- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
500 രൂപയുടെ സേവാപാസ്... ക്ഷേത്ര ജീവനക്കാര്‍ക്കും വിഐപിമാര്‍ക്കുമുള്ള പാസ്.. അല്ലെങ്കില്‍ 10,000 രൂപയുടെ ഒരുവര്‍ഷത്തെ അര്‍ച്ചന ടിക്കറ്റ്; പദ്മനാഭസ്വാമി ക്ഷേത്രത്തില്‍ ദര്‍ശനം പണമുള്ളവര്‍ക്ക് മാത്രമോ? സാധാരണക്കാര്‍ക്ക് ദര്‍ശനം അസാധ്യം; മണിക്കൂറുകള്‍ ക്യൂ നില്‍ക്കുന്ന ഭക്തര്‍ നിരാശരാകുമ്പോള്‍
തിരുവനന്തപുരം: ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തില്‍ ദര്‍ശനം പണമുള്ളവര്‍ക്ക് മാത്രമോ? പരിഷ്‌കരിച്ച ദര്‍ശനരീതിയില്‍ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. എന്നാല്‍ ഇതാരും വിഷയമായി പോലും ഉയര്‍ത്തുന്നില്ല.
പ്രത്യേക പാസുള്ളവര്‍ക്ക് മുന്നിലും അല്ലാത്തവര്‍ക്ക് ഒറ്റക്കല്‍ മണ്ഡപത്തിന്റെ പിന്‍ഭാഗത്തും എന്ന രീതിയിലാണ് പരിഷ്‌കാരം. ഇതുകാരണം പിന്നിലായി പോകുന്ന സാധാരണ ഭക്തര്‍ക്ക് ദര്‍ശനം അസാധ്യമാകുന്നു. മുമ്പും ഇത്തരം രീതിയുണ്ടായിരുന്നു. പക്ഷേ അന്ന് അര്‍ച്ചന ടിക്കറ്റെടുത്താല്‍ ആര്‍ക്കും ആദ്യ നിരയിലേക്ക് പോകാമായിരുന്നു. രഹസ്യക്യാമറയുള്ള കണ്ണടയുമായി ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെത്തിയ ഗുജറാത്ത് സ്വദേശി സുരേന്ദ്രഷാ (66) ഉണ്ടാക്കിയ പൊല്ലാപ്പുകള്‍ക്കൊപ്പമാണ് ഈ വിഷയവും ചര്‍ച്ചയാകുന്നത്.
500 രൂപയുടെ സേവാപാസ്, ക്ഷേത്ര ജീവനക്കാര്‍ക്കും വിഐപിമാര്‍ക്കുമുള്ള പാസുകള്‍ എന്നിവയും 10,000 രൂപ വരുന്ന ഒരുവര്‍ഷത്തെ അര്‍ച്ചന ടിക്കറ്റുമുള്ളവര്‍ക്കാണ് മുന്‍നിരയില്‍നിന്നു ദര്‍ശനം ലഭിക്കുന്നത്. ഇവര്‍ക്ക് ക്യൂ നില്‍ക്കാതെ കയറുകയും ചെയ്യാം. പിന്നില്‍ കമ്പികെട്ടി തിരിച്ചാണ് സാധാരണ ഭക്തരെ അനുവദിക്കുന്നത്. മുമ്പ് അഞ്ചു രൂപയുടെ അര്‍ച്ചന ടിക്കറ്റ് എടുത്താല്‍ മുന്‍ ഭാഗത്ത് നിന്ന് തൊഴാമായിരുന്നു. ഈ സൗകര്യം എല്ലാവരും ഉപയോഗിക്കുമായിരുന്നു. എന്നാല്‍ ഇതിനെ മറ്റ് പല രീതിയിലേക്ക് കൊണ്ടു പോയി. ഈ സാഹചര്യത്തിലാണ് സാധാരണക്കാര്‍ക്ക് ദര്‍ശനം അസാധ്യമാകുന്നത്.
പിന്നില്‍ നില്‍ക്കുന്ന ഭര്‍ക്തര്‍ക്ക് മുന്നില്‍ തിരക്കാണെങ്കില്‍ ദര്‍ശനം ലഭിക്കാറില്ല. മണിക്കൂറുകള്‍ ക്യൂ നിന്നാണ് ഇവര്‍ ശ്രീകോവിലിനു മുന്നിലെത്തുന്നത്. തമിഴ്‌നാട്ടിലെയടക്കം വലിയ ക്ഷേത്രങ്ങളില്‍ പ്രത്യേക ടിക്കറ്റ് സംവിധാനമുണ്ട്. അപ്പോഴും സാധാരണ ക്യൂവില്‍ നില്‍ക്കുന്നവര്‍ക്ക് വിഗ്രഹദര്‍ശനം കിട്ടുന്നതിന് സംവിധാനമുണ്ടാകും.
ഈ വിഷയം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും പരിഹാരം കാണാനുള്ള നടപടികള്‍ സ്വീകരിക്കുന്നത് ആലോചനയിലാണെന്നും ക്ഷേത്ര അധികൃതര്‍ അറിയിച്ചു. ഒറ്റക്കല്‍ മണ്ഡപത്തില്‍ പൂജകളും മറ്റും നടക്കുന്നതിനാല്‍ സ്ഥിരംനിര്‍മാണങ്ങള്‍ പറ്റില്ല. എന്നാല്‍, സാധാരണ ക്യൂവില്‍ വരുന്നവര്‍ക്കായി പെട്ടെന്ന് എടുത്തുമാറ്റാവുന്ന താത്കാലിക തട്ട് തന്ത്രിയുടെ അനുവാദത്തോടെ സ്ഥാപിക്കുന്ന കാര്യം ആലോചനയിലാണെന്നും ക്ഷേത്ര അധികൃതര്‍ അറിയിച്ചു.