ലണ്ടൻ: വിചിത്രമായ കാര്യങ്ങളാണ് നമുക്ക് ചുറ്റുമുള്ള ലോകത്ത് സംഭവിക്കുന്നത്. ആൺ പാമ്പാണെന്ന് കരുതിയിരുന്ന ഒരു പാമ്പ് 14 പാമ്പിൻ കുഞ്ഞുങ്ങൾക്കാണ് ജന്മം കൊടുത്തത്. ഇക്കാലയളവിൽ ഈ പാമ്പ് ഇണ ചേർന്നട്ടില്ല എന്നതാണ് ഏറ്റവും വിചിത്രമായ കാര്യം. ഇംഗ്ലണ്ടിലെ പോർട്ട്‌സ്മൗത്തിലാണ് പെരുമ്പാമ്പിന്റെ ഇനത്തിൽ പെടുന്ന ഈ പാമ്പ് പ്രസവിച്ചത്. പോർട്ട്‌സ്മൗത്ത് കോളേജിൽ വളർത്തുന്ന 13 വയസ്സുള്ള റൊണാൾഡോ എന്ന് പേരുള്ള പാമ്പാണ് ഈ വിചിത്ര കൃത്യം നിർവഹിച്ചത്.

കോളേജിലെ ടെക്നീഷ്യൻ ആയ പീറ്റ് ക്വിൻലാൻ പറയുന്നത്, ഈ പാമ്പ് പ്രസവിക്കുന്നതു വരെ അതൊരു ആൺപാമ്പാണ് എന്നാണ് കരുതിയിരുന്നത് എന്നായിരുന്നു. മാത്രമല്ല, തന്റെ കൈയിൽ എത്തിയതു മുതലുള്ള ഒൻപത് വർഷക്കാലത്തേക്ക് ഈ പാമ്പ് ഇണചേർന്നിട്ടില്ലെന്നും പീറ്റ് ക്വിൻലാൻ പറയുന്നു. ഇണ ചേരാതെ പ്രസവിക്കുന്ന, വെർജിൻ ബെർത്ത് എന്നറിയപ്പെടുന്ന പാർത്തെനോജെനെസിസ് എന്ന പ്രതിഭാസം ഇതുവരെ മൂന്ന് തവണ മാത്രമാണ് ബ്രസീലിയൻ റെയിൻബോ ഇനത്തിൽ പെട്ട പെരുമ്പാമ്പുകളിൽ രേഖപ്പെടുത്തിയിട്ടുള്ളത്.

റോയൽ സൊസൈറ്റി ഫോർ പ്രിവൻഷൻ ഓഫ് ക്രുവൽറ്റി ടു അനിമൽസ് എന്ന സംഘടനയിൽ നിന്നും ഒൻപത് വർഷം മുൻപാണ് അയാൾ ഈ പാമ്പിനെ വളർത്താനായി ദത്തെടുക്കുന്നത്. പിന്നീട്, രണ്ട് വർഷം മുൻപ് കോളേജിലെ അനിമൽ കെയറിൽ ജോലിക്ക് എത്തിയപ്പോൾ തന്റെ പാമ്പുകളുടെ ശേഖരവും ഇയാൾ ഇവിടേക്ക് മാറ്റുകയായിരുന്നു. പ്രസവ ദിവസം താൻ സ്ഥലത്തില്ലായിരുന്നു എന്നും, പാമ്പിൻ കുഞ്ഞുങ്ങളെ കണ്ട ഒരു വിദ്യാർത്ഥി കോളേജ് ജീവനക്കാരെ വിവരമറിയിക്കുകയായിരുന്നു എന്നും അയാൾ പറഞ്ഞു.

അപൂർവ്വമായിട്ടാണെങ്കിലും മൃഗങ്ങളിൽ കണ്ടു വരുന്ന ഒരു പ്രതിഭാസമാണ് വെർജിൻ ബെർത്ത്. കീടങ്ങൾ ഉൾപ്പടെയുള്ള ചില അകുശേരുകി വിഭാഗത്തിൽ പെടുന്ന ജീവികൾക്ക് ലൈംഗിക ബന്ധത്തിൽ ഏർപ്പെടാതെ തന്നെ അലൈംഗിക പ്രത്യുദ്പാദനം നടത്താൻ കഴിയും. സ്വയം ക്ലോൺ ചെയ്താണ് ഇത്തരം ജീവികൾ തങ്ങളുടെ പിൻതലമുറയെ സൃഷ്ടിക്കുന്നത്. ഇക്കഴിഞ്ഞ ഫെബ്രുവരിയിൽ അമേരിക്കയിൽ സ്റ്റിങ്ഗ്രേ എന്ന ഇനത്തിൽ പെടുന്ന ഒരു മത്സ്യം ഇത്തരത്തിൽ അലൈംഗിക പ്രത്യുദ്പാദനം നടത്തിയിരുന്നു. എന്നാൽ, നട്ടെല്ലുള്ള ജീവികളിൽ ഈ പ്രതിഭാസം തുലോം വിരളമാണ്.