പത്തനംതിട്ട: മലയാലപ്പുഴ പൊതീപ്പാട് വാസന്തിയമ്മ മഠം എന്ന പേരിൽ ആശ്രമം സ്ഥാപിച്ച് കുട്ടികളെ വരെ ആഭിചാര ക്രിയയ്ക്ക് വിധേയമാക്കിയ മന്ത്രവാദിനി വാസന്തിയമ്മ പൂർവാശ്രമത്തിൽ ശോഭന ഓമനക്കുട്ടൻ. മെഴുവേലി എംപിഎസി ക്ലബിന് സമീപമുള്ള വീട്ടിൽ താമസിച്ചിരുന്ന ഇവർ നാട്ടുകാരായ ആറോളം പേരെ കള്ളക്കേസിൽ കുടുക്കിയിരുന്നു. പിന്നീട് കോടതി ഈ പ്രതികളെ വെറുതെ വിട്ടു.

15 വർഷം മുൻപാണ് ശോഭനയും ഹരിപ്പാട് മുട്ടം സ്വദേശിയായ ഭർത്താവും രണ്ട് ആണ്മക്കളും കൂടി മെഴുവേലി പത്തിശേരി ജങ്ഷന് സമീപം വീട് വാങ്ങി താമസം തുടങ്ങിയത്. ആദ്യം വാടകവീട്ടിലായിരുന്നു. പിന്നീട് ഇതു വാങ്ങി. ഭർത്താവ് ഗൾഫിൽ ജോലിയായിരുന്നു. അസമയത്തും പട്ടാപ്പകലും പലരും വീട്ടിൽ കയറിയിറങ്ങുന്നത് നാട്ടുകാർ ചോദ്യം ചെയ്തു. ഇതു പിന്നീട് അടിപിടിയും ബഹളത്തിലും കലാശിച്ചു. തന്നെ കൈയേറ്റം ചെയ്തുവെന്നും അപമര്യാദയായി പെരുമാറിയെന്നും കാണിച്ച് ആറോളം പ്രദേശവാസികൾക്കെതിരേ ശോഭന കേസു കൊടുത്തു.

വിവരമറിഞ്ഞ് നാട്ടിലെത്തിയ ഭർത്താവ് ശോഭനയുടെ കഥകൾ കേട്ട് ഞെട്ടി. പൊലീസ് സഹായത്തോടെ ഇവരെ വിട്ടിൽ നിന്ന് ഇറക്കി വിട്ടു. അതിന് ശേഷം വീടും വിറ്റ് രണ്ടു ആൺമക്കളെയും കൂട്ടി സ്വദേശത്തേക്ക് ഭർത്താവ് മടങ്ങി. ശോഭന ജന്മനാടായ കുമ്പഴയ്ക്കും പോയി. ഇവർ വിവാഹബന്ധം വേർപെടുത്തിയെന്നാണ് നാട്ടുകാർ പറയുന്നത്. പക്ഷേ, സ്ഥിരീകരണമില്ല. കുമ്പഴയിൽ അല്ലറ ചില്ലറ മന്ത്ര-തന്ത്ര തട്ടിപ്പു വിദ്യകളുമായി വാണ ശോഭന ഒരു സുപ്രഭാതത്തിൽ എലിയറയ്ക്കിലിൽ ആശ്രമം കെട്ടി.

ശോഭന പേരുമാറ്റി വാസന്തിയമ്മയായി. പിന്നെയുള്ള വളർച്ച പെട്ടെന്നായിരുന്നു. ഇവരുടെ അടുത്തുകൊണ്ടി കൂടോത്രം ചെയ്യാനും ആഭിചാരകർമങ്ങൾക്കും തിരക്കേറി. അങ്ങനെ പെട്ടെന്ന് പണക്കാരിയായ വാസന്തിയമ്മ പണം പലിശയ്ക്ക് കൊടുക്കുന്ന ഏർപ്പാടും തുടങ്ങി. പണവും പലിശയും തരാത്തവരെ കൈകാര്യം ചെയ്യാൻ ഗുണ്ടകളെയും വച്ചു.

അങ്ങനെ ഒരാളിൽ നിന്നും കൈക്കലാക്കിയതാണ് പൊതീപ്പാട്ടെ വീട്. ഇവിടെ ചൊവ്വ, വെള്ളി ദിനങ്ങളിൽ മന്ത്രവാദവുമായി വാസന്തിയമ്മ ഉറഞ്ഞു തുള്ളി. അമ്മയുടെ ശക്തിയിൽ മതി മറന്ന വിശ്വാസികൾ കാണിക്ക കൊണ്ട് മൂടി. പൊലീസിനും രാഷ്ട്രീയക്കാർക്കും പടി കൊടുത്ത് തന്റെ ശക്തി വർധിപ്പിച്ച വാസന്തിയമ്മയെ തൊടാൻ ആർക്കും കഴിഞ്ഞില്ല. ഭഗവൽ സിങിന്റെ നരബലി പുറത്തു വന്നതു കൊണ്ടു മാത്രമാണ് ഇപ്പോൾ വാസന്തിയമ്മയെ തൽക്കാലത്തേക്കെങ്കിലും തറച്ചിരിക്കുന്നത്.