- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സാർത്രിന്റെ അസ്തിത്വവാദത്തിന്റെ വക്താവായി തുടക്കം; ഹരിദ്വാറിൽ പോലും കണ്ടത് ലഹരിയുടെ ലോകം; ഹിന്ദുവിന്റെ നെറ്റിയിലെ ചന്ദനക്കുറി ഭയപ്പെടുത്തുന്നുവെന്ന് പ്രസ്താവന; ഇപ്പോൾ ഗുരുവായൂർ സന്നിധിയിൽ പിറന്നാളാഘോഷം; 80ാം വയസ്സിൽ എം മുകുന്ദന്റെ മാറ്റം ചർച്ചയാക്കി സോഷ്യൽ മീഡിയ
കോഴിക്കോട്: അസ്തിത്വവാദത്തിന്റെ ഉപജ്ഞാതാവായ ഴാങ് പോൾ സാർത്രിന്റെ പാത പിൻപറ്റിക്കൊണ്ട്, കേരളത്തിൽ ആധുനികതക്ക് തുടക്കം കുറിച്ച എഴുത്തുകാരിൽ ഒരാളാണ് എം മുകന്ദൻ. 'ഹരിദ്വാരിൽ മണികൾ മുഴങ്ങുന്നു' അടക്കമുള്ള അദ്ദേഹത്തിന്റെ ആദ്യകാല നോവലുകളിലൊക്കെ ചരസും ഭാംഗുമായി കഴിയുന്ന ലക്ഷ്യബോധമില്ലാത്ത യുവത്വത്തെയാണ് സൂചിപ്പിക്കുന്നത്. തുടർന്ന് ദീർഘകാലത്തെ ഡൽഹി വാസത്തിനുശേഷം സാഹിത്യഅക്കാദമിയുടെ സെക്രട്ടറിയായാണ് എം മുകന്ദൻ കേരളത്തിൽ എത്തുന്നത്. തുടർന്ന് അങ്ങോട്ട് അസ്തിത്വവാദത്തിൽ നിന്ന് ഇടതുപക്ഷ സഹയാത്രികൻ എന്ന രീതിയിലാണ് മുകുന്ദന്റെ ജീവിതം മുന്നോട്ട് പോയത്.
നേരത്തെ ക്ഷേത്രത്തിൽ പ്രവേശിക്കില്ല എന്നും, ചന്ദനക്കുറിയിട്ട ഹിന്ദുവിനെ കാണുമ്പോൾ തനിക്ക് പേടിയാണെന്നുമൊക്കെയുള്ള നിലപാടകുൾ എടുത്ത മുകുന്ദന്റെ തന്റെ 80ാം പിറന്നാൾ ആഘോഷിച്ചത് ഗുരുവായൂരിൽ വച്ചാണ്. ഇതാണ് സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയാവുന്നത്. അതിവിപ്ലവകാരികളായ നക്‌സലൈറ്റുകളിൽ
പലരെയും, പിൽക്കാലത്ത് സായിബാബ ഭക്തരായും അമൃതാനന്ദമയി ഭക്തരായുമൊക്കെയാണ് കാണാൻ കഴിയുക. ഇതുപോലെ അതിശയിപ്പിക്കുന്ന ഒരു മാറ്റമാണ് മുകുന്ദനും ഉണ്ടായത് എന്നാണ് വിമർശനം.
തൊഴുതതിനുശേഷം പ്രസാദ ഊട്ടും
സെപ്തം. 10 ആണ് മകുന്ദന്റെ ജനനത്തീയതി. അന്ന് രാവിലെ തന്നെ ഗുരുവായൂർ ക്ഷേത്രത്തിൽ തൊഴാനും പിറന്നാൾ സദ്യയായി ഗുരുവായൂർ പ്രസാദ ഊട്ട് കഴിക്കാനുമായി മയ്യഴിയുടെ കഥാകാരൻ ഗുരുവായൂരിലെത്തിയിരുന്നു. 'ഇത്തവണ ഗുരുവായൂരിലാകട്ടെ പിറന്നാൾ എന്ന് ആഗ്രഹിച്ചു. ഭാര്യ ശ്രീജയ്ക്കും സമ്മതമായിരുന്നു. കുറച്ച് കാലമായി ഇവിടെ വരാൻ ആഗ്രഹിക്കുന്നു. വളരെ സന്തോഷമാണ് ഇവിടെ വരുന്നത്.''- എം മുകുന്ദൻ മാധ്യമ പ്രവർത്തകരോട് പറഞ്ഞു.
മുകന്ദന്റെ ആഗ്രഹപ്രകാരം അന്ന ലക്ഷ്മി ഹാളിലാണ് പ്രസാദ ഊട്ടു കഴിച്ചത്. ഗുരുവായൂർ നഗരസഭാ ചെയർമാൻ എം കൃഷ്ണദാസിന്റെ പിറന്നാൾ ആശംസകളും ഉപഹാരവും ദേവസ്വം ഉദ്യോഗസ്ഥർ നൽകിയ പ്രസാദക്കിറ്റും ഏറ്റുവാങ്ങി. പിറന്നാൾ ദിനമായ ശനി പുലർച്ചെ നാലിന് തന്നെ ക്ഷേത്രത്തിലെത്തി തൊഴുതു. തിരിച്ച് റൂമിലെത്തുമ്പോൾ ഇഷ്ട സാഹിത്യകാരന് പിറന്നാൾ ആശംസയുമായി ആരാധകരുടെ ഫോൺ വിളികളെത്തി. ഗുരുവായൂർ ദേവസ്വത്തിനു വേണ്ടി ഭരണ സമിതി അംഗം സി മനോജ് അതിഥി മന്ദിരത്തിലെത്തി എം മുകുന്ദനെ പൊന്നാടയണിയിച്ചു. പിറന്നാൾ ആശംസയും അറിയിച്ചു.
പിറന്നാൾ ദിനത്തിൽ പ്രസാദ ഊട്ട് കഴിക്കാനായതിന്റെ ആഹ്ലാദവും അദ്ദേഹം മാധ്യമ പ്രവർത്തകരുമായി പങ്കിട്ടിരുന്നു. അന്നലക്ഷ്മി ഹാളിൽ ഭക്തർക്കൊപ്പമിരുന്ന് പ്രസാദ ഊട്ടു കഴിച്ചശേഷം സദ്യയെക്കുറിച്ച് അദ്ദേഹം ഇങ്ങനെ പറഞ്ഞു: 'അത് ചോദിക്കാനുണ്ടോ. അതിഗംഭീരമല്ലേ. ഒരു പ്രത്യേക ടേസ്റ്റാണ്. സിംപിളും. പാൽപ്പായസവും കേമം. കോവിഡ് കാലത്തിനുമുമ്പ് ഇവിടെവന്ന് പ്രസാദ ഊട്ട് കഴിച്ചിട്ടുണ്ട്. സുഹൃത്തിനൊപ്പമാണ് അന്ന് വന്നത്,'' -മുകന്ദൻ വ്യക്തമാക്കി.
'ചന്ദനക്കുറി ഭയപ്പെടുത്തുന്നു'
മുകുന്ദന്റെ ഗുരുവായൂർ ദർശനവും ചിത്രവും വൈറൽ ആയതോടെ സോഷ്യൽ മീഡിയ അദ്ദേഹത്തിന്റെ മുൻ നിലപാടുകൾ ചൂണ്ടിക്കാട്ടുകയാണ്. 'ഹിന്ദുവിന്റെ നെറ്റിയിലെ ചന്ദനക്കുറി എന്നെ ഭയപ്പെടുത്തുന്നു എന്നായിരുന്നു ഒരു യുവജനോത്സവ വേദിയിൽ മുകന്ദൻ' പറഞ്ഞത്. ഇപ്പോൾ ഗുരുവായൂരിൽ പോയി സ്വയം ചന്ദനക്കുറി അണിയാൻ അദ്ദേഹത്തിന് പേടി തോന്നിയില്ലേ എന്നാണ് ഇതിനെ ട്രോളി പലരും ചോദിക്കുന്നത്.
മലപ്പുറത്തെ അങ്ങാടിപ്പുറം തളിക്ഷേത്രത്തിൻെ ഗോപുര വാതിൽ തീ വച്ച് നശിപ്പിച്ചതറിഞ്ഞ് അന്നത്തെ സാംസ്‌കാരിക വകുപ്പ് മന്ത്രി എം. എ ബേബിയോടൊപ്പം എം. മുകുന്ദനും ക്ഷേത്രം സന്ദർശിച്ചിരുന്നു. എന്നാൽ ക്ഷേത്രത്തിൽ കയറാതെ പുറത്ത് നിൽക്കയായിരുന്നു മുകന്ദൻ ചെയ്തത്. അകത്ത് കയറുന്നില്ലേ എന്ന് ചോദിച്ച മാധ്യമ പ്രവർത്തകരോട് 'ഞാൻ ക്ഷേത്രത്തിൽ കയറാറില്ല' എന്നായിരുന്നു മറുപടി. ആ മനുഷ്യനാണ് പിറന്നാളിന് ഗുരുവായൂരപ്പസന്നിധിയിലെത്തി തൊഴുതശേഷം പ്രസാദമൂട്ടിൽ പങ്കുകൊള്ളുന്നത്.
മുകന്ദന്റെ ഈ മാറ്റം സോഷ്യൽ മീഡിയയിലെ സംഘപരിവാർ ഗ്രൂപ്പുകളും ആഘോഷമാക്കുന്നുണ്ട്. 'അരനൂറ്റാണ്ടുമുമ്പ്, 30 വയസിൽ, ആത്മീയ കേന്ദ്രമായ ഹരിദ്വാർ ലഹരിമരുന്നിന്റെ ലോകമാണെന്ന് നോവലിലൂടെ പറഞ്ഞ പ്രസിദ്ധ എഴുത്തുകാരൻ എം. മുകുന്ദൻ എൺപതാം പിറന്നാളിന് ഗുരുവായൂരിൽ. 50 വർഷത്തിനിടെ വന്ന മനംമാറ്റത്തിൽ ഹിന്ദു അഭിമാനിക്കണം' എന്നാണ് ക്യാപ്ഷൻ.
പിണറായി സർക്കാറിന്റെ വിമർശകൻ
ഒരുകാലത്ത് സിപിഎം സഹയാത്രികനായി അറിയപ്പെട്ട മുകന്ദൻ ഇപ്പോൾ പിണറായി വിരുദ്ധപക്ഷത്താണ്. ഈയിടെ കെ റെയിലിനെതിരെ അദ്ദേഹം നടത്തിയ പ്രസ്താവന ചർച്ചയായിരുന്നു. 'ജനങ്ങളുടെ കണ്ണീര് മുകളിലുടെയല്ല കെ റെയിൽ ഓടിക്കേണ്ടത്' എന്നാണ് അദ്ദേഹം പറഞ്ഞത്. അതുപോലെ റോഡിലെ കുഴി വിവാദമായ സമയത്തും അതിനെതിരെ മുകന്ദൻ പ്രതികരിച്ചിരുന്നു. 'എന്റെ ഒരു സിനിമ പ്രദർശിപ്പിക്കുന്നതിന് ഞങ്ങൾ അന്വേഷിക്കുന്നത് കുഴികളില്ലാത്ത സ്ഥലമാണ്.. ഭൂമിയിലും ബഹിരാകാശത്തും കുഴികളുണ്ട്..അപ്പോൾ എവിടെയാണ് പ്രദർശിപ്പിക്കുക'' എന്നായിരുന്നു അദ്ദേഹത്തിന്റെ ചോദ്യം. നേരത്തെ, എഴുത്തുകാരി സുന്ദരിയാണെങ്കിൽ പുസ്തകം ശ്രദ്ധിക്കപ്പെടുമെന്ന് മുകുന്ദന്റെ പ്രസ്താവന വിവാദമായിരുന്നു. അടുത്തകാലത്ത് ആഘോഷിക്കപ്പെട്ട പല പുസ്തകങ്ങളും സാഹിത്യേതര കാരണങ്ങളിലാണ് ശ്രദ്ധ നേടിയതെന്ന് മുകുന്ദൻ കുറ്റപ്പെടുത്തിയിരുന്നു.
മലയാള സാഹിത്യത്തെ വിശ്വസാഹിത്യ രംഗത്തേക്ക് ആനയിച്ചവരിൽ പ്രധാനിയാണ് മണിയമ്പത്ത് മുകുന്ദൻ.ആധുനികതയുടെ വരവറിയിച്ച കഥാകാരൻ. ഫ്രഞ്ച് അധീന പ്രദേശമായിരുന്ന തലശേരി മയ്യഴിയിലാണ്് ജനനം. ബാല്യകാലം രോഗപീഡകളുടെതായിരുന്നു. ഏകാന്തതയിൽ അക്ഷരങ്ങൾ കൂട്ടായി. 1962 ൽ ഫ്രഞ്ച് നയതന്ത്ര ഉദ്യോഗസ്ഥനായി ഡൽഹിയിൽ എത്തി.1961-ൽ തന്റെ ആദ്യസാഹിത്യസൃഷ്ടിയായ ചെറുകഥ പ്രസിദ്ധീകരിക്കപ്പെട്ടു. പിന്നീട് മുകുന്ദൻ ധാരാളം നോവലുകളും ചെറുകഥകളും എഴുതി. മയ്യഴിപ്പുഴയുടെ തീരങ്ങളിൽ, ദൈവത്തിന്റെ വികൃതികൾ, ആവിലായിലെ സൂര്യോദയം, ഡൽഹി, ഹരിദ്വാറിൽ മണിമുഴങ്ങുന്നു, ആകാശത്തിനു ചുവട്ടിൽ, ആദിത്യനും രാധയും മറ്റുചിലരും, ഒരു ദളിത് യുവതിയുടെ കദന കഥ, കിളിവന്നു വിളിച്ചപ്പോൾ, രാവും പകലും, സാവിത്രിയുടെ അരഞ്ഞാണം, കേശവന്റെ വിലാപങ്ങൾ, നൃത്തം, പ്രവാസം, ഡൽഹി ഗാഥകൾ തുടങ്ങിയവയാണ് പ്രധാന കൃതികൾ.
ഫ്രഞ്ച് സർക്കാരിന്റെ ഷെവലിയർ ഓഫ് ആർട്‌സ് ആൻഡ് ലെറ്റേഴ്‌സ് ബഹുമതി 1998ൽ ലഭിച്ചു. എഴുത്തച്ഛൻ പുരസ്‌കാരം നേടിയ അദ്ദേഹത്തിന് കേരള സാഹിത്യ അക്കാദമി പുരസ്‌കാരം, കേന്ദ്ര സാഹിത്യ അക്കദമി പുരസ്‌കാരം, വയലാർ പുരസ്‌കാരം, എംപി.പോൾ പുരസ്‌കാരം, മുട്ടത്തു വർക്കി പുരസ്‌കാരം, എൻ. വി. പുരസ്‌കാരം എന്നിവ ലഭിച്ചിട്ടുണ്ട്. കേരള സാഹിത്യ അക്കാദമി അധ്യക്ഷനായും പ്രവർത്തിച്ചിട്ടുണ്ട്. ഇപ്പോൾ ഈ 80ാം വയസ്സിൽ തിരക്കഥാ രംഗത്തും മുകുന്ദൻ എത്തുന്നുണ്ട്.
മുകുന്ദൻ ആദ്യമായി കഥയും തിരക്കഥയും സംഭാഷണവും ഒരുക്കുന്ന പുതിയ ചിത്രം 'ഓട്ടോറിക്ഷക്കാരന്റെ ഭാര്യ' ചിത്രീകരണം പൂർത്തിയായിരിക്കയാണ്. എബ്രിഡ് ഷൈനിന്റെ നിവിൻപോളി ചിത്രമായ മഹാവീര്യരിന്റെ കഥ മുകുന്ദന്റെത് ആയിരുന്നു.
അരുൺ ജയകുമാർ മറുനാടൻ മലയാളി തിരുവനന്തപുരം റിപ്പോർട്ടർ