- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തിരുവനന്തപുരത്ത് അടിയന്തര ലാന്‍ഡിങ് നടത്തിയ ശ്രീലങ്കന്‍ വിമാനത്തിലെ ജീവനക്കാരുടെ ജോലി സമയം കഴിഞ്ഞതിനാല്‍ യാത്രക്കാരെ ഹോട്ടലിലേക്ക് മാറ്റി; പുറത്തിറങ്ങാനാവാതെ എയര്‍പോര്‍ട്ടില്‍ കുത്തിയിരുന്ന് നേരം വെളുപ്പിച്ച് പാക്- ചൈനീസ് പൗരന്മാര്‍; ഇതും സുരക്ഷാ കരുതല്‍
തിരുവനന്തപുരം : കൊളംബോയിലെ മോശം കാലാവസ്ഥയെത്തുടര്‍ന്ന് അവിടേക്കുള്ള വിമാനങ്ങള്‍ കഴിഞ്ഞ ദിവസം ഇറങ്ങിയത് തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിലാണ്. ഇതിനിടെ ചില നാടകീയ സംഭവങ്ങളുമുണ്ടായി. പുറത്തിറങ്ങാനാവാതെ എയര്‍പോര്‍ട്ടില്‍ കുത്തിയിരുന്ന് നേരം വെളുപ്പിച്ച് പാക്- ചൈനീസ് പൗരന്മാര്‍ സമയം കളഞ്ഞു. സുരക്ഷാ കാരണങ്ങളാലായിരുന്നു ഈ കരുതല്‍.
ചൊവ്വാഴ്ച വൈകീട്ടുള്ള എമിറേറ്റ്‌സിന്റെ മാലി-കൊളംബോ-ദുബായ് സര്‍വീസും ശ്രീലങ്കന്‍ എയര്‍ലൈന്‍സിന്റെ ടോക്കിയോ-കൊളംബോ, ഇന്‍ഡിഗോയുടെ ചെന്നൈ-കൊളംബോ സര്‍വീസുകളുമാണ് തിരുവനന്തപുരത്ത് ഇറക്കിയത്. എമിറേറ്റ്സ് ഇന്‍ഡിഗോ വിമാനങ്ങള്‍ രാത്രിയോടെ കൊളംബോയിലേക്കു പറന്നുവെങ്കിലും ശ്രീലങ്കന്‍ എയര്‍ലൈന്‍സ് വിമാനം തിരുവനന്തപുരത്ത് നിര്‍ത്തിയിട്ടു. ശ്രീലങ്കന്‍ എയര്‍ലൈന്‍സിന്റെ ജീവനക്കാരുടെ ഡ്യൂട്ടിസമയ നിയന്ത്രണങ്ങള്‍ കാരണമാണിത്. വിമാനത്തിലെ യാത്രക്കാരെ ഹോട്ടലിലേക്കു മാറ്റി. ബുധനാഴ്ച വിമാനം കൊളംബോയിലേക്കു പുറപ്പെടുമെന്ന് അധികൃതര്‍ അറിയിച്ചു.
ശ്രീലങ്കന്‍ എയര്‍ലൈന്‍സ് വിമാനം തിരുവനന്തപുരത്ത് നിര്‍ത്തിയിട്ടത് വിമാന ജീവനക്കാര്‍ക്ക് മതിയായ വിശ്രമ സമയം നല്‍കണമെന്ന അന്താരാഷ്ട്ര നിബന്ധന കാരണമാണ്. ഇത് പാലിക്കാനായി വിമാനം തിരുവനന്തപുരത്ത് നിര്‍ത്തി. യാത്രക്കാരേയും വിമാന ജീവനക്കാരേയും ഹോട്ടലിലേക്ക് മാറ്റി. പക്ഷേ ആ വിമാനത്തില്‍ പാകിസ്ഥാനിലേയും ചൈനയിലേയും ആളുകളുമുണ്ടായിരുന്നു. പാക്-ചൈനീസ് പൗരന്മാര്‍ക്ക് വിമാനത്താവളത്തിന് പുറത്തേക്ക് പോകാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയില്ല. ആഭ്യന്തര സുരക്ഷ കണക്കിലെടുത്ത് കേന്ദ്ര ഏജന്‍സികളാണ് തീരുമാനം എടുത്തത്. ഇതോടെ ഇവര്‍ക്ക് വിമാനത്താവളത്തിനുള്ളില്‍ തന്നെ ഇരിക്കേണ്ടി വന്നു. ഒരു രാത്രി മുഴുവന്‍ അവര്‍ കേന്ദ്ര സേനയുടെ നിരീക്ഷണത്തിലൂമായി.
തിങ്കളാഴ്ച വൈകിട്ടോടെ മോശം കാലാവസ്ഥയില്‍ ഇറങ്ങേണ്ട വിമാനം തിരുവനന്തപുരത്ത് ഇറങ്ങുകയായിരുന്നു. ഇതിനിടെ ശ്രീലങ്കയില്‍ കാലാവസ്ഥ ശരിയായി. എന്നാല്‍ ക്യാബിന്‍ ക്രൂവിന്റെ ഡ്യൂട്ടി സമയം കഴിഞ്ഞു. ഇതോടെ അവരെ ജോലിക്ക് നിയോഗിക്കാന്‍ കഴിയാത്ത സാഹചര്യമുണഅടായി. പകരം സംവിധാനവും ഒരുക്കാനായില്ല. അധികൃതര്‍ വിമാനത്തില്‍ നിന്നും യാത്രക്കാരെ പുറത്തിറക്കി. ഇമിഗ്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കി ഹോട്ടലുകളില്‍ സുഖതാമസമൊരുക്കി. ഇതിനിടെയാണ് രണ്ട് പാക് പൗരന്മാരും രണ്ട് ചൈനാക്കാരും വിമാനത്തിലുണ്ടെന്ന് കേന്ദ്ര ഏജന്‍സികള്‍ തിരിച്ചറിഞ്ഞത്. ഇവര്‍ക്ക് ഇമിഗ്രേഷന്‍ ക്ലിയറന്‍സ് നല്‍കിയില്ല. വിമാനത്താവള ലോഞ്ചില്‍ തന്നെ ഇരുത്തി. ഇന്നലെ ഉച്ചയോടെയാണ് വിമാനം മടങ്ങിയത്. അതുവരെ അവര്‍ക്ക് വിമാനത്താവളത്തിനുള്ളില്‍ ഇരിക്കേണ്ടി വന്നു.
കനത്ത മഴയെത്തുടര്‍ന്ന് ശ്രീലങ്കയില്‍ വലിയ ദുരന്തമാണുണ്ടായത്. തെക്കുപടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ പെയ്ത കനത്ത മഴ ശ്രീലങ്കയിലെ 2.30 ലക്ഷത്തിലധികം ആളുകളെയാണ് ബാധിച്ചത്. 24 മണിക്കൂറിനുള്ളില്‍ 75 മില്ലിമീറ്റര്‍ മഴയാണ് ലഭിച്ചത്. ശ്രീലങ്കന്‍ തീരത്ത് ചുഴലിക്കാറ്റിനുള്ള സാധ്യതയുണ്ടെന്നും മുന്നറിയിപ്പെത്തി. ഇതേ തുടര്‍ന്ന് മഴയെത്തുടര്‍ന്ന് കൊളംബോയിലേക്കുള്ള ആറ് വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു. ബണ്ഡാരനായകെ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ (ബിഐഎ) എത്തേണ്ട ആറ് വിമാനങ്ങളാണ് വഴിതിരിച്ചുവിട്ടത്.
ടോക്കിയോയില്‍ നിന്നുള്ള ശ്രീലങ്കന്‍ എയര്‍ലൈന്‍സ്, മാലെയില്‍ നിന്ന് വന്ന എമിറേറ്റ്സ്, ചെന്നൈയില്‍ നിന്ന് കൊളംബോയിലേക്കുള്ള ഇന്‍ഡിഗോ വിമാനം എന്നിവയെല്ലാം തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കും ഷാര്‍ജയില്‍ നിന്നുള്ള എയര്‍ അറേബ്യ വിമാനം കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കും തിരിച്ചുവിട്ടു.
മാലെയില്‍ നിന്നുള്ള ശ്രീലങ്കന്‍ എയര്‍ലൈന്‍സ് വിമാനവും അബുദാബിയില്‍ നിന്ന് കൊളംബോയിലേക്കുള്ള എത്തിഹാദ് എയര്‍വേയ്സ് വിമാനവും മട്ടല അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് തിരിച്ചുവിട്ടു. ഇതിനിടെയാണ് തിരുവനന്തപുരത്ത് പാകിസ്ഥാന്‍-ചൈനീസ് പൗരന്മാര്‍ എത്തിയത്.