പയ്യന്നൂർ : കണ്ണൂർ ജില്ലയിൽ വീണ്ടും തൊഴിൽ ഉടമ -സിഐ.ടി.യു തൊഴിലാളികൾ തമ്മിൽ തൊഴിൽ തർക്കം രൂക്ഷമാകുന്നു. വർഷങ്ങളായി നടന്നു വരുന്ന തൊഴിൽ തർക്കമാണ് ഇപ്പോൾ വീണ്ടും ഉയർന്നിരിക്കുന്നത്. മാതമംഗലം ശ്രീ പോർക്കലി സ്റ്റിൽസിലെ തൊഴിൽ തർക്കം ഒരിടവേളക്ക് ശേഷം വീണ്ടും സജീവമായത് കേരളീയം നടക്കുന്ന പശ്ചാത്തലത്തിൽ മുഖ്യമന്ത്രിയുടെ തട്ടകമായ കണ്ണൂരിൽ വ്യവസായ സംരഭകനെതിരെ തുടരുന്ന തൊഴിൽ സമരമാണ് വിവാദമാകുന്നത്.

തങ്ങൾക്ക് സ്വന്തമായി ലോഡിറക്കാൻ കോടതി ഉത്തരവ് ഉണ്ടെന്നും അതുകൊണ്ട് തന്നെ തൊഴിലാളികൾക്ക് ചുമടിറക്കുവാനുള്ള തൊഴിൽ നൽകാനാകില്ലെന്നു നിലപാടിലാണ് കടയുടമയായ മോഹൻലാൽ. മാതമംഗലം ടൗണിൽ വർഷങ്ങളായി ചുമട്ട് തൊഴിലിൽ ഏർപ്പെട്ടിരിക്കുന്ന തൊഴിലാളികൾക്ക് തൊഴിൽ നിഷേധിക്കുന്നത് അംഗീക്കിക്കാനാകില്ല എന്നും വർഷങ്ങളായി മാതമംഗലം ടൗണിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളും ചുമട്ട് തൊഴിലാളികളും വളരെയധികം സഹകരണത്തോടെയാണ് മുന്നോട്ട് പോകുന്നതെന്നും. ഈ ഒരു സ്ഥാപനം മാത്രമാണ് തൊഴിലാളി വിരുദ്ധത സ്വീകരിക്കുന്നതെന്നും, തൊഴിലാളി യൂനിയൻ പ്രതിനിധികൾ ആരോപിച്ചു.

മാസങ്ങളോളമായി മാതമംഗലം പോർക്കലി സ്റ്റീൽസിൽ ചുമട്ട് തൊഴിലാളികൾക്ക് തൊഴിൽ നിഷേധിക്കുന്ന പ്രശ്നം നിലനിൽക്കുകയാണ്. ഉടമ സ്ഥാപനത്തിലേക്കുള്ള സാധനങ്ങൾ ഇറക്കുവാൻ ഹൈക്കോടതിയിൽ നിന്ന് ഉത്തരവ് വാങ്ങിയിരുന്നു ഇതേപ്രകാരമാണ് കഴിഞ്ഞ ദിവസം ലോഡിറക്കിയത്. സംഘർഷഭരിതമായ സാഹചര്യത്തിൽ പെരിങ്ങോം പൊലീസും സ്ഥലത്തെത്തിയിരുന്നു. കഴിഞ്ഞ ദിവസം രാവിലെ സ്ഥാപനത്തിന് മുന്നിൽ ലോഡ് വന്നത് മുതൽ ചുമട്ട് തൊഴിലാളികൾ ശക്തമായ പ്രതിഷേധവുമായി രംഗത്ത് എത്തിയിരുന്നുവെങ്കിലും ഉച്ചയോടെ പൊലീസ് സാന്നിദ്ധ്യത്തിൽ കടയുടമ സ്വന്തം നിലയിൽ ലോഡിറക്കുകയായിരുന്നു.

തൊഴിൽ നിഷേധിക്കുന്നു എന്നാരോപിച്ച് ചുമട്ട് തൊഴിലാളികൾ ലോഡുമായി വന്ന വാഹനം തടഞ്ഞെങ്കിലും കോടതി ഉത്തരവ് പ്രകാരം പൊലീസ് സാന്നിദ്ധ്യത്തിൽ കടയുടമ ലോഡിറക്കുകയായിരുന്നു. നേരത്തെ ജില്ലാ ലേബർ ഓഫിസർ ഉൾപ്പെടെയുള്ളവർ സർക്കാർ നിർദ്ദേശപ്രകാരം തൊഴിൽ ഉടമയും തൊഴിലാളി യൂനിയൻ നേതാക്കളുമായി ചർച്ച നടത്തിയിരുന്നുവെങ്കിലും ഒത്തുതീർന്നിരുന്നില്ല.