- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'ഞങ്ങള്‍ മകന്റെ അടുത്തേക്കു പോകുന്നു'; സൈലത്തില്‍ അധ്യാപികയായ ശ്രീകല; 'തലസ്ഥാന പത്രിക' നടത്തിയ സ്നേഹ ദേവ്; റെയില്‍വേയില്‍ ജോലിയുള്ള അനുജനെ പുലര്‍ച്ചെ കണ്ട് മരണത്തിലേക്കുള്ള വഴിയേ അവര്‍ പോയി; അരുവിപുറത്തെ ദമ്പതിമാരുടെ ആത്മഹത്യയില്‍ നിറയുന്നത് വേര്‍പാടിന്റെ നിരാശ; മകന്‍ മരിച്ച നക്ഷത്രം ദിനം അച്ഛനും അമ്മയും മടങ്ങുമ്പോള്‍
നെയ്യാറ്റിന്‍കര: മകന്‍ മരിച്ച് ഒരു വര്‍ഷം തികയുന്ന ദിവസം പരസ്പരം കൈകള്‍ കെട്ടി ദമ്പതിമാര്‍ നെയ്യാറില്‍ച്ചാടി ജീവനൊടുക്കിയതിന്റെ ഞെട്ടലില്‍ മുട്ടട. തിരുവനന്തപുരം, മുട്ടട, അറപ്പുര ഭദ്രകാളി ക്ഷേത്രത്തിനു സമീപം, അറപ്പുര ലെയ്ന്‍ 53/എ, എസ്.ഡി.കെ. സദനത്തില്‍ പരുത്തിപ്പാറ സ്നേഹദേവ്(61), ഭാര്യ ശ്രീകല(56) എന്നിവരാണ് മരിച്ചത്. അരുവിപ്പുറം, വലിയവിളാകം കടവിലാണ് സംഭവം. സ്നേഹദേവിന്റെ സഹോദരന്‍ റെയില്‍വേയില്‍ ജോലിചെയ്യുന്ന അജിദേവ്കുമാറിനെ വ്യാഴാഴ്ച പുലര്‍ച്ചെ രണ്ടരയ്ക്ക് കാറില്‍ ഇരുവരും ജോലിസ്ഥലത്തുചെന്ന് കണ്ടിരുന്നു. ക്ഷേത്രദര്‍ശനത്തിനു പോകുന്നുവെന്നും പറഞ്ഞു. പക്ഷേ ആ യാത്ര മരണത്തിലേക്കായി. ഇവരുടെ ഏകമകനായ എല്‍.എല്‍.ബി. വിദ്യാര്‍ഥിയായിരുന്ന ശ്രീദേവ്(22) ഒരു വര്‍ഷം മുന്‍പ് ഹൃദയാഘാതത്തെത്തുടര്‍ന്ന് മരിച്ചു. ഇതിനുശേഷം അച്ഛനും അമ്മയും മാനസികമായി തളര്‍ന്നിരുന്നു.
മകന്റെ മരണത്തെത്തുടര്‍ന്ന് ഇരുവരും ശ്രീദേവ് സ്നേഹദേവ് എന്നപേരില്‍ ചാരിറ്റബിള്‍ ട്രസ്റ്റ് രൂപവത്കരിച്ചിരുന്നു. ഈ ട്രസ്റ്റിന്റെ നേതൃത്വത്തില്‍ ഏതാനും ദിവസങ്ങള്‍ക്കു മുന്‍പ് വിധവകള്‍ക്കു സഹായധന വിതരണം നടത്തിയിരുന്നു. പോലീസ് കണ്ടെടുത്ത കുറിപ്പില്‍ 'ഞങ്ങള്‍ മകന്റെ അടുത്തേക്കു പോകുന്നു' എന്നാണ് എഴുതിയിരുന്നത്. മൃതദേഹങ്ങള്‍ മകന്റെ കുഴിമാടത്തോടു ചേര്‍ന്ന് സംസ്‌കരിക്കണമെന്നും പൊതുദര്‍ശനത്തിനു വെക്കരുതെന്നും എഴുതിയിട്ടുണ്ട്. അങ്ങനെ ആത്മഹത്യ കുറിപ്പ് ബന്ധുക്കള്‍ക്ക് നോവുള്ള ഓര്‍മ്മയായി. വ്യാഴാഴ്ച രാവിലെ സമീപവാസികളാണ് വലിയവിള കടവില്‍ മൃതദേഹങ്ങള്‍ കണ്ടത്. കടവില്‍ ഇരുവരുടെയും ചെരിപ്പുകളും ഇവര്‍ കുടിച്ചെന്നു കരുതുന്ന ശീതളപാനീയത്തിന്റെ കവറുകളും ഉണ്ടായിരുന്നു.
സ്നേഹദേവ് 'തലസ്ഥാന പത്രിക' എന്ന പത്രം നടത്തുന്നയാളാണ്. ഭാര്യ ശ്രീകല നഗരത്തിലെ സൈലം എന്‍ട്രന്‍സ് പരിശീലനകേന്ദ്രത്തിലെ അധ്യാപികയാണ്. ഇവര്‍ ഏതാനും ദിവസങ്ങളായി ജോലിക്കു പോകുന്നില്ലായിരുന്നു. മകന്റെ മരണശേഷം സ്നേഹദേവ് പത്രപ്രവര്‍ത്തനം ഉപേക്ഷിച്ചു. അരുവിപ്പുറം ശിവക്ഷേത്രത്തിനു മുന്നില്‍ കാര്‍ നിര്‍ത്തിയിട്ടശേഷം കടവിലെത്തി ഇരുവരും കൈകള്‍ കയര്‍കൊണ്ട് കെട്ടിയശേഷം നെയ്യാറിലേക്കു ചാടുകയായിരുന്നെു. സ്നേഹദേവിന്റെ വലത്തെ കൈയിലും ശ്രീകലയുടെ ഇടത്തെ കൈയിലുമാണ് കെട്ടിയിരുന്നത്. ഇവര്‍ എഴുതിയ ആത്മഹത്യാക്കുറിപ്പ് പോലീസ് പിന്നീട് കണ്ടെടുത്തു. മകന്‍ മരിച്ച് ഒരു വര്‍ഷമാകുന്ന നക്ഷത്രം വരുന്ന ദിവസമായിരുന്നു വ്യാഴാഴ്ച. ഹൈന്ദവ ആചാര പ്രകാരം നക്ഷത്രം വരുന്ന ദിവസമാണ് മരിച്ച ആളിന്റെ 'ആണ്ട്' ആചരിക്കാറുള്ളത്.
ഇവരുടെ കാറില്‍ നിന്ന് നാലു പേജുള്ള ആത്മഹത്യാകുറിപ്പും കണ്ടെത്തി. തൊഴിലുറപ്പ് തൊഴിലാളികളാണ് മൃതദേഹം ആദ്യം കണ്ടത്. കമിഴ്ന്ന് കിടക്കുന്ന നിലയിലായിരുന്നു മൃതദേഹങ്ങള്‍. തുടര്‍ന്ന് പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. തലസ്ഥാന പത്രിക എന്ന പത്രത്തിന്റെ സ്ഥാപകന്‍ കൂടിയായിരുന്നു സ്‌നേഹദേവ്. നിലവില്‍ ട്യൂഷന്‍ സെന്റര്‍ നടത്തിവരികയായിരുന്നു. അരുവിപുറത്ത് കൊല്ലവിളാകം പാലിയവിളകം കടവിലാണ് ഇവരെ മരിച്ചനിലയില്‍ കണ്ടെത്തിയത്. വ്യാഴം രാവിലെ 10നാണ് നെയ്യാറില്‍ ദമ്പതികളുടെ മൃതദേഹം കണ്ടെത്തിയത്.
മാരായമുട്ടം പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.സ്നേഹദേവിന്റെ പോക്കറ്റില്‍ നിന്ന് കാറിന്റെ താക്കോല്‍ ലഭിച്ചു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ അരുവിപ്പുറം ക്ഷേത്രത്തിനു സമീപം നിറുത്തിയിട്ടിരുന്ന കാര്‍ പൊലീസ് കണ്ടെത്തുകയായിരുന്നു. പരിശോധനയില്‍ കാറില്‍ നിന്ന് 4 പേജുള്ള ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തു. മകന്റെ മരണം ജീവിക്കാന്‍ കഴിയാത്ത വിധത്തിലുള്ള ദുഃഖം നല്‍കുന്നുവെന്നും അതിനാല്‍ ആത്മഹത്യ ചെയ്യുന്നെന്നുമാണ് കത്തിലുണ്ടായിരുന്നത്. തങ്ങളുടെ സ്വത്തുക്കള്‍ ഒരു ട്രസ്റ്റിന് കൈമാറിയതായും കത്തിലുണ്ടെന്ന് പൊലീസ് പറഞ്ഞു.