഷീദിന് ജാമ്യം കിട്ടിയതോടെ ഈ ധാരണ ബലപ്പെട്ടു.

ബിജെപിയോട് അടുപ്പമുണ്ടെന്ന പൊതുധാരണ കാരണം മെഹബൂബ മുഫ്ത്തിയുടെ പിഡിപിക്കും തിരിച്ചടി കിട്ടി. മെഹ്ബൂബയുടെ മകള്‍ക്കും തോല്‍വി ഏറ്റുവാങ്ങേണ്ടി വന്നു. രണ്ടുമണ്ഡലങ്ങളില്‍ മാത്രമാണ് പിഡിപി ലീഡ് ചെയ്യുന്നത്.