- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇന്ത്യന്‍ പൗരന്മാരായ മാതാപിതാക്കളുള്ള ഒരു യുവതിയെ അനധികൃത കുടിയേറ്റക്കാരിയായി എങ്ങനെ പ്രഖ്യാപിക്കും; 2002ലെ വോട്ടര്‍ പട്ടികയിലെ പേര് നിര്‍ണ്ണായകമായി; ഒടുവില്‍ ആ തെറ്റ് കേന്ദ്രം തിരുത്തിയത് സുപ്രീംകോടതി വടിയെടുക്കുമെന്ന ഭയത്തില്‍; സോണാലിയും മകനും സ്വന്തം മണ്ണില്‍ തിരിച്ചെത്തിയ കഥ
ന്യൂഡല്‍ഹി: ഇന്ത്യന്‍ പൗരത്വം ഉണ്ടായിരുന്നിട്ടും ബംഗ്ലാദേശിലേക്ക് നാടുകടത്തപ്പെട്ട ഗര്‍ഭിണിയെയും എട്ടു വയസുളള മകനെയും തിരികെ എത്തിച്ചത് സുപ്രീംകോടതി നിര്‍ദേശം പരിഗണിച്ച്. ബുധനാഴ്ചയാണ് ഇരുവരെയും ബംഗ്ലാദേശില്‍ നിന്ന് തിരികെ കൊണ്ടുവരാന്‍ സുപ്രീം കോടതി കേന്ദ്രസര്‍ക്കാരിനോട് നിര്‍ദ്ദേശിച്ചത്. മാനുഷിക പരിഗണനയുടെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ നടപടികള്‍ അതിവേഗം നടത്തി. ബംഗാളിലെ മാള്‍ഡയിലൂടെയാണ് ഒമ്പത് മാസം ഗര്‍ഭിണിയായ സോണാലി ഖാത്തൂണും മകനും ഇന്ത്യയിലേക്കു തിരികെ പ്രവേശിച്ചത്. ജൂണ്‍ 27 നായിരുന്നു അനധികൃതമായി രാജ്യത്ത് കടന്ന ബംഗ്ലാദേശി പൗരന്മാരാണെന്ന് ആരോപിച്ച് ഡല്‍ഹി പൊലീസ് സോണാലിയും മകനും ഭര്‍ത്താവും ഉള്‍പ്പെടെ 6 പേരെ അറസ്റ്റ് ചെയ്ത ശേഷം ബംഗ്ലാദേശിലേക്കു നാടുകടത്തിയത്. ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജോയ്മല്യ ബാഗ്ചി എന്നിവരടങ്ങിയ ബെഞ്ച് സോണാലിയെ തിരികെ കൊണ്ടുവരാന്‍ കേന്ദ്രത്തോട് നിര്‍ദ്ദേശിക്കുകയായിരുന്നു.
സോണാലിയുടെ പിതാവ് ഭോദു ഷെയ്ക്കിന്റെ ഇന്ത്യന്‍ പൗരത്വം പരിഗണിച്ചായിരുന്നു ഇത്. ഈ പൗരത്വം ചോദ്യം ചെയ്യപ്പെടാത്തതിനാല്‍, പൗരത്വ നിയമപ്രകാരം സോണാലിയും കുട്ടികളും ഇന്ത്യന്‍ പൗരന്മാരായിരിക്കുമെന്നും ജസ്റ്റിസ് ബാഗ്ചി നിരീക്ഷിച്ചിരുന്നു. എസ്ഐആര്‍ വിരുദ്ധ റാലിയില്‍ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയും സോണാലിയുടെ നാടുകടത്തലിനെ വിമര്‍ശിച്ച് രംഗത്തെത്തിയിരുന്നു. ''ഇന്ത്യന്‍ പൗരന്മാരെ എങ്ങനെയാണ് ബംഗ്ലാദേശി എന്ന് മുദ്രകുത്തുന്നത്? സോണാലി ഖാത്തൂണ്‍ ബംഗ്ലാദേശിയായിരുന്നോ? അവര്‍ ഇന്ത്യക്കാരിയായിരുന്നു. ഇന്ത്യന്‍ രേഖകള്‍ ഉണ്ടായിരുന്നിട്ടും, ബിഎസ്എഫിനെ ഉപയോഗിച്ച് നിങ്ങള്‍ അവരെ ബംഗ്ലാദേശിലേക്ക് നാടുകടത്തി'' മമതാ ബാനര്‍ജി തുറന്നടിച്ചിരുന്നു.
26 വയസ്സുകാരിയായ സോണാലി ഖാത്തൂണിനെ അനധികൃത ബംഗ്ലാദേശ് കുടിയേറ്റക്കാരിയായി മുദ്രകുത്തി ഇന്ത്യന്‍ അധികൃതര്‍ അതിര്‍ത്തി കടത്തിവിട്ട സംഭവത്തില്‍ വലിയ വിവാദം ഉയര്‍ന്നിരുന്നു. സോണാലിയുടെ മാതാപിതാക്കള്‍ക്ക് 2002 മുതല്‍ ബംഗാള്‍ വോട്ടര്‍ പട്ടികയില്‍ പേരുണ്ടെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. സോണാലി ഖാത്തൂണിനെ അനധികൃത കുടിയേറ്റക്കാരിയായി കണക്കാക്കുകയും പിന്നീട് ബംഗ്ലാദേശ് അതിര്‍ത്തിയിലേക്ക് തള്ളിവിടുകയും ചെയ്യുകയായിരുന്നു. എന്നാല്‍, സോണാലിയുടെ മാതാപിതാക്കള്‍ക്ക് ഇന്ത്യന്‍ പൗരന്മാരായി, 2002-ലെ ബംഗാള്‍ വോട്ടര്‍ പട്ടികയില്‍ പേരുണ്ടെന്ന വിവരം പുറത്തുവന്നതോടെ വിവാദം പുതിയ തലത്തിലെത്തി. ഇന്ത്യന്‍ പൗരന്മാരായ മാതാപിതാക്കളുള്ള ഒരു യുവതിയെ അനധികൃത കുടിയേറ്റക്കാരിയായി പ്രഖ്യാപിച്ച് നാടുകടത്തിയത് പൗരത്വ നിര്‍ണ്ണയ നടപടികളിലെ അപാകതകളെക്കുറിച്ച് വലിയ ആശങ്കകള്‍ക്ക് വഴിവെച്ചു. ഇതിനിടെയാണ് സുപ്രീകോടതിയുടെ ഇടപെടലുണ്ടായത്.
ബംഗ്ലാദേശില്‍ കുഞ്ഞ് ജനിക്കുകയാണെങ്കില്‍ അതിന്റെ പൗരത്വം എന്തായിരിക്കുമെന്ന ആശങ്ക യുവതിയുടെ പിതാവ് പങ്കുവച്ചിരുന്നു. ഡല്‍ഹിയില്‍ ജോലി ചെയ്തിരുന്ന പശ്ചിമ ബംഗാള്‍ സ്വദേശികളായ കുടിയേറ്റ തൊഴിലാളികളാണ് ഈ വിഷയത്തില്‍ പ്രതിസന്ധിയിലായത്. പശ്ചിമ ബംഗാളിലെ ബിര്‍ഭൂം ജില്ലയിലെ പൈകര്‍ സ്വദേശിയായ ഭോദു ഷെയ്ഖ് തന്റെ മകള്‍ സോനാലിയേയും മരുമകന്‍ ഡാനിഷ് ഷെയ്ഖിനെയും അവരുടെ എട്ട് വയസ്സുള്ള കുട്ടിയെയും ബംഗ്ലാദേശിലേക്ക് തള്ളിവിട്ടതായി ആരോപിച്ചിരുന്നു. ഡല്‍ഹിയില്‍ വെച്ച് കസ്റ്റഡിയിലെടുത്ത ശേഷം അധികൃതര്‍ ഇവരെ ബംഗ്ലാദേശിലേക്ക് കടത്തിവിട്ടെന്നാണ് കുടുംബത്തിന്റെ പരാതി. എട്ടുമാസം ഗര്‍ഭിണിയായ സോണാലിയുടെ കുഞ്ഞ് ബംഗ്ലാദേശില്‍ ജനിച്ചാല്‍ ഇന്ത്യന്‍ പൗരത്വത്തിന് അര്‍ഹതയില്ലാതെ പോകുമോ എന്ന് ഭോദു ഷെയ്ഖ് ഭയപ്പെടുന്നു.
സോണാലി, ഭര്‍ത്താവ് ഡാനിഷ് ഷെയ്ഖ്, എട്ട് വയസ്സുള്ള കുട്ടി എന്നിവരുള്‍പ്പെടെ ആറ് പേരുടെ ഒരു സംഘത്തെ ഏതാനും ആഴ്ചകള്‍ക്ക് മുന്‍പ് ഡല്‍ഹിയില്‍ നിന്ന് കസ്റ്റഡിയിലെടുക്കുകയും പിന്നീട് ബംഗ്ലാദേശിലേക്ക് തള്ളിവിടുകയുമായിരുന്നുവെന്ന് ആരോപിക്കപ്പെടുന്നു. സ്വീറ്റി ബിബിയും രണ്ട് പ്രായപൂര്‍ത്തിയാകാത്ത കുട്ടികളും ഈ സംഘത്തില്‍ ഉള്‍പ്പെടുന്നു. ജൂലൈ മാസത്തില്‍, ഡല്‍ഹിയില്‍ വെച്ച് അറസ്റ്റിലായെന്നും ഇപ്പോള്‍ ബംഗ്ലാദേശിലേക്ക് തള്ളിവിട്ടെന്നും കാണിച്ച് സ്വീറ്റി ബിബി ഒരു വീഡിയോ പുറത്തുവിട്ടിരുന്നു. ഈ വീഡിയോയില്‍ സഹായം അഭ്യര്‍ത്ഥിച്ചിരുന്നു. ബംഗ്ലാദേശില്‍ കുടുങ്ങിയ കുടുംബാംഗങ്ങളെ ഇന്ത്യയിലേക്ക് തിരികെ കൊണ്ടുവരാന്‍ നിയമസഹായം തേടിയിരിക്കുകയും ചെയ്തു ഭോദു ഷെയ്ഖും മറ്റ് കുടുംബങ്ങളും. ഇതോടെയാണ് ഈ വിഷയം സുപ്രീംകോടതിയ്ക്ക് മുന്നിലെത്തിയത്.
കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ഉത്തരവ് അനുസരിച്ച് ബംഗ്ലാദേശിലേക്ക് നാടുകടത്തിയ ഗര്‍ഭിണിയായ സ്ത്രീയെയും അവരുടെ എട്ട് വയസ്സുള്ള മകനെയും തിരികെ കൊണ്ടുവരാമെന്ന് സുപ്രീം കോടതി മുമ്പാകെ സമ്മതിച്ചിരുന്നു കേന്ദ്ര സര്‍ക്കാര്‍. കൊല്‍ക്കത്ത ഹൈക്കോടതി നല്‍കിയ ഉത്തരവ് ചോദ്യം ചെയ്ത് കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ അവധി ഹര്‍ജി നല്‍കിയിരുന്നു. ഇത് പരിഗണിക്കവെയാണ് അമ്മയെയും കുഞ്ഞിനെയും തിരികെ എത്തിക്കണമെന്ന് സുപ്രീം കോടതിയും ആവര്‍ത്തിച്ചത്. ഹൈക്കോടതി ഉത്തരവ് നിലനില്‍ക്കുന്നതാണെന്ന് നിരീക്ഷിച്ചു. സോണാലിയേയും എട്ട് വയസായ മകനെയുമാണ് നുഴഞ്ഞു കയറ്റത്തിന്റെ പേരില്‍ ഡല്‍ഹിയില്‍ വെച്ച് പിടികൂടി തടവിലാക്കി നാടുകടത്തിയത്. ഗര്‍ഭിണിയായ ഇവരുടെ ആരോഗ്യസ്ഥിതി കണക്കിലെടുത്ത് അവര്‍ക്ക് സൗജന്യ പരിചരണവും ആവശ്യമായ സൗകര്യങ്ങളും നല്‍കാമെന്നും കേന്ദ്രം കോടതിയില്‍ സമ്മതിച്ചു.
സെപ്തംബറിലാണ് ഇവരെ തിരികെ കൊണ്ടുവരാന്‍ കല്‍ക്കത്ത ഹൈക്കോടതി ഉത്തരവ് നല്‍കിയിരുന്നത്. ഇത് ചോദ്യം ചെയ് കേന്ദ്ര സര്‍ക്കാര്‍ പ്രത്യേക അവധി ഹര്‍ജിയുമായി സുപ്രീം കോടതിയെ സമീപിക്കയായിരുന്നു. പുറത്താക്കപ്പെട്ട സുനാലിയെയും ബംഗാളില്‍ നിന്നുള്ള മറ്റ് അഞ്ച് കുടിയേറ്റ തൊഴിലാളികളെയും തിരികെ കൊണ്ടുവരാന്‍ സൗകര്യമൊരുക്കണമെന്ന് ജസ്റ്റിസുമാരായ തപബ്രത ചക്രവര്‍ത്തിയും തബ്രത കുമാര്‍ മിത്രയും അടങ്ങുന്ന ഡിവിഷന്‍ ബെഞ്ചാണ് കേന്ദ്ര സര്‍ക്കാരിനോട് നിര്‍ദ്ദേശിച്ചത്. ന്നാല്‍ ഇതിനുള്ള സമയപരിധി അവസാനിക്കുന്നതിന് രണ്ട് ദിവസം മുമ്പ് കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചു. തുടര്‍ന്ന് ഹൈക്കോടതിയുടെ നിര്‍ദ്ദേശം ലംഘിച്ചതിന് കേന്ദ്ര സര്‍ക്കാരിനെതിരെ പശ്ചിമ ബംഗാള്‍ സര്‍ക്കാര്‍ കോടതിയലക്ഷ്യ ഹര്‍ജി ഫയല്‍ ചെയ്തു.
വാദം കേള്‍ക്കലിനിടയില്‍ തന്നെ, ഗര്‍ഭിണിയായ സ്ത്രീയെയും എട്ട് വയസ്സുള്ള മകനെയും മാനുഷിക പരിഗണനയുടെ അടിസ്ഥാനത്തില്‍ തിരികെ കൊണ്ടുവരണമെന്ന് സുപ്രീം കോടതി കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു. അമ്മയെയും കുഞ്ഞിനെയും വേര്‍പെടുത്തരുതെന്നും ഓര്‍മ്മപ്പെടുത്തി. പൗരത്വ നടപടികളുടെ ഭാഗമായുള്ള മെയ് രണ്ടിലെ ആഭ്യന്തര മന്ത്രാലയത്തിന്റെ വിജ്ഞാപനത്തെത്തുടര്‍ന്നാണ് ഗര്‍ഭിണിയായ ഖാത്തൂനെയും മകനെയും പിടികൂടിയത്. വിശദീകരണം ഒന്നുമില്ലാതെ തടങ്കലില്‍ പാര്‍പ്പിച്ച് നാടുകടത്തി. ജൂണ്‍ 26 ന് ഇവരുടെ പിതാവ്, തന്റെ മകളെയും ചെറുമകനെയും മരുമകനെയും നിയമവിരുദ്ധമായി പിടികൂടി തടങ്കലിലാക്കി നാടുകടത്തിയതായി പരാതിയുയമായി ഹൈക്കോടതിയെ സമീപിച്ചു. പശ്ചിമ ബംഗാള്‍ സര്‍ക്കാരും കുടുംബത്തിനൊപ്പം നിന്നു. താന്‍ പശ്ചിമ ബംഗാളിലെ സ്ഥിര താമസക്കാരനാണെന്നും മകളും മരുമകനും ജന്മനാ ഇന്ത്യന്‍ പൗരന്മാരാണെന്നും പിതാവ് ബോധിപ്പിച്ചു.
തന്റെ കുടുംബം പശ്ചിമ ബംഗാളില്‍ നിന്നുള്ളവരാണെന്നും ജോലിക്കും മെച്ചപ്പെട്ട ജീവിതത്തിനുമായി ഡല്‍ഹിയിലേക്ക് മാറേണ്ടി വന്നതാണെന്നും ചൂണ്ടികാട്ടി. സുനാലി ഖാത്തൂണും ഡാനിഷ് ഷെയ്ക്കും ഏകദേശം രണ്ട് പതിറ്റാണ്ടായി ഡല്‍ഹിയില്‍ താമസിക്കുന്നു. അവര്‍ പാഴ് വസ്തുക്കള്‍ ശേഖരിച്ചും വീട്ട് ജോലികള്‍ ചെയ്തുമാണ് ജീവിതം പുലര്‍ത്തിയിരുന്നത്. ഹിന്ദിക്കൊപ്പം ഇവര്‍ ബംഗാളിയും സംസാരിക്കുന്നു നാടുകടത്തപ്പെടാതിരിക്കാന്‍ ഇവര്‍ ഇന്ത്യന്‍ പൗരന്മാരാണെന്ന് തെളിയിക്കുന്ന ഒരു രേഖയും ഹാജരാക്കിയില്ലെന്നായിരുന്നു കേന്ദ്ര സര്‍ക്കാര്‍ നിലപാട്. പിതാവിന്റെ വാദം കേട്ട കല്‍ക്കത്ത ഹൈക്കോടതി അമ്മയെയും കുഞ്ഞിനെയും തിരികെ എത്തിക്കാന്‍ ഉത്തരവ് നല്‍കി. എങ്കിലും സര്‍ക്കാര്‍ നടപടി എടുത്തില്ല.
ശേഖ് ഒരു ഇന്ത്യന്‍ പൗരനാണോ എന്ന് അന്വേഷിക്കാന്‍ ജസ്റ്റിസ് ബാഗ്ചി കേന്ദ്ര സര്‍ക്കാരിനോട് നിര്‍ദ്ദേശിച്ചു. അങ്ങനെയെങ്കില്‍, ജീവശാസ്ത്രപരമായ ബന്ധം വഴി മകളെയും ചെറുമകനെയും ഇന്ത്യന്‍ പൗരന്മാരായി കണക്കാക്കാം എന്നും പറഞ്ഞു. കേസില്‍ ഡിസംബര്‍ 12 ന് കൂടുതല്‍ വാദം കേള്‍ക്കാന്‍ കോടതി തീരുമാനിച്ചിട്ടുണ്ട്.




