- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പരസ്പ്പരം ക്രെഡിറ്റെടുക്കാൻ മത്സരിച്ചു കേന്ദ്ര- സംസ്ഥാന സർക്കാറുകൾ; കേന്ദ്രത്തിന്റെ നേരിട്ടു വിതരണം തീരുമാനിച്ചതോടെ ക്ഷേമ പെൻഷൻ വിതരണം അവതാളത്തിൽ; രണ്ട് മാസത്തെ സംസ്ഥാന വിഹിതം ലഭിച്ചവർക്ക് കേന്ദ്ര വിഹിതം ലഭിച്ചത് ഒരു മാസത്തെ മാത്രം; കേന്ദ്ര പെൻഷൻ ഒന്നും കിട്ടാത്തവരും നിരവധി; അക്കൗണ്ടിലെത്തുന്ന കേന്ദ്ര വിഹിതത്തിൽ ആശങ്ക
തിരുവനന്തപുരം: ക്ഷേമ പെൻഷൻ നേരിട്ടു വിതരണം ചെയ്യാൻ കേന്ദ്രസർക്കാർ തീരുമാനിച്ചതോടെ പെൻഷൻ ഉപയോക്താക്കൾക്ക് ആശങ്ക തുടങ്ങി. കേന്ദ്രം നേരിട്ടു വിതരണം തുടങ്ങിയതോടെ പെൻഷൻ വിതരണ സംവിധാനം അവതാളത്തിലാകുന്ന വിധത്തിലാണ് കാര്യങ്ങളുടെ പോക്ക്. പെൻഷന്റെ സംസ്ഥാന സർക്കാർ വിഹിതം ലഭിച്ച പലരും കേന്ദ്ര സർക്കാരിന്റെ വിഹിതത്തിനായി വിഷു കഴിഞ്ഞിട്ടും കാത്തിരിക്കുകയാണ്. ചിലർക്ക് 2 മാസത്തെ പെൻഷന്റെ സംസ്ഥാന വിഹിതം ലഭിച്ചെങ്കിലും ഒരു മാസത്തെ കേന്ദ്ര വിഹിതമേ കിട്ടിയിട്ടുള്ളൂ. ചിലർക്കാകട്ടെ സംസ്ഥാന വിഹിതം കിട്ടിയെങ്കിലും ഇതുവരെ കേന്ദ്ര വിഹിതം ഒട്ടും കിട്ടിയില്ല. ചുരുക്കത്തിൽ ക്രെഡിറ്റെടുക്കാൻ വേണ്ടി കേന്ദ്രസർക്കാർ നേരിട്ടു രംഗത്തുവന്നതോടെയാണ് പെൻഷൻ പദ്ധതി അവതാളത്തിലായിരിക്കുന്നത്.
വാർധക്യ, വിധവ, ഭിന്നശേഷി പെൻഷനുകളുടെ കേന്ദ്ര വിഹിതം സംസ്ഥാന സർക്കാർ വഴി നൽകുന്നത് ഈ മാസം മുതലാണു കേന്ദ്രം നിർത്തലാക്കിയത്. പകരം കേന്ദ്ര വിഹിതം കേന്ദ്ര സർക്കാർ നേരിട്ട് ഗുണഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടിലേക്കു നൽകാൻ തീരുമാനിക്കുകയായിരുന്നു. കേന്ദ്രത്തിന്റെ പണത്തിന്റെ ക്രെഡിറ്റും സംസ്ഥാന കൊണ്ടുപോകുന്നു എന്ന പരാതിയായിരുന്നു ഇക്കാര്യത്തിൽ കേന്ദ്രത്തിന്. ഇതേത്തുടർന്ന്, പെൻഷൻ കൈപ്പറ്റുന്നവരുടെ ഡേറ്റാബേസ് സംസ്ഥാന സർക്കാർ കേന്ദ്രത്തിനു കൈമാറി.
ഈ ഡേറ്റാബേസ് ഉപയോഗിച്ചാണ് കേന്ദ്ര സർക്കാർ തങ്ങളുടെ പെൻഷൻ വിഹിതം ഗുണഭോക്താക്കളുടെ അക്കൗണ്ടിൽ നിക്ഷേപിച്ചു തുടങ്ങിയത്. പരിഷ്‌കാരം വിജയകരമായി നടപ്പാക്കാൻ ഇതുവരെ കേന്ദ്രത്തിനു കഴിഞ്ഞിട്ടില്ല. കേന്ദ്ര സർക്കാരിന്റെ ഒരു മാസത്തെ വിഹിതം കിട്ടിയവർക്ക് ഇനി ഒരു മാസത്തെ വിഹിതം കൂടി കിട്ടുമോ എന്നുറപ്പുമില്ല. ഇതേക്കുറിച്ച് വ്യക്തമായ മറുപടി എവിടെ നിന്നും ലഭിക്കാത്ത അവസ്ഥയാണിപ്പോൾ.
ഈ മാസം മുതൽ കേന്ദ്രം പരിഷ്‌കാരം കൊണ്ടുവന്നതിനാൽ കുടിശിക ഒഴിവാക്കി ഈ മാസം മുതലുള്ള പെൻഷൻ മാത്രമേ കേന്ദ്രം നൽകൂ എന്ന സൂചനയാണ് ഉദ്യോഗസ്ഥരിൽ നിന്നു ലഭിക്കുന്നത്. ഇതോടെ കുടിശികയുള്ള 3 മാസത്തെ ക്ഷേമ പെൻഷന്റെ കേന്ദ്ര വിഹിതം കിട്ടുന്ന കാര്യം പരുങ്ങലിലായി. സംസ്ഥാന സർക്കാർ മുൻപു വിതരണം ചെയ്ത ക്ഷേമ പെൻഷന്റെ കേന്ദ്ര വിഹിതമായി 460 കോടി രൂപ സംസ്ഥാന സർക്കാരിനു ലഭിക്കാനുമുണ്ട്.
ആകെ അരക്കോടി പേർക്കാണ് സംസ്ഥാന സർക്കാർ ക്ഷേമ പെൻഷൻ വിതരണം ചെയ്യുന്നത്. ഇതിൽ 4.7 ലക്ഷം പേർക്കാണ് കേന്ദ്രം വിഹിതം നൽകുന്നത്. 200 രൂപ മുതൽ 500 രൂപ വരെയാണ് കേന്ദ്ര വിഹിതം. പണം കൈമാറുന്നതിനു മുന്നോടിയായി ഒരു രൂപ നിക്ഷേപിച്ചു കൊണ്ടു പരീക്ഷണം നടത്തിയിരുന്നെങ്കിലും പെൻഷൻ തുക അക്കൗണ്ടിൽ നിക്ഷേപിക്കാനുള്ള ശ്രമം പാളുകയായിരുന്നു. കേന്ദ്ര വിഹിതമായ 200 രൂപ മുതൽ 500 രൂപ വരെയാണു പലർക്കും കിട്ടാനുള്ളത്. തകരാർ പരിഹരിച്ച് ഉടൻ കേന്ദ്രവിഹിതം അക്കൗണ്ടിൽ നിക്ഷേപിക്കുമെന്നാണ് അധികൃതർ വിശദീകരിക്കുന്നത്.
സംസ്ഥാനത്ത് ആകെ അരക്കോടിയോളം പേർ ക്ഷേമ പെൻഷൻ കൈപ്പറ്റുമ്പോൾ കേന്ദ്രത്തിൽ നിന്നുള്ള വിഹിതം കൂട്ടിച്ചേർത്ത് പെൻഷൻ നൽകുന്നത് 4.7 ലക്ഷം പേർക്കാണ്. മുൻപ് എല്ലാവർക്കും 1600 രൂപ വീതം കേരളം നൽകിയ ശേഷം പിന്നീട് കേന്ദ്രത്തിൽനിന്നു വിഹിതം വാങ്ങുകയാണു ചെയ്തിരുന്നത്. എന്നാൽ, ഇനി കേന്ദ്രവും കേരളവും വെവ്വേറെ പണം നിക്ഷപിക്കുന്നതോടെ ഒറ്റയടിക്ക് 1600 രൂപ കിട്ടില്ല. ഇപ്പോഴത്തെ അവസ്ഥയിൽ ഗ്യാസ് സബ്‌സിഡി പോലെ ആകുമോ കേന്ദ്ര പെൻഷൻ വിഹിതം എന്ന ആശങ്ക പോലും പെൻഷൻകാർ ഉന്നയിച്ചു തുടങ്ങിയിട്ടുണ്ട്.
അതിനിടെ സംസ്ഥാനത്ത് ക്ഷേമ പെൻഷൻ വാങ്ങുന്നവരിൽ 7 ലക്ഷം ആളുകളെ അനർഹരെന്ന് കണ്ടെത്തിയെന്ന വാർത്തകളും പുറത്തുവരുന്നുണ്ട്. ഒരു ലക്ഷം രൂപയിൽ താഴെ വാർഷിക വരുമാനം ഉള്ളവർക്കാണ് ക്ഷേമ പെൻഷൻ വാങ്ങാൻ അർഹതയുള്ളത്. എന്നാൽ, പെൻഷൻ വിതരണത്തിന് വരുമാന സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയതോടെ 6.5 ലക്ഷം ആളുകളാണ് അവ സമർപ്പിക്കാതിരുന്നത്. സമർപ്പിച്ചവരിൽ അരലക്ഷം ആളുകളുടെ വരുമാനം ഒരു ലക്ഷം രൂപയിൽ കൂടുതലാണ്.
2019 ഡിസംബർ വരെ പെൻഷൻ ലഭിച്ചുകൊണ്ടിരുന്ന 47 ലക്ഷം പേരിലാണ് ഇത്രയും പേർ അനർഹരാണെന്ന് കണ്ടെത്തിയത്. ഇത്തരത്തിൽ പെൻഷൻ വാങ്ങുന്നവരെ കണ്ടെത്താൻ എല്ലാ വർഷവും വരുമാന സർട്ടിഫിക്കറ്റ് നൽകുന്നതും, മസ്റ്ററിംഗും നിർബന്ധമാക്കിയിട്ടുണ്ട്. അനർഹരെ ഒഴിവാക്കാനുള്ള അടുത്ത പരിശോധന 2023 ജൂണിലാണ് പൂർത്തിയാവുക. തുടർന്ന് ജൂലൈ മുതൽ അവരെയും പെൻഷൻ പട്ടികയിൽ നിന്ന് ഒഴിവാക്കും. അതേസമയം, ക്ഷേമ പെൻഷന് അർഹതയുള്ള ലക്ഷക്കണക്കിന് ആളുകൾ പുറത്തു നിൽക്കുന്നതായും ആക്ഷേപം ഉയർന്നിട്ടുണ്ട്.
മറുനാടന് മലയാളി ബ്യൂറോ