- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ക്ഷേമപെൻഷൻ കുടിശ്ശിക ആറ് മാസത്തേത്; വേണ്ടത് 4800 കോടി രൂപ
തിരുവനന്തപുരം: ഇടതു സർക്കാർ ജനവിരുദ്ധകാര്യങ്ങൾ കൈക്കൊള്ളുമ്പോൾ തന്നെ ആളെ കൈയിലെടുക്കുന്നത് ക്ഷേമപെൻഷൻ വിതരണം വഴിയാണ്. തെരഞ്ഞെടുപ്പു കാലത്ത് ക്ഷേമപെൻഷൻ കുടിശ്ശികയിൽ കുറച്ചു പണം വിതരണം ചെയ്ത സർക്കാറിന് മുമ്പിൽ ഇതുവരെയുള്ള കുടുശ്ശികകൾ വെല്ലുവിളിയായി തുടരുകയാണ്. സാമൂഹികസുരക്ഷാ പെൻഷൻ വിതരണത്തിൽ പ്രതിസന്ധി പണക്കുറവ് മൂലം കൂടുതൽ ഗുരുതരമാകുകയാണ്.
ഈ മാസം കൂടിയാകുമ്പോൾ ആറുമാസത്തെ പെൻഷൻ കുടിശ്ശികയാവും. ഇതുകൊടുത്തുതീർക്കാൻ 4800 കോടി രൂപവേണം. എന്നാൽ, സർക്കാറിന്റെ പക്കൽ ഈ തുകയില്ലാത്ത അവസ്ഥയിലാണ് കാര്യങ്ങൾ. സാമ്പത്തികസ്ഥിതി ഗുരുതരമായി തുടരുമ്പോൾ പണം എങ്ങനെ കണ്ടെത്തുമെന്നതാണ് പ്രശ്‌നം.
ഈ സാമ്പത്തികവർഷം മുതൽ എല്ലാമാസവും പെൻഷൻ നൽകുമെന്ന് ബജറ്റിൽ പ്രഖ്യാപിച്ചിരുന്നു. ഏപ്രിലിൽ തിരഞ്ഞെടുപ്പിനുമുമ്പ് ഒരു ഗഡുവായ 1600 രൂപനൽകി. എന്നാലിത് കഴിഞ്ഞവർഷം നവംബറിൽ കുടിശ്ശികയായിരുന്നു. ഈ മാസവും അടുത്ത ആഴ്ചയോടെ ഒരു ഗഡു നൽകാൻ ധനവകുപ്പ് തയ്യാറെടുക്കുന്നുണ്ട്. അത് ഡിസംബറിൽ നൽകേണ്ടതായിരുന്നു.
മാസംതോറും പെൻഷൻനൽകി വിതരണം ക്രമത്തിലാക്കുമെന്നാണ് സർക്കാർ വാഗ്ദാനം. എന്നാൽ, ഓരോ ഗഡുമാത്രം നൽകിയാൽ കുടിശ്ശിക അങ്ങനെത്തന്നെ നിൽക്കും. ഉത്സവാവസരങ്ങളിലോ മറ്റോ രണ്ടു ഗഡുക്കൾ നൽകിയാലും കുടിശ്ശിക അടുത്തൊന്നും തീരില്ല. രണ്ടുഗഡു ഒരുമിച്ച് നൽകുന്നതിനെപ്പറ്റി ചിന്തിക്കാൻ സാമ്പത്തികപ്രതിസന്ധി അനുവദിക്കുന്നുമില്ല.
ക്ഷേമപെൻഷൻ നൽകുന്നതിന് രൂപവത്കരിച്ച കമ്പനി സഹകരണ ബാങ്കുകളുടെ കൺസോർഷ്യത്തിൽനിന്ന് വായ്പയെടുത്താണ് ഇപ്പോൾ വിതരണം ചെയ്യുന്നത്. കമ്പനിയുടെ കൈയിൽ മിച്ചമുണ്ടായിരുന്ന പണം ഒരു ഗഡുകൂടി നൽകാൻ തികയുമായിരുന്നു. എന്നാൽ, സാമ്പത്തികവർഷാവസാനം ട്രഷറിയിൽ പണമില്ലാതെ വന്നപ്പോൾ ഈ പണം അവിടേക്കുമാറ്റി. ട്രഷറി ഇപ്പോൾ ഓവർ ഡ്രാഫ്റ്റിലാണ്. ഈ പണം തിരിച്ചെടുക്കാനാവില്ല. മറ്റേതെങ്കിലും സ്രോതസ്സിൽനിന്ന് വരുമാനം എത്തിയാലേ ഈ പണം കമ്പനിക്ക് തിരിച്ചുകിട്ടൂ. എന്നിട്ടുവേണം ഈ മാസം പെൻഷൻ നൽകണമെന്നതാണ് അവസ്ഥ.
അതിവിടെ സർക്കാർ ജീവനക്കാർ വിരമിക്കുന്ന വേളയിൽ പണം നൽകാൻ പണമില്ലാത്ത അവസ്ഥയിലാണ് സർക്കാർ. 2024-05 സാമ്പത്തിക വർഷത്തിൽ 25000ത്തോളം പേരാണ് സർക്കാർ ജോലിയിൽ നിന്നും വിരമിക്കുക. ഇതിൽ 20000പേർ വിരമിക്കുന്നത് മെയ് മാസത്തിലാണ്. ശരാശരി ഒരാൾക്ക് വിരമിക്കുമ്പോൾ 40 ലക്ഷത്തോളം രൂപ സർക്കാർ നൽകേണ്ടതുണ്ട്. 20000 പേർക്ക് ഇത്രയും തുക നൽകാൻ കുറഞ്ഞത് 8000 കോടി വേണം. ഈ സാഹചര്യത്തിലാണ് പെൻഷൻ പ്രായം ഉയർത്തുന്നതിൽ സർക്കാർ ആലോചന തുടങ്ങിയിട്ടുണ്ട്.
നിലവിൽ കടമെടുത്താണ് കേരളം മുമ്പോട്ട് പോകുന്നത്. ഏകദേശം 38000 കോടിയാകും കടമെടുക്കാനുള്ള കേന്ദ്ര സർക്കാർ ഈ വർഷം അനുവദിക്കാൻ പോകുന്ന പരിധി. ഇതിൽ പതിനായിരം കോടിയിൽ അധികം പെൻഷൻ ആനുകൂല്യം നൽകേണ്ടി വരുന്നത് കേരളത്തിന്റെ സാമ്പത്തിക സ്ഥിതിയെ തകർക്കും. കിഫ്ബിയുടേയും മറ്റു ഫണ്ടുകളുടേയും കടമെടുക്കൽ കണക്കും സംസ്ഥാന സർക്കാരിന്റെ പരിധിയിൽ കൊണ്ടു വ്ന്നാൽ കേരളത്തിന് അനുദനീയമായ ഈ സാമ്പത്തിക വർഷത്തെ കടമെടുപ്പ് പരിധി 25000 കോടിയായി ചുരുങ്ങാനും സാധ്യത ഏറെ.
അങ്ങനെ 25000 കോടി മാത്രം കടമെടുക്കാൻ ആകുന്ന സാഹചര്യമുണ്ടാകുമ്പോൾ പെൻഷന് വേണ്ടി അതിൽ പകുതിയോളം കൊടുക്കുന്നതിലെ പ്രതിസന്ധി ചിന്തിക്കാനുന്നതിനും അപ്പുറമാണ്. അതുകൊണ്ട് കൂടിയാണ് പെൻഷൻ പ്രായം ഉയർത്തി ഈ തുക വികസന ആവശ്യത്തിലേക്ക് മാറ്റാനുള്ള ആലോചന. സാമൂഹിക ക്ഷേമ പെൻഷനും മറ്റും മുടങ്ങുന്ന സാഹചര്യം സംസ്ഥാന സർക്കാരിന്റെ പ്രതിച്ഛായയേയും ബാധിക്കും. യുവാക്കൾക്ക് ജോലി നഷ്ടം ഉണ്ടാകില്ലെന്ന സന്ദേശം നൽകി പെൻഷൻ പ്രായം ഉയർത്തേണ്ട സാഹചര്യമുണ്ടെന്നാണ് വിലയിരുത്തൽ.