പത്തനംതിട്ട: പ്രശസ്തമായ രണ്ടു ജലമേളകളിൽ ആർ. ശങ്കർ ട്രോഫിക്ക് അവഗണന. പ്രതിഷേധവുമായി എസ്എൻഡിപി രംഗത്തു വന്നതോടെ വിവാദം കൊഴുക്കുന്നു. ആറന്മുള ഉതൃട്ടാതി, റാന്നി അവിട്ടം എന്നീ ജലമേളകളിലാണ് ആർ. ശങ്കർ ട്രോഫിക്ക് അവഗണന നേരിടേണ്ടി വന്നത്. വിവാദം ഉയർന്നതോടെ ആറന്മുള ഉതൃട്ടാതി ജലമേളയുടെ സംഘാടകരായ പള്ളിയോട സേവാസംഘം മത്സരം കഴിഞ്ഞതിന്റെ പിറ്റേന്ന് ട്രോഫി സമ്മാനിച്ച് തലയൂരി.

ശനിയാഴ്ച നടന്ന മത്സര വള്ളംകളിയുടെ വേദിയിൽ ട്രോഫി സമ്മാനിക്കാതെ മാറ്റി വച്ച സംഘാടക സമിതി ഇന്നലെ കീഴുകര പള്ളിയോടം ഭാരവാഹികളെ വിളിച്ചു വരുത്തി മുന്മുഖ്യമന്ത്രിയുടെ പേരിലുള്ള ട്രോഫി സമ്മാനിക്കുകയായിരുന്നു. മികച്ച ചമയ അലങ്കാരങ്ങളോടെ വഞ്ചിപ്പാട്ട് പാടി പാരമ്പര്യ രീതിയിൽ തുഴഞ്ഞെത്തുന്ന പള്ളിയോടത്തിന് എസ്എൻഡിപി യോഗം ഏർപ്പെടുത്തിയ ട്രോഫി 25 പവൻ സ്വർണം പൊതിഞ്ഞതാണ്. ഇത്തവണ എ ബാച്ചിൽ നിന്ന് കീഴുകരയും ബി ബാച്ചിൽ നിന്ന് തൈമറവുംകരയും മികച്ച തുഴച്ചിലുമായി മുന്നിലെത്തിയിരുന്നു. കീഴുകരയെ വിജയിയായി പ്രഖ്യാപിച്ചെങ്കിലും സംഘാടകർ ആർ. ശങ്കർ ട്രോഫി സമ്മാനിക്കുകയോ ട്രോഫിയെപ്പറ്റി വേദിയിൽ പറയുകയോ ചെയ്തില്ല.

സത്രക്കടവിലെ പ്രധാന വേദിയിൽ ട്രോഫിക്ക് അർഹമായ സ്ഥാനം നൽകിയതുമില്ല. സ്വർണത്തിളക്കമുള്ള ശങ്കർ ട്രോഫി മുൻ വർഷങ്ങളിലും ജലോത്സവത്തിൽ സമ്മാനദാന ചടങ്ങിന്റെ അവസാനമാണ് നൽകി വന്നിരുന്നത്. ഇക്കുറി സംഘാടകർ എല്ലാ സമ്മാനവും നൽകി കൃതജ്ഞതയും ദേശീയഗാനവും പാടി പരിപാടി അവസാനിപ്പിച്ചപ്പോഴും വേദിയുടെ ഒരു ഭാഗത്ത് ആരും ശ്രദ്ധിക്കപ്പെടാതെ സുവർണ ട്രോഫി ഇരിപ്പുണ്ടായിരുന്നു. ട്രോഫി നൽകാതിരുന്നത് സമ്മാനാർഹർ വേദിയിൽ എത്താതിരുന്നതു കൊണ്ടാണെന്ന് പള്ളിയോട സേവാസംഘം സെക്രട്ടറി പാർത്ഥസാരഥി പിള്ള പറഞ്ഞു. ആർ. ശങ്കർ സുവർണട്രോഫി നൽകാതിരുന്ന സംഘാടകരുടെ നടപടിയിൽ പ്രതിഷേധം വ്യാപകമായിട്ടുണ്ട്. എസ്എൻഡിപി യൂണിയനുകൾ പരസ്യ പ്രസ്താവനയുമായി രംഗത്തുണ്ട്.

ആറന്മുള വള്ളംകളിയിൽ എസ്എൻഡിപി യോഗം ഏർപ്പെടുത്തിയിട്ടുള്ള ആർ. ശങ്കർ ട്രോഫിയോട് അവഗണന കാട്ടിയതിൽ റാന്നി യൂണിയൻ പ്രതിഷേധിച്ചു. റാന്നി അവിട്ടം ജലോത്സവത്തിൽ യൂണിയൻ 2015 ൽ ഏർപ്പെടുത്തിയിരുന്ന ശ്രീനാരായണ എവർറോളിങ് ട്രോഫിയും ഇക്കുറി ഒഴിവാക്കിയിരുന്നു. ഇതിനെതിരെയും യൂണിയൻ പ്രതിഷേധിച്ചിരുന്നു. ശ്രീനാരായണ പ്രസ്ഥാനത്തോട് കടുത്ത അവഗണനയാണ് കാണിക്കുന്നതെന്ന് യോഗത്തിൽ പറഞ്ഞു.

തുടർന്നും ഇത്തരം നടപടികൾ ശ്രീനാരായണ പ്രസ്ഥാനങ്ങളോടും സംഘടനകളോടും തുടർന്നാൽ യൂണിയനും 48 ശാഖായോഗങ്ങളും പോഷക സംഘടനകളും സംയുക്തമായി ശക്തമായ പ്രതിഷേധങ്ങൾ സംഘടിപ്പിക്കുന്നതിനും യോഗം തീരുമാനിച്ചു. യൂണിയൻ അഡ്‌മിനിസ്ട്രേറ്റർ മണ്ണടി മോഹനൻ അധ്യക്ഷത വഹിച്ചു. വനിതാസംഘം ചെയർ പേഴ്സൺ ഇന്ദിരാ മോഹൻദാസ്, കൺവീനർ ഷീജാ വാസുദേവൻ, യൂത്ത്മൂവ്മെന്റ് വൈസ് ചെയർമാൻ സൂരജ് വയറന്മരുതി, കൺവീനർ പി.എസ്.ദീപു, കിഷോർ പെരുനാട്, ജി.ഡി.പി.എസ് മണ്ഡലം പ്രസിഡന്റ് പി.എൻ.സന്തോഷ് കുമാർ, പെരുനാട് ശ്രീനാരായണ സംയുക്ത സമിതി പ്രസിഡന്റ് പ്രമോദ് വാഴാംകുഴിയിൽ എന്നിവർ പ്രസംഗിച്ചു.