കണ്ണൂര്‍: കേസില്‍പ്പെട്ട് സീല്‍ ചെയ്ത ഉളിക്കല്‍ കടയ്ക്കുള്ളിലെ ചില്ലുകൂട്ടില്‍ കുടുങ്ങിയ അടയ്ക്കാ കുരുവിയെ ജില്ലാ കളക്ടര്‍ ഇടപെട്ട് രക്ഷപ്പെടുത്തി. കളക്ടറുടെ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ജില്ലാ ജഡ്ജി നേരിട്ട് സ്ഥലത്തെത്തി പൂട്ടുപൊളിച്ച് രക്ഷപ്പെടുത്തുകയായിരുന്നു. കേസില്‍പ്പെട്ട് കോടതി സീല്‍ ചെയ്ത് താഴിട്ടുപൂട്ടിയ കടയ്ക്കുള്ളിലാണ് കുരുവി കുടുങ്ങിയിരുന്നത്. പക്ഷി കുടുങ്ങിക്കിടക്കുന്നതു കണ്ട നാട്ടുകാര്‍ ഭക്ഷണവും വെള്ളവുമെല്ലാം നല്‍കിയാണ് ജീവന്‍ നിലനിര്‍ത്തിയത്.

ജില്ലാ കളക്ടര്‍ അരുണ്‍ കെ. ജയന്റെ ഉത്തരവ് പ്രകാരം ജില്ലാ ജഡ്ജി നേരിട്ടെത്തി പൂട്ടുതുറന്നാണ് രക്ഷപ്പെടുത്തിയത്. തര്‍ക്കത്തെത്തുടര്‍ന്ന് സീല്‍ചെയ്ത് പൂട്ടിയ വസ്ത്ര വ്യാപാരസ്ഥാപനമാണിത്. കടയ്ക്ക് മുന്‍പില്‍ ചില്ലുകൂടുണ്ട്. അതിനകത്താണ് അടയ്ക്കാക്കുരുവി അബദ്ധത്തില്‍ കുടുങ്ങിയത്. ഗ്ലാസോ കടയുടെ പൂട്ടോ തകര്‍ത്ത് മാത്രമേ കുരുവിയെ രക്ഷിക്കാനാവുമായിരുന്നുള്ളൂ.

ലക്ഷങ്ങള്‍ വിലമതിക്കുന്നതിനാല്‍ ഗ്ലാസ് പാളികള്‍ തകര്‍ക്കാനുള്ള തീരുമാനത്തില്‍നിന്ന് പിന്മാറി. നിയമക്കുരുക്കില്‍ കിടക്കുന്നതിനാല്‍ കടയുടെ പൂട്ട് പൊളിച്ച് രക്ഷപ്പെടുത്താനുള്ള ശ്രമവും വിഫലമായി. തുടര്‍ന്നാണ് കളക്ടറും ജഡ്ജിയുമടക്കം ഇടപെട്ടത്. കുരുവിയെ രക്ഷിക്കാനായില്ലെങ്കിലും വെള്ളവും ആഹാരവും നല്‍കി നാട്ടുകാര്‍ കുരുവിയുടെ ജീവന് കരുതലേകിയിരുന്നു.