- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പാര്‍ട്ടിയെയും മുന്നണിയെയും നോക്കുകുത്തിയാക്കി പിണറായി ഭരണം! സ്മാര്‍ട്ട് സിറ്റി കരാര്‍ പിന്മാറ്റം സിപിഎമ്മിലും എല്‍ഡിഎഫിലും ചര്‍ച്ച ചെയ്യാതെ; രാഷ്ട്രീയ വിവാദമാകുന്ന വിഷയമായിട്ടും ഭരണപരമായ നടപടിയെന്ന് പറഞ്ഞൊഴിയല്‍; സ്വീകരിക്കേണ്ടത് നയപരമായ തീരുമാനമെന്ന് ഘടകകക്ഷികള്‍
പാര്‍ട്ടിയെയും മുന്നണിയെയും നോക്കുകുത്തിയാക്കി പിണറായി ഭരണം!
തിരുവനന്തപുരം: പിണറായി സര്‍ക്കാര്‍ അധികാരത്തിലേറിയതിന് ശേഷം നിര്‍ണായക വിഷയങ്ങളില്‍ അടക്കം പാര്‍ട്ടിയുമായോ മുന്നണിയുമായോ ആലോചനയില്ലെന്ന ആക്ഷേപം നേരത്തെ ശക്തമായിരുന്നു. പാര്‍ട്ടിയെയും മുന്നണി സംവിധാനങ്ങളെയുമെല്ലാം നിശബ്ധമാക്കി കൊണ്ടാണ് പിണറായി ഭരണം മുന്നോട്ടു കൊണ്ടുപോകുന്നത്. ഇപ്പോഴിതാ കേരളം വര്‍ഷങ്ങളോളം ചര്‍ച്ച ചെയ്ത സ്്മാര്‍ട്ട് സിറ്റഇ കരാറില്‍ നിന്നും ടീകോമിനെ നഷ്ടപരിഹാരം നല്‍കി ഒഴിവാക്കാനുള്ള സര്‍ക്കാര്‍ നീക്കവും മുന്നണിയും പാര്‍ട്ടി സംവിധാനങ്ങളും അറിയാതെയാണ്. ഇക്കാര്യത്തില്‍ സിപിഎമ്മിലും എല്‍ഡിഎഫിനും ചര്‍ച്ച ചെയ്തിരുന്നില്ല. ഇതില്‍ ഘടകകക്ഷികള്‍ക്കുള്ളില്‍ അതൃപ്തിയും ശക്തമാണ്.
നയപരമായ വിഷയങ്ങളില്‍ മുന്നണിയുടെയും രാഷ്ട്രീയപ്രാധാന്യമുള്ള വിഷയങ്ങളില്‍ സി.പി.എമ്മിന്റെയും അനുമിത നേടിയാണ് ഇടതു സര്‍ക്കാര്‍ മുന്നോട്ടു പോകേണ്ടത്. എന്നാല്‍, മുഖ്യമന്ത്രി ഭരിക്കുന്ന ഐടി വകുപ്പിനുള്ളിലെ കാര്യമായിട്ടും ഇക്കാര്യത്തില്‍ അത്തരമൊരു സമീപനം ഉണ്ടായില്ല. ഇത് പിണറായിയുടെ താന്‍വഴി ലൈനാണ്. എന്തിനാണ് ഇത്രയും ദുരൂഹമാക്കി കാര്യങ്ങള്‍ മുന്നോട്ടു കൊണ്ടുപോകുന്നതെന്ന വികാരവും ശക്തമാണ്. ഇപ്പോഴത്തെ നിലയില്‍ തന്നെ സ്മാര്‍ട്ട് സിറ്റി കരാര്‍ പിന്‍മാറ്റവുമായി മുന്നോട്ടു പോകാനാണ് സര്‍ക്കാര്‍ ശ്രമം.
സ്മാര്‍ട് സിറ്റി കാര്യത്തില്‍ ഇപ്പോള്‍ സര്‍ക്കാര്‍ സ്വീകരിക്കുന്ന നടപടികളൊന്നും സി.പി.എമ്മിന്റെ സംസ്ഥാന സെക്രട്ടേറിയറ്റില്‍പ്പോലും ചര്‍ച്ചചെയ്തിട്ടില്ല. ടീകോമിന് നഷ്ടപരിഹാരം നല്‍കി കരാറില്‍നിന്ന് ഒഴിവാക്കാനുള്ള മന്ത്രിസഭാതീരുമാനം വന്നതിനുശേഷം വെള്ളിയാഴ്ച സി.പി.എം. സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ചേര്‍ന്നിരുന്നു. ഇതിലും സ്മാര്‍ട് സിറ്റി വിഷയം ചര്‍ച്ച ചെയ്തില്ല. വിഷയം പൊതുസമൂഹത്തില്‍ ചര്‍ച്ചയായതോടെ ഇതില്‍ വിശദീകരിക്കുകയും പ്രതിരോധം തീര്‍ക്കുകയും ചെയ്യേണ്ടത് പാര്‍ട്ടിയും മുന്നണിയുമാണ്. എന്നിട്ടും തോന്നിയതു പോലെയാണ് സര്‍ക്കാര്‍ പോക്ക്.
അതേസമയം സെക്രട്ടറിയേറ്റ് യോഗത്തില്‍ വിഷയം ചര്‍ച്ച ചെയ്യാത്തത് മുഖ്യമന്ത്രി, വ്യവസായമന്ത്രി പി. രാജീവ് എന്നിവര്‍ സെക്രട്ടേറിയറ്റ് യോഗത്തില്‍ ഉണ്ടാകാതിരുന്നതു കൊണ്ടാണ് എന്നാണ് നേതാക്കളുടെ വിശദീകരണം. സ്മാര്‍ട് സിറ്റി കരാറിന്റെ കാര്യത്തില്‍ ഭരണപരമായ നടപടിമാത്രമാണ് സ്വീകരിച്ചിട്ടുള്ളതെന്നും ഇത് പാര്‍ട്ടിയില്‍ ചര്‍ച്ച ചെയ്യേണ്ടതല്ലെന്നും സര്‍ക്കാരിന്റെ ഭാഗമായി നില്‍ക്കുന്ന നേതാക്കള്‍ അനൗദ്യോഗികമായി വിശദീകരിക്കുന്നുണ്ട്. ഇക്കാര്യത്തില്‍ നയപരമായ ഒട്ടേറെ വിഷയങ്ങള്‍ ഉള്‍ക്കൊള്ളുന്നുണ്ടെന്നാണ് സി.പി.ഐ.യുടെ നിലപാട്.
സ്മാര്‍ട് സിറ്റി പദ്ധതിയുടെ ഭാവി, ടീകോമിനെ ഒഴിവാക്കുമ്പോള്‍ സ്വീകരിക്കേണ്ട സമീപനം, പദ്ധതി തുടരുന്നതിന് പുതിയ കമ്പനികളെ കണ്ടെത്തേണ്ടതുണ്ടോ, എന്നകാര്യങ്ങളിലെല്ലാം നയപരമായി തീരുമാനിക്കേണ്ടതുണ്ടെന്ന് ഘടകകക്ഷി നേതാക്കള്‍ പറയുന്നു. പ്രത്യേക സാമ്പത്തിക മേഖല(സെസ്)യാണ് സ്മാര്‍ട് സിറ്റി. നിലവില്‍ ആറ് കമ്പനികളുടെ സമുച്ചയങ്ങള്‍ ഇവിടെ ഉയരുന്നുണ്ട്.
സെസ് എന്ന നിലയ്ക്കാണ് ഇവിടെ കമ്പനികള്‍ക്ക് കെട്ടിടം അനുവദിച്ചിരിക്കുന്നത്. സെസ് പദവിയുള്ള മേഖലകളില്‍ പദ്ധതിയുടെ ഘടനയിലടക്കം മാറ്റംവരുത്തണമെങ്കില്‍ കേന്ദ്രവാണിജ്യ-വ്യവസായ മന്ത്രാലയത്തിന്റെ അനുമതി വേണം. സെസില്‍ ഉള്‍പ്പെട്ട സ്ഥലം പാട്ടത്തിനല്ലാതെ, കൈമാറ്റംചെയ്യാന്‍ സര്‍ക്കാരിന് കഴിയില്ല. ഇത്തരം പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് മുന്നണിയുടെ നയപരമായ തീരുമാനംകൂടി ഉണ്ടാകേണ്ടതുണ്ടെന്ന് ഘടകകക്ഷി നേതാക്കള്‍ ചൂണ്ടിക്കാണിക്കുന്നു.
അതേസമയം സ്മാര്‍ട്ട് സിറ്റി പദ്ധതി സംബന്ധിച്ച കരാര്‍ രേഖകളില്‍ ഇപ്പോഴും സര്‍ക്കാര്‍ ഒളിച്ചകളി തുടരുകയാണ്. പുറമേ പൊതുസമക്ഷം പറഞ്ഞ പലകാര്യങ്ങളും പദ്ധതിയുടെ രേഖയില്‍ അടയാളപ്പെടുത്തിയിട്ടില്ല എന്നാണ് ഇപ്പോള്‍ പുറത്തേക്ക് വരുന്ന വിവരം. സ്മാര്‍ട്ട് സിറ്റി പദ്ധതിയില്‍ നിന്ന് ടീകോമിനെ അങ്ങോട്ട് നഷ്ടപരിഹാരം നല്‍കി ഒഴിവാക്കുന്നതുമായി ബന്ധപ്പെട്ട് സര്‍ക്കാരിനെതിരെ വിമര്‍ശനമുയരുന്നതിനിടെ വീഴ്ച്ചകള്‍ സംബന്ധിച്ച കൂടുതല്‍ വിവരങ്ങളും പുറത്തുവരുന്നു.
സ്മാര്‍ട്ട് സിറ്റി കരാറില്‍ സര്‍ക്കാര്‍ വീഴ്ച വ്യക്തമാക്കുന്ന വിവരാവകാശ രേഖകളാണ് പുറത്തായത്. സ്മാര്‍ട്ട് സിറ്റി പദ്ധതിക്ക് ക്ലോസിംഗ് ഡേറ്റ് സംസ്ഥാന സര്‍ക്കാര്‍ നിശ്ചയിച്ചിട്ടില്ലെന്നതാണ് ഇതില്‍ സുപ്രധാന കാര്യം. പദ്ധതി എന്നാണ് പൂര്‍ത്തിയാക്കേണ്ടത് എന്നതില്‍ പ്രത്യേകിച്ച് തിയതി നിശ്ചയിച്ചിട്ടിലെന്നായിരുന്നു വിവരാവകാശപ്രകാരമുളള ചോദ്യങ്ങള്‍ക്ക് സര്‍ക്കാര്‍ മറുപടി നല്‍കിയത്.
2007 ഒപ്പിട്ട പദ്ധതിക്ക് 2022 ലും ക്ലോസിംങ് ഡേറ്റ് നിശ്ചയിച്ചിട്ടില്ല. ഇതോടെ സമയബന്ധിതമായി പൂര്‍ത്തിയാക്കേണ്ട ബാധ്യത സ്മാര്‍ട്ട് സിറ്റിക്ക് ഇല്ലാത്ത അവസ്ഥയിലാണ്. പദ്ധതി ഒരു ഘട്ടത്തിലും സര്‍ക്കാര്‍ മേല്‍നോട്ടവും ഉണ്ടായിട്ടില്ലെന്നും വ്യക്തമാണ്. നടപടികള്‍ സര്‍ക്കാര്‍ നല്‍കി പൂര്‍ത്തിയാക്കുന്ന ദിവസം മുതല്‍ 10 വര്‍ഷത്തേക്ക് എന്നതാണ് കരാറിലെ വ്യവസ്ഥയെന്നായിന്നു സര്‍ക്കാര്‍ വാദം. എന്നാല്‍ ഇതൊന്നും സര്‍ക്കാര്‍ രേഖകളില്‍ രേഖപ്പെടുത്തിയിട്ടില്ലെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന വിവരം.
ഇതോടെ സര്‍ക്കാറിന്റെ താല്‍പ്പര്യങ്ങളെ ദുര്‍ബലപ്പെടുത്തുന്ന വിധത്തിലാണ് സ്മാര്‍ട്ട് സിറ്റി കരാര്‍ രേഖകള്‍ എന്നാണ് വ്യക്തമാകുന്നു കാര്യം. സെസ് അനുമതി ലഭ്യമാക്കിയത് അടക്കം കൃത്യം സമയത്ത് നടപടികള്‍ പൂര്‍ത്തിയാക്കിയെന്ന് സര്‍ക്കാര്‍ അവകാശപ്പെടുമ്പോഴും അതും രേഖയില്‍ ഇല്ലെന്നാണ് റിപ്പോര്‍ട്ട്. ടീകോമിന് എതിരെ സര്‍ക്കാരിന് മുന്നിലുണ്ടാകാവുന്ന നിയമ വഴി അടച്ചതും സര്‍ക്കാര്‍ തന്നെയെന്ന് ഈ രേഖകളില്‍ നിന്നും വ്യക്തമാണ്. അതായത് പദ്ധതി എന്ന് പൂര്‍ത്തിയാക്കണമെന്നതില്‍ കരാറില്‍ വ്യക്തതയില്ല. വിഷയം കോടതിയിലെത്തിയാല്‍ ക്ലോസിംങ് ഡേറ്റ് ഇല്ലാത്തതിനാല്‍ കരാര്‍ ലംഘനമില്ലെന്ന് ടീ കോമിന് വാദിക്കാം. ഇതെല്ലാം ഫലത്തില്‍ സര്‍ക്കാറിന്റെ വാദങ്ങളെ ദുര്‍ബലപ്പെടുത്തുന്നതാണ്.
അതേസമയം ടീ കോമുമായി നിയമയുദ്ധത്തിന് പോകാതെ പരസ്പര ധാരണയില്‍ കരാര്‍ അവസാനിപ്പിക്കുക എന്നതാണ് സര്‍ക്കാര്‍ ലക്ഷ്യമെന്ന് വ്യവസായ മന്ത്രി പി രാജീവ് ആവര്‍ത്തിച്ചു രംഗത്തുവന്നു. ടീ കോമുമായി നിയമയുദ്ധത്തിന് പോവേണ്ടതില്ല എന്നായിരുന്നു ലഭിച്ച നിയമോപദേശം അതാണ് ഉചിതമെന്ന് സര്‍ക്കാരിനും തോന്നി. എത്രയും വേഗം സ്ഥലം വിനിയോഗിക്കുക എന്നതാണ് സര്‍ക്കാര്‍ നിലപാട്. നാടിന്റെ താല്‍പ്പര്യം പൂര്‍ണമായും സംരക്ഷിക്കപ്പെടുമെന്ന് മന്ത്രി പി രാജീവ് വ്യക്തമാക്കി.
'നഷ്ടപരിഹാരം' എന്ന വാക്ക് ഉപയോഗിക്കുമ്പോഴാണ് പ്രശ്നം.ടീകോം മുടക്കിയതില്‍ എന്ത് തിരിച്ചു കൊടുക്കാന്‍ ആവുമെന്നാണ് പരിശോധിച്ചത്. കേരളത്തില്‍ പുതിയത് ഒന്നും വരരുത് എന്ന ആഗ്രഹമാണ് ചിലര്‍ക്ക്. ചില മാധ്യമങ്ങള്‍ മാത്രം എതിര് പറയുന്നുണ്ട്. പൊതുവില്‍ സര്‍ക്കാര്‍ നടപടികളോട് അനുകൂല വികാരമാണുള്ളതെന്ന് മന്ത്രി കൂട്ടിച്ചേര്‍ത്തു.
2007ല്‍ കൊച്ചി സ്മാര്‍ട്ട് സിറ്റി പദ്ധതിക്ക് വേണ്ടി ടീകോമും സംസ്ഥാന സര്‍ക്കാരും തമ്മില്‍ ഒപ്പുവെച്ച കരാറിലെ വ്യവസ്ഥകള്‍ ലംഘിച്ചാണ് നഷ്ടപരിഹാരം നല്‍കാന്‍ മന്ത്രിസഭ തീരുമാനമെടുത്തത്. അതേസമയം നഷ്ടപരിഹാരം നല്‍കി ഭൂമി തിരിച്ചുപിടിക്കുന്നതിലും നഷ്ടപരിഹാരം നല്‍കുന്നതലും അഴിമതി ഉണ്ടെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം. അതേസമയം, സര്‍ക്കാരും ടീകോമും തമ്മിലുള്ള പൊതുധാരണ പ്രകാരമാണ് ഭൂമി തിരിച്ചു പിടിക്കുന്നത്. കഴിഞ്ഞ കുറെക്കാലമായി പദ്ധതിയില്‍ ഒരു പുരോഗതിയുമില്ലെന്നുമാണ് സര്‍ക്കാരിന്റെ വിശദീകരണം.