തിരുവനന്തപുരം: കാൻസർ ചികിത്സയ്ക്ക് വേണ്ട മരുന്നുകൾ അവശ്യ മരുന്നുകളുടെ പട്ടികയിൽ പെടുത്തിയത് സാധാരണക്കാർക്ക് വലിയ ആശ്വാസമായിരിക്കുകയാണ്. ചികിത്സയുടെ ഏറ്റവും വലിയ വെല്ലുവിളി പണച്ചെലവാണ് എന്നത് തന്നെ കാരണം. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്കും മികച്ച ചികിത്സ ലഭ്യമാക്കുന്നതിന് സർക്കാർ പല പദ്ധതികളും ആവിഷ്‌ക്കരിച്ചിട്ടുണ്ട്.

കാരുണ്യ ആരോഗ്യ സുരക്ഷാപദ്ധതി, കാൻസർ സുരക്ഷാ പദ്ധതി, പട്ടികവർഗ വിഭാഗക്കാർക്ക് ആരോഗ്യ സുരക്ഷാപദ്ധതി, സൊസൈറ്റി ഫോർ മെഡിക്കൽ അസിസ്റ്റൻസ് ടു ദ് പുവർ പദ്ധതി, മുഖ്യമന്ത്രിയുടെയും പ്രധാനമന്ത്രിയുടെയും ദുരിതാശ്വാസ നിധി എന്നിവ ഉദാഹരണങ്ങൾ. ഇതിൽ, മൂന്നു ലക്ഷം രൂപയിൽ താഴെ വാർഷിക വരുമാനമുള്ള രോഗികൾക്ക് അര ലക്ഷം വരെ ചികിത്സാസഹായം ലഭ്യമാക്കിയിരുന്ന 'സൊസൈറ്റി ഫോർ മെഡിക്കൽ അസിസ്റ്റൻസ് ടു ദ് പുവർ' പദ്ധതി സർക്കാർ നിർത്തലാക്കിയതാണ് ഒടുവിലത്തെ വാർത്ത.

ആരോഗ്യ- കുടുംബക്ഷേമ വകുപ്പിന് കീഴിലുള്ള 'സൊസൈറ്റി ഫോർ മെഡിക്കൽ അസിസ്റ്റൻസ് ടു ദ പുവർ' നിർധനരായ രോഗികൾക്ക് പരമാവധി അമ്പതിനായിരം രൂപ വരെ ചികിത്സാസഹായം നൽകി വരികയാണ്. പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുള്ള രോഗങ്ങളുടെയും ശസ്ത്രക്രിയകളുടെയും കൂട്ടത്തിൽ കാൻസർ ശസ്ത്രക്രിയ, കീമോതെറാപ്പി, റേഡിയേഷൻ, ട്യൂമർ റിമൂവൽ എന്നിവയുമുണ്ട്.

സ്വാതന്ത്ര്യ സുവർണ ജൂബിലിയോടനുബന്ധിച്ച് 1998 ലാണ് പദ്ധതി ആവിഷ്‌കരിച്ചത്. പതിനാറ് ഇനങ്ങൾക്ക് ധനസഹായം ലഭിച്ചിരുന്നു. ഇത് കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയിൽ (കാസ്പ്) ലയിപ്പിക്കുകയാണെന്നാണ് ആരോഗ്യ വകുപ്പ് അധികൃതരുടെ വിശദീകരണം. എന്നാൽ, ഈ ആനുകൂല്യങ്ങൾ നൽകുന്നതിനു കാസ്പ് ചട്ടങ്ങൾ തടസ്സമാകുമെന്നാണ് വിലയിരുത്തൽ.

പദ്ധതിയുടെ ചെലവിന്റെ പകുതി വീതം സംസ്ഥാനവും, കേന്ദ്രവുമാണു വഹിച്ചിരുന്നത്. തിരുവനന്തപുരം ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ട്, റീജനൽ കാൻസർ സെന്റർ എന്നിവയടക്കം 15 ആശുപത്രികൾ ആദ്യഘട്ടത്തിൽ പദ്ധതിയിലുണ്ടായിരുന്നു. 2016 ൽ ജില്ലാ ആശുപത്രികളും സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രികളും ആയുർവേദ ആശുപത്രികളും അടക്കം 51 ചികിത്സാകേന്ദ്രങ്ങൾ കൂടി ഉൾപ്പെടുത്തി. മസ്തിഷ്‌ക ശസ്ത്രക്രിയ, ഹൃദയം തുറന്നുള്ള ചികിത്സ, വൃക്ക കരൾ മാറ്റിവയ്ക്കൽ, പേസ്മേക്കർ സ്ഥാപിക്കൽ, ഡയാലിസിസ്, കാൽമുട്ട്ഇടുപ്പ് മാറ്റിവയ്ക്കൽ എന്നിവയ്ക്കും, കാൻസർ, ഗില്ലൻബാരി സിൻഡ്രം, വന്ധ്യത തുടങ്ങിയവയുടെ ചികിത്സയ്ക്കുമായിരുന്നു ധനസഹായം. സർക്കാരിൽ നിന്നുള്ള മറ്റ് ആനുകൂല്യങ്ങൾക്കു പുറമേ ചികിത്സയ്ക്കായി രോഗി ചെലവാക്കുന്ന തുകയുടെ അടിസ്ഥാനത്തിലാണു സഹായം കണക്കാക്കിയിരുന്നത്. അപേക്ഷ സമർപ്പിച്ച ശേഷം രോഗി മരിച്ചാൽ അർഹതയുടെ അടിസ്ഥാനത്തിൽ അനന്തരാവകാശിക്കും തുക അനുവദിച്ചിരുന്നു.

പദ്ധതി ലയിപ്പിച്ചെന്നു പറയുന്ന കാസ്പിൽ നിന്നു കിടത്തിച്ചികിത്സയ്ക്കുള്ള തുക മാത്രമേ നൽകൂ. പിന്നീടു മരുന്നുകൾ വാങ്ങാനുള്ള ചെലവുകളോ, അനന്തരാവകാശിക്കു തുക നൽകുന്നതോ കാസ്പിന്റെ പരിധിയിൽ വരില്ല

കാരുണ്യ ആരോഗ്യ സുരക്ഷാപദ്ധതി

ആയുഷ്മാൻ ഭാരത്- പ്രധാനമന്ത്രി ജൻ ആരോഗ്യ യോജനക കാർഡുള്ള കുടുംബത്തിന് ഒരു വർഷം പരമാവധി അഞ്ചുലക്ഷം രൂപവരെ ചികിത്സാസഹായം ലഭിക്കും.

കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിക്ക് അർഹരല്ലാത്ത ബി.പി.എൽ. കുടുംബത്തിനും വാർഷികവരുമാനം മൂന്നുലക്ഷത്തിൽ താഴെയുള്ള എ.പി.എൽ. കുടുംബത്തിനും കാരുണ്യ ബനവലന്റ് ഫണ്ടിൽ നിന്ന് രണ്ടുലക്ഷം രൂപവരെ സഹായം ലഭിക്കും.

മറ്റുപദ്ധതികൾ

കാൻസർ സുരക്ഷാ പദ്ധതി

കുറഞ്ഞ വരുമാനമുള്ള കുടുംബങ്ങളിലെ 18 വയസ്സിൽ താഴെയുള്ള കാൻസർ ബാധിതരായ കുട്ടികൾക്ക് സൗജന്യ ചികിത്സ നൽകുന്ന പദ്ധതി. രോഗം സ്ഥിരീകരിച്ച ശേഷം പദ്ധതിയിൽ രജിസ്റ്റർ ചെയ്യാം. അതത് ആശുപത്രികളിൽ നിയോഗിച്ചിട്ടുള്ള സാമൂഹികസുരക്ഷാ മിഷന്റെ കൗൺസലർമാർ നൽകുന്ന റിപ്പോർട്ട് അനുസരിച്ച് എ.പി.എൽ., ബി.പി.എൽ. വ്യത്യാസമില്ലാതെ പദ്ധതിയുടെ പ്രയോജനം ലഭിക്കും. എന്നാൽ കേന്ദ്ര/ സംസ്ഥാന സർക്കാർ ജീവനക്കാരുടെ മക്കൾ, മെഡിക്കൽ ഇൻഷുറൻസ്/ മെഡിക്കൽ സ്‌കീം പരിധിയിൽ വരുന്ന കുട്ടികൾ, പേവാർഡുകളിൽ ചികിത്സ തേടുന്ന കുട്ടികൾ എന്നിവർക്ക് കാൻസർ സുരക്ഷാ പദ്ധതിയുടെ സഹായം ലഭിക്കില്ല.

പട്ടികവർഗ വിഭാഗക്കാർക്ക് ആരോഗ്യ സുരക്ഷാപദ്ധതി

പട്ടികവർഗ വിഭാഗത്തിൽപ്പെട്ടവർക്ക് ആശുപത്രി വഴി വൈദ്യസഹായം നൽകുന്ന പദ്ധതി. സംസ്ഥാനത്തെ എല്ലാ സർക്കാർ ആശുപത്രികളിലും സർക്കാർ മെഡിക്കൽ കോളേജുകളിലും പരിയാരം സഹകരണ മെഡിക്കൽ കോളേജ്, തലശ്ശേരി മലബാർ കാൻസർ സെന്റർ, തിരുവനന്തപുരം റീജിയണൽ കാൻസർ സെന്റർ എന്നിവിടങ്ങളിലും ഈ പദ്ധതി പ്രകാരം പട്ടികവർഗക്കാർക്ക് സൗജന്യ ചികിത്സ ലഭിക്കും.

മുഖ്യമന്ത്രിയുടെയും പ്രധാനമന്ത്രിയുടെയും ദുരിതാശ്വാസ നിധി

മുഖ്യമന്ത്രിയുടെയും പ്രധാനമന്ത്രിയുടെയും പേരിലുള്ള ദുരിതാശ്വാസ നിധികളിൽ നിന്ന് ചികിത്സാസഹായം ലഭിക്കുന്നതിനായി വരുമാന സർട്ടിഫിക്കറ്റും ഡോക്ടറുടെ സാക്ഷ്യപത്രവും സഹിതം അപേക്ഷിക്കണം. പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അപേക്ഷിക്കുമ്പോൾ വരുമാന സർട്ടിഫിക്കറ്റ് ഇംഗ്ലീഷിലായിരിക്കണം.