- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ക്ഷേമ പെൻഷൻ കൊടുത്തില്ലെങ്കിൽ കാത്തിരിക്കുന്നത് വലിയ തിരിച്ചടിയെന്ന് തിരിച്ചറിവ്; ലോക്സഭാ തെരഞ്ഞെടുപ്പിന് മുൻപ് രണ്ടുമാസത്തെ ക്ഷേമ പെൻഷൻ നൽകും; മറിയക്കുട്ടിമാരുടെ ജനരോഷത്തിൽ നിന്നും തടിതപ്പാൻ വഴികൾ തേടി സിപിഎം; ആറ് മാസത്തെ കുടിശ്ശിക തീർക്കുക എളുപ്പമല്ലെന്ന തിരിച്ചറിവിൽ ബാലഗോപാൽ
തിരുവനന്തപുരം: ക്ഷേമപെൻഷൻ തുക ഉയർത്തി കൊണ്ടുള്ള ഒന്നാം പിണറായി സർക്കാറിന്റെ തീരുമാനാണ് അവർക്ക് തുടർഭരണം നേടുന്നതിൽ നിർണയകമായി മാറിയത്. അതേസമയം ഇപ്പോൾ സാമ്പത്തിക പ്രതിസന്ധി കൊണ്ട് നട്ടം തിരിയുമ്പോൾ സിപിഎമ്മിനെ വെട്ടിലാക്കുന്നതും ഇതേ പെൻഷൻ പ്രശ്‌നം. ലോക്‌സഭാ തെരഞ്ഞെടുപ്പു കൂടി പടിവാതിൽക്കൽ നിൽക്കേ ക്ഷേമ പെൻഷന്റെ കാര്യത്തിൽ വെട്ടിലാണ് സർക്കാർ. ആറ് മാസത്തെ പെൻഷൻ കുടിശ്ശികയാണ് ഇപ്പോഴുള്ളത്. ഇത് എന്നു നൽകുമെന്ന കാര്യത്തിൽ ഉറപ്പൊന്നുമില്ല. ഇതിനിടെ രണ്ട് മാസത്തെ പെൻഷൻ നൽകി തൽക്കാലം ജനരോഷം ശമിപ്പിക്കാനുള്ള വഴികളാണ് സർക്കാർ തേടുന്നത്.
ലോക്സഭാ തെരഞ്ഞെടുപ്പിന് മുൻപ് സംസ്ഥാനത്ത് രണ്ടുമാസത്തെ ക്ഷേമ പെൻഷൻ കുടിശിക നൽകാൻ സിപിഎം സംസ്ഥാന സമിതിയുടെ തീരുമാനിച്ചു. സെപ്റ്റംബർ മുതൽ ഫെബ്രുവരി വരെ ആറുമാസത്തെ സാമൂഹിക ക്ഷേമ പെൻഷൻ ഇപ്പോൾ കുടിശികയാണ്. ഇതിൽ രണ്ടുമാസത്തേതുകൊടുക്കാനാണ് തീരുമാനമായത്. ജനങ്ങളുടെ പ്രതിഷേധം അതോടെ കുറയുമെന്നാണു സംസ്ഥാന സമിതിയുടെ കണക്കുകൂട്ടൽ.
അതിനിടെ തെരഞ്ഞെടുപ്പ് പ്രഖ്യാപനം ഏതു നിമിഷവും ഉണ്ടാവുമെന്നിരിക്കെ, സ്ഥാനാർത്ഥി നിർണയത്തിലേക്ക് സിപിഎം കടന്നതായാണ് സൂചന. അടുത്ത സംസ്ഥാന സെക്രട്ടേറിയറ്റിൽ സ്ഥാനാർത്ഥി ചർച്ച നടക്കുമെന്നാണു റിപ്പോർട്ട്. ഈ മാസം 16നാണ് സിപിഎം സെക്രട്ടേറിയറ്റ് ചേരുക.
തെരഞ്ഞെടുപ്പിൽ മികച്ച സാധ്യതയെന്നാണ് സംസ്ഥാന സമിതി വിലയിരുത്തുന്നത്. ഡൽഹി സമരവും നവകേരള സദസ്സും എൽഡിഎഫിന് മേൽക്കൈ നൽകിയെന്നാണു നേതൃത്വത്തിന്റെ നിഗമനം. സിപിഎം15, സിപിഐ4, കേരള കോൺഗ്രസ് (എം)1 എന്നിങ്ങനെയാണ് എൽഡിഎഫിൽ മത്സരിക്കുന്ന കക്ഷികളും സീറ്റിന്റെ എണ്ണവും. യുഡിഎഫ് വിട്ട് എൽഡിഎഫിലേക്ക് വന്ന കേരള കോൺഗ്രസിന് കഴിഞ്ഞ തവണ അവർ യുഡിഎഫ് ടിക്കറ്റിൽ ജയിച്ച കോട്ടയം ലഭിക്കും. സിപിഎമ്മും സിപിഐയും കഴിഞ്ഞ തവണ മത്സരിച്ച സീറ്റുകളിൽതന്നെ മത്സരിക്കും
സംസ്ഥാനത്തെ 58 ലക്ഷം സാമൂഹികക്ഷേമ പെൻഷൻകാർക്കു നൽകാനുള്ള കുടിശിക തുക 4600 കോടി രൂപയിലേക്കാണ് ഉയർന്നിരിക്കുന്നത്. കഴിഞ്ഞ ഓഗസ്റ്റിലെ പെൻഷനാണ് ഡിസംബറിൽ നൽകിയത്. സെപ്റ്റംബർ മുതൽ ഈ മാസം വരെയായി 6 മാസത്തെ തുക കുടിശികയാണ്. പിണറായി വിജയൻ മുഖ്യമന്ത്രിയായ ശേഷം ക്ഷേമ പെൻഷൻ കുടിശിക ഇത്രത്തോളം പെരുകുന്നത് ആദ്യമായാണ്. പെൻഷനെ പ്രധാനമായും വോട്ട് ആകർഷിക്കാനുള്ള മാർഗ്ഗമായാണ് സർക്കാർ കണ്ടു പോന്നത്. അതുകൊണ്ട് തന്നെ ലോക്സ്ഭാ തെര്ഞ്ഞെടുപ്പു് മുമ്പ് ഈ പണം കൊടുത്തു തീർക്കുക എന്നത് സർക്കാറിന് ഇപ്പോൾ നടക്കാത്ത കാര്യമായി മാറിയിട്ടുണ്ട്.
സാമ്പത്തിക വർഷം അവസാനിക്കാൻ ഒന്നര മാസം മാത്രം ശേഷിക്കെ പദ്ധതികൾക്കുള്ള പണം പരമാവധി ചെലവാക്കാനുള്ള ശ്രമത്തിലാണു സർക്കാർ. ഇതിനിടെ 6 മാസത്തെ ക്ഷേമ പെൻഷൻ കുടിശിക കൂടി കൊടുത്തുതീർക്കാൻ കഴിയില്ലെന്നുറപ്പാണ്. അങ്ങനെയെങ്കിൽ അടുത്ത സാമ്പത്തികവർഷം ആരംഭിക്കുന്ന ഏപ്രിൽ മുതൽ പെൻഷൻ അതതുമാസം തന്നെ നൽകുമെന്ന ബജറ്റിലെ പ്രഖ്യാപനം പാലിക്കാനാകാതെ വരികയും ചെയ്യും.
ഈ മാസവും അടുത്ത മാസവുമായി 25,000 കോടി രൂപയെങ്കിലും പദ്ധതിച്ചെലവുകൾക്കും മറ്റുമായി ട്രഷറിയിൽനിന്നു ചെലവാക്കാനാണു സർക്കാർ ലക്ഷ്യമിട്ടിരുന്നത്. എന്നാൽ, കേന്ദ്രം കടമെടുപ്പ് നിയന്ത്രിച്ചതു തിരിച്ചടിയായി. പ്രതിസന്ധി കാരണം ഒട്ടേറെ ബില്ലുകൾ അടുത്ത വർഷത്തേക്കു മാറ്റിവയ്ക്കേണ്ടി വരും. ലോക്സഭാ തിരഞ്ഞെടുപ്പ് ഉടൻ പ്രഖ്യാപിക്കാൻ സാധ്യതയുള്ളതിനാൽ പെൻഷൻ കുടിശിക ഭാഗികമായെങ്കിലും വിതരണം ചെയ്യാനാണ് സർക്കാർ ആലോചിക്കുന്നത്. സഹകരണ ബാങ്കുകളുടെ കൺസോർഷ്യം രൂപീകരിച്ച് പണം കണ്ടെത്താനായാൽ 2 മാസത്തെ പെൻഷൻ നൽകാനാകും.
ഒരു മാസത്തെ ക്ഷേമ പെൻഷൻ നൽകാൻ 775 കോടി രൂപ വേണം. സംസ്ഥാന സർക്കാരിന്റെ മാത്രം പണം കൊണ്ട് 45.11 ലക്ഷം പേർക്കാണ് സാമൂഹികസുരക്ഷാ പെൻഷൻ നൽകുന്നത്. ഇതിനുവേണ്ടത് മാസം 667 കോടി. കേന്ദ്ര സർക്കാരിന്റെ കൂടി സഹായത്താൽ 7.42 ലക്ഷം പേർക്കു പെൻഷൻ നൽകുന്നുണ്ട്. ഇതിനു കേരളം കണ്ടെത്തേണ്ടത് 19.15 കോടിയാണ്. വിവിധ ക്ഷേമനിധി ബോർഡുകളിൽ അംഗങ്ങളായ 5.66 ലക്ഷം പേർക്കു പെൻഷൻ നൽകാൻ 89.40 കോടി രൂപ വേണം. ഒരു വർഷത്തെ പെൻഷൻ വിതരണത്തിന് 9000 കോടി വേണമെന്നാണ് ധനമന്ത്രി ബജറ്റ് പ്രസംഗത്തിൽ വ്യക്തമാക്കിയത്.
മറുനാടന് മലയാളി ബ്യൂറോ