തിരുവനന്തപുരം: വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തിന് ഇരയായവരെ പുനരധിവസിപ്പിക്കാനുള്ള രണ്ടുടൗണ്‍ഷിപ്പ് ഒറ്റഘട്ടമായി നിര്‍മ്മിക്കും. ടൗണ്‍ഷിപ്പ് രണ്ടു പ്രദേശത്തായിരിക്കും. മുണ്ടക്കൈ-ചൂരല്‍മല പുനരധിവാസ പദ്ധതിയുടെ കരടാണ് ചീഫ് സെക്രട്ടറി മന്ത്രിസഭായോഗത്തില്‍ അവതരിപ്പിച്ചത്.

പുനരധിവാസ പദ്ധതിയുടെ മേല്‍നോട്ടത്തിന് പ്രത്യേക സമിതിയെ നിയോഗിക്കാനാണ് തീരുമാനം. വീടുകള്‍ നിര്‍മ്മിക്കാനുള്ള ടൗണ്‍ഷിപ്പിന്റെ കാര്യവും സ്ഥലമേറ്റെടുക്കലിന്റെ കാര്യവും യോഗത്തില്‍ ചര്‍ച്ചയായി. വീടുകള്‍ നിര്‍മ്മിക്കാന്‍ സന്നദ്ധത അറിയിച്ചവരുമായി സര്‍ക്കാര്‍ അടുത്ത ദിവസം ചര്‍ച്ച നടത്തും. ചര്‍ച്ചകള്‍ക്ക് ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തി.

784 ഏക്കറില്‍ 750 കോടിയാണ് ടൗണ്‍ഷിപ്പിനുള്ള ചെലവ് പ്രതീക്ഷിക്കുന്നത്. 1000 സ്‌ക്വയര്‍ ഫീറ്റുള്ള ഒറ്റനില വീടുകളാകും ടൗണ്‍ഷിപ്പിലുണ്ടാവുക. പദ്ധതി രേഖയില്‍ സ്പോണ്‍സര്‍മാരുടെ ലിസ്റ്റ് ഉള്‍പ്പെടുത്തും. 50 വീടുകള്‍ക്കു മുകളില്‍ വാഗ്ദാനം ചെയ്തവരെ പ്രധാന സ്പോണ്‍സര്‍മാരായി പരിഗണിക്കുമെന്നും മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായി. മുസ്‌ലിം ലീഗും നിരവധി വ്യവസായികളും സ്‌പോണ്‍സര്‍മാരുടെ പട്ടികയിലുണ്ട്.

സ്ഥലമേറ്റെടുക്കല്‍ വേഗത്തിലാക്കും. കിഫ്ബി തയാറാക്കിയ ഒറ്റനില വീടുകളുടെ ഡിസൈന്‍ അവതരിപ്പിച്ചു. പുനരധിവാസ പദ്ധതിയില്‍ പങ്കാളികളാകാന്‍ സന്നദ്ധത അറിയിച്ചവരെ മുഖ്യമന്ത്രി കാണും. ചുമതലകള്‍ ആര്‍ക്കൊക്കെ എന്നതടക്കം അടുത്ത മന്ത്രിസഭായോഗം തീരുമാനിക്കും.

അതേസമയം, ഉരുള്‍പൊട്ടല്‍ ദുരന്തബാധിതരുടെ പുനരധിവാസത്തിനായി തയ്യാറാക്കിയ പട്ടികയെ ചൊല്ലി വന്‍ വിമര്‍ശനമാണ് ഉയരുന്നത്. ഗുണഭോക്താക്കളുടെ പട്ടിക കൃത്യമല്ലന്നും പിന്‍വലിക്കണമെന്നും ആവശ്യപ്പെട്ട് ദുരന്തബാധിതരുടെ ആക്ഷന്‍ കൗണ്‍സില്‍ പ്രതിഷേധമുയര്‍ത്തി. നാലര മാസം നീണ്ട കാത്തിരിപ്പിനൊടുവിലാണ് ഗുണഭോക്താക്കളുടെ പട്ടിക സര്‍ക്കാര്‍ പുറത്തിറക്കിയത്. 388 കുടുംബങ്ങളുള്ള പട്ടികയാണ് പുറത്തിറങ്ങിയത്.