തിരുവനന്തപുരം: സോളാർ കേസ് ഒത്തുതീർപ്പാക്കാൻ മുൻകൈ എടുത്തത് സിപിഎമ്മെന്ന് മുതിർന്ന മാധ്യമ പ്രവർത്തകൻ ജോൺ മുണ്ടക്കയത്തിന്റെ വെളിപ്പെടുത്തൽ രാഷ്ട്രീയ ചർച്ചകളിൽ. ആരോപണം സിപിഎം നേതാക്കളും ജോൺബ്രിട്ടാസും നിഷേധിക്കുമ്പോഴും അവർ ചർച്ച നടന്നുവെന്ന് വിശദീകരിക്കുന്നു. ആഭ്യന്തര മന്ത്രിയായ തിരുവഞ്ചൂർ രാധാകൃഷ്ണന്റെ ഫോണിൽ സംസാരിച്ചുവെന്നും മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ കണ്ടുവെന്നു ജോൺ ബ്രിട്ടാസ് സമ്മതിക്കുന്നു. എന്നാൽ ജോൺ മുണ്ടക്കയവും ചർച്ച നടത്തിയില്ല. കോൺഗ്രസ് ആവശ്യപ്രകാരമാണ് ചർച്ചയെന്നാണ് ജോൺ ബ്രിട്ടാസ് പറയുന്നത്. ഇതിനിടെയിലും തന്റെ വാദങ്ങളിൽ ഉറച്ചു നിൽക്കുകയാണ് മുണ്ടക്കയം.

സിപിഐഎം നേതൃത്വത്തിന്റെ നിർദേശപ്രകാരം മാധ്യമപ്രവർത്തകനും എംപിയുമായ ജോൺ ബ്രിട്ടാസ് ഒത്തുതീർപ്പിനായി തന്നെ വിളിച്ചുവെന്ന് ജോൺ മുണ്ടക്കയം 'സോളാർ ഇരുണ്ടപ്പോൾ' എന്ന ലേഖനത്തിൽ വെളിപ്പെടുത്തിയിരുന്നു 'സോളാർ വിഷയവുമായി ബന്ധപ്പെട്ട് സെക്രട്ടേറിയറ്റിന്റെ മുന്നിൽ സമരം കത്തിക്കയറി നിന്ന സമയത്ത്, ആ സമരം മുന്നോട്ട് കൊണ്ടുപോകാൻ സിപിഐഎമ്മിന് ബുദ്ധിമുട്ടുണ്ടായി. ആ സമയത്ത് ബ്രിട്ടാസ് എന്നെ വിളിച്ച് സമരം അവസാനിപ്പിക്കണ്ടേയെന്ന് ചോദിച്ചു. ഞാൻ ചോദിച്ചു അതെന്താ ഇപ്പോൾ അങ്ങനെ തോന്നാൻ എന്ന്. കാരണമൊന്നും പറഞ്ഞില്ല. ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ചാൽ സമരം അവസാനിപ്പിക്കാമെന്ന് ഉമ്മൻ ചാണ്ടിയെ അറിയിച്ചേക്കാമോയെന്ന് ബ്രിട്ടാസ് ചോദിച്ചു. അങ്ങനെ ഇക്കാര്യം ഉമ്മൻ ചാണ്ടിയെ അറിയിച്ചു. അങ്ങനെയാണ് ആ സമരം അന്ന് തീർന്നത്'- ജോൺ മുണ്ടക്കയം വെളിപ്പെടുത്തിയത് ഇങ്ങനെയാണ്. ഇതിന് പിന്നാലെയാണ് ബ്രിട്ടാസ് ആരോപണം നിഷേധിച്ചത്.

പിണറായി വിജയന്റെ പേരൊന്നും ബ്രിട്ടാസ് പറഞ്ഞില്ലെന്നും പൊതുവായ തീരുമാനമെന്ന നിലയിലാണ് പറഞ്ഞതെന്നും ജോൺ മുണ്ടക്കയം പറഞ്ഞു. കുഞ്ഞാലിക്കുട്ടിയേയും വിളിച്ച് ബ്രിട്ടാസ് വിളിച്ച കാര്യം പറഞ്ഞിരുന്നു. കുഞ്ഞാലിക്കുട്ടിയോട് ബ്രിട്ടാസിനെ വിളിക്കണമെന്ന് പറഞ്ഞിരുന്നു, അദ്ദേഹം വിളിക്കുകയും ചെയ്തുവെന്ന് ജോൺ മുണ്ടക്കയം പറഞ്ഞു. ജനങ്ങളെ മുഴുവൻ ബുദ്ധിമുട്ടിക്കുന്ന വലിയ സമരം സെക്രട്ടേറിയറ്റിന്റെ മുന്നിൽ നടക്കുമ്പോൾ ആ സമരം തീരുന്നുവെങ്കിൽ തീരട്ടെ എന്ന് കരുതിയാണ് താൻ ഇതിൽ ഇടപെട്ടതെന്നും ജോൺ മുണ്ടക്കയം കൂട്ടിച്ചേർത്തു. ഇക്കാര്യം സംസാരിക്കാൻ ക്ലിഫ് ഹൗസിലേക്ക് നേരിട്ട് സിപിഐഎം നേതാക്കൾ എത്തിയെന്നാണ് കരുതുന്നതെന്ന് ജോൺ മുണ്ടക്കയം പറഞ്ഞിരുന്നു. ഇങ്ങനെയൊരു ചർച്ച നടന്നുവെന്നാണ് തനിക്ക് ലഭിച്ച വിവരമെന്നും, രണ്ടാം നിര നേതാക്കളാണ് ക്ലിഫ് ഹൗസിലെത്തിയതെന്നും ജോൺ മുണ്ടക്കയം പറഞ്ഞു.

ഏതാണ്ട് ഇതും ബ്രിട്ടാസ് സ്ഥിരീകരിച്ചു. ഉമ്മൻ ചാണ്ടിയെ കണ്ടെന്നും ചർച്ച നടത്തിയെന്നും പറയുന്നു. എന്നാൽ കൈരളി ടിവിയിൽ അന്നുണ്ടായിരുന്ന ചെറിയാൻ ഫിലിപ്പിന്റെ ഫോണിലേക്ക് തിരുവഞ്ചൂരാണ് വിളിച്ചത്. അതിന് ശേഷമായിരുന്നു ചർച്ചയെന്ന് ബ്രിട്ടാസ് പറയുന്നു. കൈരളി ടിവിയുടെ പ്രതിനിധിയായല്ല മറിച്ച് സിപിഎം പ്രവർത്തകനായിട്ടാണ് ചർച്ചകളിൽ പങ്കെടുത്തതെന്നും ബ്രിട്ടാസ് പറയുന്നു. വിരമിച്ച മാധ്യമ പ്രവർത്തകർ പുസ്തകം എഴുതി ചർച്ചയ്ക്ക് ശ്രമിക്കാറുണ്ട്. ഇതിനാകും മുണ്ടക്കയം ശ്രമിച്ചതെന്നും ബ്രിട്ടാസ് ആരോപിച്ചു. എന്നാൽ തന്നെ ബ്രിട്ടാസ് വിളിച്ചെന്നും അത് സത്യമാണെന്നും മുണ്ടക്കയവും പറയുന്നു. ഉമ്മൻ ചാണ്ടിയുടെ നിരപരാധിത്വം തെളിയിക്കാനാണ് വെളിപ്പെടുത്തൽ നടത്തിയതെന്നും മുണ്ടക്കയം വിശദീകരിച്ചു.

സോളാർ സമരം ഒത്തുതീർക്കാൻ താത്പര്യമുണ്ടെന്ന വിവരം ഉമ്മൻ ചാണ്ടിയെ അറിയിക്കാൻ ആവശ്യപ്പെട്ട് ജോൺ ബ്രിട്ടാസ് തന്നെ വിളിച്ചത് സത്യമായ കാര്യമെന്ന് ആവർത്തിച്ച് മാധ്യമപ്രവർത്തകൻ ജോൺ ബ്രിട്ടാസ്. 11 വർഷം താൻ മനസിൽ സൂക്ഷിച്ച കാര്യമാണ് അത്. ബ്രിട്ടാസ് ആവശ്യപ്പെട്ട പ്രകാരം താൻ ഉമ്മൻ ചാണ്ടിയെയും ഉമ്മൻ ചാണ്ടി ആവശ്യപ്പെട്ട പ്രകാരം താൻ പികെ കുഞ്ഞാലിക്കുട്ടിയെയും വിളിച്ചെന്നും ജോൺ മുണ്ടക്കയം പറഞ്ഞു. മലയാള മനോരമ ദിനപ്പത്രത്തിന്റെ തിരുവനന്തപുരം മുൻ ബ്യൂറോ ചീഫായ ജോൺ മുണ്ടക്കയം എഴുതിയ പുസ്തകത്തിലെ ഒരു ഭാഗം സമകാലിക മലയാളത്തിൽ പ്രസിദ്ധീകരിച്ചതിന് പിന്നാലെയാണ് സോളാർ കേസ് വീണ്ടും ചർച്ചയായത്.

ഉമ്മൻ ചാണ്ടിക്കെതിരെ യാതൊരു അടിസ്ഥാനവുമില്ലാത്ത ആരോപണമാണ് ഉന്നയിച്ചതെന്ന് ജോൺ മുണ്ടക്കയം പറഞ്ഞു. അദ്ദേഹത്തിനെതിരായ ഗൂഢാലോചന നടത്തിയവരെല്ലാം യാതൊരു പ്രശ്‌നവുമില്ലാതെ കഴിയുകയാണ്. ആ സത്യം പുറത്തറിയിക്കാൻ അദ്ദേഹത്തിന്റെ മരണശേഷം സോളാർ കേസിനെ കുറിച്ച് പഠിച്ചു. അതുമായി ബന്ധപ്പെട്ട് താനൊരു പുസ്തകം എഴുതി. അതിന്റെ ചില ഭാഗങ്ങൾ മലയാളം വാരികയിൽ പ്രസിദ്ധീകരിച്ചുവരുന്നുണ്ട്. അതിലൊന്നാണ് ഇന്ന് പുറത്തുവന്നതെന്ന് അദ്ദേഹം പറഞ്ഞു.

ഉമ്മൻ ചാണ്ടിയോട് കാണിച്ച അനീതിയാണ് പുസ്തകത്തിൽ എഴുതാൻ ശ്രമിച്ചത്. രാഷ്ട്രീയ കാരണങ്ങൾ കൊണ്ടാവും അത് വിവാദമാകുന്നത്. സമരം ശക്തമായി നിന്ന സമയത്താണ് സുഹൃത്തായ ജോൺ ബ്രിട്ടാസ് തന്നെ വിളിച്ചത്. ഒറ്റ കോളാണ് വന്നത്. ബ്രിട്ടാസ് കള്ളം പറയുന്നയാളല്ല, അത് തനിക്കറിയാം. മോളീന്നുള്ള തീരുമാനമാണോയെന്ന് താൻ ബ്രിട്ടാസിനോട് ചോദിച്ചു. അതേയെന്നായിരുന്നു ബ്രിട്ടാസിന്റെ മറുപടി. ബ്രിട്ടാസ് പറഞ്ഞത് താൻ ഉമ്മൻ ചാണ്ടിയോട് പറഞ്ഞു. അദ്ദേഹവും അത് മോളീന്നുള്ള തീരുമാനമാണോയെന്ന് ചോദിച്ചു. അതേയെന്ന് മറുപടി നൽകി. പിന്നീട് ഉമ്മൻ ചാണ്ടി ആവശ്യപ്പെട്ട പ്രകാരമാണ് പികെ കുഞ്ഞാലിക്കുട്ടിയെ വിളിച്ചതെന്നും ജോൺ മുണ്ടക്കയം പറഞ്ഞു.

തുടർ ചർച്ചയിൽ വേറെ ആരൊക്കെ ഇടപെട്ടുവെന്ന് അറിയില്ല. താൻ പിന്നെ അതിന്റെ ഭാഗമായിട്ടില്ല. ജോൺ ബ്രിട്ടാസും താനും ഇടനില നിന്നത് സത്യമായ കാര്യമാണ്. വലിയൊരു സമരം തീരുന്നെങ്കിൽ തീരട്ടെയെന്ന് കരുതിയാണ് താൻ ഇടപെട്ടത്. ബ്രിട്ടാസിന് ഇത് എങ്ങനെ നിഷേധിക്കാൻ കഴിയും? ആ യോഗത്തിൽ പങ്കെടുത്ത മറ്റുള്ളവരും ഉണ്ടല്ലോ. സിപിഎം നിഷേധിച്ചോട്ടെ. സത്യം ആര് നിഷേധിച്ചാലും ജനത്തിന് ബോധ്യമാകും. സമരം വളരെ പെട്ടെന്നല്ലേ അവസാനിപ്പിച്ചത്. ജോൺ ബ്രിട്ടാസും താനുമായി നടത്തിയ സംഭാഷണത്തിന്റെ ഭാഗമാണ് താൻ പുറത്തുവിട്ടത്. ഉമ്മൻ ചാണ്ടിക്കെതിരായ ഗൂഢാലോചന പുറത്തുവരാത്തതിൽ തനിക്ക് അതിയായ വിഷമമുണ്ടെന്നും ജോൺ മുണ്ടക്കയം പറഞ്ഞു.

നേതാക്കൾ തമ്മിൽ സംസാരിച്ച് തന്നെയാണ് സമരം തീർന്നതെന്ന് അദ്ദേഹം പറഞ്ഞു. ജീവിച്ചിരിക്കുന്ന ഒരു സിപിഎം നേതാവ് അതിന്റെ ഭാഗമായിരുന്നു. അല്ലാതെ എങ്ങനെയാണ് സമരം തീരുന്നത്. എല്ലാം വളരെ വേഗത്തിലാണ് നടന്നത്. ഒരു രണ്ട് മണിക്കൂറിൽ എല്ലാം തീർന്നു. സമരം കൈവിട്ട് പോകുന്ന സ്ഥിതിയുണ്ടായിരുന്നു. രാജി വെക്കാൻ ഉമ്മൻ ചാണ്ടി ഒരുക്കമായിരുന്നില്ല. രാഷ്ട്രീയ കാര്യങ്ങളിൽ താൻ ഇടപെടാറില്ല. സമരം തീർക്കണമെങ്കിൽ എന്താണ് വഴി? സമരം അവസാനിപ്പിച്ചപ്പോൾ അണികളുടെ വിശ്വാസ്യത സിപിഎമ്മിന് ലഭിച്ചില്ല. ഉമ്മൻ ചാണ്ടിയോട് പിന്നീട് സംസാരിച്ചിട്ടില്ല. സോളാർ കേസിനെയും ടിപി കേസിനെയും ബന്ധിപ്പിച്ച് പിന്നീട് ആരോപണങ്ങൾ കേട്ടിരുന്നു. എന്നാൽ ആ രീതിയിൽ ഒത്തുതീർപ്പുണ്ടായതായി തനിക്ക് അറിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.