- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എയർ ആംബുലൻസിൽ കൊണ്ടുപോകുമെന്ന് പറഞ്ഞിട്ട് ഒന്നും നടന്നില്ലല്ലോ; നേരത്തെ കോഴിക്കോട് എത്തിച്ചിരുന്നെങ്കിൽ ഇപ്പോഴും എന്റെ പപ്പ ജീവനോടെ ഉണ്ടാവുമായിരുന്നു; മനുഷ്യന് മൃഗത്തിന്റെ വിലപോലുമില്ലേ? കാട്ടാനയുടെ ചവിട്ടേറ്റ് കൊല്ലപ്പെട്ട പോളിന്റെ മകൾ സോന
മാനന്തവാടി: വയനാട്ടിൽ പുൽപ്പള്ളി പാക്കത്ത് കാട്ടാനയുടെ ചവിട്ടേര്റ് കൊല്ലപ്പെട്ട പോളിന് മതിയായ ചികിത്സ കിട്ടിയില്ലെന്ന പരാതിയുമായി മകൾ. ആശുപത്രിയിൽ നിന്ന് ചികിത്സ വൈകിപ്പിച്ചുവെന്നും കോഴിക്കോടെത്തിക്കാൻ വൈകിയെന്നുമാണ് പോളിന്റെ മകൾ സോന മാധ്യമങ്ങളോട് പറഞ്ഞത്.
മാനന്തവാടിയിലെ സർക്കാർ മെഡിക്കൽ കോളജിൽ നിന്ന് വേണ്ട ചികിത്സ കിട്ടിയില്ല. കോഴിക്കോടേക്ക് എത്തിക്കാൻ വൈകി. വേണ്ട ചികിത്സാ കൊടുക്കാൻ ഉള്ള സൗകര്യങ്ങൾ ഇല്ലെങ്കിൽ രോഗിയെ അവിടെ വെക്കരുതായിരുന്നുവെന്നും സോന പറഞ്ഞു. മാനന്തവാടി മെഡിക്കൽ കോളേജിൽ സൗകര്യങ്ങൾ ഉണ്ടായിരുന്നില്ലെങ്കിൽ കോഴിക്കോട്ടേക്ക് കൊണ്ടുപോകാൻ എന്തിനാണ് വൈകിപ്പിച്ചതെന്ന് സോന ചോദിച്ചു. ആവശ്യമായ ചികിത്സ കിട്ടിയില്ല. എന്തുകൊണ്ട് ശസ്ത്രക്രിയ ചെയ്യുന്നില്ലെന്ന് ചോദിച്ചപ്പോൾ ആവശ്യമില്ലെന്ന് പറഞ്ഞുവെന്നും മകൾ ആരോപിച്ചു.
'എന്നോടല്ല, എന്തൊക്കെ ചികിത്സ ചെയ്തുവെന്ന് ആശുപത്രിക്കാരോടാണ് ചോദിക്കേണ്ടത്. അവിടെ സൗകര്യങ്ങൾ ഉണ്ടായിരുന്നില്ലെങ്കിൽ എന്തിനാണ് അത്രയും നേരം പിടിച്ചുനിന്നത്? വലിയ ചികിത്സ കിട്ടിയല്ലെന്നേ ഞാൻ പറയുകയുള്ളൂ. ഒരു ചികിത്സയും നൽകാതെ രണ്ടുമണിവരെ എന്റെ പപ്പ ജീവിക്കുമായിരുന്നെങ്കിൽ, നേരത്തെ കോഴിക്കോട് എത്തിച്ചിരുന്നെങ്കിൽ ഇപ്പോഴും എന്റെ പപ്പ ജീവനോടെ ഉണ്ടാവുമായിരുന്നു. അവിടെ വേണ്ട ചികിത്സ കിട്ടിയില്ലായെന്നേ ഞാൻ പറയുകയുള്ളൂ. എന്തുകൊണ്ട് സർജറി ചെയ്തില്ലെന്ന് ഞാൻ ചോദിച്ചപ്പോൾ, റിപ്പോർട്ട് അയച്ചുകൊടുത്തപ്പോൾ ഇപ്പോൾ സർജറി ആവശ്യമില്ലെന്ന് പറഞ്ഞു. ആ സർജറി ചെയ്യണമെന്ന് പറഞ്ഞ് എത്രനേരം വൈകിപ്പിച്ചു എന്നറിയുമോ?', സോന ചോദിച്ചു.
'ഞങ്ങള് അവിടെ ചെന്നപ്പോൾ മുതൽ അരമണിക്കൂർ കഴിഞ്ഞാൽ കോഴിക്കോട് കൊണ്ടുപോവും എന്ന് പറഞ്ഞുകൊണ്ടിരിക്കുകയാണ്. 1.05 ആയപ്പോഴാണ് കൊണ്ടുപോയത്. ഹെലിക്കോപ്റ്ററിൽ കൊണ്ടുപോവുമെന്ന് പറഞ്ഞു, വയനാട്ടിൽ നിന്ന് ആദ്യമായി എയർ ആംബുലൻസിൽ കൊണ്ടുപോവുന്ന സംഭവമാണെന്ന് പറഞ്ഞ് വലിയ വാർത്തയായിരുന്നല്ലോ?, എന്നിട്ട് ഒന്നും നടന്നില്ലല്ലോ? ഹെലിക്കോപ്റ്റർ എവിടെയെന്നും പോളിന്റെ മകൾ ആരാഞ്ഞു.
'ആവശ്യമായ ചികിത്സ കൊടുക്കാനുള്ള സൗകര്യമില്ലെങ്കിൽ അവിടെ വെച്ചിരിക്കരുത്. അവരുടെ കുട്ടികളാണെങ്കിൽ അവിടെ വെച്ച് താമസിപ്പിക്കുമോ? ആന കുഴിയിൽ വീണപ്പോൾ അതിനെ പുറത്തെടുത്ത് സുഖം പ്രാപിച്ചോ എന്നറിയാതെ ആർക്കും സമാധാനം ഇല്ലല്ലോ? മനുഷ്യന് മൃഗത്തിന്റെ വിലപോലുമില്ലേ?', എന്നായിരുന്ന സോനയുടെ ചോദ്യം.
ദിവസങ്ങൾക്ക് മുമ്പ് കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട അജീഷിന്റെ മകള് പറഞ്ഞു ആർക്കും ആ ഗതി വരരുതെന്ന്. പക്ഷേ അതെ ഗതി എനിക്കും വന്നിരിക്കുകയാണിപ്പോൾ. എനിക്ക് എന്റെ അച്ഛനെ നഷ്ടമായി.
വയനാട്ടിൽ മനുഷ്യ ജീവന് യാതൊരു വിലയുമില്ലേ എന്നാണ് സോന ചോദിക്കുന്നത്. വയനാട് ശരിക്കും വന്യമൃഗങ്ങൾക്കുള്ളതാണോ അതോ മനുഷ്യർക്കുള്ളതാണോ. ഇവിടെ ജീവിക്കുന്ന മനുഷ്യർക്ക് അൽപം പരിഗണന നൽകണം. വയനാട്ടിൽ മനുഷ്യ ജീവന് യാതൊരു വിലയുമില്ലേ? ഇവിടെ മനുഷ്യരേക്കാൾ കൂടുതൽ വന്യമൃഗങ്ങളാണുള്ളതെന്നാണ് തോന്നുന്നത്.- സോന കൂട്ടിച്ചേർത്തു.
അതേസമയം, സോനയുടെ ആരോപണം മെഡിക്കൽ കോളജ് അധികൃതർ നിഷേധിച്ചു. ഗുരുതരമായി പരുക്കേറ്റ നിലയിലാണ് പോളിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പ്രാഥമിക പരിശോധന നടത്തിയതിൽനിന്നു രോഗിക്ക് ബ്ലഡ് പ്രഷർ, ഓക്സിജന്റെ അളവ് എന്നിവ വളരെ കുറവാണെന്നും ശ്വാസകോശത്തിന്റെ വലതുഭാഗത്ത് ശ്വാസം കയറുന്നതു കുറവാണെന്നും വാരിയെല്ലുകൾ പൊട്ടിയ നിലയിലാണെന്നും മനസ്സിലാക്കി. തുടർന്നു വിവിധ വിഭാഗത്തിലെ ഡോക്ടർമാർ വിശദപരിശോധന നടത്തി. മറ്റ് ആന്തരിക അവയവങ്ങൾക്കു കാര്യമായ പരുക്ക് ഇല്ലെങ്കിലും ശ്വാസകോശത്തിലെ പരുക്ക് സാരമായതിനാൽ കോഴിക്കോട് മെഡിക്കൽ കോളജിലേക്കു കൊണ്ടുപോകാൻ തീരുമാനിക്കുകയായിരുന്നു. ഡോക്ടർ, നഴ്സ് ഉൾപ്പെടെയാണ് ഐസിയു ആംബുലൻസിൽ കോഴിക്കോട്ടേക്ക് കൊണ്ടുപോയതെന്നും ആശുപത്രി അധികൃതർ വാർത്താക്കുറിപ്പിൽ അറിയിച്ചു.
കുറുവ ദ്വീപിലെ ജീവനക്കാരനായ പാക്കം സ്വദേശി പോൾ ആണ് കാട്ടാനയുടെ ആക്രമണത്തിൽ മരിച്ചത്. ആന്തരിക രക്തസ്രാവത്തെത്തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കൽ കോളജിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. രാവിലെ 9.30ന് ചെറിയമല ജംക്ഷനിൽ വച്ചാണ് പോളിനെ കാട്ടാന ആക്രമിച്ചത്. ജോലിക്ക് പോകുന്നതിനിടെ കാട്ടാനയെ കണ്ട് പോൾ ഭയന്നോടുകയായിരുന്നു. പുറകേയെത്തിയ കാട്ടാന വീണുപോയ പോളിന്റെ നെഞ്ചിൽ ചവിട്ടി. വാരിയെല്ലിന് പൊട്ടലേറ്റു. സമീപത്ത് ജോലി ചെയ്തിരുന്ന തൊഴിലുറപ്പ് തൊഴിലാളികൾ പോളിന്റെ നിലവിളി കേട്ട് ഓടിയെത്തുകയായിരുന്നു. അവർ ഒച്ചവെച്ച് കാട്ടാനയെ ഓടിച്ചു. ഉടനെ പോളിനെ മാനന്തവാടി മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചു. അടിയന്തര ശസ്ത്രക്രിയ നടത്തിയശേഷം കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോകുകയായിരുന്നു.
ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും പൾസ് നിലച്ചിരുന്നുവെന്ന് കോഴിക്കോട് മെഡിക്കൽ കോളേജിലെ ഡോക്ടർമാർ പറഞ്ഞു. ആന്തരിക രക്തസ്രാവമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. നെഞ്ചിൽ രക്തം കട്ടകെട്ടിയിരുന്നു. വാരിയെല്ലും പൊട്ടിയിരുന്നു. ശനിയാഴ്ച രാവിലെ ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം പോസ്റ്റ്മോർട്ടം നടത്തും.
ഇതിനിടെ മാനന്തവാടി ആശുപത്രിയിൽ തടിച്ചുകൂടിയ ജനം ചികിത്സ വൈകുന്നുവെന്ന് ആരോപിച്ച് പ്രതിഷേധിച്ചു. കൂടുതൽ ജനം സംഘടിച്ചതോടെ സബ് കലക്ടറുൾപ്പെടെയുള്ളവർ സ്ഥലത്തെത്തിയാണ് പ്രശ്നം തണുപ്പിച്ചത്. ഇതിനിടെ എയർ ആംബുലൻസ് എത്തിയെങ്കിലും ഉപയോഗിക്കാനായില്ല. പടമല പനച്ചിയിൽ അജീഷിനെ കാട്ടാന വീട്ടുമുറ്റത്ത് ചവിട്ടിക്കൊന്ന് ഒരാഴ്ചയ്ക്ക് ശേഷമാണ് വീണ്ടും ഒരാൾ കൂടി കൊല്ലപ്പെട്ടത്. കഴിഞ്ഞ രണ്ടുദിവസങ്ങളിലായി പ്രദേശത്ത് മൂന്നു കാട്ടാനകളുടെ സാന്നിധ്യമുണ്ടായതായി പ്രദേശവാസികൾ പറയുന്നു. ഇന്നലെ വൈകീട്ട് ജീപ്പിന് നേരെ പാഞ്ഞടുത്തതായും നാട്ടു
വയനാട്ടിൽ ഈ വർഷം മാത്രം കാട്ടാന ആക്രമണത്തിൽ പൊലിഞ്ഞത് മൂന്ന് ജീവൻ. വയനാട് കുറുവയിൽ കാട്ടാന ആക്രമണത്തിൽ പരിക്കേറ്റ വെള്ളച്ചാലിൽ പോൾ മരിച്ച സംഭവത്തിന് പിന്നാലെ നാളെ യുഡിഎഫും എൽഡിഎഫും വയനാട്ടിൽ ഹർത്താലിന് ആഹ്വാനം ചെയ്തു. പോളിന്റെ മരണത്തോടെയാണ് ഈ വർഷം വയനാട്ടിൽ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം മൂന്നായത്. ഫെബ്രുവരി പത്തിന് മാനന്തവാടി പടമല സ്വദേശി അജീഷ് കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു. അജീഷിനെ ആക്രമിച്ച ബേലൂർ മഖ്നയെ ഇതുവരെയും പിടികൂടാനായിട്ടില്ല. ഇതിനിടെയാണ് വീണ്ടും കാട്ടാന ആക്രമണത്തിൽ മറ്റൊരാൾ കൂടി കൊല്ലപ്പെട്ട അതിദാരുണ സംഭവം ഉണ്ടായത്. ജനുവരി 30ന് തോൽപ്പെട്ടി സ്വദേശി ലക്ഷ്മണൻ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു.
മറുനാടന് മലയാളി ബ്യൂറോ