- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്പോർട്സ് കൗൺസിലിനെ നോക്കുകുത്തിയാക്കുന്ന കായിക മന്ത്രിയും സർക്കാരും; കാലവധി തീരും മുമ്പേ രാജിവച്ചൊഴിഞ്ഞ് മേഴ്‌സിക്കുട്ടൻ; സ്റ്റാന്റിങ് കമ്മിറ്റി അംഗങ്ങളും ഒഴിഞ്ഞു; യു. ഷറഫലി സ്പോർട്സ് കൗൺസിൽ പ്രസിഡന്റ്; കായിക മേഖലയിലും രാഷ്ട്രീയം പിടിമുറുക്കുമ്പോൾ
തിരുവനന്തപുരം: കാലാവധി തീരാൻ ഒന്നര വർഷത്തോളം ബാക്കി നിൽക്കെ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് സ്ഥാനം രാജിവച്ച് മേഴ്‌സി കുട്ടൻ. മേഴ്‌സിക്കൊപ്പം സ്പോർട്സ് കൗൺസിലിലെ മുഴുവൻ സ്റ്റാന്റിങ് കമ്മിറ്റി അംഗങ്ങളും രാജിവച്ചു. കായിക മന്ത്രിയുമായുള്ള അസ്വാരസ്യങ്ങളെ തുടർന്ന് സിപിഎം ആവശ്യപ്പെട്ടതനുസരിച്ചാണ് രാജിയെന്നാണ് വിവരം.
മേഴ്‌സികുട്ടനെ കൂടാതെ വൈസ് പ്രസിഡന്റിനോടും അഞ്ച് സ്റ്റാന്റിങ് കമ്മിറ്റി അംഗങ്ങളോടും രാജിവയ്ക്കണമെന്നും പാർട്ടി നിർദ്ദേശിച്ചിരുന്നു. കാലാവധി തീരാൻ ഒന്നര വർഷത്തോളം ബാക്കി നിൽക്കേയാണ് മേഴ്‌സി സ്ഥാനം ഒഴിയുന്നത്. രാജി കായിക മന്ത്രി സ്വീകരിച്ചു. മുൻ ഇന്ത്യൻ ഫുട്ബോൾ താരം യു. ഷറഫലിയെ പുതിയ പ്രസിഡന്റായി പ്രഖ്യാപിച്ചു.
കായിക മന്ത്രിയും സ്‌പോട്‌സ് കൗൺസിൽ പ്രസിഡന്റും തമ്മിൽ നേരത്തെ മുതൽ ചില അസ്വാരസ്യങ്ങളുണ്ടായിരുന്നു. കായികതാരങ്ങൾക്ക് വേണ്ട അടിസ്ഥാന സൗകര്യങ്ങളും സാമ്പത്തിക ആവശ്യങ്ങളും പരിഗണിക്കപ്പെടുന്നില്ലെന്ന പരാതി സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് പരസ്യമായി ഉന്നയിച്ചിരുന്നു. ഇതോടെ അഭിപ്രായ വ്യത്യാസം കടുത്തു.
സ്പോർട്സ് കൗൺസിലിന്റെ കാര്യക്ഷമതയെ കുറിച്ച് വിമർശനം ഉയർത്തിയാണ് മന്ത്രിയും കായിക വകുപ്പും തിരിച്ചടിച്ചത്. ഇതെല്ലാം കൂടിയായപ്പോഴാണ് പ്രഡിസിഡന്റും വൈസ് പ്രസിഡന്റും അഞ്ച് സ്റ്റാന്റിങ് കമ്മിറ്റി അംഗങ്ങളും ഇനി തുടരേണ്ടതില്ലെന്ന നിർദ്ദേശം സിപിഎം മുന്നോട്ട് വച്ചതും രാജിയിൽ കാര്യങ്ങളവസാനിച്ചതും.
സ്പോർട്സ് കൗൺസിലിനെ നോക്കുകുത്തിയാക്കി ഒളിന്പിക്‌സ് അസോസിയേഷൻ കാര്യങ്ങൾ നടത്തിയെടുക്കുന്നു എന്ന വിമർശനം കായിക വകുപ്പിൽ ഉയർന്നിരുന്നു. ഒളിംപിക് അസോസിയേഷന്റെ അനാവശ്യ കൈകടത്തലുകളിൽ മേഴ്‌സിക്കുട്ടനും അതൃപ്തി ഉള്ളതായി നേരത്തെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ഇതും രാജി തീരുമാനത്തിന് പിന്നിലുണ്ടെന്നാണ് വിവരം. 2019 ൽ ടിപി ദാസന് ശേഷമാണ് മേഴ്‌സിക്കുട്ടൻ സ്പോർട്സ് കൗൺസിലിന്റെ തലപ്പത്തെത്തുന്നത്. 2024 ഏപ്രിൽവരെ അധ്യക്ഷസ്ഥാനത്ത് തുടരാമായിരുന്നു.
കായികതാരം തന്നെ സ്‌പോർടസ് കൗൺസിലിന്റെ തലപ്പത്തുണ്ടാവണം എന്ന മുൻ കായികമന്ത്രി ഇ.പി ജയരാജന്റെ നിർദേശപ്രകാരമായിരുന്നു നിയമനം. നിലവിലെ കായികമന്ത്രി വി.അബ്ദുറഹിമാന്റെ അനാവശ്യ ഇടപെടലുകളും ഏകാധിപത്യ പ്രവണതകളും സ്പോർട്സ് കൗൺസിലിന്റെ സ്വതന്ത്രമായ പ്രവർത്തനങ്ങളെ ബാധിച്ചിരുന്നു.
കായികതാരങ്ങൾക്കുള്ള അടിസ്ഥാന സൗകര്യങ്ങളും സാമ്പത്തിക സൗകര്യങ്ങളുമെല്ലാം കഴിഞ്ഞ ദിവസങ്ങളിൽ വലിയ വിവാദമായിരുന്നു. താരങ്ങൾക്ക് പണം കൊടുക്കാതെ സർക്കാർ എന്തു ചെയ്യുകയാണെന്നതടക്കം വിമർശനമുയർന്നതോടെ പണം നൽകണമെന്നാവശ്യപ്പെട്ട് മന്ത്രിയ്‌ക്കെതിരെ മേഴ്‌സിക്കുട്ടൻ പരസ്യമായി രംഗത്തെത്തിയിരുന്നു. ഇതോടെ കായിക മന്ത്രി പ്രതികാര ബുദ്ധിയോടെ വിഷയത്തിൽ നിലപാട് സ്വീകരിക്കുകയായിരുന്നു.
കഴിഞ്ഞ ശനിയാഴ്ച ചേർന്ന സിപിഎം. സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിലാണ് മേഴ്‌സിക്കുട്ടനെ മാറ്റാൻ തീരുമാനമായത്. ഇതോടൊപ്പം സ്റ്റാൻഡിങ് കമ്മിറ്റി അംഗങ്ങളായ വൈസ് പ്രസിഡന്റ് ഒ.കെ. വിനീഷ്, അംഗങ്ങളായ ജോർജ് തോമസ്, ഐ.എം. വിജയൻ, റഫീഖ്, ഒളിമ്പിക് അസോസിയേഷൻ പ്രതിനിധികളായ വി. സുനിൽകുമാർ, എസ്. രാജീവ്, എം.ആർ. രഞ്ജിത് എന്നിവരോടും സ്ഥാനമൊഴിയാൻ പാർട്ടി നിർദേശിച്ചിരുന്നു.
മറുനാടന് മലയാളി ബ്യൂറോ