- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
സൂര്യയുടെ മരണം അരളിച്ചെടിയുടെ വിഷം ഹൃദ്രോഗത്തിലേക്ക് നയിച്ചെന്ന് പൊലീസ്
ഹരിപ്പാട്: യുകെയിലേക്ക് ജോലിക്കായി പുറപ്പെടും മുമ്പ് ആലപ്പുഴ ഹരിപ്പാട് സ്വദേശിനി കുഴഞ്ഞു വീണു മരിച്ച സംഭവത്തിന് പിന്നിൽ വില്ലനായത് അരളി തന്നെയെന്ന് പൊലീസ് അന്വേഷണ റിപ്പോർട്ട്. പള്ളിപ്പാട് നീണ്ടൂർ കൊണ്ടൂരേത്ത് സൂര്യ സുരേന്ദ്രൻ (24) വിമാനത്താവളത്തിൽ കുഴഞ്ഞുവീണതിനെ തുടർന്ന് മരിച്ച സംഭവത്തിൽ അരളിച്ചെടിയുടെ വിഷം ഉള്ളിൽ ചെന്നതാണു ഹൃദ്രോഗത്തിലേക്കു നയിച്ചതെന്ന് പൊലീസിന്റെ പ്രാഥമിക റിപ്പോർട്ട്.
നഴ്‌സായ സൂര്യ വിദേശത്തു ജോലിക്കായി പുറപ്പെടുമ്പോഴായിരുന്നു അത്യാഹിതം. ഇവരുടെ വീടിനു പരിസരത്തെ അരളിച്ചെടിയുടെ ഇലയും പൂവും സൂര്യയുടെ രക്തസാംപിളും മൂന്നാഴ്ച മുൻപ് തിരുവനന്തപുരത്തെ ലാബിൽ വിദഗ്ധ പരിശോധനയ്ക്ക് അയച്ചതിന്റെ ഫലം കിട്ടിയിട്ടില്ല. അതു ലഭിച്ചാലേ അരളിച്ചെടിയുടെ വിഷം ഉള്ളിൽ ചെന്നിരുന്നോ എന്നു സ്ഥിരീകരിക്കാനാകൂ. അതിനു ശേഷമാകും പൊലീസ് അന്തിമ റിപ്പോർട്ട് നൽകുക.
കഴിഞ്ഞ 28നാണ് സൂര്യ വിമാനത്താവളത്തിൽ കുഴഞ്ഞു വീണത്. തുടർന്ന് ചികിത്സയിലിരിക്കെ മരിച്ചു. അസ്വാഭാവിക മരണത്തിന് കേസ് എടുത്ത പൊലീസ് ഇവരെ ചികിത്സിച്ച ഡോക്ടർമാരുടെ മൊഴിയെടുത്തിരുന്നു. യാത്ര പുറപ്പെടുന്നതിനു മുൻപ് ഫോണിൽ സംസാരിച്ചു നടക്കുമ്പോൾ അശ്രദ്ധമായി ഏതോ ചെടിയുടെ ഇലയും പൂവും നുള്ളി വായിലിട്ടു ചവച്ചെന്നും അപ്പോൾ തന്നെ തുപ്പിക്കളഞ്ഞെന്നും സൂര്യ ഡോക്ടർമാരോടു പറഞ്ഞിരുന്നു. പരിശോധനയിൽ ഇത് അരളിച്ചെടിയാണെന്നു കണ്ടെത്തി.
ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ്‌മോർട്ടത്തിനു ശേഷം ആന്തരികാവയവ പരിശോധനയ്ക്കാണു തിരുവനന്തപുരത്തെ ലാബിലേക്ക് അയച്ചത്. സൂര്യയുടെ മരണത്തിൽ മറ്റു സംശയങ്ങളൊന്നുമില്ലെന്നും കേസ് അന്വേഷിക്കുന്ന ഹരിപ്പാട് എസ്എച്ച്ഒ: കെ.അഭിലാഷ് കുമാർ പറഞ്ഞു. അരളിച്ചെടിയുടെ ഇലകൾക്കും പൂവിനും കായ്ക്കുമെല്ലാം വിഷാംശമുണ്ടെന്നും മരണകാരണമാകാമെന്നും വിദഗ്ദ്ധർ ചൂണ്ടിക്കാട്ടിയിരുന്നു. തുടർന്ന് പല ദേവസ്വം ബോർഡുകളും അരളിപ്പൂ നിവേദ്യത്തിൽ ഇടുന്നതു നിരോധിച്ചിട്ടുണ്ട്.
അരളി കൊടിയ വിഷം തന്നെ
ശാസ്ത്ര പ്രചാരനും സോഷ്യൽ മീഡിയ ആക്റ്റീവിസ്റ്റുമായ സുരേഷ് സി പിള്ള ഫേസ്‌ബുക്കിൽ ഇങ്ങനെ കുറിക്കുന്നു. 'അരളി പൂവ് പൂജക്ക് ക്ഷേത്രങ്ങളിലും, വീടുകളിലും എടുക്കരുത്. വീട്ടിൽ ഉണ്ടെങ്കിൽ വെട്ടി കളയുക. ദേവസ്വം ബോർഡ് ക്ഷേത്രങ്ങളിൽ ഉടനെ നിരോധിക്കാൻ നടപടി എടുക്കണം. കൊടിയ വിഷമാണ്. പായസങ്ങളിലും നിവേദ്യങ്ങളിലും ഒരു ഇതൾ പോലും ഇടരുത്. 2018 മുതൽ പലപ്പോളായി എഴുതിയിട്ടുള്ളതാണ്.
(മനോരമയിൽ കാഴ്‌ച്ചപ്പാട് പംക്തിയിൽ 2023 ഓഗസ്റ്റിൽ പ്രസിദ്ധീകരിച്ച ലേഖനം. ഇപ്പോൾ വീണ്ടും അരളി ചർച്ചയിൽ വന്നതിനാൽ റീപോസ്റ്റ് ചെയ്യുന്നു). 'അരളിപ്പൂങ്കാടുകൾ വളരിപ്പുൽ മേടുകൾ, അകലുന്നൂ വീടുകൾ തോടുകൾ നാടുകൾ....' ഈ സിനിമാ പാട്ട് കേട്ടിട്ടുണ്ടോ?പാട്ടു കൊള്ളാമെങ്കിലും, അരളി അത്ര ചില്ലറക്കാരൻ അല്ല. അലങ്കാര സസ്യങ്ങളിൽ ഏറ്റവും വിഷമുള്ള ഇനങ്ങളിലൊന്നാണ് അരളി. ഇതിന്റെ പൂവും, തണ്ടും, വേരും എല്ലാം ഉഗ്രവിഷമാണ്. നെറിയം ഒലിയാൻഡർ എന്നാണ് അരളിയുടെ ശാസ്ത്രീയ നാമം. പാലമരങ്ങൾ ഉൾപ്പെടുന്ന അപ്പോസൈനേസി എന്ന സസ്യകുടുംബത്തിൽപെട്ട ചെടിയാണിത്.
ഇത് കൂട്ടിയിട്ടു കത്തിക്കുന്ന പുകയും മാരകമാണ്. കോളാമ്പി ചെടി, അല്ലെങ്കിൽ മഞ്ഞ അരളി തുടങ്ങിയവയും വിഷമയമാണ്. ഒലിയാൻഡ്രിൻ, ഒലിയാൻഡ്രിജൻ എന്ന രണ്ട് രാസവസ്തുക്കളാണ് ഈ ചെടിയെയും, പൂക്കളെയും വിഷമയമാക്കുന്നത്. ഈ ചെടിയുടെ കായ അല്ലെങ്കിൽ ഇലകൾ കഴിച്ച് ഒട്ടേറെ അപകടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 2021 ൽ ഫൊറൻസിക് സയൻസ്, മെഡിസിൻ & പതോളജി എന്ന ജേണൽ അരളിയിലകൾ കഴിച്ച് ആത്മഹത്യ ചെയ്ത അസാധാരണ കേസ് റിപ്പോർട്ട് ചെയ്തിരുന്നു. 71 വയസുള്ള ഒരു ലബോറട്ടറി ടെക്നീഷ്യനാണ് ഇങ്ങനെ മരിച്ചത്. വളർത്തു മൃഗങ്ങൾക്ക് അരളിയുടെ ഇലയോ, പൂവോ കഴിക്കാൻ കൊടുക്കരുത്. വീടുകളിൽ, സ്‌കൂളുകളിൽ കോളാമ്പി ചെടി, അരളി ഒക്കെയുണ്ടെങ്കിൽ നശിപ്പിക്കുന്നതാണ് ഉത്തമം. "- സുരേഷ് സി പിള്ള ചൂണ്ടിക്കാട്ടുന്നു.
അരളി ചെടിയുടെ പൂവും ഇലയും ഉള്ളിൽ ചെല്ലുന്നത് ഹൃദയസ്തംഭനത്തിനു കാരണമാവാം. സൂര്യയെ പോസ്റ്റുമാർട്ടം ചെയ്ത ഡോക്ടറും അരളിച്ചെടിയുടെ വിഷം മരണ കാരണം ആയേക്കാം എന്ന് പൊലീസിനോട് പറഞ്ഞിട്ടുണ്ട്. എന്നാൽ സൂര്യയുടെ ആമാശയത്തിൽ നിന്ന് ഇതിന്റെ അവശിഷ്ടങ്ങൾ ഒന്നും ലഭിച്ചിട്ടില്ല. ഇലയും പൂവും ചവച്ചു തുപ്പിയതിനാൽ ചാറ് മാത്രം ഉള്ളിൽ ചെന്നതാവാം എന്നാണ് അനുമാനം.
നാലുഗ്രാം അകത്തു ചെന്നാൽ വിഷബാധ
പറമ്പുകളിലും മറ്റും വളർന്നുവന്നിരുന്ന റോസ് അരളി ഇപ്പോൾ അലങ്കാര സസ്യമായി മാറിയിരിക്കുകയാണ്. ദേശീയപാതയുടെ മീഡിയനിൽ നിരനിരയായി പൂത്തുനിൽക്കുന്നത് കാണാൻ നല്ല ഭംഗിയാണ്. രണ്ടോ മൂന്നോ മീറ്റർ മാത്രം ഉയരം വയ്ക്കുന്ന ഈ സസ്യം, ജലം ആവശ്യമില്ലാതെ വളരുമെന്നതിനാൽ ഹൈവേയിലും ഡിവൈഡറുകളിലും മറ്റു പരിപാലനം ആവശ്യം ഇല്ലാത്ത തരം പൂന്തോട്ടങ്ങളിലും വ്യാപകമാണ്. പക്ഷേ സസ്യലോകത്ത് തന്നെ അടിമുടി വിഷാംശം അടങ്ങിയ സസ്യം ഏതെന്ന് ചോദിച്ചാൽ അരളി എന്നതായിരിക്കും ഏറ്റവും നല്ല മറുപടി. വേരുകൾ, ഇലകൾ, തണ്ട്, വെള്ള നിറമുള്ള പാല്, പൂക്കൾ തുടങ്ങി സസ്യത്തിന്റെ എല്ലാ ഭാഗങ്ങളിലും വിവിധയിനം വിഷാംശം അടങ്ങിയിരിക്കുന്നു.
ഒന്നോ രണ്ടോ ഇലകളോ ഏതാനും പൂക്കളോ അറിഞ്ഞോ അറിയാതെയോ ഉള്ളിലേക്ക് ചെന്നാൽ മരണം വരെ സംഭവിക്കാവുന്ന തരത്തിൽ വിഷബാധ ഉണ്ടായേക്കാം. ചില പഠനങ്ങൾ അനുസരിച്ച് കേവലം നാല് ഗ്രാം ഇല അകത്തു ചെന്നാൽ തന്നെ വിഷബാധ ഉണ്ടാകാം. ഇലകളിലെയും പൂക്കളിലെയും വിഷാംശം അതിന്റെ വളർച്ചാഘട്ടം അനുസരിച്ച് മാറാവുന്നതാണ്. അരളിയുടെ കമ്പിൽ കോർത്തുവെച്ച മാംസഭാഗങ്ങൾ ബാർബിക്യു ചെയ്തതിനുശേഷം ഭക്ഷിച്ച ആളുകളിലും അരളിച്ചെടി കൂട്ടിയിട്ട് കത്തിച്ച് പുക ശ്വസിച്ച ആളുകളിലും വരെ വിഷബാധ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. അരളി ഇലകൾ കമ്പോസ്റ്റ് ആക്കി ആ കമ്പോസ്റ്റ് ഇട്ടു വളർത്തിയ മറ്റ് സസ്യങ്ങളിൽ പോലും അരളിയിലെ വിഷാംശങ്ങൾ കടന്നുകൂടിയതായി പഠനങ്ങൾ കാണിക്കുന്നുണ്ട്.
തലകറക്കം, ഛർദി എന്നിവ ഇതിന്റെ വിഷബാധയുടെ ആദ്യ ലക്ഷണങ്ങളാണ് എന്നാൽ തുടർന്ന് ഹൃദയത്തിന്റെ പ്രവർത്തനം താളം തെറ്റുകയും വിഷബാധയുടെ മറ്റ് ലക്ഷണങ്ങളായ ഉയർന്ന ഹൃദയ മിടിപ്പ്, തലവേദന, ബോധക്ഷയം, തളർച്ച എന്നിവയെല്ലാം കാണിക്കുകയും ചെയ്യുന്നു. വിഷാംശം ഉള്ളിൽ ചെന്നു എന്ന് സംശയം ഉണ്ടായാൽ എത്രയും വേഗത്തിൽ വൈദ്യസഹായം തേടേണ്ടത് അനിവാര്യമാകുന്നു.