ഹിമാച്ചൽ: ഇന്ത്യയിലെ ഏറ്റവും മനോഹരമായ സംസ്ഥാനങ്ങളിൽ ഒന്നാണ് ഹിമാച്ചൽ പ്രദേശ്. വിദേശത്ത് നിന്നും രാജ്യത്തെ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും നിരവധി ടൂറിസ്റ്റുകളാണ് ഹിമാച്ചൽ സന്ദർഷിക്കുവാൻ എത്തുന്നത്. ടൂറിസത്തിന് വലിയ പ്രാധാന്യമുള്ള സംസ്ഥാനത്ത് നിന്നും കൗതുകകരമായ ദൃശ്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ആളുകളുടെ ശ്രദ്ധയാകർഷിക്കുന്നത്. ഒരു കഫേയിൽ നിന്നുള്ള ദൃശ്യങ്ങളാണ് പുറത്ത് വരുന്നത്.

കണ്ടന്റ് ക്രിയേറ്ററായ കൻവർ പാൽ സിംഗ് ഇൻസ്റ്റ​ഗ്രാമിൽ പങ്കുവച്ചിരിക്കുന്ന വീഡിയോയാണ് ശ്രദ്ധ നേടുന്നത്. ഹിമാചൽ പ്രദേശിലെ കാസയ്ക്കടുത്തുള്ള മനോഹരമായ ഗ്രാമമാണ് ലിംഗ്തി. ഈ ​ഗ്രാമത്തിൽ നിന്നുള്ളൊരു അപൂർവമായ കഫേയാണ് വീഡിയോയിൽ കാണിച്ചിരിക്കുന്നത്. ഇതൊരു ഗുഹാ കഫേയാണ്. എന്നാൽ മഞ്ഞാൽ നിറഞ്ഞതാണ് ഈ കഫേ. ആര് കണ്ടാലും അന്തംവിട്ട് നോക്കിനിന്നുപോകുന്ന തരത്തിലാണ് ഇത് നിർമ്മിച്ചിരിക്കുന്നത്.


​ഗ്രാമീണർ വളരെ സൂക്ഷ്മമായി നിർമ്മിച്ചതാണ് ഈ ​ഗുഹ പോലെയുള്ള കഫേ എന്നാണ് കൻവർ പറയുന്നത്. അതിന്റെ അകത്ത് ലൈറ്റുകളിട്ട് അലങ്കരിച്ചിരിക്കുന്നതും കാണാം. അതുപോലെ, ഒരു ചെറിയ ജലാശയവും അതിന്റെ അകത്തുകൂടി ഒഴുകുന്നത് കാണാം. അതിനടുത്തുള്ള മഞ്ഞിലുള്ള ഒരു ഇരിപ്പിടത്തിൽ ഒരാളിരിക്കുന്നതും കാണാം.

ചായയും മാ​ഗിയും ഈ ​ഗുഹാ കഫേയ്ക്കകത്ത് ലഭിക്കും. സാഹസികത ഇഷ്ടപ്പെടുന്നവർക്കും വ്യത്യസ്തമായ അനുഭവങ്ങൾ‌ വേണമെന്നുള്ളവർക്കും ഈ കഫേ ഇഷ്ടപ്പെടാൻ സാധ്യതയുണ്ട്.വീഡിയോ വൈറലായതോടെ നിരവധിപ്പേരാണ് കമന്റുകളുമായി എത്തിയത്. ഈ ​കഫേ അതിമനഹോരമാണ് എന്ന് അഭിപ്രായപ്പെട്ടവരുണ്ട്. ഈ ​ഗുഹയുടെ ചുമരുകൾ ഇടിഞ്ഞുവീഴുന്നത് ഒന്നോർത്ത് നോക്കൂ എന്ന് കമന്റ് നൽകിയവരും ഉണ്ട്. എന്തായാലും, കാണുന്നവരെ ആകർഷിക്കാനും ഒരിക്കലെങ്കിലും അവിടെ ഒന്ന് പോകണമെന്ന് കൊതിപ്പിക്കുകയും ചെയ്യുന്നതാണ് ദൃശ്യങ്ങൾ.