കൊല്ലം: ഇത് ശ്രീനാരായണഗുരു ആണോ? കൊല്ലത്തു മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്ത ശ്രീനാരായണ സാംസ്‌കാരിക സമൂച്ചയത്തിൽ സ്ഥാപിച്ച പ്രതിമയെ ചൊല്ലി വിവാദം. പ്രതിമയ്ക്ക് ഗുരുവിന്റെ മുഖസാമ്യമില്ലെന്നതാണ് വസ്തുത. ഇതാണ് ചർച്ചയ്ക്ക് കാരണവും. സോഷ്യൽ മീഡിയയിൽ നിറയെ പ്രതിമയെ വിമർശിച്ച് ചർച്ചകളാണ്. എന്നാൽ ആരും ഔദ്യോഗികമായി പ്രതികരിച്ചുമില്ല.

പ്രതിമ കണ്ടാൽ ഗുരുവെന്ന് തോന്നില്ല? കൊല്ലത്ത് ശ്രീനാരായണ ഗുരു സാംസ്‌കാരിക സമുച്ചയം ഇന്ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു. ശ്രീനാരായണ ഗുരു സാംസ്‌കാരിക സമുച്ചയത്തിന് മുന്നിൽ സ്ഥാപിച്ചിരിക്കുന്ന പ്രതിമയിൽ അദ്ദേഹം പൂമാല അണിയിച്ചു. എന്നാൽ പ്രതിമ കണ്ടാൽ ഗുരുവെന്ന് തോന്നില്ല ? ശ്രീനാരായണ ഓപ്പൺ യൂണിവേഴ്‌സിറ്റിയുടെ ലോഗോയും ഇങ്ങനെ ആയിരുന്നു... ഗുരുവിനെ ഇങ്ങനെ നിന്ദിക്കരുത്....-ഇതാണ് സോഷ്യൽ മീഡിയയുടെ പൊതു വികാരം. ജവഹർലാൽ നെഹ്‌റുവിനെ പണിയാൻ നോക്കിയതാണെന്ന് തോന്നുന്നു അവസാനം ഗുരുവിന് ഇട്ട് താങ്ങി?? തൊപ്പി വച്ചാൽ നെഹ്രുവായി?? പ്രതിമയിൽ ക്യാമറ ഉണ്ടോ-ഇതൊക്കെയാണ് ചർച്ചയ്ക്ക് കമന്റായി എത്തുന്നത്.

സംസ്ഥാനത്തിന്റെ സാംസ്‌കാരിക പൈതൃക സംരക്ഷണത്തിനും വ്യാപനത്തിനും പ്രോത്സാഹനത്തിനുമായി 14 ജില്ലകളിലും കിഫ്ബി ധനസഹായത്തോടെ നിർമ്മിക്കുന്ന സാംസ്‌കാരിക സമുച്ചയമാണ് കൊല്ലം ജില്ലയിൽ യാഥാർഥ്യമായത്. തടസങ്ങളില്ലാത്ത സാംസ്‌കാരിക ഉൾപ്പെടുത്തൽ സമൂഹത്തിന്റെ എല്ലാ തട്ടുകളിലും ലഭ്യമാക്കുകയെന്ന കാഴ്ചപ്പാടോടെയാണ് ജില്ലയിൽ ശ്രീ നാരായണ ഗുരു സാംസ്‌കാരിക സമുച്ചയം നിർമ്മിച്ചത്. ഈ സമുച്ചയത്തിലെ പ്രതിമയാണ് വിവാദമാകുന്നത്.

ശ്രീനാരായണ ഗുരുവിനെ ഓർത്ത് നമുക്ക് അഭിമാനിക്കാമെന്നും അദ്ദേഹത്തെ എത്ര ആദരിച്ചാലും മതിയാവില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു. അതിന്റെ എളിയ ശ്രമമാണ് സർക്കാർ ചെയ്യുന്നത്. കേരളം ഇന്നത്തെ നിലയിലേക്കെത്താൻ അടിത്തറ ഇട്ടത് ശ്രീനാരായണ ഗുരുവാണ്. അദ്ദേഹത്തിന്റെ പ്രസക്തി രാജ്യം കൂടുതലായി മനസിലാക്കുന്ന കാലഘട്ടമാണിതെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. സംസ്‌കാരിക വകുപ്പ് മന്ത്രി സജിചെറിയാൻ ചടങ്ങിൽ മുഖ്യമന്ത്രിക്ക് മൊമന്റൊ നൽകി. മുകേഷ് എംഎൽ.എ മുഖ്യമന്ത്രിക്ക് കച്ചിപടത്തിൽ തീർത്ത ശ്രീനാരായണ സമുച്ചയത്തിന്റെ ചിത്രവും സമ്മാനിച്ചു.

കിഫ്ബിയുടെ സഹായത്തോടെ സാംസ്‌കാരിക വകുപ്പാണ് മൂന്നര ഏക്കർ ഭൂമിയിൽ 56.91 കോടി രൂപ ചെലവഴിച്ച് അത്യാധുനിക സംവിധാനങ്ങൾ ഉൾപ്പെടുത്തി ശ്രീനാരായണഗുരു സാംസ്‌കാരിക സമുച്ചയം നിർമ്മിച്ചിരിക്കുന്നത്. ഒരു ലക്ഷം അടിയോളം വിസ്തീർണത്തിൽ നിർമ്മിച്ച സമുച്ചയത്തിൽ ആധുനിക ലൈറ്റിങ് സൗണ്ട് പ്രൊജക്ഷൻ സംവിധാനങ്ങൾ അടങ്ങിയ എവി തീയറ്റർ, ബ്ലാക്ക് ബോക്സ് തീയറ്റർ, ഇൻഡോർ ഓഡിറ്റോറിയം, സെമിനാർ ഹാൾ എന്നിവയ്ക്ക് പുറമെ ഡിജിറ്റൽ രൂപത്തിലുള്ള ലൈബ്രറി, ആർട്ട് ഗ്യാലറി, ക്ലാസ് മുറികൾ, ശില്പശാലകൾക്കുള്ള വേദി, ക്രാഫ്റ്റ് മ്യൂസിയം എന്നിവയും ഉൾപ്പെടുത്തിയിട്ടുണ്ട്. എന്നാൽ പ്രതിമയിൽ വേണ്ടത്ര കരുതൽ ഉണ്ടായില്ലെന്നതാണ് വസ്തുത.

സമുച്ചയത്തിന്റെ മധ്യഭാഗത്ത് സ്ഥിതി ചെയ്യുന്ന ഓപ്പൺ എയർ തീയേറ്ററിൽ ഏകദേശം 600ൽ പരം ആളുകൾക്ക് ഒരേ സമയം പരിപാടികൾ ആസ്വദിക്കാൻ സാധിക്കും. ഗ്രീൻ റൂമോട് കൂടിയ ഈ ഓഡിറ്റോറിയത്തിൽ വിശാലമായ കാഴ്ച സൗകര്യമുള്ള സ്റ്റേജും സ്ഥിതി ചെയ്യുന്നു. അന്താരാഷ്ട്ര തലത്തിലുള്ള കോൺഫറൻസുകളും മീറ്റിംഗുകളും നടത്താവുന്ന തരത്തിൽ പ്രൊജക്ഷൻ സംവിധാനവും മികച്ച സൗണ്ട് സിസ്റ്റവുമുള്ള 108 ഇരിപ്പിടങ്ങളോട് കൂടിയ പൂർണ്ണമായും ശീതീകരിച്ച സെമിനാർ ഹാൾ പെർഫോമൻസ് ബ്ലോക്കിലാണ് സ്ഥിതി ചെയ്യുന്നത്.

തെരുവ് നാടക പ്രകടനങ്ങൾ, റിഹേഴ്‌സലുകൾ, മൈമുകൾ എന്നിവയ്ക്ക് ഉപയോഗപ്പെടുത്താവുന്ന രീതിയിൽ പൂർണമായും ശീതീകരിച്ച ആധുനിക ലൈറ്റിങ് ശബ്ദ ക്രമീകരണങ്ങളോട് കൂടിയ ബ്ലാക്ക് ബോക്‌സ് തീയേറ്റർ ഈ ബ്ലോക്കിന്റെ ഭാഗമാണ്. സിനിമ, ഷോർട്ട് ഫിലിംസ്, ഡോക്യുമെന്ററി പ്രദർശനങ്ങൾക്കായി 203 ഇരിപ്പിടങ്ങളോട് കൂടിയ അഢ തീയേറ്റർ സംവിധാവും ഈ ബ്ലോക്കിലുണ്ട്.

ചെറുതും വലുതുമായ എല്ലാത്തരം കലാപരിപാടികളും അരങ്ങേറുവാനുള്ള സജ്ജീകരണങ്ങളോടു കൂടിയ 247 സീറ്റിങ് കപ്പാസിറ്റിയുള്ള പൂർണമായും ശീതീകരിച്ച ഓഡിറ്റോറിയം, വിശാലമായ സ്റ്റോറേജ് ഏരിയ, ആധുനിക ശബ്ദ വെളിച്ച സംവിധാനം, പ്രൊജക്ഷൻ നിയന്ത്രണ ഉപകരണങ്ങൾ, ഗ്രീൻ റൂം എന്നിവ മികച്ച കാഴ്‌ച്ചാനുഭവം ഒരുക്കുന്നു.