തിരുവനന്തപുരം: നഗരത്തിന്റെ ഹൃദയഭാഗത്ത്, ഭരണസിരാകേന്ദ്രമായ സെക്രട്ടറിയേറ്റിന്റെ തൊട്ടുമൂക്കിന് താഴെ 'സ്പാ' എന്ന ബോര്‍ഡിന് പിന്നില്‍ നടന്നത് ഞെട്ടിക്കുന്ന ഇടപാടുകളോ? 'ആര്‍ഷഭാരത സംസ്‌കാരം' നാടുനീളെ പ്രസംഗിച്ചു നടക്കുന്ന ഉന്നത ബിജെപി നേതാവിന്റെ ഉടമസ്ഥതയിലുള്ള സ്ഥാപനത്തില്‍ നടന്നത് സദാചാര വിരുദ്ധ പ്രവര്‍ത്തനങ്ങളും ക്രോസ് മസാജിംഗുമാണെന്ന വാര്‍ത്ത. സന്ദീപ് വാര്യരാണ് വിവാദം ആളിക്കത്തിക്കുന്നത്. പകല്‍ ഖദറിട്ടു നടക്കുകയും രാത്രിയാകുമ്പോള്‍ അനാശാസ്യത്തിന് കുടപിടിക്കുകയും ചെയ്യുന്ന 'പകല്‍മാന്യന്മാരുടെ' തനിനിറമാണ് മേയര്‍ വിവി വിവി രാജേഷിന്റെ മിന്നല്‍ പരിശോധനയിലൂടെ പുറത്തായിരിക്കുന്നത് എന്ന് സന്ദീപ് പറയുന്നു.

സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖരന്റെ മനസാക്ഷി സൂക്ഷിപ്പുകാരനും ബിജെപിയുടെ പ്രമുഖ സംസ്ഥാന നേതാവുമായ ഷൈന്‍ ലാലാണ് ഈ വിവാദ സ്പായ്ക്ക് പിന്നിലെന്ന വെളിപ്പെടുത്തലുമായി സന്ദീപ് വാര്യര്‍ രംഗത്തെത്തിയതോടെ ബിജെപി പാളയത്തില്‍ വലിയ വിവാദം വീണ അവസ്ഥയാണ്. തിരുവനന്തപുരത്ത് സ്പര്‍ശന്‍ സ്പാ വിവാദം പുതിയ തലത്തിലെത്തുകയാണ്.

പാങ്ങോട് സ്വദേശിയായ മനോഹരന്‍ എന്നയാളുടെ പേരിലാണ് സ്പാ പ്രവര്‍ത്തിച്ചിരുന്നത്. എന്നാല്‍ ഇത് വെറുമൊരു പേരല്ല. ലോക്സഭാ തിരഞ്ഞെടുപ്പില്‍ മത്സരിച്ച ബിജെപി നേതാവ് ഷൈന്‍ ലാല്‍ തന്റെ പിതാവിന്റെ പേരായി സത്യവാങ്മൂലത്തില്‍ നല്‍കിയിരിക്കുന്നതും ഇതേ 'മനോഹരന്‍' എന്നാണ്. ഇത് വെറുമൊരു യാദൃശ്ചികതയല്ല, മറിച്ച് നിയമത്തിന്റെ കണ്ണില്‍ പൊടിയിടാനുള്ള നേതാവിന്റെ തന്ത്രമായിരുന്നുവെന്നാണ് ആരോപണം. നഗരസഭയുടെ ലൈസന്‍സില്ല, അനുമതിയില്ല... എന്നിട്ടും അതീവ സുരക്ഷയോടെ പ്രീമിയം സൗകര്യങ്ങളില്‍ ഇവിടെ നടന്നത് എന്തൊക്കെയാണെന്നത് ദുരൂഹമായി തുടരുന്നു.

'ഇത് രാജീവ് ചന്ദ്രശേഖരന് രാജേഷ് കൊടുത്ത പണിയാണ്' എന്നാണ് സന്ദീപ് വാര്യര്‍ ഫേസ്ബുക്കില്‍ കുറിച്ചത്. സദാചാര വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് കൂട്ടുനിന്ന നേതാവിനെ സംരക്ഷിക്കുന്നതിലൂടെ രാജീവ് ചന്ദ്രശേഖരനും പ്രതിക്കൂട്ടിലാവുകയാണ്. 'ഈ തിരഞ്ഞെടുപ്പ് ബിജെപിക്ക് ഹാപ്പി എന്‍ഡിംഗ് ആയിരിക്കില്ല' എന്ന സന്ദീപിന്റെ വാക്കുകളില്‍ ഒളിഞ്ഞിരിക്കുന്നത് വരാനിരിക്കുന്ന വലിയ പൊട്ടിത്തെറികളുടെ സൂചനയാണ്.

തൃക്കണ്ണാപുരത്ത് കൗണ്‍സിലറാകാന്‍ കൊതിച്ച ആര്‍എസ്എസ് പ്രവര്‍ത്തകന്‍ ആനന്ദ് തമ്പിയുടെ ദാരുണമായ ആത്മഹത്യക്ക് പിന്നിലും ഈ നേതാവിന്റെ കരങ്ങളുണ്ടായിരുന്നുവെന്ന് അന്ന് വാര്‍ത്തകളുണ്ടായിരുന്നു. ആനന്ദിന് സീറ്റ് നിഷേധിച്ചതിന് പിന്നില്‍ ഷൈന്‍ ലാലിന്റെ കുതന്ത്രങ്ങളായിരുന്നുവത്രെ. അന്ന് ഒരു യുവാവിനെ മരണത്തിലേക്ക് തള്ളിവിട്ട കര്‍മ്മഫലമാണ് ഇപ്പോള്‍ 'സ്പാ' രൂപത്തില്‍ നേതാവിനെ തേടിയെത്തിയിരിക്കുന്നതെന്ന് വിശ്വസിക്കുന്നവരും പാര്‍ട്ടിയിലുണ്ട്.

ഇത്രയൊക്കെ നടന്നിട്ടും പോലീസ് അനങ്ങുന്നില്ല. പരാതിക്കാരിയെ സ്വാധീനിച്ച് കേസ് ഒതുക്കിത്തീര്‍ക്കാന്‍ വമ്പന്‍ സ്രാവുകള്‍ അണിയറയില്‍ കളിക്കുന്നുണ്ടെന്നാണ് വിവരം. കാട്ടാക്കടയിലോ അരുവിക്കരയിലോ സ്ഥാനാര്‍ത്ഥിയാകാന്‍ കുപ്പായം തയ്ച്ചിരുന്ന നേതാവിനെ സ്പാ വിവാദം പിടിച്ചുലയ്ക്കുമ്പോള്‍, സദാചാര ക്ലാസെടുക്കുന്നവര്‍ തന്നെ ഇത്തരം കേന്ദ്രങ്ങള്‍ നടത്തുന്നതിലെ വൈരുദ്ധ്യം ജനങ്ങള്‍ തിരിച്ചറിയുന്നു.