- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഉന്നതവിദ്യാഭ്യാസവകുപ്പിന്റെ മേൽനോട്ടത്തിൽ പ്രത്യേകസംഘത്തെ നിയോഗിക്കും; ചാൻസലറെ മാറ്റുന്നതിനൊപ്പം സർവകലാശാലാ പരിഷ്‌കാരങ്ങളെക്കുറിച്ചുള്ള നിയമനിർമ്മാണവും ആലോചനയിൽ; ചാൻസലർ പദവിയിൽനിന്ന് ഗവർണറെ മാറ്റാൻ അതീവ ജാഗ്രതതിയിൽ സർക്കാർ നീക്കം; ഗവർണ്ണർ ഓർഡിനൻസിൽ ഒപ്പിടില്ലെന്നു വ്യക്തമായതോടെ ബില്ലിനെക്കുറിച്ചുള്ള ചർച്ച ഇന്ന് തുടങ്ങും
തിരുവനന്തപുരം: ചാൻസലർ പദവി മാറ്റാനുള്ള ഓർഡിനൻസിൽ ഒപ്പിടില്ലെന്നു ഗവർണർ സൂചിപ്പിച്ചതോടെ, ചാൻസലറെ നീക്കുന്ന ബിൽ തയ്യാറാക്കാൻ ഒരുക്കം തുടങ്ങി സർക്കാർ.ഇതുമായി ബന്ധപ്പെട്ട ചർച്ചയ്ക്ക് ഇന്ന് തന്നെ തുടക്കമാകും.ഗവർണ്ണർ നിലപാട് കടുപ്പിച്ചതോടെ അതീവജാഗ്രതയിലാണ് സർക്കാരിന്റെ ഒരോ നീക്കവും. ഉന്നതവിദ്യാഭ്യാസ വകുപ്പിന്റെ മേൽനോട്ടത്തിൽ പ്രത്യേകസംഘത്തെ ചുമതലപ്പെടുത്തിയാണ് ബിൽ തയ്യാറാക്കുക.
ചാൻസലർ പദവിയിൽ നിന്ന് ഗവർണ്ണറെ മാറ്റുന്നതിനു പുറമേ, സർവകലാശാലാ പരിഷ്‌കാരങ്ങളെക്കുറിച്ചുള്ള നിയമനിർമ്മാണവും ആലോചനയിലുണ്ട്.ചാൻസലറെ നിശ്ചയിക്കാനുള്ള നിയമനിർമ്മാണത്തിനു പുറമേ, ഉന്നതവിദ്യാഭ്യാസ കമ്മിഷനുകളുടെ ശുപാർശകളും സർക്കാർ പരിഗണിക്കുന്നുണ്ട്.പ്രോ-ചാൻസലറായി ഉന്നതവിദ്യാഭ്യാസമന്ത്രിക്ക് കൂടുതൽ അധികാരം,സിൻഡിക്കേറ്റും സെനറ്റും ഉൾപ്പെടെയുള്ള സർവകലാശാലാ ഭരണസമിതികളുടെ ഘടന തുടങ്ങിയ കാര്യങ്ങളിലൊക്കെ നയപരമായ തീരുമാനമെടുക്കേണ്ടിവരും.ഇതെല്ലാം പരിശോധിച്ചാകും നിയമനിർമ്മാണം.
ഗവർണർ ഭീഷണി തുടരുന്നതിനാൽ നിയമസഭ വിളിക്കുന്നതിൽ ഈയാഴ്ച ചേരുന്ന മന്ത്രിസഭായോഗം നിർണായക തീരുമാനമെടുത്തേക്കും.ഓർഡിനൻസ് രാജ്ഭവന് അയച്ചശേഷമുള്ള സ്ഥിതിഗതികൾ മന്ത്രിസഭായോഗം വിലയിരുത്തും.തുടർന്നാകും നിയമസഭ വിളിക്കാനുള്ള സമയക്രമം നിശ്ചയിക്കുക.ഡിസംബറിൽ തുടങ്ങുന്ന നിയമസഭാസമ്മേളനം ജനവരിയിലേക്കു നീട്ടാനും ആലോചനയുണ്ട്. അടുത്തവർഷം സഭ തുടങ്ങുമ്പോൾ ഗവർണറുടെ നയപ്രഖ്യാപനപ്രസംഗം ഒഴിവാക്കുകയെന്ന ലക്ഷ്യമാണ് പിന്നിലെന്നാണ് സൂചന.
സംസ്ഥാനത്തെ 14 സർവകലാശാലകളുടെയും ചാൻസലർ സ്ഥാനം ഗവർണർക്കാണെന്ന നിയമത്തിലെ വ്യവസ്ഥ എടുത്തുകളയാനാണ് ഓർഡിനൻസ്. പകരം വിദ്യാഭ്യാസമേഖലയിലെ പ്രഗത്ഭ വ്യക്തിത്വങ്ങളെ ഓണററിയായി ചാൻസലറായി നിയമിക്കും എന്ന വ്യവസ്ഥയാണു ചേർത്തിരിക്കുന്നത്. സർവകലാശാലാ ചാൻസലർ സ്ഥാനത്തുനിന്നു ഗവർണറെ മാറ്റാനുള്ള ഓർഡിനൻസിൽ തീരുമാനം കൈക്കൊള്ളേണ്ടതു ഗവർണറും. അതിനിടെ ആരിഫ് മുഹമ്മദ് ഖാൻ അത് രാഷ്ട്രപതിക്ക് അയച്ചാലും പകരം ബിൽ കൊണ്ടുവരാൻ തടസമില്ലെന്ന് സർക്കാരിനു ലഭിച്ച നിയമോപദേശം. ഇതു സംബന്ധിച്ചു നിയമകേന്ദ്രങ്ങൾ ചൂണ്ടിക്കാട്ടുന്നത്:
കേന്ദ്ര നിയമവുമായി ബന്ധപ്പെട്ട വിഷയമാണെങ്കിൽ മാത്രമാണ് ഓർഡിനൻസ് രാഷ്ട്രപതിയുടെ അനുമതിക്കായി അയയ്‌ക്കേണ്ടത്. വിദ്യാഭ്യാസം കൺകറന്റ് പട്ടികയിൽ ഉൾപ്പെടുന്നതാണ്.അതിനാൽ ഈ വിഷയം ആവശ്യമെങ്കിൽ രാഷ്ട്രപതിയുടെ പരിഗണനയ്ക്ക് അയക്കാം. എന്നാൽ, സംസ്ഥാന നിയമത്തിലെ ഭേദഗതിയായതിനാലും കേന്ദ്രനിയമവുമായി ബന്ധമില്ലാത്ത വിഷയമായതിനാലും അതിന്റെ ആവശ്യമില്ല. ഓർഡിനൻസ് രാഷ്ട്രപതിക്ക് അയച്ചാലും അടുത്ത നിയമസഭാസമ്മേളനത്തിൽ അതേ വിഷയത്തിൽ ബിൽ കൊണ്ടുവരുന്നതിന് തടസമില്ല. അതേസമയം പരിഗണനയിലിരിക്കുന്ന ബില്ലിനു പകരം ഓർഡിനൻസ് കൊണ്ടുവരാൻ സാധ്യമല്ല.
ബിൽ കൊണ്ടു വന്നാലും ഗവർണ്ണർ ഉടൻ ഒപ്പിടണമെന്ന് നിർബന്ധം പിടിക്കാൻ കഴിയില്ല. ഒരു ഓർഡിനൻസോ ബില്ലോ ലഭിച്ചാൽ നിശ്ചിത സമയപരിധിക്കുള്ളിൽ ഗവർണർ അതിൽ ഒപ്പിടണമെന്നു ഭരണഘടനയിൽ വ്യവസ്ഥയില്ല. കൃത്യമായ സമയം നിശ്ചയിക്കാത്തതിനാൽ കോടതിക്കും ഇക്കാര്യത്തിൽ സമ്മർദം ചെലുത്താനാകില്ല. ഉചിതമായ സമയത്തിനുള്ളിൽ അംഗീകാരം നൽകണമെന്ന് മാത്രമേ വിധി വരൂ. അതുകൊണ്ടു ഗവർണറുമായി കൊമ്പുകോർക്കുന്നതിനു പകരം സമവായത്തിലൂടെ കാര്യങ്ങൾ മുന്നോട്ടുകൊണ്ടുപോകുകയാണ് ഉചിതമെന്നാണ് നിയമകേന്ദ്രങ്ങൾ ചൂണ്ടിക്കാട്ടുന്നത്. എന്നാൽ അതിന് ഇനി സാധ്യത കുറവാണ്. ലോകായുക്താ ഭേദഗതി അടക്കം ഗവർണ്ണർ ഒപ്പിടാതെ വച്ചിരിക്കുകയാണ്. എന്നിട്ടും സർക്കാരിന് ഒന്നും ചെയ്യാനായിട്ടില്ലെന്നതാണ് വസ്തുത.
സർവകലാശാലകളുടെ ചാൻസലർ പദവിയിൽ നിന്നു ഗവർണറെ നീക്കിക്കൊണ്ടുള്ള ഓർഡിനൻസ് മൂന്നുനാളത്തെ ആശയക്കുഴപ്പത്തിനൊടുവിൽ രാജ്ഭവനിലേക്കയക്കുകയായിരുന്നു. ഗവർണർ ഒപ്പിടാതെ രാഷ്ടപതിക്കയച്ചാലും സമാനവിഷയത്തിൽ നിയമസഭയിൽ ബിൽ കൊണ്ടുവരാൻ തടസ്സമില്ലെന്നു നിയമോപദേശം ലഭിച്ചതിനാലാണ് സർക്കാർ നടപടി. ഓർഡിനൻസിൽ ഗവർണർ ഒപ്പിട്ടാലും ഇല്ലെങ്കിലും നിയമസഭയിൽ പ്രത്യേക ബിൽ കൊണ്ടുവരും. ശനിയാഴ്ച രാവിലെ ഓർഡിനൻസ് രാജ്ഭവനിൽ ലഭിക്കുന്നതിനുമുമ്പേ ചീഫ് സെക്രട്ടറിയുടെ മകളുടെ വിവാഹത്തിൽ പങ്കെടുക്കാൻ തിരുവല്ലയ്ക്കു തിരിച്ച ഗവർണർ പിന്നീട് ഡൽഹിക്കുപോയി. 20-നേ തിരിച്ചെത്തൂ. ഗവർണറുടെ നിർണായക തീരുമാനമനുസരിച്ചാവും ഓർഡിനൻസിന്റെ ഭാവി.
രാഷ്ട്രപതിയുടെ നിർദ്ദേശത്തോടെ ഏതൊക്കെ ഓർഡിനൻസ് ഗവർണർ ഒപ്പിടണമെന്നതു ഭരണഘടനയുടെ 213-ാം വകുപ്പിൽ വ്യക്തമായി വ്യവസ്ഥ ചെയ്തിട്ടുണ്ട്. മറ്റു സംസ്ഥാനങ്ങളിൽ നിന്നും വരുന്ന ഉത്പന്നങ്ങൾക്ക് നികുതി ചുമത്തുന്നതു പോലുള്ള അന്തസ്സംസ്ഥാന ബന്ധങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങളിലോ ഏതെങ്കിലും കേന്ദ്രനിയമത്തിനു വിരുദ്ധമായിട്ടുള്ളതോ ആയ ഓർഡിനൻസുകളിലേ രാഷ്ട്രപതിയുടെ നിർദ്ദേശം വാങ്ങി ഗവർണർ തീരുമാനമെടുക്കേണ്ടതുള്ളൂ. ചാൻസലർ പദവിയുമായി ബന്ധപ്പെട്ടതാണ് ഇപ്പോഴത്തെ ഓർഡിനൻസെന്നിരിക്കേ, അതു സംസ്ഥാന വിഷയമാണ്.നിയമസഭ പാസാക്കിയ ഒരു ബിൽ രാഷ്ട്രപതിയുടെ പരിഗണനയിലുണ്ടെങ്കിൽ മാത്രമേ അതേ വിഷയത്തിൽ ഓർഡിനൻസ് ഇറക്കാൻ തടസ്സമുള്ളൂവെന്നും ചൂണ്ടിക്കാണിക്കപ്പെട്ടു.
ഗവർണറെ ചാൻസലർ പദവിയിൽനിന്നു നീക്കുന്നതടക്കമുള്ള വിഷയങ്ങളിൽ നിയമനിർമ്മാണത്തിനായി ഡിസംബറിൽ നിയമസഭ ചേരാനാണ് സാധ്യത. ഈയാഴ്ചത്തെ മന്ത്രിസഭായോഗം ഇതിൽ തീരുമാനമെടുത്തേക്കും.
മറുനാടന് മലയാളി ബ്യൂറോ