കൊച്ചി: സോഷ്യൽ മീഡിയയിലാകെ ഇപ്പോൾ 'ന്നാ താൻ കേസ് കൊട്' സിനിമയുടെ റിലീസ് സമയത്തെ ഓർമ്മിപ്പിക്കും വിധം 'കുഴി' ആണ് പ്രധാന ചർച്ച.സംഭവം അന്നത്തെ പോലെ റോഡിലെ കുഴിയല്ല ചർച്ചാ വിഷയമെങ്കിലും ഇനിയും ശരിയാകാത്ത കുഴി പ്രശ്നത്തെ ട്രോളുകയാണോയെന്ന് പൊതുസമൂഹം ചിന്തിച്ചാലും തെറ്റില്ല. എന്തായാലും ഇന്ന് മലയാളികളുടെ ഇഷ്ട ഭക്ഷണങ്ങളിൽ ഒന്നായ കുഴിമന്തിയെക്കുറിച്ച് നടനും എഴുത്തുകാരനുമായ വി.കെ.ശ്രീരാമൻ ഇട്ട ഫെയ്സ് ബുക്ക് പോസ്റ്റാണ് ചർച്ചയായി മാറിയിരിക്കുന്നത്.

തന്നെ ഒരു ദിവസത്തേക്കു കേരളത്തിന്റെ ഏകാധിപതിയാക്കിയാൽ ആദ്യം ചെയ്യുക കുഴിമന്തി എന്ന പേരു നിരോധിക്കുകയാവും എന്നാണ് ശ്രീരാമന്റെ പോസ്റ്റ്. മലയാള ഭാഷയെ മാലിന്യത്തിൽ നിന്നു മോചിപ്പിക്കാനുള്ള നടപടിയാവും ഇതെന്നും തന്റെ പോസ്റ്റിൽ ശ്രീരാമൻ പറയുന്നു. പറയരുത്, കേൾക്കരുത്, കാണരുത് കുഴിമന്തിയെന്ന് നടനും എഴുത്തുകാരനുമായ വികെ ശ്രീരാമൻ പറയുമ്പോൾ പോസ്റ്റിന് താഴെ മന്തി പോലെ തന്നെ എരുവും പുളിയുമുള്ള കമന്റുകളും നിറയുകയാണ്.

പറയുമെന്നും കേൾക്കുമെന്നും കഴിക്കുമെന്നും കുറെപ്പേർ, എന്നേ നിർത്തേണ്ടതാണെന്ന് മറ്റു ചിലരും പറയുന്നു.

അതേസമയം വിഷയത്തെ മുൻനിർത്തിയുള്ള മുരളി തുമ്മാരുകുടിയുടെ മറുപടി പോസ്റ്റാണ് കുഴിമന്തി വിഷയത്തിൽ രണ്ട് പക്ഷത്തെ അണിനിരത്തിയിരിക്കുന്നത്. കുഴിയിലാണെങ്കിലും പുറത്താണെങ്കിലും മന്തിക്ക് ഒപ്പമെന്ന തലക്കെട്ടോടുകൂടിയാണ് മുരളി തുമ്മാരുകുടിയുടെ പോസ്റ്റ്.

കുഴിമന്തിയുടെ കേരളത്തിലെ സ്വീകാര്യതയും അതിന്റെ രുചിവൈഭവവുമടക്കമാണ് തുമ്മാരുകുടുയുടെ പോസ്റ്റ്. യെമനിൽ നിന്നു വന്ന ഒരു ഭക്ഷണമാണ് മന്തിയെന്നും മണ്ണിൽ കുഴിയുണ്ടാക്കി മരക്കരിയിൽ മണിക്കുറുകൾ എടുത്ത് വേവിച്ച് ഉണ്ടാക്കുന്ന മന്തി അതീവ രുചികരമാണെന്നും അദ്ദേഹം തന്റെ കുറിപ്പിൽ പറയുന്നു.

കുഴിയിൽ ഉണ്ടാക്കുന്നതിനാലാണ് കേരളത്തിൽ ഇത് കുഴിമന്തി ആയത്. ഇത്രയും വേഗത്തിൽ മലയാളികളുടെ രുചിയെ കീഴടക്കിയ മറ്റൊരു വിഭവമില്ല. ഇങ്ങനെ പോകുന്നു മുരളി തുമ്മാരുകുടിയുടെ ഫെയ്സ് ബുക്ക് പോസ്റ്റ്

തന്റെ പോസ്റ്റിലൂടെ ശ്രീരാമൻ തുടങ്ങിവച്ചത് ഭാഷാ ചർച്ചയാണെങ്കിലും കമന്റ് ചെയ്യുന്നവർ അത് ആ നിലയ്ക്കല്ല എടുക്കുന്നതെന്ന് കമന്റുകളിലൂടെ വ്യക്തം. അവർക്കത് കുഴിമന്തിക്കെതിരായ 'യുദ്ധപ്രഖ്യാപന'മായി മാറിക്കഴിഞ്ഞു.