മഞ്ചേരി: സോഷ്യല്‍ മീഡിയ ഇന്‍ഫ്ളുവന്‍സറായ ജുനൈദ് വാഹനാപകടത്തില്‍ മരിച്ചു. വഴിക്കടവ് സ്വദേശിയാണ്. മഞ്ചേരി മരത്താണിയില്‍ വെച്ചാണ് ജുനൈദ് സഞ്ചരിച്ച ബൈക്ക് അപകടത്തില്‍ പെട്ടത്. ഇന്ന് വൈകുന്നേരം 6 മണിക്ക് ശേഷം അപകടകരമായ രീതിയില്‍ വാഹനം ഓടിച്ച ഇയാള്‍ ഒരു മണ്‍തിട്ടയിലേക്ക് ഇടിച്ചുകയറിയുള്ള അപകടത്തിലാണ് മരണപ്പെട്ടത്.

വഴിക്കടവ് ആലപ്പൊയില്‍ ചോയത്തല വീട്ടില്‍ ഹംസയുടെ മകന്‍ ജുനൈദ് (32) ആണ് മരിച്ചത്. വെള്ളിയാഴ്ച വൈകിട്ട് 6.20നാണ് അപകടം. മരത്താണി വളവില്‍ റോഡരികിലെ മണ്‍കൂനയില്‍ തട്ടി ബൈക്ക് മറിഞ്ഞാണ് അപകടമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. റോഡരികില്‍ രക്തം വാര്‍ന്ന് കിടക്കുന്നതാണ് ബസുകാര്‍ കണ്ടത്. വഴിക്കടവില്‍ നിന്നും മഞ്ചേരി ഭാഗത്തേക്ക് വരുന്നതിനിടെയാണ് അപകടം. തലയുടെ പിന്‍ഭാഗത്താണ് പരിക്കേറ്റത്. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രാത്രിയോടെ മരണപ്പെട്ടു. മൃതദേഹം മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍. പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ശനിയാഴ്ച പൂവ്വത്തിപ്പൊയില്‍ വലിയ ജുമാ മസ്ജിദില്‍ ഖബറടക്കും. മാതാവ്: സൈറാബാനു. മകന്‍: മുഹമ്മദ് റെജല്‍

ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട യുവതിയെ വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ച കേസില്‍ ഈ മാസം ആദ്യം വ്‌ളോഗര്‍ ജുനൈദ് പിടിയിലായിരുന്നു. ജുനൈദിനെയാണ് മലപ്പുറം പൊലീസ് ബെംഗളൂരുവില്‍നിന്നാണ് അറസ്റ്റ് ചെയ്തത്.

ജുനൈദ് സമൂഹമാധ്യമത്തിലൂടെ യുവതിയുമായി പരിചയപ്പെടുകയും, ആ ബന്ധം പ്രണയത്തിലേക്കെത്തുകയുമായിരുന്നു. വിവാഹ വാഗ്ദാനം നല്‍കി 2 വര്‍ഷത്തോളം ലോഡ്ജുകളിലും ഹോട്ടലുകളുമെത്തിച്ച് പീഡിപ്പിച്ചുവെന്നാണ് യുവതിയുടെ പരാതി. ഹോട്ടലുകളില്‍ വെച്ച് ജുനൈദ് യുവതിയുടെ നഗ്‌ന ചിത്രങ്ങള്‍ പകര്‍ത്തിയിരുന്നു. സമൂഹമാധ്യമം വഴി ഈ ചിത്രങ്ങള്‍ പ്രചരിപ്പിക്കുമെന്ന് യുവതിയെ ഭീഷണിപ്പെടുത്തുകയും ചെയ്തു.

യുവതി പരാതി നല്‍കിയ വിവരം അറിഞ്ഞതോടെ, ജുനൈദ് വിദേശത്തേക്ക് കടക്കാന്‍ ശ്രമം നടത്തി. ഈ വിവരം അറിഞ്ഞ മലപ്പുറം പൊലീസ് പ്രതിയെ ബെംഗളൂരു വിമാനത്താവളത്തിന്റെ പരിസരത്ത് വച്ചാണ് അറസ്റ്റ് ചെയ്തത്.