ചിറ്റാര്‍: സ്വന്തം എസ്എന്‍ഡിപി ശാഖായോഗത്തില്‍ നടക്കുന്ന പരിപാടിയില്‍ നിന്ന് കെ.യു. ജനീഷ് കുമാര്‍ എംഎല്‍എയെ ഒഴിവാക്കിയതില്‍ സമുദായ അംഗങ്ങള്‍ക്കിടയില്‍ പ്രതിഷേധം. പൊതുസമ്മേളനത്തില്‍ ആന്റോ ആന്റണി എംപിയെ മുഖ്യാതിഥി ആക്കുക കൂടി ചെയ്തതാണ് ഒരു വിഭാഗത്തിനെ ചൊടിപ്പിച്ചിരിക്കുന്നത്. റാന്നി യൂണിയന് കീഴില്‍ വരുന്ന സീതത്തോട് 1257-ാം നമ്പര്‍ ശാഖയുടെ ശ്രീനാരായണ ഗുരുദേവക്ഷേത്ര സമര്‍പ്പണം, പഞ്ചലോഹവിഗ്രഹ പ്രതിഷ്ഠ എന്നിവയോട് അനുബന്ധിച്ച് നടക്കുന്ന പൊതുയോഗത്തിലാണ് എംഎല്‍എയ്ക്ക് സ്ഥാനമില്ലാത്തതത്.

ഏഴു മുതല്‍ 12 വരെ തീയതികളിലായിട്ടാണ് ചടങ്ങുകള്‍. 12 ന് രാവിലെ 9.40 നും 10.25 നും മധ്യേ ചിങ്ങം രാശിയിലാണ് പ്രതിഷ്ഠ നടക്കുന്നത്. അന്ന് ഉച്ച കഴിഞ്ഞ രണ്ടിനാണ് പൊതുസമ്മേളനം സംഘടിപ്പിച്ചിരിക്കുന്നത്. യൂണിയന്‍ കണ്‍വീനര്‍ അഡ്വ. മണ്ണടി മോഹനനാണ് ഉദ്ഘാടനം ചെയ്യുന്നത്. സ്വാമി സാന്ദ്രാനന്ദ ക്ഷേത്രസമര്‍പ്പണവും അനുഗ്രഹ പ്രഭാഷണവും നടത്തും. ആന്റോ ആന്റണി എംപിയാണ് മുഖ്യപ്രഭാഷണം നിര്‍വഹിക്കുക.

ജനീഷ്‌കുമാര്‍ കൂടി ഉള്‍പ്പെടുന്ന ശാഖായോഗത്തിന്റെ പരിപാടി ആയിട്ടു കൂടി സ്ഥലം എംഎല്‍എ ആയ അദ്ദേഹത്തെ ഒഴിവാക്കിയതാണ് പ്രതിഷേധത്തിന് കാരണമായിരിക്കുന്നത്. യോഗം ജനറല്‍ സെക്രട്ടറിയുടെ നിര്‍ദേശ പ്രകാരമാണ് ഒഴിവാക്കിയതെന്നാണ് നേതൃത്വത്തിലുള്ളവരുടെ പ്രതികരണം. എന്നാല്‍, സിപിഎമ്മിലെ വിഭാഗീയതയും ഇതിന് കാരണമായിട്ടുള്ളതായി പറയുന്നു. കോന്നിയില്‍ ജനീഷിന് അടുത്ത തവണ സീറ്റ് കൊടുക്കാതിരിക്കാനുള്ള ചരടുവലികള്‍ പാര്‍ട്ടിയില്‍ ശക്തമായിരിക്കുകയാണ്.