പത്തനംതിട്ട: ഒരേ ദിവസം മകനെയും പിതാവിനെയും നഷ്ടമായതിന്റെ വേദന മാറിയിട്ടില്ല ചിറ്റാർ വയ്യാറ്റുപുഴ പുത്തൻവീട്ടിൽ അജിത്കുമാറിന്റെ ഭാര്യ സിനിക്ക്. കഴിഞ്ഞ മാസം 20 ന് വൈകിട്ട് മകനും പ്ലസ്ടു വിദ്യാർത്ഥിയുമായ വിഷ്ണു (17) വീടിനുള്ളിൽ തൂങ്ങി മരിച്ചു. വിവരം കേട്ടയുടനെ ചെറുമകൻ ജീവനൊടുക്കിയ മനോവിഷമത്തിൽ സിനിയുടെ പിതാവ് പി.ടി. വർഗീസ് (62) അന്നു രാത്രിയിൽ ഹൃദയാഘാതം മൂലം മരിച്ചു. ഇപ്പോൾ വിഷ്ണുവിന്റെ മരണത്തിന് കാരണം പൊലീസിന്റെ ക്രൂരതയാണെന്ന് അജിത്കുമാറും സിനിയും ആരോപിക്കുന്നു. ചിറ്റാർ പൊലീസ് ഇൻസ്പെക്ടർ അടക്കമുള്ള ഉദ്യോഗസ്ഥർക്കെതിരേ ഗുരുതര ആരോപണവുമായി മാതാപിതാക്കൾ രംഗത്തെത്തിയത്.

പൊലീസ് സ്റ്റേഷനിൽ വിഷ്ണുവിനെയും മാതാവിനെയും അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതിലുള്ള മാനസിക ബുദ്ധിമുട്ടുകളാണ് മകന്റെ ആത്മഹത്യയിലേക്ക് നയിച്ചതെന്ന് അജിത് കുമാറും സിനിയും പത്രസമ്മേളനത്തിൽ ആരോപിച്ചു. വിഷ്ണുവിന് സഹപാഠിയായ വിദ്യാർത്ഥിനിയുമായി സൗഹൃദമുണ്ടായതിനെ തുടർന്നുള്ള സംഭവ വികാസങ്ങളാണ് പൊലീസ് സ്റ്റേഷനിൽ ഇവരെ എത്തിച്ചത്. പെൺകുട്ടിയുടെ വീടിനു സമീപത്തു വിഷ്ണുവിനെ കണ്ടുവെന്ന പേരിൽ പൊലീസ് സ്റ്റേഷനിലേക്ക് പിടിച്ചു കൊണ്ടു പോവുകയായിരുന്നു.

പ്രായപൂർത്തിയാകാത്ത കുട്ടിയെന്ന പരിഗണന പോലും നൽകാതെ പൊലീസ് സ്റ്റേഷനിൽ വിഷ്ണുവിനെ മാനസികമായി ബുദ്ധിമുട്ടിക്കുകയും അസഭ്യം പറയുകയും കുടുംബത്തെ അപമാനിക്കുന്ന തരത്തിൽ പൊലീസ് ഉദ്യോഗസ്ഥർ പെരുമാറുകയും ചെയ്തതായി മാതാവ് പറഞ്ഞു. പൊലീസ് സ്റ്റേഷനിലേക്ക് തന്നെ വിളിച്ചുവരുത്തി അപമാനിക്കാനാണ് പൊലീസ് ഉദ്യോഗസ്ഥർ ശ്രമിച്ചത്. ഇൻസ്പെക്ടറും മറ്റ് രണ്ട് പൊലീസ് ഉദ്യോഗസ്ഥരും ചേർന്നാണ് തന്നെയും മകനെയും സ്റ്റേഷനിൽ അപമാനിച്ചത്. ഈ സംഭവത്തിനുശേഷം മകൻ ഏറെ മനോദുഃഖത്തിലായെന്നും പിറ്റേന്ന് സ്‌കൂളിൽ പോകാൻ മടി കാട്ടിയെന്നും സിനി പറഞ്ഞു. വീട്ടിൽ തനിച്ചായിരുന്ന വിഷ്ണു ജീവനൊടുക്കിയ വിവരം വൈകുന്നേരം താനും മകളും വീട്ടിൽ എത്തിയപ്പോഴാണ് അറിയുന്നത്.

19 ന് വീടിന് സമീപം എത്തണമെന്ന് പെൺകുട്ടി ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് വിഷ്ണു രണ്ട് കൂട്ടുകാരോടൊപ്പം സ്‌കൂട്ടറിൽ പകൽ അവിടെയെത്തിയത്. ഈസമയം പെൺകുട്ടിയുടെ പിതാവ് എത്തി വിഷ്ണുവിനെ ബലമായി പിടിച്ച് ചിറ്റാർ പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോകുകയായിരുന്നു. പൊലീസ് സ്റ്റേഷനിൽ എത്തിച്ച വിഷ്ണുവിനെ പരസ്യമായി ആക്ഷേപിക്കുകയും പോക്സോ കേസിൽ ജയിലിൽ ഇടുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. പിറ്റേന്നു രാവിലെയും വിഷ്ണുവിനെ ആരോ ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തിയതായി സംശയമുണ്ട്. കള്ളക്കേസിൽ കുടുക്കുമെന്ന ഭയവുമുണ്ടായിരുന്നു. ആത്മഹത്യ ചെയ്യാൻ പൊലീസ് പ്രേരിപ്പിച്ചതായും മാതാവ് സിനി പറഞ്ഞു. സംഭവത്തേ തുടർന്ന് തങ്ങളുടെ താമസസ്ഥലത്തെത്തിയ പൊലീസ് സംഘം വിഷ്ണുവിന്റെ മൊബൈൽ ഫോൺ എടുത്തുകൊണ്ടുപോയി. തുടരന്വേഷണങ്ങൾ നടത്തിയതുമില്ല.

കുറ്റക്കാരായ പൊലീസുകാർക്കെതിരേ നടപടി ആവശ്യപ്പെട്ട് മുഖ്യമന്ത്രി, ജില്ലാ പൊലീസ് മേധാവി തുടങ്ങിയവർക്ക് പരാതിയും നൽകിയിട്ടുണ്ട്. മുഖ്യമന്ത്രിക്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കോന്നി ഡിവൈ.എസ്‌പിയെയാണ് അന്വേഷണത്തിനു ചുമതലപ്പെടുത്തിയിരിക്കുന്നത്.

വിഷ്ണുവിന്റെ മാതാപിതാക്കളുടെ ആരോപണം പൊലീസ് നിഷേധിച്ചു. വിഷ്ണുവിനെ പെൺകുട്ടിയുടെ പിതാവ് വീട്ടിലെ മുറിയിൽ നിന്നാണ് പിടികൂടിയത്. ഇതിന് പിന്നാലെ അയാൾ തന്നെ വിഷ്ണുവിന്റെ പിതാവിനെ വിളിച്ചു കാര്യം പറഞ്ഞു. വളരെ മോശമായ പ്രതികരണം അജിത്തിന്റെ ഭാഗത്ത് നിന്നുണ്ടായപ്പോൾ വിഷ്ണുവിനെയും കൂട്ടി പെൺകുട്ടിയുടെ പിതാവ് കാറിൽ ചിറ്റാർ പൊലീസ് സ്റ്റേഷനിൽ എത്തി. പൊലീസ് നിരവധി തവണ വിളിച്ചെങ്കിലും വിഷ്ണുവിന്റെ പിതാവ് സ്റ്റേഷനിലേക്ക് വരാൻ കൂട്ടാക്കിയില്ല. ഒടുവിൽ മാതാവ് സിനിയെ വിളിച്ചു. അവർ സ്റ്റേഷനിൽ വന്നപ്പോൾ കാര്യങ്ങൾ പറഞ്ഞു. പെൺകുട്ടിയുടെ പിതാവോ പൊലീസോ തന്നെ ഉപദ്രവിച്ചിട്ടില്ലെന്ന് വിഷ്ണു മാതാവിനോട് പറഞ്ഞു. തുടർന്ന് മാതാവ് തന്നെ വിഷ്ണുവിന്റെ ഫോൺ വാങ്ങി സിം കാർഡ് അവിടെ വച്ച് തന്നെ ഒടിച്ചു കളഞ്ഞുവെന്ന് ചിറ്റാർ ഇൻസ്പെക്ടർ ബിനു പറഞ്ഞു.

വിവാഹത്തിനുള്ള പ്രായം നിനക്കായിട്ടില്ലെന്ന് താൻ വിഷ്ണുവിനെ ഉപദേശിച്ചു. നന്നായി പഠിക്കാനും പറഞ്ഞാണ് മാതാവിനൊപ്പം അയച്ചത്. അങ്കിൾ പറയുന്നതു പോലെ താനിനി പഠിക്കും എന്ന് പറഞ്ഞാണ് വിഷ്ണു പോയതെന്നും ഇൻസ്പെക്ടർ പറഞ്ഞു. വിഷ്ണുവും പെൺകുട്ടിയുമായി ഹൈസ്‌കൂളിൽ പഠിക്കുന്ന കാലം മുതൽ പ്രണയമുണ്ട്. മുൻപും ഇതു പോലെ പെൺകുട്ടിയുടെ വീട്ടിൽ നിന്ന് വിഷ്ണുവിനെ പിടികൂടുകയും താക്കീത് നൽകി വിട്ടയയ്ക്കുകയും ചെയ്തിട്ടുണ്ട്. ഈ ഒരു കാരണം കൊണ്ട് മാത്രമാണ് പെൺകുട്ടിയെ തിരുവല്ലയിലുള്ള സ്‌കൂളിലേക്ക് മാറ്റിയത്. പുജയുടെ അവധിക്ക് നാട്ടിൽ വന്നപ്പോഴാണ് പെൺകുട്ടി വിഷ്ണുവിനെ വീണ്ടും വീട്ടിലേക്ക് വിളിച്ചു വരുത്തിയത്.

സ്റ്റേഷനിൽ വച്ച് വിഷ്ണുവും മാതാവും പെൺകുട്ടിയുടെ പിതാവുമായി സംസാരിച്ച കാര്യങ്ങൾ മുഴുവൻ സിസിടിവിയിലുണ്ട്. സൗണ്ട് റെക്കോഡിങ് സൗകര്യമുള്ളതാകയാൽ അവിടെ പറഞ്ഞ കാര്യങ്ങൾ കാണാനും കേൾക്കാനും കഴിയും. പൊലീസ് ഇക്കാര്യത്തിൽ യാതൊരു ഇടപെടലും നടത്തിയിട്ടില്ല. വിഷ്ണുവിന്റെ മാതാവ് ആരോപിക്കുന്നതു പോലെ അസഭ്യം വിളിക്കുകയോ ഹരാസ് ചെയ്യുകയോ ചെയ്തിട്ടില്ലെന്നും ഇൻസ്പെക്ടർ പറഞ്ഞു. സംഭവ ദിവസം രാത്രി പിതാവ് അജിത്ത് വിഷ്ണുവിനെ മർദിച്ചുവെന്നാണ് കരുതുന്നത്. ഇതാകണം കുട്ടിയെ ആത്മഹത്യയിലേക്ക് നയിച്ചത് എന്നാണ് കരുതുന്നത്. വിഷ്ണുവിന്റെ മാതാപിതാക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ എസ്‌പിയുടെ നിർദ്ദേശ പ്രകാരം സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങൾ എടുത്തിട്ടുണ്ട്. ഇത് സത്യം തെളിയിക്കുമെന്നാണ് പ്രതീക്ഷയെന്നും ഇൻസ്പെക്ടർ അറിയിച്ചു.