- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മന്ത്രിക്കെതിരേ സംസാരിച്ചതിന് പണി കിട്ടിയ ഇൻസ്പെക്ടർ ഗിരിലാലിന്റെ സ്ഥലം മാറ്റ ഉത്തരവിൽ ആരും ശ്രദ്ധിക്കാത്ത ഒരു പോസ്റ്റിങ് ആയി എൻജി ശ്രീമോൻ; അധികാര ദുർവിനിയോഗത്തിന്റെ പേരിൽ സർവീസിൽ നിന്ന് പിരിച്ചു വിടപ്പെട്ട ശ്രീമോനെ സർവീസിൽ തിരിച്ചെടുത്തു; പോസ്റ്റിങ് കാസർകോഡ് ക്രൈംബ്രാഞ്ചിൽ
തൊടുപുഴ: അധികാര ദുർവിനിയോഗവും അഴിമതിയും ക്രമക്കേടും നടത്തിയതിന് ഹൈക്കോടതി നിർദേശ പ്രകാരം നടത്തിയ അന്വേഷണത്തിനൊടുവിൽ സർവീസിൽ നിന്ന് പിരിച്ചു വിടപ്പെട്ട പൊലീസ് ഇൻസ്പെക്ടർ എൻജി ശ്രീമോനെ പിണറായി സർക്കാർ തിരിച്ചെടുത്തു. കാസർകോഡ് ക്രൈംബ്രാഞ്ചിൽ ഇൻസ്പെക്ടർ ആയിട്ടാണ് നിയമനം. മന്ത്രി ജി.ആർ. അനിലിനോട് കയർത്ത് സംസാരിച്ച വട്ടപ്പാറ ഇൻസ്പെക്ടർ ഡി. ഗിരിലാലിനെ വിജിലൻസിലേക്ക് മാറ്റിക്കൊണ്ടുള്ള ഉത്തരവിനൊപ്പമാണ് ശ്രീമോനെ പുതുതായി നിയമിച്ചു കൊണ്ടുള്ളതും വന്നിരിക്കുന്നത്.
കോട്ടയത്ത് ക്രൈംബ്രാഞ്ചിൽ ഇൻസ്പെക്ടർ ആയിരിക്കുമ്പോഴാണ് ശ്രീമോനെ സർവീസിൽ നിന്ന് പിരിച്ചു വിട്ടത്. ഇടുക്കി സ്വദേശി ബേബിച്ചൻ വർക്കി ഹൈക്കോടതിയിൽ നൽകിയ ഹർജിയുടെ അടിസ്ഥാനത്തിൽ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. വിവിധ കേസുകളിൽ ശ്രീമോൻ അനാവശ്യമായി ഇടപെട്ടത് സംബന്ധിച്ച് നിരവധി പരാതികൾ വന്നത് കോടതി ശ്രദ്ധിച്ചിരുന്നു. ഇതേ തുടർന്നാണ് ശ്രീമോനെതിരായ മുപ്പതോളം പരാതികൾ അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ ജസ്റ്റിസ് മുഹമ്മദ് മുഷ്ത്താഖ് ഉത്തരവിട്ടത്. വിജിലൻസ് ഐജി എച്ച്. വെങ്കിടേഷ് നടത്തിയ അന്വേഷണത്തിൽ 18 പരാതികളിൽ കഴമ്പുണ്ടെന്ന് കണ്ട് ആയിരം പേജുള്ള റിപ്പോർട്ട് ഹൈക്കോടതിയിൽ സമർപ്പിച്ചിരുന്നു.
തൊടുപുഴ ഇൻസ്പെക്ടർ ആയിരിക്കുമ്പോൾ ഒരു വസ്തു ഇടപാട് കേസിൽ ശ്രീമോൻ എതിർ കക്ഷിക്ക് വേണ്ടി ഇടപെട്ട് ഭീഷണിപ്പെടുത്തിയെന്ന പരാതിയിലാണ് ഹൈക്കോടതി അന്വേഷണത്തിന് ഉത്തരവിട്ടത്. വിജിലൻസ് ഐജിയുടെ അന്വേഷണ റിപ്പോർട്ട് ഞെട്ടിക്കുന്നതായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ശ്രീമോനെ സസ്പെൻഡ് ചെയ്യാനും ഹൈക്കോടതി നിർദേശിച്ചിരുന്നു. സസ്പെൻഷന് പിന്നാലെ തുടരന്വേഷണം നടത്തി സർവീസിൽ നിന്ന് നീക്കം ചെയ്യുകയായിരുന്നു.
ഇതിനെതിരേ സർക്കാരിന് ശ്രീമോൻ നൽകിയ പരാതിയിൽ വീണ്ടും അന്വേഷണം നടന്നു. ഐജി വിജയ് സാഖറേയ്ക്കായിരുന്നു അന്വേഷണ ചുമതല. ഇദ്ദേഹത്തിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് സർവീസിൽ തിരികെ എടുത്തതും കാസർകോഡ് പോസ്റ്റ് ചെയ്തതും. 18 കേസുകളിൽ അധികാര ദുർവിനിയോഗം നടത്തിയെന്ന് തെളിവു സഹിതം വിജിലൻസ് ഐജി കോടതിയിൽ സമർപ്പിച്ച റിപ്പോർട്ട് അവഗണിച്ചാണ് ശ്രീമോനെ സർവീസിൽ തിരിച്ചെടുത്തിരിക്കുന്നത്. ഇത് പൊലീസ് സേനയിൽ പുതിയ കീഴ്‌വഴക്കം സൃഷ്ടിക്കുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
ശ്രീലാല് വാസുദേവന് മറുനാടന് മലയാളി പത്തനംതിട്ട ന്യൂസ് കോണ്ട്രിബ്യൂട്ടര്