- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്പിരിറ്റ് വില ഉയർന്നത് ലിറ്ററിന് 74 രൂപയിലേക്ക് ; മദ്യനിർമ്മാണം നിർത്തി സംസ്ഥാനത്തെ സ്വകാര്യ ഡിസ്റ്റിലറികൾ ; ദിവസേന ശരാശരി 70,000 കെയ്സ് ഉപഭോഗമുള്ള കേരളത്തിൽ സംഭരണശാലകളിൽ ഇപ്പോഴുള്ളത് ആറുലക്ഷം കെയ്സ് മദ്യം; പ്രതിസന്ധി രൂക്ഷമായതോടെ മദ്യം പുറമെ നിന്നെത്തിക്കാൻ നീക്കം
തിരുവനന്തപുരം: സ്പിരിറ്റ് വില കുത്തനെ ഉയർന്നതോടെ സംസ്ഥാനത്തെ സ്വകാര്യ ഡിസ്റ്റിലറികൾ മദ്യനിർമ്മാണം നിർത്തി. ബിവറേജസ് കോർപ്പറേഷന്റെ കൈവശം പരിമിതമായ സ്റ്റോക്കാണുള്ളത്.പ്രതിമാസം 20 ലക്ഷം കെയ്സ് ഇന്ത്യൻ നിർമ്മിത വിദേശമദ്യമാണ് സംസ്ഥാനത്ത് വിൽക്കുന്നത്. ശരാശരി ദിവസ ഉപഭോഗം 70,000 കെയ്സാണ്. ബിവറേജസ് കോർപ്പറേഷന്റെ സംഭരണശാലകളിൽ ആറുലക്ഷം കെയ്സ് മദ്യമാണ് ഇപ്പോഴുള്ളത്.
പ്രതിസന്ധി രൂക്ഷമായതോടെ സംസ്ഥാനത്തിന് പുറമേനിന്നും മദ്യമെത്തിക്കാൻ ശ്രമം ആരംഭിച്ചിട്ടുണ്ടെങ്കിലും വിജയിച്ചിട്ടില്ല.മദ്യനിർമ്മാണത്തിന്റെ പ്രധാന ചേരുവയായ എക്‌സ്ട്രാ ന്യൂട്രൽ ആൽക്കഹോളിന്റെ (സ്പിരിറ്റ്) വില ലിറ്ററിന് 74 രൂപയായി ഉയർന്നതാണ് പ്രതിസന്ധി രൂക്ഷമാക്കിയത്. മൂന്നുമാസംമുമ്പ് 64 രൂപയായിരുന്നു.ഉത്പാദനച്ചെലവിന്റെ വർധനയ്ക്ക് ആനുപാതികമായി മദ്യക്കമ്പനികൾക്കുള്ള വിലയുയർത്താൻ സർക്കാർ തയ്യാറായിട്ടില്ല.
മദ്യവില വർധിപ്പിക്കുക പ്രായോഗികമല്ലാത്തതിനാൽ നികുതിക്രമീകരണത്തിലൂടെ മദ്യക്കമ്പനികൾക്കുള്ള തുക ഉയർത്തിക്കൊടുക്കാനാണ് സർക്കാർ ശ്രമിച്ചത്.സംസ്ഥാനത്തെ ഡിസ്റ്റിലറികൾക്ക് വിറ്റുവരവ് നികുതി ബാധകമാണ്. ഇത് വിൽപ്പനനികുതിയുമായി ബന്ധപ്പെടുത്തിയുള്ള ക്രമീകരണമാണ് പരിഗണിച്ചത്. ഇതിലൂടെ 12 ശതമാനം വരുമാനവർധന മദ്യക്കമ്പനികൾക്ക് കിട്ടുമായിരുന്നു. മദ്യത്തിന്റെ വിപണിവില ഉയരുകയുമില്ല. മൂന്നുമാസംമുമ്പ് ഇക്കാര്യം ധാരണയായെങ്കിലും നടപ്പായില്ല.
സർക്കാർതീരുമാനം പരിഗണിച്ച് ഡിസ്റ്റിലറിത്തൊഴിലാളികളുടെ വേതനവർധനയ്ക്കും ധാരണയായിരുന്നു. സ്പിരിറ്റ് വില ഉയർന്നതോടെ പ്ലാസ്റ്റിക് കുപ്പികളുടെ നിലവാരം കുറച്ചും വിലകുറഞ്ഞ മദ്യത്തിന്റെ വിതരണം കുറച്ചും മുന്തിയ ഇനം ബ്രാൻഡുകളുടെ വിൽപ്പന കൂട്ടിയും വിപണിക്രമീകരണത്തിലൂടെ നഷ്ടം നികത്താൻ കമ്പനികൾ ശ്രമിച്ചിരുന്നു.
പല പ്രമുഖ ബ്രാൻഡുകളും കേരളത്തിലെ ഉപഭോഗത്തിനാവശ്യമായ മദ്യം ഇവിടത്തെ ഡിസ്റ്റിലറികളിലാണ് ഉത്പാദിപ്പിക്കുന്നത്. ഗതാഗതച്ചെലവ് കുറയ്ക്കാൻ വേണ്ടിയാണിത്. നിലവിലെ സാഹചര്യത്തിൽ പുറമേനിന്നും മദ്യമെത്തിക്കുക പ്രായോഗികമല്ല. സർക്കാർ ഇടപെടുമെന്ന പ്രതീക്ഷയിലാണ് ബിവറേജസ് കോർപ്പറേഷൻ അധികൃതർ. മദ്യദൗർലഭ്യം ഉണ്ടായാൽ വ്യാജമദ്യവിൽപ്പനയ്ക്ക് സാധ്യതയുണ്ടെന്ന് എക്‌സൈസ് ഇന്റലിജൻസ് റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
മറുനാടന് മലയാളി ബ്യൂറോ