തിരുവനന്തപുരം: ബ്രഹ്‌മപുരത്തെ വിവാദമായ സോൺട കമ്പനിയെ സംരക്ഷിക്കുകയാണ് സംസ്ഥാന സർക്കാർ. നിയമസഭയിൽ അടക്കം കമ്പനിയെ പിന്തുണച്ച് രംഗത്തു വരുന്നു. ഇതിനിടെ ബ്രഹ്‌മപുരത്തെ വിവാദമായ സോൺട കമ്പനിക്കെതിരെ ആരോപണവുപമായി മുൻ നോൺ എക്‌സിക്യൂട്ടീവ് ഡയറക്ടമാർ രംഗത്ത് എത്തുകയാണ്. ജർമ്മൻ പൗരനായ പാട്രിക് ബോർ, മലയാളി ഡെന്നിസ് ഈപ്പൻ എന്നിവരാണ് പരാതിക്കാർ. അതീവ ഗുരുതര ആരോപണമാണ് ഉയർത്തുന്നത്.

സോൺടയിലെ പ്രധാനി രാജ്കുമാർ ചെല്ലപ്പൻ പിള്ള നിക്ഷേപം സ്വീകരിച്ച് കബളിപ്പിച്ചുവെന്നാണ് ആരോപണം. ഉന്നത രാഷ്ട്രീയ ബന്ധം ഉയർത്തി ഭീഷണിപ്പെടുത്തിയെന്നും ആരോപണമുണ്ട്. കഴിഞ്ഞ വർഷം ജൂൺ മാസത്തിൽ ഈ കമ്പനിക്കെതിരെ ഇവർ പരാതി നൽകിയിരുന്നു. കമ്പനിയുമായി ബന്ധപ്പെട്ട സാമ്പത്തിക വിഷയമാണ് ഇവർ ഇന്ന് പുറത്തിറക്കിയ പത്രക്കുറിപ്പിൽ ഉന്നയിച്ചിരിക്കുന്നത്. 30 കോടിയിലധികം രൂപ രാജ്കുമാർ പിള്ളയിൽ നിന്നും തിരിച്ചു കിട്ടാനുണ്ട് എന്നാണ് ഇവർ പറയുന്നത്. കഴിഞ്ഞ 4 വർഷമായി ഇതുമായി ബന്ധപ്പെട്ടുള്ള തർക്കങ്ങൾ നടക്കുകയാണ്. ഗുരുതര സാമ്പത്തിക ആരോപണമാണ് ഉയർത്തുന്നത്.

ബ്രഹ്‌മപുരത്തെ തീ കത്തലിനെ കുറിച്ച് ഇന്ത്യയിലെ മാനേജ്‌മെന്റ് അറിയിച്ചില്ലെന്നും പത്രക്കുറിപ്പിലുണ്ട്. വാർത്തകളിലൂടെയാണ് ഇതേ കുറിച്ച് അറിഞ്ഞത്. തങ്ങൾക്ക് ഈ വിഷയത്തിൽ ഒരു പങ്കുമില്ല. കമ്പനി കാര്യങ്ങൾ വർഷങ്ങളായി ഞങ്ങളെ അറിയിക്കുന്നുമില്ലെന്ന് അവർ പത്രക്കുറിപ്പിൽ വിശദീകരിക്കുന്നു. കമ്പനിയുടെ പ്രവർത്തനത്തിൽ വലിയ വിയോജിപ്പുകളുണ്ടെന്നും പറയുന്നു. ഇപ്പോഴും തങ്ങൾ കമ്പനിയുടെ ഭാഗമാണെന്ന് അവകാശപ്പെടും വിധമാണ് പത്രക്കുറിപ്പ്. തൊഴിലാളികളും നിക്ഷേപകരും പങ്കാളികളും ഉപഭോക്താക്കളും എല്ലാം ആശങ്കയിലാണ്. ഇതു പോലെയാണ് നോൺ എക്‌സിക്യൂട്ടീവ് മാനേജ്‌മെന്റ് എന്നും പത്രക്കുറിപ്പിൽ പറയുന്നു. നാലു കൊല്ലമായി വലിയ സാമ്പത്തിക ക്രമക്കേടുകൾ കമ്പനിയിൽ നടക്കുന്നുണ്ട്.

മാനേജിങ് ഡയറക്ടറായ രാജ്കുമാർ ചെല്ലപ്പൻപിള്ള സ്വന്തം ഇഷ്ടപ്രകാരമാണ് കാര്യങ്ങൾ ചെയ്യുന്നതെന്നും അവർ ആരോപിക്കുന്നു. എന്തു പറഞ്ഞാലും രാജ്കുമാർ അനുസരിക്കുന്നില്ലെന്നും വിശദീകരിക്കുന്നു. ഇങ്ങനെ പഴയ പങ്കാളികൾ പോലും സംശയമുയർത്തുന്ന സ്ഥാനപത്തേയാണ് സംസ്ഥാന സർക്കാർ സുതാര്യതയുടെ പ്രതിരൂപമായി ഉയർത്തിക്കാട്ടുന്നത്. അതേസമയം കണ്ണൂർ കോർപറേഷനും സോൺട ഇൻഫ്രാടെകും തമ്മിൽ പോര് നടക്കുകയാണ്. ബയോ മൈനിംഗിനായി അഡ്വാൻസ് നൽകിയ 68 ലക്ഷം തിരികെ നൽകണമെന്ന് നഗരസഭ. പ്രവർത്തിയുടെ മുന്നൊരുക്കത്തിനായി 60 ലക്ഷം ചെലവായതായി സോൺട. എന്നാൽ സോൺടക്ക് ചെലവായത് 7.5 ലക്ഷം മാത്രമെന്നാണ് നഗരസഭ എഞ്ചിനീയറിങ് വിഭാഗത്തിന്റെ വെളിപ്പെടുത്തൽ.

പണം തിരികെ പിടിക്കാൻ നിയമ നടപടികളുമായി കോർപറേഷൻ. സോൺട ഇൻഫ്രാടെക് കമ്പനിക്കെതിരെ കണ്ണൂർ കോർപറേഷൻ രംഗത്തെത്തിയിരുന്നു. സോൺടാ തട്ടിപ്പ് കമ്പനിയെന്ന് കണ്ണൂർ മേയർ ടി ഓ മോഹനൻ പറഞ്ഞു. കോടികളുടെ നഷ്ടമുണ്ടാകുമെന്ന് കണ്ടാണ് മാലിന്യ സംസ്‌കരണത്തിന് സോൺടയുമായുള്ള കരാർ റദ്ദാക്കിയത്. പുതിയ കമ്പനിക്ക് കരാർ നൽകിയതിലൂടെ എട്ടു കോടിയോളം രൂപ ലാഭമുണ്ടായി. മുഖ്യമന്ത്രിയുടെ ഓഫീസിനുൾപ്പെടെ കമ്പനിയുമായി ബന്ധമുണ്ട്.

ബ്രഹ്‌മപുരം മാലിന്യ സംസ്‌കരണത്തിന് കരാർ നൽകിയത് സിപിഎം നേതാവ് വൈക്കം വിശ്വന്റെ മരുമകൻ രാജ്കുമാർ ചെല്ലപ്പൻ പിള്ള എംഡിയായ കമ്പനിക്ക്. 54 കോടി രൂപയുടെ കരാർ നൽകിയത് വ്യവസ്ഥകൾ ലംഘിച്ചെന്ന് ആരോപണം. പ്ലാസിറ്റിക്ക് സംസ്‌കരണത്തിന് കരാറെടുത്ത സോൺട ഇൻഫ്രടെക് എന്ന കമ്പനിക്കെതിരെയാണ് ഗുരുതരമായ ആരോപണങ്ങളുമായി മുൻ മേയർ ടോണി ചെമ്മിണി രംഗത്ത് എത്തിയിരിക്കുന്നത്. ഇതിന് പിന്നാലെയാണ് ബ്രഹ്‌മപുരത്ത് തീ കത്തിയത്.

ബെംഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന കമ്പനിയാണ് സോൺട ഇൻഫ്രാടെക്. 2022- ജനുവരിയിൽ തുടങ്ങി സെപ്റ്റംബറിൽ അവസാനിക്കുന്ന രീതിയിലായിരുന്നു കരാർ. 5,51,903 മെട്രിക്ക് ക്യൂബ് പ്ലാസ്റ്റിക്ക് മാലിന്യം ബയോ മൈനിങ് നടത്തി സംസ്‌കരിക്കുക എന്നതായിരുന്നു കരാർ വ്യവസ്ഥ ചെയ്തിരുന്നത്. എന്നാൽ ഇതിന്റെ കാൽ ഭാഗം മാത്രമാണ് പൂർത്തിയായത്. കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ ഡെവലപ്മെന്റ് കോർപ്പറേഷനാണ് (കെഎസ്ഐഡിസി) ബ്രഹ്‌മപുരത്തെ പ്ലാസ്റ്റിക്ക് മാലിന്യങ്ങളുടെ സംസ്‌കരണത്തിനായി കരാർ ക്ഷണിച്ചത്. 2020- ലായിരുന്നു ടെൻഡർ പൂർത്തിയാക്കിയത്.

25 കോടിയുടെ വാർഷിക ടേണോവറും ബയോമൈനിഗ് വഴിയുള്ള മാലിന്യ സംസ്‌കരണത്തിൽ പത്ത് കോടി രൂപയുടെ പദ്ധതി പൂർത്തിയാക്കിയതിന്റെ അനുഭവ പരിചയവുമായിരുന്നു കരാറിനായുള്ള യോഗ്യത. എന്നാൽ ആദ്യം സമർപ്പിച്ച ടെൻഡറിൽ തിരുനെൽവേലി കോർപ്പറേഷനിലെ പ്രവർത്തി പരിചയമാണ് കാണിച്ചിരുന്നത്. അതിൽ 8.5 കോടിയുടെ ടോട്ടൽ കോൺട്രാക്ട് വാല്യുമാത്രമാണ് ഉണ്ടായിരുന്നത്. ഈ ടെൻഡർ കെഎസ്ഐഡിസി തള്ളിയിരുന്നു.

എന്നാൽ വീണ്ടും കരാർ ക്ഷണിച്ചപ്പോൾ മുൻപ് ഉണ്ടായിരുന്ന തുക തന്നെ തുരുത്തി 10 കോടി എന്ന് രേഖപ്പെടുത്തുകയായിരുന്നു. ഇതിന് പിന്നാലെ ദ്രുതഗതിയിൽ ടെൻഡർ നടപടികൾ പൂർത്തിയാക്കി സോൺട ഇൻഫ്രാടെക്കിന് കരാർ നൽകുകയായിരുന്നു. എന്നാൽ തീപിടുത്തം ഉണ്ടായ ശേഷം ഇത് തങ്ങളുടെ കരാറിൽ പെടുന്ന മേഖലയല്ലെന്ന നിലപാടാണ് സോൺട ഇൻഫ്രാടെക് സ്വീകരിച്ചത്.