ന്യൂഡൽഹി: എസ്എൻസി ലാവ്‌ലിൻ കേസുമായി ബന്ധപ്പെട്ട ഹർജികളിൽ ഇന്ന് അന്തിമവാദം കേൾക്കാൻ സാധ്യത. സുപ്രീം കോടതി ജഡ്ജിമാരായ സൂര്യകാന്ത്, കെ.വി.വിശ്വനാഥൻ എന്നിവരുടെ ബെഞ്ചിൽ 110-ാം നമ്പർ കേസായിട്ടാണ് ലിസ്റ്റ് ചെയ്തിരിക്കുന്നത്. ഇന്നലെ 113-ാം നമ്പർ കേസായി ലിസ്റ്റ് ചെയ്തിരുന്നെങ്കിലും മറ്റ് കേസുകൾ നീണ്ടു പോയതിനാൽ പരിഗണിച്ചിരുന്നില്ല. ഇന്നും ആദ്യ കേസുകളിലെ വാദം നീണ്ടു പോയാൽ ലാവ് ലിൻ പരിഗണിക്കാൻ സാധ്യത കുറവാണ്. എങ്കിലും ഉച്ചയ്ക്ക് ശേഷം കേസ് എടുക്കാൻ സാധ്യത കൂടുതലാണ്. ഇന്നെങ്കിലും കേസ് പരിഗണിക്കണമെന്ന ആവശ്യം സിബിഐ സുപ്രീംകോടതിയിൽ ഉയർത്തുമോ എന്നതും നിർണ്ണായകമാണ്.

കഴിഞ്ഞ ദിവസം സമയ കുറവ് മൂലം കോടതി പരിയുന്നതിന് മുമ്പ് എസ് എൻ എസ് സി ലാവ് ലിൻ കേസിനെ അഭിഭാഷകർ പോലും കോടതിക്ക് മുമ്പിൽ ഉയർത്തി കാട്ടിയില്ല. അങ്ങനെ ചെയ്തിരുന്നുവെങ്കിൽ ഇന്ന് കുറച്ചു കൂടി മുകളിൽ കേസ് ഇടം പിടിച്ചേനേ. യാതൊരു അടിയന്തര പ്രാധാന്യവും സിബിഐയും ഈ കേസ് വാദത്തിന് നൽകുന്നില്ലെന്ന വാദം ശക്തമാണ്. മുഖ്യമന്ത്രി പിണറായി വിജയനെ കുറ്റവിമുക്തനാക്കിയതിനെ ചോദ്യം ചെയ്തു സിബിഐ സമർപ്പിച്ച ഹർജികളാണ് സുപ്രീം കോടതിയിലുള്ളത്. അതുകൊണ്ട് തന്നെ ഈ കേസിന്റെ വിധി കേരള രാഷ്ട്രീയത്തിലും ചലനമുണ്ടാക്കും.

പന്നിയാർ, ചെങ്കുളം, പള്ളിവാസൽ ജലവൈദ്യുത പദ്ധതികളുടെ നവീകരണത്തിന് കാനഡയിലെ എസ്എൻസി ലാവലിൻ കമ്പനിയുമായി കരാറുണ്ടാക്കിയതിൽ ക്രമക്കേടുണ്ടായെന്നും ഇതുവഴി 86.25 കോടിയുടെ നഷ്ടം സംഭവിച്ചുവെന്നുമാണ് കേസ്. മുഖ്യമന്ത്രി പിണറായി വിജയൻ, ഊർജ്ജ വകുപ്പ് സെക്രട്ടറി കെ.മോഹനചന്ദ്രൻ, ജോയന്റ് സെക്രട്ടറി എ. ഫ്രാൻസിസ് എന്നിവരെ കുറ്റവിമുക്തരാക്കിയ 2017 ലെ ഹൈക്കോടതി വിധിക്കെതിരായ സിബിഐയുടെ ഹർജിയിലാണ് വാദം ആരംഭിക്കാതെ നീണ്ടുപോകുന്നത്. ഇതിന് പിന്നിൽ പല രാഷ്ട്രീയ അട്ടിമറിയും ആരോപണമായി ഉയർന്നിട്ടുണ്ട്.

വിചാരണ നേരിടണമെന്ന് കോടതി വിധിച്ച വൈദ്യുതിബോർഡ് മുൻ സാന്പത്തിക ഉപദേഷ്ടാവ് കെ.ജി.രാജശേഖരൻ നായർ, ബോർഡ് മുൻ ചെയർമാൻ ആർ.ശിവദാസൻ, മുൻ ചീഫ് എൻജിനിയർ കസ്തൂരിരംഗ അയ്യർ എന്നിവരുടെ ഇളവ് തേടിയുള്ള ഹർജിയും ഇതോടൊപ്പം സുപ്രീം കോടതിയുടെ പരിഗണനയിലുണ്ട്. സുപ്രീംകോടതി അവധിയിലേക്ക് കടക്കും മുമ്പ് ലാവ്ലിൻ കേസിൽ അന്തിമ വാദം കേൾക്കുമോ എന്ന ചോദ്യം സജീവമാണ്. അതിനിടെയാണ് ഇന്നും കേസ് ലിസ്റ്റ് ചെയ്യുന്നത്. ആറു വർഷമായി നിരന്തരം മാറ്റിവയ്ക്കുന്ന കേസ് എന്ന നിലയിലാണ് ലാവ്‌ലിൻ ഹരജികൾ ചർച്ച ചെയ്യുന്നത് .

ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് കെ.വി.വിശ്വനാഥൻ എന്നിവരടങ്ങുന്ന ബെഞ്ചാണ് ലാവ്ലിൻ കേസ് പരിഗണിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയനെ കുറ്റവിമുക്തനാക്കിക്കൊണ്ടുള്ള ഹൈക്കോടതി വിധിക്കെതിരായ സിബിഐയുടെ ഹർജിയാണിത്. നേരത്തെ ജസ്റ്റിസ് സിടി രവികുമാർ പിന്മാറിയതോടെയാണ് കേസ് പുതിയ ബെഞ്ചിലേക്ക് മാറ്റിയത്. ഹൈക്കോടതിയിൽ ഇതേ കേസിൽ വാദം കേട്ടിട്ടുണ്ടെന്നു ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസ് സിടി രവികുമാർ പിന്മാറിയത്. കഴിഞ്ഞ ആറ് വർഷത്തിനിടെ നാല് ബെഞ്ചുകളിലായി 35ലേറെ തവണയാണ് കേസ് ലിസ്റ്റ് ചെയ്യപ്പെടുന്നത്.

അപ്പീൽ നൽകിയ സിബിഐ വരെ മാറ്റിവയ്ക്കണമെന്നു ആവശ്യപ്പെട്ടിട്ടുണ്ട് . കേസ് പരിഗണിച്ച ജസ്റ്റിസുമാരായ എൻ.വി രമണ , യു.യു ലളിത് , എം ആർ ഷാ എന്നിവർ സുപ്രിംകോടതിയിൽ നിന്നും വിരമിച്ചു. കേസ് വാദിക്കാൻ തയ്യാറാണെന്ന് പിണറായി വിജയന്റെ അഭിഭാഷകൻ അറിയിച്ചപ്പോഴും മാറ്റിവയ്ക്കണമെന്ന അപേക്ഷയാണ് സിബിഐ പലപ്പോഴും സുപ്രിംകോടതിയിൽ സമർപ്പിച്ചത്. ഇതെല്ലാം വലിയ രാഷ്ട്രീയ ചർച്ചകൾക്ക് വഴിവച്ചിരുന്നു.