- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഉമ്മൻ ചാണ്ടിക്ക് ജനമനസ്സുകളിൽ സ്വീകാര്യത എങ്ങനെ ഉണ്ടായെന്നതു പഠനവിഷയം; ജനങ്ങളാണ് എന്നും വലുതെന്നത് ഒരു രാഷ്ട്രീയക്കാരനും മറക്കാൻ പാടില്ല; അദ്ദേഹത്തിന്റെ കുടുംബവും മക്കളും അനുഭവിച്ച കഷ്ടതകൾക്ക് നഷ്ടപരിഹാരം ആരു നൽകും; ഗോവ ഗവർണർ പി.എസ്. ശ്രീധരൻപിള്ള ചോദിക്കുന്നു
കോഴിക്കോട്: ഉമ്മൻ ചാണ്ടിയെന്ന രാഷ്ട്രീയ നേതാവിന്റെ മഹത്വം അദ്ദേഹത്തിന്റെ മരണ ശേഷവും സമൂഹത്തിൽ ജ്വലിച്ചു നിൽക്കുകയാണ്. അദ്ദേഹത്തിന്റെ കല്ലറയിൽ പുഷ്പങ്ങൾ അർപ്പിക്കാൻ ദിവസവും ആയിരത്തോളം പേർ എത്തുന്നു. കേരളത്തിന്റെ നാനാ കോണിൽ നിന്നും ആളുകൾ ഒഴുകി എത്തുമ്പോൾ അത് അദ്ദേഹത്തോട് ചെയ്ത തെറ്റുകൾക്ക് പ്രായച്ഛിത്തം കൂടി ആകുകയാണ്.
ഉമ്മൻ ചാണ്ടിയെ വേട്ടയാടിയ കാലത്ത് അദ്ദേഹത്തിന്റെ കുടുംബവും മക്കളും അനുഭവിച്ച കഷ്ടതകൾക്ക് നഷ്ടപരിഹാരം ആരു നൽകുമെന്ന് ചോദിച്ചു രംഗത്തെത്തിയിരിക്കയാണ് ഗോവ ഗവർണർ പി.എസ്.ശ്രീധരൻ പിള്ള. ഉമ്മൻ ചാണ്ടിക്ക് ജനമനസ്സുകളിൽ സ്വീകാര്യത എങ്ങനെ ഉണ്ടായെന്നതു പഠനവിഷയമാണ്. മുഖ്യമന്ത്രിമാരോ രാഷ്ട്രീയക്കാരോ അല്ല, സാധാരണക്കാരായ ജനങ്ങളാണ് പരമാധികാരികളെന്ന് ഓർക്കണമെന്നും അദ്ദേഹം പറഞ്ഞു.
ജനങ്ങളാണ് എന്നും വലുതെന്നത് ഒരു രാഷ്ട്രീയക്കാരനും മറക്കാൻ പാടില്ല. ഒരാളെ കുത്തിക്കൊല്ലുന്നതിനേക്കാൾ ക്രൂരമാണ് വ്യക്തിഹത്യ നടത്തുകയെന്നത്. വ്യക്തിഹത്യ നടത്തുമ്പോൾ ഒരാളെ മാത്രമല്ല അതു ബാധിക്കുന്നത്. അയാളുടെ കുടുംബത്തെയും വരുംതലമുറകളെയുമാണെന്നും ശ്രീധരൻപിള്ള പറഞ്ഞു.
അതേസമയം ഉമ്മൻ ചാണ്ടിയുടെ കല്ലറ സന്ദർശിക്കാനുള്ള ആൾത്തിരക്ക് ഇനിയും കുറഞ്ഞിട്ടില്ല. ദിവസം ചെല്ലുംതോറം ഒരു തീർത്ഥാടന കേന്ദ്രമെന്നത് പോലെയാണ് അദ്ദേഹത്തിന്റെ കല്ലറയിൽ ആളുകൾ എത്തുന്നത്. പുതുപ്പള്ളി ഓർത്തഡോക്സ് പള്ളിയുടെ ചരിത്രത്തിലും ഇത് അപൂർവ്വ സംഭവമാണ്. സഭയുടെ പിതാക്കന്മാരെ അടക്കിയ ഭാഗത്താണ് ഉമ്മൻ ചാണ്ടിയെ അടക്കിയിരിക്കുന്നത്. എന്നിട്ടും ഉമ്മൻ ചാണ്ടിയുടെ കല്ലറയിലാണ് ആൾത്തിരക്ക്.
വാഴ്ത്തു പാട്ടുകളും,മെഴുകുതിരി കൊളുത്തിയുള്ള പ്രാർത്ഥനകളും,മധ്യസ്ഥത അപേക്ഷകളും ആവർത്തിക്കുകയാണ് പുതുപ്പള്ളി പള്ളിയിലെ ഉമ്മൻ ചാണ്ടിയുടെ കല്ലറയിൽ. ഇതെല്ലാം പതിവായതോടെ ചില കോണുകളിൽ നിന്നു വിമർശനങ്ങലും ഉയർന്നികുന്നു. ഉമ്മൻ ചാണ്ടിയെ ദൈവമായി ചിത്രീകരിക്കാൻ ശ്രമിക്കുകയാണെന്ന തരത്തിലായിരുന്നു വിമർശനങ്ങൾ.
അതേസമയം ഇത്തരം വിമർശനങ്ങളെ തള്ളുകയാണ് അദ്ദേഹത്തിന്റെ കുടുംബം. കല്ലറയ്ക്ക് മുന്നിലെ പ്രാർത്ഥന വിമർശനങ്ങളെ തള്ളിയ ചാണ്ടി ഉമ്മൻ ആരുടെയും വിശ്വാസത്തെ ചോദ്യം ചെയ്യാനില്ലെന്ന് പ്രതികരിച്ചു. ഉമ്മൻ ചാണ്ടിയെ ആരാധിക്കുന്നത് ആളുകളുടെ വ്യക്തി സ്വാതന്ത്ര്യമാണ്. വിശ്വാസങ്ങളെ ചോദ്യം ചെയ്യാനില്ലെന്ന് ചാണ്ടി ഉമ്മൻ പറഞ്ഞു. വിമർശനങ്ങളെ അവഗണിക്കാനാണ് ഓർത്തഡോക്സ് സഭയുടെയും തീരുമാനം. എല്ലാ മതസ്ഥരും കല്ലറയിലെത്തി പ്രാർത്ഥിക്കുന്നുണ്ടെന്ന് ഓർത്തഡോക്സ് സഭ പ്രതികരിച്ചു.
അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ കല്ലറയ്ക്കു മുന്നിൽ ആളുകൾ പ്രാർത്ഥിക്കുകയും അപേക്ഷകൾ സമർപ്പിക്കുകയും ചെയ്യുന്നത് അവരുടെ വ്യക്തിപരമായ വിശ്വാസമെന്നാണ് ചാണ്ടി ഉമ്മൻ വ്യക്തമാക്കിയത്. കുടുംബം ഇടപെട്ട് ഉമ്മൻ ചാണ്ടിയുടെ കല്ലറയ്ക്കു മുന്നിലെ പ്രാർത്ഥനകളും മധ്യസ്ഥത അപേക്ഷകളും തടയണമെന്ന് നവമാധ്യമങ്ങളിലടക്കം ഒരു വിഭാഗം ആളുകൾ വാദിക്കുന്നുണ്ട്. എന്നാൽ ആരുടെയും വിശ്വാസത്തെ എതിർക്കാനില്ലെന്ന് ചാണ്ടി ഉമ്മൻ വ്യക്തമാക്കുന്നു.
മറുനാടന് മലയാളി ബ്യൂറോ