- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബംഗലൂരു നിവാസികൾക്ക് പരക്കെ ഷോക്കടിക്കുന്നു; മെട്രോയിലും, ഓട്ടോയിലും, ബസ്സിലും ചെറിയ ഇലട്രിക്ക് ഷോക്കുകൾ; പുറത്ത് നടക്കുന്ന സമയത്തും എന്തെങ്കിലും തൊടുന്ന സമയത്തും സ്പാർക്ക് ഉണ്ടാകുന്നു; ദൈവകോപമെന്ന് കന്നട പത്രങ്ങൾ; എന്താണ് യാഥാർഥ്യം; എങ്ങനെ ഈ ഷോക്ക് ഒഴിവാക്കാം?
ബംഗലൂരു: രണ്ടാഴ്ചമുമ്പ് ബംഗലൂരു നഗരത്തിൽ പ്രചരിച്ച ഒരു വാർത്തയായിരുന്നു നഗരത്തിന്റെ പല ഭാഗങ്ങളിൽനിന്നും, ചെറിയതോതിൽ ഷോക്ക് അടിക്കുന്നുവെന്നത്. വ്യാപകമായി ഇംഗ്ലീഷ് പത്രങ്ങളും കന്നഡ പത്രങ്ങളും ഈ വാർത്ത റിപ്പോർട്ട് ചെയ്തു. അതിനിടെ ഇത് ദൈവകോപമാണെന്നുവരെ ചില കന്നട പത്രങ്ങിൽ വാർത്തയായി. എന്നാൽ സ്റ്റാറ്റിക്ക് എനർജി അഥവാ സ്ഥാനികോർജം ആയിരുന്നു, ഈ പ്രശ്്നത്തിന് പിന്നിൽ. ഇത് വാർത്തയായതോടെ ഷോക്കടി എന്താണ്ട് കുറഞ്ഞതായിരുന്നു. പക്ഷേ കഴിഞ്ഞ ദിവസം ഇതേക്കുറിച്ചുള്ള വാർത്തകൾ വീണ്ടും പ്രത്യക്ഷപ്പെട്ടിരിക്കയാണ്. മെട്രോയിലും, ഓട്ടോയിലും, ബസ്സിലും ചെറിയ സ്പാർക്കോട് കൂടി ഇലട്രിക്ക് ഷോക്കുകൾ ഉണ്ടാവുന്നുവെന്നാണ് നഗരവാസികൾ പരാതിപ്പെടുന്നത്.
അതിനിടെ ഗൾഫിൽ നിന്നുള്ള ചില മലയാളികളും തങ്ങൾക്ക് സമാനമായ അനുഭവങ്ങൾ ഉണ്ടാവുന്നുവെന്ന് പറയുന്നുണ്ട്. ഇങ്ങനെ ഒരു പ്രശ്നം ചർച്ചയായതോടെ പലർക്കും മാസ് ഹിസ്റ്റീരിയ പോലെ ഷോക്ക് തോനുന്നുവെന്നും സംശയമുണ്ട്. പക്ഷേ ഇതിൽ ഭയക്കാൻ യാതൊന്നും ഇല്ലെന്നാണ് ശാസ്ത്രപ്രചാരകനായ ശാസ്ത്രലോകം ബൈജുരാജ് ചൂണ്ടിക്കാട്ടുന്നത്.
വില്ലൻ സ്ഥിതികോർജം
ശാസ്ത്രലോകം ബൈജുരാജ് തന്റെ വീഡിയോയയിൽ ഇങ്ങനെ പറയുന്നു.
'കുറച്ചു ദിവസങ്ങളായി വൈറലായിട്ടുള്ള ന്യൂസ് ആണിത്. ബാംഗ്ലൂരിലുള്ള ആളുകൾ പുറത്ത് നടക്കുന്ന സമയത്തും എന്തെങ്കിലും തൊടുന്ന സമയത്തും ഷോക്ക് അടിക്കുന്നു. എന്നാൽ ഇത് ഇത്ര സീരിയസ് ആയ സംഭവം ആണെന്ന് അറിഞ്ഞിരുന്നില്ല. ബാംഗ്ലൂരിലുള്ള ഒരു മാതിരിപ്പെട്ട എല്ലാ പത്രങ്ങളും ഈ വാർത്ത കവർ ചെയ്തിട്ടുണ്ട്. ഡെക്കാൻ ഹെറാൾഡ്, ഇന്ത്യൻ എക്പ്രസ്, ടൈംസ് ഓഫ് ഇന്ത്യ, ഹിന്ദു, കൂടാതെ ധാരാളം കന്നട ന്യൂസ് പേപ്പറുകളും, ഈ വാർത്ത കൊടുത്തിട്ടുണ്ട്.
ഒറ്റവാക്കിൽ പറഞ്ഞാൽ സ്റ്റാറ്റിക് എനർജി അല്ലെങ്കിൽ സ്ഥിതികോർജം ആണിത്. നമ്മൾ ഏതെങ്കിലും ഷോപ്പിങ് മാളിൽ നടക്കുന്ന സമയത്ത് റെയിലിങ്ങിൽ തൊടുന്ന സമയത്ത് ചിലപ്പോൾ അവിടെ നിന്ന് ഷോക്കടിച്ചേക്കാം. അതല്ലെങ്കിൽ നമ്മൾ ഇസ്തിരിയിടുന്ന സമയത്ത്, നമ്മുടെ രോമങ്ങൾ എല്ലാം എഴുനേറ്റു എന്ന് വരാം. അല്ലെങ്കിൽ ട്രെഡ്മില്ലിൽ ഓടുന്ന സമയത്ത്, ഹാൻഡിൽ പിടിക്കുന്ന സമയത്ത് അവിടെ നിന്ന് ഷോക്ക് ഏറ്റിരിക്കാം. ദീർഘദൂര യാത്രകഴിഞ്ഞ് കാറിന്റെ ഡോറിൽ പിടിക്കുന്ന സമയത്തും ഷോക്കിന് സാധ്യതയുണ്ട്. അതല്ലെങ്കിൽ തണുപ്പുകാലത്ത് കമ്പിളി പുതച്ചുകിടക്കുന്ന സമയങ്ങളിൽ, അതിൽ തൊടുമ്പോൾ ഒരു സ്പാർക്കും ശബ്ദവും കേൾക്കാം. ഇതെല്ലാം സംഭവിക്കുന്നത് സ്റ്റാറ്റിക്ക് ഇലട്രിസിറ്റി മൂലമാണ്. ഈ സ്റ്റാറ്റിക്ക് ഇലട്രിസ്റ്റി മേഘങ്ങളിൽ ഉണ്ട്. അത് ഡിസ്ചാർജ് ആവുന്നതാണ് ഇടി മിന്നൽ.
നമുക്കറിയാം എല്ലാ വസ്തുക്കളും ഉണ്ടാക്കിയിരിക്കുന്നത് ആറ്റങ്ങളാൽ ആണ്. ഈ ആറ്റങ്ങളിലെ ഔട്ടർ ഷെല്ലിലുള്ള ഇലട്രോണുകൾ തെന്നി മാറുന്ന സമയത്താണ് ഈ സ്റ്റാറ്റിക്ക് എനർജി ഉണ്ടാവുന്നത്. കൂടുതൽ ഇലട്രോണുകൾക്ക് സ്ഥാനഭ്രംശം ഉണ്ടായാൽ കൂടുതൽ സ്റ്റാക്കിക്ക് ഇലട്രിസിറ്റി ഉണ്ടാവും. അതാണ് മേഘങ്ങളിലും മറ്റും ഉണ്ടാവുന്നത്. നമ്മൾ കമ്പിളി വസ്ത്രങ്ങൾ ഇടുമ്പോഴാണ് ഇത് കൂടുതൽ സംഭവിക്കുന്നത്. അതുപോലെ തന്നെ കാർപ്പെറ്റ് അല്ലെങ്കിൽ സിന്തറ്റിക്ക് ഫ്ളോറിന്റെ പുറത്ത്, വുഡൻ ഫ്ളോറിന്റെ പുറത്തൊക്കെ നടക്കുന്ന സമയത്ത്, കാറ്റടിക്കുന്ന സമയത്തൊക്കെ നമ്മുടെ ശരീരത്തിൽ സ്റ്റാറ്റിക്ക് എനർജിയുണ്ടാവും.
എന്നാൽ കേരളത്തിൽ നമുക്ക് ഇത് അധികം ഫീൽ ചെയ്യാറില്ല. കാരണം, കേരളത്തിലെ കാലാവസ്ഥ അന്തരീക്ഷത്തിൽ ഹ്യുമിഡിറ്റിയുള്ളതാണ്. ഈ ഹ്യുമിഡിറ്റി ഉള്ളതിനാൽ സ്റ്റാറ്റിക്ക് എനർജി അപ്പപ്പോൾ തന്നെ ഡിസ്ചാർജ് ആയിപ്പോവും. കൂടുതലായി നമ്മൾ ശരീരത്തിൽ ശേഖരിക്കില്ല. എന്നാൽ തണുപ്പുള്ള കാലാവസ്ഥയിൽ അതായത് അന്തരീക്ഷത്തിൽ ഹ്യുമിഡിറ്റി കുറവുള്ള സമയത്ത്, ഇത് ഡിസ്ചാർജ് ആവാതെ, നമ്മുടെ ശരീരത്തിൽ ശേഖരിച്ച് വരും. അപ്പോഴാണ് നമ്മൾ എവിടെയെങ്കിലും തൊടുമ്പോൾ സ്പാർക്ക് ഉണ്ടാവുന്നത്. ഇതുകൊച്ചുകൊച്ച് ഇടിമിന്നൽ തന്നെയാണ്. നമുക്ക് ലെറ്റും കാണാം, ചെറുതായി ഒരു ശബ്ദവും കേൾക്കാം.
നേരത്തെ ബംഗലൂരുവിൽ ഡ്രൈ ആയുള്ള കാലവസ്ഥയാണ്. അതായത് ഹ്യുമിഡിറ്റി വളരെ കുറഞ്ഞ അന്തരീക്ഷം. കൂടാതെ അവിടെ തണുപ്പുമുണ്ട്. ഇതുകാരണം ആളുകൾ കമ്പിളിയുടെ വസ്ത്രം ധരിച്ച് പുറത്തിറങ്ങും. അതുകാരണമാണ് അവിടെ ഷോക്കേൽക്കുന്നതായി കൂടുതൽ തോന്നുന്നത്. ''- ബൈജു രാജ് ചൂണ്ടിക്കാട്ടി.
ദോഷകരമല്ല, പേടിക്കേണ്ട കാര്യമില്ല
എന്നാൽ ഇത് ദോഷകരമല്ലെന്നും പേടിക്കേണ്ട കാര്യമില്ലെന്നും ശാസ്ത്രലോകം ബൈജുരാജ് ചൂണ്ടിക്കാട്ടുന്നു. 'സ്റ്റാറ്റിക്ക് ഇലട്രിസിറ്റ് നമുക്ക് ദോഷകരമാണോ എന്ന് ചോദിച്ചാൽ സാധാരണ ഗതിയിൽ അല്ല. ഇത് നമ്മുടെ ശരീരത്തിൽ വളരെ അധികം കൂടുകയാണെങ്കിൽ എവിടെയെങ്കിലും തൊടുന്ന സമയത്ത് സ്പാർക്ക് ഉണ്ടാവുകയും, നമുക്ക് അൽപ്പം വേദനയും എടുക്കും. അതല്ലാതെ ഇതുകൊണ്ട് യാതൊരു ശാരീരിക ബുദ്ധിമുട്ടുകളും ആളുകൾക്ക് ഉണ്ടാവാറില്ല.
ഇത് ഒഴിവാക്കാനായി കമ്പിളിയുടെയും മറ്റും വസ്ത്രങ്ങൾ കൂടുതൽ ധരിക്കാതിരിക്കാം. അതുപോലെ ഇടക്കിടിക്ക് എവിടെയെങ്കിലും തൊട്ടുകൊണ്ട് ഇരിക്കുക. കുടാതെ നമ്മുടെ മുറിയിൽ അൽപ്പം ഈർപ്പം ഉണ്ടായാലും മതി. അതിനായി നനഞ്ഞ ഡ്രസുകളോ തുണികളോ, നമ്മുടെ മുറിയിൽ സൂക്ഷിക്കുക. കൂടാതെ ആവിപറക്കുന്ന എന്തെങ്കിലും സാധനങ്ങൾ നമ്മുടെ മുറയിൽവച്ചാലും ഹ്യുമിഡിറ്റി അൽപ്പം കൂടും. അതുകാരണം സ്റ്റാറ്റിക്ക് ഇലട്രിസിറ്റിയുടെ പവർ കുറയും. എന്നാൽ ഇങ്ങനെ ചെയ്തൊന്നും ബുദ്ധിമുട്ടണമെന്നില്ല. കാരണം നമുക്ക് ഇതുകൊണ്ട് കാര്യമായ ശാരീരിക ബുദ്ധിമുട്ടുകളും ഉണ്ടാവാറില്ല. ''- ബൈജു രാജ് വ്യക്തമാക്കുന്നു.
ഈ വീഡിയോക്ക് താഴെ സമാനമായ അനുഭവം പറഞ്ഞ് നിരവധി പേർ കമന്റ് ചെയ്യുന്നുണ്ട്. സൗദി അറേബ്യയിൽ തണുപ്പുകാലത്ത് ഈ പറഞ്ഞ കാര്യങ്ങൾ സംഭവിക്കാറുണ്ട് ഇവർ ചൂണ്ടിക്കാട്ടുന്നു. ബ്ലാങ്കറ്റ് കാലുകൊണ്ട് ഒതുക്കാനായി വലിച്ചിടുമ്പോൾ ചെറിയ സൗണ്ട് ഓടുകൂടി ചെറിയ തീ പോലെ കാണാറുണ്ട്. കാറിന്റെ ഡോറിൽ നിന്നും എർത്ത് അടിക്കാറുണ്ടെന്നും ആളുകൾ കമന്റ് ചെയ്യുന്നുണ്ട്.
അരുൺ ജയകുമാർ മറുനാടൻ മലയാളി തിരുവനന്തപുരം റിപ്പോർട്ടർ