- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'എന്തോ ട്രാപ്പാ ചേച്ചി, അവനങ്ങനങ്ങനെയൊക്കെ ചെയ്യുമോ ? ഇല്ല, പക്ഷേ ഇത് വേറേതോ നല്ല രീതിയിലുള്ള പണി കിട്ടിയിട്ടുണ്ട്; പിന്നാലെ പോയി കഴിഞ്ഞാല്‍ നാറ്റക്കേസാകും; ഒരു നല്ല കാര്യത്തിനാണ് പോകുന്നേ എന്റടുത്ത് ചോദിക്കരുത്, അങ്ങനെയാ പറഞ്ഞേ എന്റടുത്ത് ലാസ്റ്റ് ': നടിയെ ആക്രമിച്ച ദിവസം പള്‍സര്‍ സുനിയെ വിളിച്ച ശ്രീലക്ഷ്മിയുടെ സുഹൃത്തുമായുള്ള ഓഡിയോ സംഭാഷണം പുറത്ത്
പള്‍സര്‍ സുനിയെ വിളിച്ച ശ്രീലക്ഷ്മിയുടെ സുഹൃത്തുമായുള്ള ഓഡിയോ സംഭാഷണം പുറത്ത്
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ നടന്‍ ദിലീപടക്കം നാലുപേരെ വെറുതെ വിട്ട് ആറ് പ്രതികളെ ശിക്ഷിച്ച വിധിന്യായത്തില്‍, പ്രോസിക്യൂഷന്‍ അന്വേഷണത്തില്‍ വരുത്തിയ ഗുരുതരമായ വീഴ്ചകള്‍ കോടതി നിശിതമായി വിമര്‍ശിച്ചിരുന്നു. ക്വട്ടേഷന്‍ നല്‍കിയെന്ന് പള്‍സര്‍ സുനി പറഞ്ഞ 'മാഡം' എന്ന വ്യക്തിയെക്കുറിച്ചും, സംഭവ ദിവസം സുനിയെ നിരന്തരം വിളിച്ച 'ശ്രീലക്ഷ്മി' എന്ന സ്ത്രീയെക്കുറിച്ചുമുള്ള അന്വേഷണത്തിലാണ് പ്രോസിക്യൂഷന് വീഴ്ച സംഭവിച്ചത്.
സംഭവ ദിവസം ഒന്നാം പ്രതി പള്‍സര്‍ സുനിയെ നിരന്തരം വിളിച്ച ശ്രീലക്ഷ്മിയെ സാക്ഷ്യപ്പട്ടികയില്‍ ഉള്‍പ്പെടുത്താത്തതിലാണ് കോടതി പ്രധാന വിമര്‍ശനം ഉന്നയിച്ചത്. സംഭവ ദിവസം വൈകിട്ടും കൃത്യം നടക്കുന്ന സമയത്തോടടുത്തും ശ്രീലക്ഷ്മി സുനിയെ ആറ് തവണ വിളിക്കുകയും ഏഴ് സന്ദേശങ്ങള്‍ അയക്കുകയും ചെയ്തിരുന്നു.
ശ്രീലക്ഷ്മി സുഹൃത്തുമായി സംസാരിക്കുന്ന ഓഡിയോ സംഭാഷണം പോലീസ് കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. നടിയെ ആക്രമിച്ച ദിവസം സുനി ആലുവയില്‍ നിന്ന് വിളിച്ചിരുന്നെന്നും, 'നല്ല കാര്യം ചെയ്യാന്‍ പോവുകയാണ്, അത് എന്താണെന്ന് ചോദിക്കരുത്' എന്ന് സുനി പറഞ്ഞിരുന്നെന്നും ഈ മൊഴിയില്‍ പറയുന്നു. ശ്രീലക്ഷ്മിയെക്കുറിച്ച് അന്വേഷിക്കുകയും മൊഴി രേഖപ്പെടുത്തുകയും ചെയ്തിരുന്നുവെന്നും, എന്നാല്‍ പ്രസക്തിയില്ലാത്തതിനാലാണ് സാക്ഷ്യപ്പട്ടികയില്‍ ഉള്‍പ്പെടുത്താതിരുന്നതെന്നുമാണ് പ്രോസിക്യൂഷന്‍ കോടതിയില്‍ വിശദീകരിച്ചത്.
അതിനിടെ, ശ്രീലക്ഷ്മി തന്റെ സുഹൃത്തുമായി പള്‍സര്‍ സുനിയെ കുറിച്ച് സംസാരിക്കുന്ന ഫോണ്‍ സംഭാഷണത്തിന്റെ ഓഡിയോ പുറത്തുവന്നു.
ശ്രീലക്ഷ്മി; ടിവിയിലൊക്കെ ന്യൂസ് കണ്ടോ ചേച്ചി, ഇന്നത്തെ ന്യൂസ് കണ്ടോ ചേച്ചി,
ശ്രീലക്ഷ്മിയുടെ സുഹൃത്ത്: ഞാനത് കണ്ടു ലക്ഷ്മി ഞാനതിന്റെ പിന്നാലെ പോയിട്ടില്ല പക്ഷേ ഞാന്‍ വേറൊരു വഴിക്ക് അന്വേഷിക്കാന്‍ നോക്കിയപ്പോള്‍ മനസിലായത് അതൊരു ട്രാപ്പാണെന്നാണ്. എന്തോ ട്രാപ്പാ ചേച്ചി, അവനങ്ങനങ്ങനെയൊക്കെ ചെയ്യുമോ ? അവനങ്ങനെയൊന്നും ചെയ്യില്ലായെന്ന് ശ്രീലക്ഷ്മി പറയുന്നു. ഇല്ലായെന്നാണ് സുഹൃത്തും മറുപടി നല്‍കുന്നത്. അത് തന്നെയാണ് എന്റെയും വിശ്വാസം. പക്ഷേ ഇത് വേറേതോ നല്ല രീതിയിലുള്ള പണി കിട്ടിയിട്ടുണ്ട്.
ശ്രീലക്ഷ്മി: ന്യൂസൊക്കെ വരുമ്പോള്‍ വേറെ രീതിയിലാണല്ലോ പറയുന്നത്.
ശ്രീലക്ഷ്മിയുടെ സുഹൃത്ത്: ആണ്... ആണ്...സംഭവം ഞാനും കണ്ടു, ഇങ്ങനെയെ കണ്ടുള്ളു, എനിക്കും യാതൊരു കോണ്ടാക്ടും ഇല്ല. കോണ്ടാക്ട് ഇല്ലാത്തത് എന്ന് പറഞ്ഞാല്‍ മനഃപൂര്‍വ്വം ചെയ്യാത്തതാണ്. കാരണം ഇത് നാറ്റക്കേസാണ്. അല്ലാതെ സാധാരണ ഒരു ലെവലല്ല. മനസിലായോ, നമ്മളെ പോലെ സ്റ്റാന്‍ഡേര്‍ഡായി ജീവിക്കുന്ന ആള്‍ക്കാര് ഇതിന്റെ പിന്നാലെ പോയി കഴിഞ്ഞാല്‍ നാറ്റക്കേസാകും. ഞാനിത് വേറെ ആള്‍ക്കാരോട് ചോദിച്ചപ്പോള്‍ ഇതൊരു ട്രാപ്പാണ്, ഒരിക്കലും അങ്ങനെ സംഭവിക്കില്ല, കാരണം ഇത് കൊണ്ടുപോയി ഇന്ന സ്ഥലത്ത് ഇറക്കിയെന്ന് പറയുമ്പോള്‍ തന്നെ അതൊരു ട്രാപ്പാണെന്ന് മനസിലാകും. ഒരാള്‍ ഒരിക്കലും ഒരാളുടെ വീടിന് മുന്നില്‍ കൊണ്ടുപോയി ഇറക്കില്ലല്ലോ..അപ്പോ ഇതേ വേറെ രീതിയിലുള്ള ട്രാപ്പാണെന്നാണ് വിവരം കിട്ടിയത്.
ശ്രീലക്ഷ്മി: ഇന്നലെ എന്നെയും കൂടി വിളിച്ചു. ആലുവയിലുണ്ടെന്ന് പറഞ്ഞ് എന്നെ വിളിച്ചുണ്ടായിരുന്നു. അപ്പോള്‍ ഒന്നും പറഞ്ഞിട്ടുമില്ല, എന്റടുത്ത് ഒരു നല്ല കാര്യത്തിനാണ് പോകുന്നേ എന്റടുത്ത് ചോദിക്കരുത്, എന്താ ഏതാ എന്നൊന്നും ചോദിക്കരുത് അങ്ങനെയാ പറഞ്ഞേ എന്റടുത്ത് ലാസ്റ്റ്. ഞാന്‍ വിളിക്കില്ല
ശ്രീലക്ഷ്മിയുടെ സുഹൃത്ത്: വിളിക്കാന്‍ ശ്രമിക്കുകയോ, കോണ്ടാക്ട് ചെയ്യുകയോ ഒന്നും ചെയ്യരുത് വെറുതെ ആവശ്യമില്ലാത്ത പുലിവാലില്‍ ചെന്ന് ചാടരുത്. ഞാനറിഞ്ഞത് ഇത് ട്രാപ്പാണെന്ന് സുഹൃത്ത് വീണ്ടും ആവര്‍ത്തിക്കുന്നു. എവിടൂന്നോ നല്ല പണി കിട്ടിയിട്ടുണ്ട്.. മിക്കവാറും അവിടുന്ന് തന്നെയാകും ..ഇപ്പോ അതിനൊന്നും ശ്രമിക്കേണ്ട..എല്ലാവരും ട്രാപ്പിലാകും. ഇപ്പോ സൈലന്റായിരിക്കുക. ഇപ്പൊ ഞാനും എല്ലാ രീതിയിലും ഞാനും സൈലന്റായിട്ടിരിക്കുകയാണ്. അവനങ്ങനെ ചെയ്യില്ലായെന്ന നൂറ് ശതമാനം എനിക്ക് അറിയാം. ഇതിന്റെ പ്രശ്‌നമെന്തെന്ന് വെച്ചാല്‍ ഇത് നല്ല രീതിയിലുള്ള ട്രാപ്പാണ്. പെട്ടെന്നൊന്നും ഊരിപ്പോരാന്‍ പറ്റുന്ന ട്രാപ്പുമല്ലായത്. കാരണം മുഖ്യമന്ത്രി വരെ ഇടപെട്ടിട്ടുള്ള കേസാണിത്.
ഇതിപ്പോ എങ്ങനെ കോണ്ടാക്ട് ചെയ്യുമെന്ന് ശ്രീലക്ഷ്മി സുഹൃത്തിനോട് സങ്കടത്തോടെ ചോദിക്കുന്നു.
ശ്രീലക്ഷ്മിയുടെ സുഹൃത്ത്; അറിയില്ല...നീ ഏതായാലും അതിനൊന്നും ശ്രമിക്കണ്ട. നീ ഇപ്പോള്‍ അടങ്ങി നില്‍ക്ക്. ഒന്നാമത് നിനക്ക് ആവശ്യത്തില്‍ കൂടുതല്‍ പ്രശ്‌നങ്ങളുണ്ട്. ആവശ്യമില്ലാത്തതിനൊന്നും നില്‍ക്കണ്ട, നിനക്കിനീ അടുത്ത വല്ല സാധനവും വീട്ടുകാര്‍ തരാന്‍ നില്‍ക്കണ്ട എന്തായാലും അവനിടിട്ട് നല്ല പണി അവീടുന്ന് പോകുന്നുണ്ട്. അതുകൊണ്ട് നിനക്കിട്ടും അവിടുന്ന് പണി കിട്ടാന്‍ നില്‍ക്കണ്ട, അവിടെ അടങ്ങി നില്‍ക്ക്. നിന്റെ കാര്യങ്ങള്‍ നോക്കി, നിനക്ക് യാതൊരു ഇന്‍വോള്‍വുമെന്റുമില്ല, നീ ഇതുമായിട്ട് യാതൊരു പ്രശ്‌നവുമില്ലായെന്ന രീതിയില്‍ വളരെ വളരെ ക്വയറ്റായി അവിടെ നില്‍ക്കുക. ഇത് പെട്ടൊന്നൊന്നും ഊരിപ്പോരാന്‍ കഴിയുന്ന കാര്യമല്ല.അതുകൊണ്ട് നിനക്ക് എന്തുകൊണ്ടും സമയം വേണ്ടി വരും അവനങ്ങനെ ചെയ്യില്ലായെന്ന് ഉറപ്പാ....
ശ്രീലക്ഷ്മിക്ക് സംഭവത്തെക്കുറിച്ച് അറിയാമായിരുന്നോ എന്ന കാര്യത്തില്‍ പോലും കൃത്യമായ വിശദീകരണം നല്‍കിയില്ലെന്ന് കോടതി വിമര്‍ശിച്ചു. ഇവരെ എന്തുകൊണ്ട് സാക്ഷിയാക്കിയില്ലെന്നും കോടതി ചോദ്യം ഉന്നയിച്ചു.
'മാഡം' എന്ന ദുരൂഹത
പള്‍സര്‍ സുനി ക്വട്ടേഷന്‍ കൊടുത്തുവെന്ന് പറയുന്ന 'മാഡം' എന്ന വ്യക്തിയെക്കുറിച്ച് അന്വേഷിക്കാനും, അവരുടെ സാന്നിധ്യം തെളിവ് സഹിതം ബോധ്യപ്പെടുത്താനും പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്ന് കോടതി നിരീക്ഷിച്ചു. ഇവരുടെ സ്വകാര്യത മാനിച്ചാണ് വിവരങ്ങള്‍ ഹാജരാക്കാത്തതെന്നാണ് പ്രോസിക്യൂഷന്‍ വിശദീകരണമെന്നും കോടതി ചൂണ്ടിക്കാട്ടി.
ആരാണ് ശ്രീലക്ഷ്മി, ഇവര്‍ക്ക് കേസുമായി എന്തെങ്കിലും ബന്ധമുണ്ടോ, പള്‍സര്‍ സുനി പറയുന്ന മാഡം എന്നയാള്‍ ഉണ്ടോ എന്നീ കാര്യങ്ങളില്‍ സമഗ്രമായ അന്വേഷണം നടത്താതെ ഗൂഢാലോചന ആരോപിക്കുകയും അത് തെളിയിക്കാന്‍ സാധിക്കാതെ വരികയുമാണ് പ്രോസിക്യൂഷന്‍ വീഴ്ചയായി കോടതി ചൂണ്ടിക്കാട്ടിയത്. ദിലീപടക്കമുള്ള പ്രതികള്‍ക്കെതിരായ ആരോപണങ്ങള്‍ക്കപ്പുറം വിശ്വാസയോഗ്യമായ തെളിവുകള്‍ ഹാജരാക്കാന്‍ പ്രോസിക്യൂഷന് സാധിച്ചില്ലെന്നതാണ് കോടതിയുടെ പ്രധാന വിമര്‍ശനം.




