തിരുവനന്തപുരം: സോളാർ കേസിൽ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കെതിരെ ഹൈക്കോടതിയിൽ സർക്കാരിന് വേണ്ടി വാദിക്കാൻ എത്തിയ മുതിർന്ന അഭിഭാഷകൻ അഡ്വ. രജ്ഞിത് കുമാറിന് ഫീസിനത്തിൽ മാത്രം സർക്കാർ ഖജനാവിൽ നിന്ന് ചെലവിട്ടത് 1.20 കോടി രൂപ. യാത്രാചെലവായി വിമാന ടിക്കറ്റിന് 3,02, 969 രൂപയും ഹോട്ടൽ താമസത്തിന് 89615 രൂപയും നൽകി. 1,23,92, 584 രൂപ വക്കീൽ ഫീസിനത്തിലും മറ്റും ചെലവഴിച്ചിട്ടും ഹൈക്കോടതിയിൽ നിന്ന് സർക്കാരിന് തിരിച്ചടിയാണ് ഉണ്ടായത്.



എൽഡിഎഫ് പ്രതിപക്ഷത്തായിരിക്കെ വലിയ രാഷ്ട്രീയ ആയുധമായി ഉയർത്തിക്കൊണ്ടുവരികയും ഭരണകാലത്ത് സർവശക്തിയും ഉപയോഗിച്ച് അന്വേഷിക്കുകയും ചെയ്ത സോളർ കേസിലെ പീഡന ആരോപണമാണ് സിബിഐ റിപ്പോർട്ടോടെ നനഞ്ഞ പടക്കമായി മാറിയത്. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി അടക്കമുള്ള നേതാക്കൾക്കെതിരെ തെളിവു കണ്ടെത്താൻ കഴിഞ്ഞില്ലെന്ന പൊലീസിന്റെയും ക്രൈംബ്രാഞ്ചിന്റെയും റിപ്പോർട്ട് സിബിഐയും ആവർത്തിക്കുകയായിരുന്നു.

ഒമ്പത് വർഷം രാഷ്ട്രീയ കേരളത്തെയും അതിലേറെ കോൺഗ്രസിനെയും പിടിച്ചുലച്ച സോളാർ പീഡന കേസ് , മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്ക് സിബിഐ ക്ലീൻ ചിറ്റ് നൽകിയതോടെ അപ്രസക്തമായി മാറി.

യുഡിഎഫിന്റെ തുടർഭരണം ഇല്ലാതാക്കുന്നതിൽ സുപ്രധാന പങ്കുവഹിച്ച സോളാർ വിവാദത്തെ കഴിഞ്ഞ രണ്ട് നിയമസഭാ തെരഞ്ഞെടുപ്പിലും സിപിഎം കൃത്യമായി ഉപയോഗിച്ചു. ഇതോടെ കേരള രാഷ്ട്രീയത്തിൽ കോൺഗ്രസ് പ്രതിപക്ഷത്ത് തുടർന്നു. കേസിൽ കാര്യമായതൊന്നുമില്ലെന്ന് അറിഞ്ഞിട്ടും കോൺഗ്രസിനെ നിരന്തരം വേട്ടയാടുന്നതിനായിരുന്നു സിപിഎം കൃത്യമായ ഇടവേളകളിൽ സോളാർ കേസിനെ ഉപയോഗപ്പെടുത്തിയത്. ഇതോടെ ഒമ്പത് വർഷം നീണ്ട, കേരളാ പൊലീസ്, ക്രൈംബ്രാഞ്ച്, സിബിഐ അന്വേഷണങ്ങൾക്കും അവസാനമാവുകയാണ്.



രാഷ്ട്രീയ ആയുധമാകുമെന്ന് പ്രതീക്ഷിച്ച സോളർ കമ്മിഷൻ റിപ്പോർട്ട് യഥാർത്ഥത്തിൽ എൽഡിഎഫിന്റെ സഹായത്തിനെത്തിയില്ലെന്ന് മാത്രമല്ല, ഒടുവിൽ തിരിച്ചടിയായി മാറുകയാണ്. പൊതുപ്രവർത്തന രംഗത്ത് ഒരിക്കലും അഭിമുഖീകരിക്കേണ്ടി വന്നിട്ടില്ലാത്ത ആരോപണങ്ങൾ നേരിട്ട ഉമ്മൻ ചാണ്ടിക്ക് വർഷങ്ങൾക്കുശേഷം ആരോപണങ്ങളുടെ മറനീക്കി പുറത്തു വരാനായി.

സോളാർ കമ്മിഷൻ റിപ്പോർട്ടിൽ നിന്നും പരാതിക്കാരിയുടെ കത്തും ബന്ധപ്പെട്ട പരാമർശങ്ങളും റദ്ദാക്കണമെന്നായിരുന്നു ഹൈക്കോടതി ഉത്തരവ് ഉണ്ടായത്.അപകീർത്തിപരമായ പരാമർശങ്ങളുള്ളതിനാൽ റിപ്പോർട്ട് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഉമ്മൻ ചാണ്ടിയും തിരുവഞ്ചൂർ രാധാകൃഷ്ണനും ഉൾപ്പെടെയുള്ളവർ നൽകിയ ഹർജികളിലായിരുന്നു ഹൈക്കോടതിയുടെ ഉത്തരവ്.

ഉമ്മൻ ചാണ്ടി സർക്കാർ രണ്ടുവർഷം പിന്നിടുമ്പോൾ എൽഡിഎഫിനു വീണു കിട്ടിയ രാഷ്ട്രീയ ആയുധമായിരുന്നു സോളർ കേസ്. പ്രതിയുടെ വെളിപ്പെടുത്തലുകളിലൂടെ കേസ് ഓരോ ദിവസവും സജീവമായി. മുഖ്യമന്ത്രിക്കും മന്ത്രിമാരും പഴ്‌സനൽ സ്റ്റാഫ് അംഗങ്ങളും യുഡിഎഫ് നേതാക്കളുമെല്ലാം ആരോപണ വിധേയരായി.

മന്ത്രിസഭയുടെ രാജിക്കായി എൽഡിഎഫ് നേതൃത്വത്തിൽ സെക്രട്ടേറിയറ്റിന്റെ പ്രവർത്തനം സ്തംഭിപ്പിച്ച് നടത്തിയ സമരത്തിനിടയിലാണ് അന്വേഷണത്തിനായി ജസ്റ്റിസ് ജി.ശിവരാജൻ കമ്മിഷനെ നിയമിക്കാമെന്ന ധാരണയിലെത്തുന്നത്. കമ്മിഷൻ റിപ്പോർട്ടിനെ ആയുധമാക്കി മുന്നോട്ടു പോകാമെന്നായിരുന്നു എൽഡിഎഫ് നേതൃത്വത്തിന്റെ കണക്കു കൂട്ടൽ. എൽഡിഎഫ് സർക്കാർ അധികാരത്തിലെത്തിയശേഷം 2017ലാണ് കമ്മിഷൻ റിപ്പോർട്ട് സമർപ്പിക്കുന്നത്. റിപ്പോർട്ട് സർക്കാർ നിയമസഭയുടെ മേശപ്പുറത്തുവച്ചു.

മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും പഴ്‌സനൽ സ്റ്റാഫ് അംഗങ്ങളും പരാതിക്കാരിയുടെ കമ്പനിയുടെ തട്ടിപ്പുകൾക്ക് കൂട്ടുനിന്നെന്നായിരുന്നു ജസ്റ്റിസ് ജി.ശിവരാജൻ കമ്മിഷന്റെ കണ്ടെത്തൽ. ലൈംഗിക സംതൃപ്തി നേടുന്നത് അഴിമതി നിരോധന നിയമത്തിന്റെ നിർവചനത്തിൽ ഉൾപ്പെടുമെന്നും അതുപ്രകാരവും ആരോപണ വിധേയർക്കെതിരെ അന്വേഷണം നടത്തണമെന്നും കമ്മിഷൻ ചൂണ്ടിക്കാട്ടി.

2013 ജൂലൈ 19നു പരാതിക്കാരി കത്തിൽ പരാമർശിക്കുന്ന എല്ലാവർക്കുമെതിരെ അഴിമതി നിരോധന നിയമപ്രകാരം അന്വേഷണം നടത്തണമെന്നും കമ്മിഷൻ ശുപാർശ ചെയ്തു. പരാതിക്കാരിയുടെ മൊഴിയെയും ജയിലിൽ വച്ച് എഴുതിയെന്നു കരുതുന്ന കത്തിനെയും ആധാരമാക്കിയാണ് മിക്ക നിഗമനങ്ങളുമെന്നതായിരുന്നു കമ്മിഷൻ റിപ്പോർട്ടിന്റെ പ്രത്യേകത.

എൽഡിഎഫ് സർക്കാർ പ്രത്യേക അന്വേഷണ സംഘത്തെ നിയമിച്ചു. ആരോപണങ്ങൾ നിലനിൽക്കുന്നതല്ലെന്നായിരുന്നു ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ നിലപാട്. പീഡനക്കേസ് നിലനിൽക്കില്ലെന്ന് സുപ്രീം കോടതിയിൽ നിന്നു വിരമിച്ച ജസ്റ്റിസ് അരിജിത് പസായം നിയമോപദേശം നൽകിയതോടെ പ്രത്യേക അന്വേഷണസംഘം പ്രാഥമിക പരിശോധന നടത്തി തെളിവു ലഭിക്കുന്നവർക്കെതിരെ മാത്രം കേസെടുത്ത് അന്വേഷിച്ചാൽ മതിയെന്ന് മന്ത്രിസഭായോഗം തീരുമാനിച്ചു.

കോൺഗ്രസ് നേതാക്കൾ ലൈംഗികമായി പീഡിപ്പിച്ചെന്നു പരാതിക്കാരി മുഖ്യമന്ത്രിക്കു പരാതി നൽകിയെങ്കിലും കേസ് എടുക്കാൻ പൊലീസ് താൽപര്യമെടുത്തില്ല. ഒരു പരാതിയിൽ ഒട്ടേറെ പേർക്കെതിരെ ബലാത്സംഗത്തിനു കേസ് എടുക്കാനാവില്ലെന്നായിരുന്നു അന്വേഷണ സംഘ തലവനായിരുന്ന ഡിജിപി രാജേഷ് ദിവാൻ ഉൾപ്പെടെയുള്ളവരുടെ നിലപാട്. എന്നാൽ, ഓരോരുത്തർക്കുമെതിരെ പ്രത്യേകം പരാതികളാണെങ്കിൽ കേസെടുക്കാമെന്നു പൊലീസിന് നിയമോപദേശം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ 2018 ഒക്ടോബറിൽ ഉമ്മൻ ചാണ്ടിക്കെതിരെ ക്രൈംബ്രാഞ്ച് കേസെടുത്തു.

ഉമ്മൻ ചാണ്ടിക്കെതിരെ തെളിവില്ലെന്നു 2021ൽ ക്രൈംബ്രാഞ്ച് റിപ്പോർട്ട് നൽകി. 2012 സെപ്റ്റംബർ 19നു നാലിനു ക്ലിഫ് ഹൗസിൽ ഉമ്മൻ ചാണ്ടി പീഡിപ്പിച്ചു എന്നായിരുന്നു പരാതിക്കാരിയുടെ ആരോപണം. സംഭവം നടന്നെന്നു പരാതിക്കാരി പറയുന്ന ദിവസം ഉമ്മൻ ചാണ്ടി ക്ലിഫ് ഹൗസിൽ ഉണ്ടായിരുന്നില്ലെന്നു ക്രൈംബ്രാഞ്ച് റിപ്പോർട്ടിൽ വ്യക്തമാക്കി.

ഈ ഘട്ടത്തിലാണു പരാതിക്കാരി സിബിഐ അന്വേഷണം ആവശ്യപ്പെട്ടു മുഖ്യമന്ത്രിക്കു പരാതി നൽകിയത്. 2021 ജനുവരിയിൽ കേസ് സിബിഐക്കു കൈമാറി. ഉമ്മൻ ചാണ്ടി, കെ.സി.വേണുഗോപാൽ, അടൂർ പ്രകാശ്, ഹൈബി ഈഡൻ, എ.പി.അനിൽകുമാർ, എ.പി.അബ്ദുല്ലക്കുട്ടി എന്നിവർക്കെതിരായാണ് അന്വേഷണം നടത്തിയത്. എന്നാൽ, തെളിവില്ലെന്നു ചൂണ്ടിക്കാട്ടി സിബിഐയും കോടതിയിൽ റിപ്പോർട്ട് നൽകി.