കൊച്ചി: തൃപ്പൂണിത്തുറയിൽ കിടപ്പുരോഗിയായ അച്ഛനെ വാടക വീട്ടിൽ ഉപേക്ഷിച്ച് മകൻ കടന്നുകളഞ്ഞതിന്റെ കൂടുതൽ വിവരങ്ങൾ പുറത്തുവന്നു. ഏരൂരിൽ വാടകയ്ക്ക് താമസിക്കുകയായിരുന്ന അജിത്തും കുടുംബവുമാണ് 70 കാരനായ അച്ഛൻ ഷൺമുഖനെ ഉപേക്ഷിച്ച് പോയത്.

സംഭവത്തിൽ മകനെതിരേ പൊലീസ് കേസെടുത്തു. വയോധികനെ തൃപ്പൂണിത്തുറ താലൂക്കാശുപത്രിയിലേക്ക് മാറ്റി. മൂന്ന് ദിവസം മുമ്പാണ് അച്ഛനെ മകൻ വീട്ടിൽ ഉപേക്ഷിച്ച് പോയത്. സഹോദരങ്ങൾ തമ്മിലുള്ള തർക്കമാണ് അച്ഛനെ ഉപേക്ഷിച്ച് പോകാൻ കാരണമെന്നാണ് പ്രാഥമിക വിവരം. മകൻ അജിത്ത് വേളാങ്കണ്ണിക്ക് പോയതാണെന്നും തിരികയെത്തുമ്പോൾ ഉപേക്ഷിച്ച അച്ഛനെ ഏറ്റെടുക്കാമെന്നുമാണ് പൊലീസിനോട് വ്യക്തമാക്കിയത്.

ഡ്രൈവറായി ജോലി ചെയ്യുന്ന അജിത്തും ഭാര്യയും കുട്ടിയും പിതാവ് ഷൺമുഖനുമാണ് ഈ വീട്ടിൽ താമസിച്ചിരുന്നത്. അജിത്ത് കിടപ്പുരോഗിയായ അച്ഛനെ നോക്കുന്നില്ലായെന്ന് വ്യക്തമാക്കി നേരത്തെ അജിത്തിന്റെ സഹോദരി പൊലീസിൽ പരാതി നൽകിയിരുന്നു. എന്നാൽ സാമ്പത്തികപ്രശ്‌നം കാരണമാണ് അച്ഛനെ നോക്കാൻ സാധിക്കാത്തതെന്നാണ് പൊലീസിനോട് അജിത്ത് വ്യക്തമാക്കിയത്. അജിത്തിന്റെ രണ്ട് സഹോദരിമാരെ ഇവരുടെ വീട്ടിൽ കയറാനോ അച്ഛനെ കാണാനോ അനുവദിച്ചിരുന്നില്ലെന്നും സഹോദരി നൽകിയ പരാതിയിൽ വ്യക്തമാക്കിയിരുന്നു.

സഹോദരങ്ങളുമായുള്ള തർക്കത്തിൽ മുമ്പ് പലതവണ ഒത്തുതീർപ്പ് ചർച്ചകൾ നടത്തിയിട്ടുള്ളതായി തൃപ്പൂണിത്തുറ പൊലീസ് പറഞ്ഞു.
വീട്ടിൽ ആരോ ഉണ്ടെന്ന് സംശയം തോന്നിയതിനെ തുടർന്ന് അയൽക്കാർ നടത്തിയ പരിശോധനയിലാണ് അച്ഛനെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്. സ്വന്തമായി ഭക്ഷണം കഴിക്കാനോ പ്രാഥമികകൃത്യങ്ങൾ നിർവഹിക്കാനോ കഴിയാത്ത സാഹചര്യത്തിലാണ് വയോധികൻ ഉള്ളത്.

10 മാസങ്ങൾക്കുമുമ്പാണ് ഇവർ തൃപ്പൂണിത്തുറയിൽ വാടകയ്‌ക്കെത്തിയത്. അജിത്തും വീട്ടുടമയുമായി വാടക തർക്കം നിലനിന്നിരുന്നു. വാടക നൽകാതായപ്പോൾ അജിത്തിനോട് വീട് ഒഴിയാൻ പറഞ്ഞിരുന്നുവെന്നും പിന്നാലെ പൊലീസിൽ പരാതിയും നൽകിയിരുന്നതായും വീട്ടുടമ പറയുന്നു. ഇതിന് പിന്നാലെയാണ് വീട്ടിലെ സാധനങ്ങളെല്ലാം മാറ്റി അച്ഛനെ വീട്ടിൽ ഉപേക്ഷിച്ച് കടന്നുകളഞ്ഞത്. വീട് മാറിയിട്ടും വീട് മാറുന്നതിനായി രണ്ട് ദിവസത്തെ അവധികൂടി ഉടമയോട് ചോദിച്ചിരുന്നതായും വീട്ടുടമ പറഞ്ഞു.

പാലിയേറ്റീവ് കെയർ അംഗങ്ങളെ വിവരമറിയിച്ചതോടെ, അവരെത്തി അവശനിലയിലായിരുന്ന അച്ഛനെ പരിപാലിച്ചു. ഇതിന് ശേഷണാണ് ഇദ്ദേഹത്തെ തൃപ്പൂണിത്തുറ താലൂക്കാശുപത്രിയിലേക്ക് മാറ്റിയിരിക്കുന്നത്. സംഭവത്തിൽ എറണാകുളം ജില്ലാ കളക്ടർ ഫോർട്ട് കൊച്ചി സബ് കളക്ടറോട് റിപ്പോർട്ട് തേടി. റിപ്പോർട്ട് കിട്ടിയ ശേഷമായിരിക്കും സീനിയർ സിറ്റിസൺ ആക്ട് പ്രകാരം കേസെടുക്കുന്നത് സംബന്ധിച്ച് തീരുമാനമെടുക്കുക.

സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു. തൃപ്പൂണിത്തുറ പൊലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർ അന്വേഷണം നടത്തി 10 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ അംഗം വി.കെ. ബീനാകുമാരി നിർദ്ദേശിച്ചു. ദ്യശ്യ മാധ്യമ വാർത്തയുടെ അടിസ്ഥാനത്തിൽ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി.