- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
റോഡിലെ കുഴിമൂലം എത്ര യാത്രക്കാർ മരണമടഞ്ഞു? എത്ര പേർക്ക് പരിക്ക് പറ്റി എന്നതടക്കം 174 നിയമസഭ ചോദ്യങ്ങൾ; പൊതുമരാമത്ത് മന്ത്രി മറുപടി നൽകിയത് എട്ടെണ്ണത്തിന് മാത്രം; റിയാസിനെ കൊണ്ട് ഉത്തരം പറയിപ്പിക്കാൻ സ്പീക്കർ ഷംസീർ വടിയെടുക്കുമോ? പുറംചട്ട കണ്ട് പുസ്തകത്തെ വിലയിരുത്തരുത് എന്ന സ്പീക്കറുടെ പോസ്റ്റിൽ പ്രതിപക്ഷത്തിന് പ്രതീക്ഷ
തിരുവനന്തപുരം: റോഡിലെ കുഴിമൂലം എത്ര യാത്രക്കാർ മരണമടഞ്ഞു , എത്ര പേർക്ക് പരിക്ക് പറ്റി എന്നതടക്കം 174 നിയമസഭ ചോദ്യങ്ങൾ. മറുപടി 8 എണ്ണത്തിന് മാത്രം. മന്ത്രി മുഹമ്മദ് റിയാസിനെ കൊണ്ട് ഉത്തരം പറയിപ്പിക്കാൻ സ്പീക്കർ ഷംസിറിന്റെ ഇടപെടലിലൂടെ കഴിയുമെന്ന പ്രതീക്ഷയിൽ പ്രതിപക്ഷം. നേരത്തെ കൃത്യമായ മറുപടി നൽകണമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജിനെ മുൻ സ്പീക്കർ എംബി രാജേഷ് ഉപദേശിച്ചിരുന്നു. റിയാസ് അതിലും വലിയ തെറ്റാണ് നിയമസഭയോട് ചെയ്യുന്നതെന്നാണ് പ്രതിപക്ഷ നിലപാട്. അതുകൊണ്ട് തന്നെ കൂടുതൽ ശക്തമായ നടപടികൾ പുതിയ സ്പീക്കർ ഷംസീർ എടുക്കുമെന്നാണ് പ്രതീക്ഷ.
റോഡിലെ കുഴികളിൽ വീണ് ധാരാളം പേർക്ക് പരിക്ക് പറ്റുകയും നിരവധി പേർ മരണമടയുകയും ചെയ്തു. കഴിഞ്ഞ വർഷത്തേക്കാൾ ഈ വർഷം റോഡിൽ കുഴികൾ കുറവാണ് എന്നാണ് മന്ത്രി റിയാസ് നിയമസഭയിൽ പറഞ്ഞത്. സംസ്ഥാനത്തെ റോഡുകളുടെ അവസ്ഥയേയും റിയാസിന്റെ വകുപ്പുകളെയും കുറിച്ച് നിയമസഭയിൽ 174 ചോദ്യങ്ങൾ 30 - 8 - 22 ന് ഭരണപ്രതിപക്ഷ എം എൽ എ മാർ രേഖാ മൂലം എഴുതി ചോദിച്ചു. മറുപടി നിയമസഭയിൽ നൽകണമെന്നാണ് ചട്ടം. ഇതിൽ 8 ചോദ്യങ്ങൾക്കാണ് മന്ത്രി റിയാസ് ഇതുവരെ മറുപടി നൽകിയത്. ഇതിനെതിരെ സ്പീക്കർക്ക് പ്രതിപക്ഷം പരാതി നൽകും.
മുഖ്യമന്ത്രിയുടെ മരുമകനും നിയമസഭ ചട്ടങ്ങൾ ബാധകമാണ്. റോഡുകളെ പറ്റി പരാതി അറിയിക്കാൻ മൊബൈൽ ആപ്പ് സംവിധാനത്തിൽ എത്ര പരാതികൾ ലഭിച്ചു, എത്രയെണ്ണം പരിഹരിച്ചു , സംസ്ഥാനത്തെ റോഡിലെ കുഴികളിൽ വീണ് എത്ര യാത്രക്കാർക്ക് പരിക്ക് പറ്റി , എത്ര യാത്രക്കാർ മരണമടഞ്ഞു , ഇരുപത് ശതമാനത്തിൽ കൂടുതൽ മൊബിലൈസേഷൻ അഡ്വാൻസ് നൽകിയ കരാറുകൾ, ദേശീയ പാതകളുടേയും സംസ്ഥാന പാതകളുടേയും തകർച്ച ഒഴിവാക്കുന്നതിന് എന്ത് നടപടി സ്വീകരിച്ചു , ഊരാളുങ്കലിന് എത്ര കരാറുകൾ കൊടുത്തു , ദേശിയ പാത വിഭാഗത്തിന്റെ പ്രവർത്തനം, റോഡ് നിർമ്മാണത്തിലെ ഗുണമേന്മ , മഴയ്ക്ക് മുൻപ് റോഡിൽ നടത്തിയ അറ്റകുറ്റപണികൾ , റോഡുകളുടെ പരിപാലനം ഇങ്ങനെ ജനങ്ങളെ ബാധിക്കുന്ന നിരവധി ചോദ്യങ്ങൾക്കാണ് മന്ത്രി റിയാസ് മറുപടി തരാത്തത്.
40000 രൂപ മുതൽ ഒന്നരലക്ഷം രൂപ വരെ ശമ്പളം വാങ്ങിക്കുന്ന 30 പേഴ്‌സണൽ സ്റ്റാഫുകൾ മന്ത്രിക്കുണ്ട്. ഇവരുടെ ജോലി എന്താണ്? മന്ത്രി മിന്നൽ സന്ദർശനം നടത്തുമ്പോൾ ക്യാമറ തൂക്കി മന്ത്രിയുടെ ഫോട്ടം പിടിക്കലാണോ ഇവരുടെ ജോലി !-ഇതാണ് പ്രതിപക്ഷം ഉയർത്തുന്ന ചോദ്യം. അപ്രതീക്ഷിതമായി മന്ത്രി പദവിയിലെത്തിയ വ്യക്തിയാണ് മുഹമ്മദ് റിയാസ്. മുഖ്യമന്ത്രിയുടെ മരുമകൻ എന്ന ബലത്തിലാണ് പൊതുമരാമത്ത് ടൂറിസം വകുപ്പിന്റെ മന്ത്രി സ്ഥാനം റിയാസിന് ലഭിച്ചത്. റോഡുകൾ തോടുകളായി മാറിയതോടെ വളരെ വേഗം തന്നെ സംസ്ഥാനത്തെ ഏറ്റവും മോശം മന്ത്രി എന്ന സ്ഥാനവും റിയാസ് നേടിയെന്നും പ്രതിപക്ഷം പറയുന്നു
സ്പീക്കറായിരുന്ന എം.ബി രാജേഷിന് റിയാസിനെ നിയന്ത്രിക്കാൻ കഴിയുന്നണ്ടായിരുന്നില്ലെന്നും പ്രതിപക്ഷം കുറ്റപ്പെടുത്തുന്നുണ്ട്. എന്തായാലും റിയാസ് കരുതിയിരിക്കു ക. എം.ബി രാജേഷിന്റെ സ്ഥാനത്ത് സ്പീക്കറായി വന്നത് സാക്ഷാൽ ഷംസീറാണ്. രണ്ട് തവണ എം എൽ എ യായ ഷംസീറിനെ മറികടന്നാണ് പിണറായി മന്ത്രി സ്ഥാനത്ത് റിയാസിനെ പ്രതിഷ്ഠിച്ചത്. അതുകൊണ്ട് റിയാസിനെതിരെ കിട്ടുന്ന ആയുധമെല്ലാം ഷംസീർ പ്രയോഗിക്കുമെന്നാണ് പ്രതിപക്ഷ പ്രതീക്ഷ.
നിയമസഭ ചോദ്യത്തിന് മറുപടി തരാത്ത റിയാസിനെതിരെ സ്പീക്കർ ഷംസിറിന് പരാതി കൊടുക്കാനാണ് യു.ഡി.എഫ് ഉദ്ദേശിക്കുന്നത്. റിയാസിനെ കൊണ്ട് മറുപടി പറയിപ്പിക്കാൻ ഷംസീർ വടിയെടുക്കും എന്ന് ഉറപ്പ്. പുറം ചട്ട കണ്ട പുസ്തകത്തെ വിലയിരുത്തരുത് എന്നാണ് സ്പീക്കറായതിനു ശേഷമുള്ള ഷംസീറിന്റെ ഫേസ് ബുക്ക് പോസ്റ്റ് . അത് തെളിയിക്കാൻ ഷംസിറിന് കിട്ടുന്ന ഗോൾഡൻ ചാൻസാണ് ഇതെന്നും പ്രതിപക്ഷം പറയുന്നു.
മറുനാടന് മലയാളി ബ്യൂറോ