- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
'ജോലിയുടെ ഭാഗമായുള്ള സന്ദേശങ്ങള്‍ മാത്രമാണ് അയച്ചത്; മോശമായ സന്ദേശങ്ങള്‍ അയച്ചിട്ടില്ല; ആരോപണത്തിന് പിന്നില്‍ ഗൂഢാലോചന'; പരാതി നല്‍കിയ വനിതാ എസ്‌ഐമാര്‍ക്ക് എതിരെ എസ് പി വിനോദ് കുമാര്‍; ഡിജിപിക്ക് പരാതി നല്‍കി
പരാതി നല്‍കിയ വനിതാ എസ്‌ഐമാര്‍ക്ക് എതിരെ എസ് പി വിനോദ് കുമാര്‍; ഡിജിപിക്ക് പരാതി നല്‍കി
തിരുവനന്തപുരം: മുതിര്‍ന്ന ഐപിഎസ് ഉദ്യോഗസ്ഥന്‍ മോശമായി പെരുമാറിയെന്ന പരാതി നല്‍കിയ വനിതാ എസ്‌ഐമാരെ 'ഗൂഢാലോചന'യില്‍ കുരുക്കാന്‍ ആരോപണ വിധേയനായ എസ്പി വി ജി വിനോദ് കുമാറിന്റെ നീക്കം. സംസ്ഥാന പൊലീസ് സേനയ്ക്ക് അപമാനമായി മാറിയ പരാതിയില്‍ അന്വേഷണം പ്രഖ്യാപിച്ചതിന് പിന്നാലെയാണ് വനിതാ എസ്‌ഐമാര്‍ തനിക്കെതിരെ ഗൂഢാലോചന നടത്തിയെന്ന വാദവുമായി വി ജി വിനോദ് കുമാര്‍ രംഗത്ത് വന്നത്.
വനിതാ എസ്‌ഐമാര്‍ക്ക് താന്‍ മോശമായ തരത്തില്‍ സന്ദേശങ്ങള്‍ അയച്ചിട്ടില്ലെന്നും ജോലിയുടെ ഭാഗമായുള്ള സന്ദേശങ്ങള്‍ മാത്രമാണ് അയച്ചതെന്നും ഇദ്ദേഹം ഡിജിപിക്ക് നല്‍കിയ പരാതിയില്‍ വിശദീകരിക്കുന്നു. ഡ്യൂട്ടിയുടെ ഭാഗമായി മാത്രമാണ് എസ് പി എന്ന നിലയില്‍ സന്ദേശങ്ങള്‍ അയച്ചത്. പോഷ് ആക്ടിന്റെ പരിധിയിലുള്ള അന്വേഷണം അവസാനിപ്പിക്കണം. എസ്‌ഐമാര്‍ക്കെതിരെ ഗൂഢാലോചനയിലും അന്വേഷണം വേണമെന്നും അദ്ദേഹം ഡിജിപിക്ക് നല്‍കിയ പരാതിയില്‍ ആവശ്യപ്പെടുന്നു. മുന്‍ പത്തനംതിട്ട ജില്ലാ പൊലീസ് മേധാവിയായിരുന്നു വിനോദ് കുമാര്‍.
മോശം സന്ദേശങ്ങള്‍ അയച്ചെന്ന് ആരോപിച്ചാണ് എസ്പിക്കെതിരെ രണ്ട് വനിതാ എസ്‌ഐമാര്‍ പരാതി നല്‍കിയത്. സ്ത്രീകളുടെയും കുട്ടികളുടെയും പരാതി അന്വേഷിക്കുന്ന ഡിഐജി അജിതാ ബീഗത്തിനാണ് പരാതി നല്‍കിയത്. സംഭവത്തില്‍ പൊലീസ് ആസ്ഥാനത്തെ എസ്പി മെറിന്‍ ജോസഫിന് അന്വേഷണച്ചുമതല നല്‍കി. ഉദ്യോഗസ്ഥരുടെ മൊഴി രേഖപ്പെടുത്തി. വിശദമായ റിപ്പോര്‍ട്ട് പൊലീസ് മേധാവിക്ക് കൈമാറിയിരുന്നു. ജോലി സ്ഥലത്ത് സ്ത്രീകള്‍ക്കെതിരെയുള്ള ലൈംഗിക അതിക്രമം തടയുന്നതിനുള്ള 'പോഷ്' നിയമപ്രകാരം അന്വേഷിക്കാന്‍ പൊലീസ് മേധാവി നിര്‍ദേശം നല്‍കുകയായിരുന്നു.
നേരിട്ട് എസ്‌ഐമാരായി സേനയിലെത്തിയവരാണ് ഐപിഎസ് ഉദ്യോഗസ്ഥനെതിരെ പരാതി നല്‍കിയത്. നേരത്തെ ജില്ലാ പൊലീസ് മേധാവിയായിരുന്ന ഈ ഉദ്യോഗസ്ഥന്‍ ഇപ്പോള്‍ തലസ്ഥാനത്ത് സുപ്രധാന പദവിയിലാണ് ഉള്ളത്. പരാതിക്കൊപ്പം സന്ദേശങ്ങളുടെ വിവരങ്ങളും വനിതാ ഉദ്യോഗസ്ഥര്‍ കൈമാറിയിരുന്നു. കുറ്റക്കാരനാണെന്ന് കണ്ടെത്തിയാല്‍ വകുപ്പുതല നടപടികള്‍ ഉണ്ടാകും.
തെക്കന്‍ ജില്ലയില്‍ ജില്ലാ പൊലീസ് മേധാവിയായിരിക്കെ മോശം സന്ദേശങ്ങള്‍ അയച്ചെന്നാണ് പരാതിയില്‍ പറയുന്നത്. അതീവ രഹസ്യമായി ആയിരുന്നു പരാതിയില്‍ അന്വേഷണം നടന്നത്. രണ്ട് വനിതാ ഉദ്യോഗസ്ഥരും പരാതിയില്‍ ഉറച്ചുനില്‍ക്കുന്നുണ്ട്. ആഴ്ചകള്‍ക്ക് മുന്‍പാണ് ഐപിഎസ് ഉദ്യോഗസ്ഥനെതിരെ എസ്ഐമാര്‍ പരാതി നല്‍കിയതെന്നാണ് വിവരം.