കൊച്ചി: നടൻ ബിജു മേനോനെ ആർക്കാണ് അറിയാത്തത്? തൃശൂർ സ്വദേശിയായ താരത്തിന് ഇപ്പോൾ തിരക്കോടുതിരക്കാണ്. അതിനിടെ തന്നെ കുറിച്ച് സൈബർ ലോകത്ത് പ്രചരിക്കുന്ന സന്ദേശം കണ്ടുകാണുമോ എന്നറിയില്ല. അൽഹംദുലില്ലാ...ഇന്ത്യൻ കത്തോലിക്ക പുരോഹിതൻ ഫാ.ബിജു മേനോൻ ഇസ്ലാം മതത്തിലേക്ക് മാറി. Muslims in Czechia എന്ന് പേരുള്ള ഒരു വാട്സ് ആപ്പ് ഗ്രൂപ്പിൽ വന്ന സന്ദേശമാണ് ചർച്ചയാകുന്നത്. ഷാഹിദ് എന്നയാളാണ് ഇത് ഷെയർ ചെയ്തിരിക്കുന്നത്.

സന്ദേശം സത്യമെന്ന് കരുതിയാണ് പോസ്റ്റ്മാൻ ഇത് ഷെയർ ചെയ്തതെന്ന് വ്യക്തം. ബിജു മേനോൻ ക്രിസ്തീയ വേഷത്തിലും ഇസ്ലാമിക വേഷത്തിലും നിൽക്കുന്ന രണ്ട് ചിത്രങ്ങളും സന്ദേശത്തിനൊപ്പം പ്രചരിക്കുന്നുണ്ട്.

ബിജു മേനോൻ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച രണ്ട് സിനിമകളാണ് റോമൻസും മരുഭൂമിയിലെ ആനയും. റോമൻസ് എന്ന ചിത്രത്തിൽ ഫാദർ സെബാസ്റ്റ്യൻ എന്ന കഥാപാത്രത്തെയാണ് ബിജു മേനോൻ അവതരിപ്പിച്ചത്. മരുഭൂമിയിലെ ആനയിൽ അദ്ദേഹം അറബി വേഷത്തിലും എത്തിയിരുന്നു. ഈ ചിത്രങ്ങളാണ് ഇപ്പോൾ പ്രചരിക്കുന്നത്. വാർത്ത സത്യമാണ് എന്ന് കരുതി നിരവധി ആളുകളാണ് ഇത് ഷെയർ ചെയ്യുന്നത്. അതേസമയം, എന്തിലും തമാശ കണ്ടെത്തുന്ന മലയാളികൾ ഇപ്പോൾ ട്രോൾ രൂപത്തിൽ സ്‌ക്രീൻ ഷോട്ടുകൾ പങ്കുവെയ്ക്കുകയാണ്. എന്തായാലും, ഇതുബിജു മേനോനും പറഞ്ഞു ചിരിക്കാനുള്ള ഒരു പോസ്റ്റായിരിക്കണം.

Muslims in Czechia ഗ്രൂപ്പിൽ പോസ്റ്റ് ചെയ്ത ഷാഹിദ് താൻ ഇത് യഥാർത്ഥമെന്ന് കരുതിയാണ് ഷെയർ ചെയ്തതെന്ന് പിന്നീട് പറഞ്ഞു. പല ഗ്രൂപ്പുകളിലും ഇത് വന്നത് കണ്ട് ഷെയർ ചെയ്യുകയായിരുന്നു. ഇത് ഡിലീറ്റ് ചെയ്യാൻ തന്റെ സുഹൃത്തുക്കളോട് അഭ്യർത്ഥിക്കുമെന്നും അദ്ദേഹം പറഞ്ഞു.

1991ൽ ആരംഭിച്ച സിനിമാ ജീവിതത്തിൽ വ്യത്യസ്ത കഥാപാത്രങ്ങൾ കൊണ്ട് അന്നു മുതൽ ഇന്നുവരെ പ്രേക്ഷകരെ കയ്യിലെടുത്തു മുന്നേറുകയാണ് താരം. വ്യത്യസ്തമായ വേഷപ്പകർച്ചകളാണ് ബിജു മേനോനെ മറ്റ് നടന്മാരിൽ നിന്നും വേറിട്ടുനിർത്തുന്നത്. നായകനായും സഹനടനായും പ്രതിനായകനായും 150ൽ അധികം ചിത്രങ്ങളിൽ ബിജു മേനോൻ അഭിനയം കാഴ്ചവെച്ചിട്ടുണ്ട്. ഓണത്തിന് റിലീസ് ചെയ്ത 'ഒരു തെക്കൻ തല്ല് കേസ്' ആണ് ബിജു മേനോന്റെ ഏറ്റവും പുതിയ ചിത്രം. സിനിമയിൽ അമ്മിണിപ്പിള്ള എന്ന നാടൻ ചട്ടമ്പിയുടെ വേഷമാണ് ബിജു മേനോൻ അവതരിപ്പിച്ചത്.