- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കനേഡിയൻ കമ്പനിക്ക് നൽകിയ കരാർ വഴി സർക്കാറിന് നഷ്ടം 374 കോടി; കേസിൽ പിണറായിക്ക് വിടുതൽ നൽകിയത് ഹൈക്കോടതി; സുപ്രീംകോടതിയിലെ ഹർജികൾ അഞ്ച് വർഷത്തിനിടെ മാറ്റിവെച്ചത് 33 തവണ; ഒടുവിൽ ലാവ്ലിൻ കേസ് വീണ്ടും പരിഗണിക്കുന്നു; തിങ്കളാഴ്ച്ച കോടതി പരിഗണിക്കുന്നത് പിണറായിയുടെ വിടുതലിനെതിരായ സിബിഐ ഹർജി ഉൾപ്പടെ
ന്യൂഡൽഹി: മുഖ്യമന്ത്രി പിണറായി വിജയനെതിരായ ലാവ്ലിൻ കേസ് ഏപ്രിൽ 24-ന് വീണ്ടും സുപ്രീംകോടതി പരിഗണിക്കും.ജസ്റ്റിസുമാരായ എം.ആർ. ഷാ, സി.ടി. രവികുമാർ എന്നിവർ അടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. കേസ് അവസാനമായി ലിസ്റ്റ് ചെയ്തത് കഴിഞ്ഞ നവംബറിലായിരുന്നു. എന്നാൽ അന്ന് സുപ്രീം കോടതി കേസ് പരിഗണിച്ചിരുന്നില്ല. പിണറായി വിജയനെ കുറ്റവിമുക്തനാക്കിയതിനെതിരെ സിബിഐ. നൽകിയ ഹർജികൾ ഉൾപ്പെടെയാണ് പരിഗണനയ്ക്ക് വരുന്നത്.
തിങ്കളാഴ്ച നാലാം നമ്പർ കോടതിയിൽ 21 -മത്തെ കേസായിട്ടാണ് ലാവലിൻ കേസ് പരിഗണിക്കുന്നത്. ഇനിയും കേസ് മാറ്റിവെക്കുമോ എന്നതിലാണ് കൗതുകം നിലനിൽക്കുന്നത്. അവസാനമായി മുൻ ചീഫ് ജസ്റ്റിസ് യുയു ലളിതിന്റെ അധ്യക്ഷതയിലുള്ള ബെഞ്ചാണ് കേസ് പരിഗണിച്ചത്. ഒക്ടോബർ 20 ന് കേസ് ലളിതിന് മുന്നിൽ എത്തിയിരുന്നെങ്കിലും മാറ്റി. പിണറായി വിജയൻ ഉൾപ്പെടെയുള്ള മൂന്ന് പേരെ പ്രതിപ്പട്ടികയിൽ നിന്ന് ഒഴിവാക്കിയതിനെതിരെ 2017 ഡിസംബറിലാണ് സിബിഐ സുപ്രീം കോടതിയെ സമീപിക്കുന്നത്.
കേസിൽ 2018 ജനുവരി 11 ന് സുപ്രീം കോടതി നോട്ടീസ് അയച്ചു. പിന്നീട് അഞ്ച് വർഷത്തിനിടെ 33 തവണയാണ് ഹർജികൾ പരിഗണിക്കുന്നത് മാറ്റിവെച്ചത്. ഹർജി നിരന്തരം മാറി പോകുന്നെന്ന് കക്ഷി ചേർന്ന ടിപി നന്ദകുമാറിന്റെ അഭിഭാഷക എം.കെ അശ്വതി ചൂണ്ടിക്കാട്ടിയതിനെ തുടർന്നാണ് കോടതി ഇനി മാറ്റരുതെന്ന പുതിയ നിർദ്ദേശം നൽകിയത്. ഇത് സംബന്ധിച്ച ഉത്തരവും കോടതി ഇറക്കിയിട്ടുണ്ട്.
പിണറായി വിജയൻ, മുൻ ഊർജ്ജ വകുപ്പ് സെക്രട്ടറി കെ മോഹന ചന്ദ്രൻ, ഊർജ്ജ വകുപ്പ് മുൻ ജോയിന്റ് സെക്രട്ടറി എ ഫ്രാൻസിസ് എന്നിവരെ പ്രതിപ്പട്ടികയിൽ നിന്ന് ഒഴിവാക്കിയ ഹൈക്കോടതി വിധിക്കെതിരെയാണ് സിബിഐ സുപ്രീം കോടതിയിൽ എത്തിയത്. നേരത്തെ കേസ് പരിഗണിച്ചപ്പോൾ കെ ജി രാജശേഖരൻ നായർ, മുൻ ബോർഡ് ചെയർമാൻ ആർ ശിവദാസൻ, ജനറേഷൻ വിഭാഗം മുൻ ചീഫ് എൻജിനീയർ എം കസ്തൂരിരംഗൻ അയ്യർ എന്നിവർ പ്രതിപ്പട്ടികയിൽ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് നൽകിയ ഹർജികളിൽ കോടതി നോട്ടീസ് അയച്ചിരുന്നു
എന്താണ് ലാവലിൻ കേസ്?
ഇടുക്കി ജില്ലയിലുള്ള പള്ളിവാസൽ, ചെങ്കുളം, പന്നിയാർ ജലവൈദ്യുത പദ്ധതികളുടെ പുനരുദ്ധാരണത്തിന് കനേഡിയൻ കമ്പനിയായ എസ് എൻ സി. ലാവലിനുമായി ഒപ്പിട്ട കരാറുകളുമായി ബന്ധപ്പെട്ട വ്യവസ്ഥാ ലംഘനങ്ങളാണ് കേസിന്റെ അടിസ്ഥാനം. ഈ കരാർ ലാവലിൻ കമ്പനിക്ക് നൽകുന്നതിന് പ്രത്യേക താൽപര്യം എടുക്കുക വഴി സംസ്ഥാനത്തിന് 374 കോടി രൂപയുടെ നഷ്ടം സംഭവിച്ചിട്ടുണ്ടെന്നാണ് ലാവലിൻ കേസിലെ പ്രധാന ആരോപണം.
നാല് മന്ത്രിസഭ അഞ്ച് വൈദ്യുത മന്ത്രിമരാണ് കേസിൽ ആരോപണ വിധേയരായിട്ടുള്ളത്. 1995-ൽ യുഡിഎഫ് സർക്കാരിലെ വൈദ്യുത മന്ത്രി ആയിരുന്ന ജി കാർത്തികേയനാണ് കമ്പനിയുമായുള്ള ആദ്യ ധാരണാപത്രം ഒപ്പു വയ്ക്കുന്നത്. തൊട്ടടുത്ത വർഷം തന്നെ പദ്ധതി നടത്തിപ്പിന് കൺസൾട്ടന്റായി നിയമിച്ചു. ഇതിന് പിന്നാലെ വന്ന ഇ കെ നയനാർ മന്ത്രിസഭയിലെ വൈദ്യുത മന്ത്രിയായിരുന്നു ഇന്നത്തെ മുഖ്യമന്ത്രിയായ പിണറായി വിജയൻ. ഇദ്ദേഹമാണ് ലാവലിൻ കമ്പനിയുമായി അന്തിമ കരാർ ഒപ്പുവച്ചത്.
പിന്നീട്, 2001 മെയ് മാസത്തിൽ വീണ്ടും അധികാരത്തിൽ എത്തിയ യുഡിഎഫ് സർക്കാർ കാലത്താണ് കരാർ പ്രകാരമുള്ള നിർമ്മാണ ജോലികൾ പൂർത്തിയാക്കിയത്. കടവൂർ ശിവദാസനായിരുന്നു എകെ ആന്റണി സർക്കാരിലെ വൈദ്യുത മന്ത്രി. പിന്നീട്, ആര്യാടൻ മുഹമ്മദ് വൈദ്യുതി മന്ത്രി ആയിരിക്കെയാണ് പദ്ധതിയുടെ നിർമ്മാണ പ്രവർത്തനങ്ങൾക്കുള്ള തുക പൂർണ്ണമായും അടച്ചു തീർത്തത്. എസ്എൻസി ലാവലിൻ കരാറുകൾ തുടങ്ങിയത് മുതൽ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയാകുന്നത് വരെ നാല് മന്ത്രിസഭകളിലായി അഞ്ച് മന്ത്രിമാരാണ് വൈദ്യുത വകുപ്പ് ഭരിച്ചിരുന്നത്. ഇക്കാലയളവിൽ മലബാർ കാൻസർ സെന്ററിന് വേണ്ടി കനേഡിയൻ സർക്കാർ ഏജൻസികൾ നൽകേണ്ട 98 കോടി രൂപയിൽ ആകെ 12 കോടി രൂപ മാത്രമാണ് ധാരണാ പത്രം പുതുക്കാത്തത് മൂലം ലഭിച്ചത്.
ലാവ്‌ലിൻ കരാറിനെ കുറിച്ച് സംസാരിക്കുമ്പോൾ ഇ.ബാലാനന്ദൻ കമ്മീഷൻ റിപ്പോർട്ടിനെ കുറിച്ച പറയാതെ പോകാനാകില്ല.നായനാർ സർക്കാർ നിയോഗിച്ച കമ്മീഷൻ.ഈ പദ്ധതിക്ക് 105കോടിയാണ് നിശ്ചയിച്ചത്. കേന്ദ്രസർക്കാർ സ്ഥാപനമായ ഭെല്ലിനെ ഏൽപിക്കാനായിരുന്നു കമ്മീഷൻ ശുപാർശ.ഇത് മറികടന്നാണ് ലാവ്‌ലിൻ വന്നത്. അതും ടെൻഡറില്ലാതെയാണ് കൊടുത്തത്. 1997 ഫെബ്രുവരി 10നാണ് കരാറിന് മന്ത്രിസഭയുടെ പച്ചക്കൊടി കാട്ടിയത്. ലാവ്‌ലിൻ കമ്പനിയും വൈദ്യുത ബോർഡും തമ്മിൽ ധാരണപത്രമായി.ഒപ്പം മലബാർ കാൻസർ സെന്റർ സ്ഥാപിക്കാൻ 98കോടി രൂപയുടെ കനേഡിയൻ വാഗ്ദാനവും.ഇവിടം മുതൽ പൊരുത്തക്കേടുകൾ തുടങ്ങുന്നു.
മറുനാടന് ഡെസ്ക്