സോള്‍: വിവാദമായ അടിയന്തര പട്ടാള നിയമം പിന്‍വലിച്ചിട്ടും ദക്ഷിണ കൊറിയന്‍ പ്രസിഡന്റ് യൂന്‍ സൂക് യോലിന് രാഷ്ട്രീയ ജീവിതത്തില്‍, രക്ഷാമാര്‍ഗ്ഗങ്ങള്‍ അടയുകയാണ്.


രാജ്യമൊട്ടാകെ പ്രസിഡന്റിന്റെ രാജി ആവശ്യപ്പെട്ടുള്ള പ്രതിഷേധം നടക്കുന്നതിനിടെ, പ്രസിഡന്റിനെ ഇംപീച്ച് ചെയ്യണമെന്ന് ആവശ്യപ്പെട്ടുള്ള പ്രമേയം പ്രതിപക്ഷം പാര്‍ലമെന്റിന്റെ മേശപ്പുറത്ത് വച്ചിരിക്കുകയാണ്. എരിതീയില്‍ എണ്ണയൊഴിക്കുന്ന പോലെ യൂന്‍ സുക് യോലിനെ ഉടന്‍ പുറത്താക്കിയില്ലെങ്കില്‍ മഹാ അപകടകാരിയാണെന്ന് ഭരണകക്ഷിയായ സ്വന്തം പാര്‍ട്ടി തലവന്‍ തുറന്നടിച്ചിരിക്കുകയാണ്. പട്ടാള നിയമം പ്രഖ്യാപിച്ചതു പോലെയുള്ള കടുത്ത നടപടികള്‍ അദ്ദേഹം ഇനിയും സ്വീകരിക്കാന്‍ സാധ്യതയുണ്ടെന്നും പീപ്പിള്‍ പവര്‍ പാര്‍ട്ടി തലവന്‍ ഹാന്‍ ദോങ് ഹൂന്‍ മുന്നറിയിപ്പ് നല്‍കി.

പാര്‍ട്ടി നേതൃത്വത്തിന്റെ അടിയന്തര യോഗത്തിലാണ് അധ്യക്ഷന്‍ പ്രസിഡന്റിനെതിരെ നടപടി ആവശ്യപ്പെട്ടത്. ഇതോടെ, പ്രസിഡന്റിനെ ഇംപീച്ച് ചെയ്യാന്‍ പ്രതിപക്ഷം പാര്‍ലമെന്റില്‍ അവതരിപ്പിച്ച പ്രമേയം പാസാകുമെന്ന് ഉറപ്പായി. ശനിയാഴ്ചയാണ് പ്രമേയത്തിന്മേലുള്ള വോട്ടെടുപ്പ് നടക്കുക. 300 അംഗ പാര്‍ലമെന്റില്‍ പ്രമേയം പാസാക്കാന്‍ ഭരണകക്ഷിയുടെ എട്ട് വോട്ടുകള്‍ മാത്രമാണ് പ്രതിപക്ഷത്തിന് ആവശ്യം.

പൊതുജനപിന്തുണ ചോര്‍ന്നുപോകുന്നതിനിടെ, യൂന്‍ സൂക് യോലിന്റെ പഴയ ചില അബദ്ധങ്ങളും വീണ്ടും വെളിച്ചത്ത് വരികയാണ്. ഫസ്റ്റ് ലേഡി കിം ക്യോന്‍ പീയുടെ ഡിയോര്‍ ആഡംബര ഹാന്‍ഡ് ബാഗാണ് പ്രസിഡന്റിനെ രാഷ്ട്രീയ കോളിളക്കങ്ങള്‍ക്കിടെ അസ്വസ്ഥനാക്കുന്നത്. സംഭവം 2022 ല്‍ നടന്നതാണെങ്കിലും 2023 ലാണ് പൊന്തി വന്നത്. ഈ വര്‍ഷം അതൊരു രാഷ്ട്രീയ കൊടുങ്കാറ്റായി മാറുകയും ചെയ്തു.

ഡിയോര്‍ ഹാന്‍ഡ് ബാഗ് കൊണ്ടുവന്ന തലവേദന

സംഭവത്തില്‍ കിം ക്യോന്‍ പീക്കെതിരെ ക്രിമിനല്‍ കുറ്റം പ്രോസിക്യൂട്ടര്‍മാര്‍ ഒഴിവാക്കിയിട്ടുണ്ട്. എന്നാല്‍ കിമ്മിന്റെ കയ്യില്‍ പ്രത്യക്ഷപ്പെട്ട ആഡംബര ബാഗ് കൈക്കൂലിയായിരുന്നു എന്നും സ്വതന്ത്ര അന്വേഷണം വേണമെന്നുമാണ് പ്രതിപക്ഷത്തിന്റെ ആവശ്യം. യൂനും കിമ്മും ആരോപണങ്ങള്‍ നിഷേധിക്കുകയും ചെയ്തു.

കൊറിയന്‍-അമേരിക്കന്‍ വംശജനായ പാസ്റ്റര്‍ ചോയി ജെ യങ്ങില്‍ നിന്ന് 2,200 ഡോളര്‍ (ഏകദേശം 1.86 ലക്ഷം രൂപ) വിലമതിക്കുന്ന ബാഗ് സമ്മാനമായി ഹീ സ്വീകരിക്കുന്ന വീഡിയോ പ്രചരിച്ചതോടെയാണ് വിവാദം പൊട്ടിപ്പുറപ്പെട്ടത്. വാച്ചില്‍ ഒളിപ്പിച്ചുവച്ച ക്യാമറയിലൂടെയാണ് വിവാദ വീഡിയോ ചോയി റെക്കോഡ് ചെയ്തത്. അയല്‍രാജ്യമായ ഉത്തര കൊറിയയ്ക്ക് എതിരെ പ്രസിഡന്റ് സ്വീകരിക്കുന്ന കടുത്ത നിലപാടിനെ വിമര്‍ശിക്കുന്ന ആളാണ് ചോയി. കിമ്മിന്റെ നേതൃത്വത്തിലുള്ള ആസൂത്രണ സ്ഥാപനത്തിലേക്ക് ചോയി നടന്നടുക്കുന്നതാണ് വീഡിയോയില്‍ കാണുന്നത്. അവിടെവച്ച് ചോയി കിമ്മിന് ഒരു ഷോപ്പിങ് ബാഗ് നല്‍കുന്നു. ആ ബാഗില്‍ ഡിയോര്‍ ഹാര്‍ഡ് ബാഗും ഉണ്ടായിരുന്നു. ' എന്തിനാണ് ഇത് കൊണ്ടുവന്നത്. ഇത്രയും വിലപിടിപ്പുള്ളതൊന്നും വാങ്ങരുത്, എന്ന് കിം പറയുന്നത് വീഡിയോയില്‍ കേള്‍ക്കാം. ബാഗ് കിമ്മിന് കൈമാറുന്നതോ അവര്‍ വാങ്ങുന്നതോ ദൃശ്യങ്ങളിലുണ്ടായിരുന്നില്ല. പക്ഷേ മേശപ്പുറത്തുവച്ച ഡിയോര്‍ ബാഗ് കിമ്മിനും പ്രസിഡന്റിനും വിനയായി.

ഒരുവര്‍ഷത്തിന് ശേഷം ഇടതുചായ് വുള്ള യൂനിന്റെ നയങ്ങളെ എതിര്‍ക്കുന്ന രാഷ്ട്രീയ സൈറ്റിലാണ് വീഡിയോ പ്രത്യക്ഷപ്പെട്ടത്. അധികാരം ഉപയോഗിച്ച് വ്യക്തിപരമായ നേട്ടങ്ങള്‍ കൈവരിക്കുന്നവര്‍ എന്ന മോശം പ്രതിച്ഛായ ഇതോടെ കിമ്മിനും ഭര്‍ത്താവിനും വീണു. 2022 ല്‍ നടന്ന സംഭവത്തിന്റെ പേരില്‍ ഈ വര്‍ഷം ജൂലൈയില്‍ കിമ്മിനെ പ്രോസിക്യൂട്ടര്‍മാര്‍ 12 മണിക്കൂറോളം ചോദ്യം ചെയ്തു. ആഡംബര ബാഗ് കൊടുത്തതിന് പകരം പ്രതിഫലമായി എന്തെങ്കിലും ചെയ്തുകൊടുത്തതായി പ്രോസിക്യൂട്ടര്‍മാര്‍ക്ക് തെളിവ് കണ്ടെത്താനായില്ല.

പുതിയ സംഭവ വികാസങ്ങളുടെ പശ്ചാത്തലത്തില്‍ പഴയ ബാഗ് വിവാദവും പൊന്തി വന്നിരിക്കുകയാണ്. പ്രതിരോധ മന്ത്രി കിം യോംഗ് ഹ്യൂനിന്റെ രാജി സ്വീകരിച്ചതിന് പിന്നാലെ പ്രസിഡന്റിനോട് പാര്‍ട്ടിയില്‍ നിന്ന് ഒഴിവാകാനാണ് ഭരണ പക്ഷ പാര്‍ട്ടി ആവശ്യപ്പെട്ടിരിക്കുന്നത്. ഏറെ വിവാദമായ അടിയന്തര പട്ടാള നിയമത്തെ ചൊല്ലി പ്രതിരോധ മന്ത്രി ക്ഷമാപണം നടത്തിയതിന് പിന്നാലെ പ്രസിഡന്റ് യൂന്‍ സൂക് യിയോളിന് രാജി നല്‍കിയിരുന്നു. പ്രതിഷേധം ശക്തമായതോടെ് നിയമം പ്രഖ്യാപിച്ച് 6 മണിക്കൂറിനുള്ളിലാണ് പട്ടാള നിയമം പിന്‍വലിച്ച് ഉത്തരവിറക്കിയത്