കുമ്പളങ്ങി: കേരളത്തിൽ നിന്നുള്ള തത്വചിന്തകനും സന്യാസിയും കേരള നവോത്ഥാന ചരിത്രത്തിലെ തന്നെ പ്രധാനപ്പെട്ട സാമൂഹിക പരിഷ്കർത്താവും കൂടിയായിരുന്നു ശ്രീനാരായണ ഗുരുദേവൻ. 'ഒരു ജാതി ഒരു മതം ഒരു ദൈവം എല്ലാം ഒരു മനുഷ്യൻ മാത്രം' എന്ന അദ്ദേഹത്തിന്റെ ആദർശം ഇപ്പോഴും ജനമനസുകളിൽ ഉണ്ട്. ശേഷം കാലങ്ങൾകഴിഞ്ഞു ഇപ്പോഴും അദ്ദേഹത്തിന്റെ ആദർശങ്ങൾ ആളുകളുടെ മനസ്സിൽ പ്രതിഷ്ഠിച്ചിരിക്കുന്നു.

ഗുരുദേവന്റെ ആശയങ്ങൾ സമൂഹത്തിൽ നിലനിൽക്കുമ്പോഴും ഇപ്പോഴും അദ്ദേഹത്തിനെ മറയാക്കി പല അനാചാരങ്ങൾ നടത്തുന്ന ആളുകളും സമൂഹത്തിൽ വിലസുന്നുണ്ട്. അങ്ങനെ ഒരു സംഭവത്തിന്റെ കുറിപ്പാണ് ഫേസ്ബുക്കിൽ ശ്രദ്ധ നേടിയിരിക്കുന്നത്. ജയരാജ് ഭാരതി എന്ന ആളുടെ പോസ്റ്റാണ് ശ്രദ്ധ നേടിയിരിക്കുന്നത്.

തലശ്ശേരി ജഗന്നാഥ ക്ഷേത്രത്തിന്റെ പ്രതിഷ്ഠ കഴിഞ്ഞ് വർക്കലയ്ക്ക് തിരിച്ചു പോകുന്ന സമയത്താണ് അക്കാലത്തെ കൊച്ചി രാജ്യത്തെ കുമ്പളങ്ങി എന്ന സ്ഥലത്ത് ശ്രീനാരായണ ഗുരുദേവൻ ഇന്ന് കാണുന്ന അർദ്ധനാരീശ്വര പ്രതിഷ്ഠ നടത്തുന്നത്. ( കൊല്ലവർഷം 1083 കുംഭമാസം രോഹിണി നക്ഷത്രം)

അക്കാലത്ത് വിജ്ഞാനപ്രദായിനി സഭ യുടെ വകയായി വളരെ പഴക്കമുള്ള ക്ഷേത്രം കുമ്പളങ്ങിയിൽ ഉണ്ടായിരുന്നു. ആരാധനയുടെ ഭാഗമായി ജന്തുബലിയും പൂരപ്പാട്ടും ആഭാസ പ്രകടനങ്ങളും കൊണ്ട് മലിമസമായ ക്ഷേത്ര ചടങ്ങുകൾ പരിഷ്കരിച്ചു കൊണ്ടാണ് പഴയ പ്രതിഷ്ഠ എടുത്തു മാറ്റി അവിടെ ഗുരുദേവ തൃപ്പാദങ്ങൾ അർദ്ധനാരീശ്വരനെ പ്രതിഷ്ഠിക്കുന്നത്.

ഈ പ്രതിഷ്ഠയോട് അവിടെയുള്ള ഒരു വിഭാഗം ആളുകൾക്ക് ഒരുപാട് എതിർപ്പു ഉണ്ടായിരുന്നെങ്കിലും,ഗുരുദേവ ഭക്തന്മാരായ അക്കാലത്തെ ക്ഷേത്ര ഭാരവാഹികൾ അവയെല്ലാം മറികടന്നു കൊണ്ടാണ് ഗുരുദേവ നിർദ്ദേശപ്രകാരം ക്ഷേത്രപ്രതിഷ്ഠ നടത്തിയത്. പ്രതിഷ്ഠാദിനത്തിന് അവിടെ ഒരു ലഹള ഉണ്ടാക്കി പ്രതിഷ്ഠ മുടക്കണമെന്ന് നിശ്ചയിച്ച മദ്യപാനികളായ ഒരു സംഘം ആഭാസന്മാർ ആയുധങ്ങളും ധരിച്ച് "നിങ്ങളുടെ സ്വാമി എവിടെ കാണട്ടെ" എന്ന് അട്ടഹസിച്ചുകൊണ്ട് ഗുരുദേവ സന്നിധിയിൽ എത്തി. യുഗാവതാര പുരുഷൻ ആയ ശ്രീനാരായണഗുരുദേവന്റെ ആത്മീയ ശക്തിയുടെ മുമ്പിൽ അവരുടെ കയ്യിൽ ഉണ്ടായിരുന്ന ആയുധങ്ങൾ എല്ലാം പിടിവിട്ട് താഴെ വീഴുകയും ഭയന്ന് വിറച്ച അവർ ഗുരുദേവൻ്റെ മുമ്പിൽ സാഷ്ടാംഗ പ്രണാമം നടത്തുകയും ചെയ്തു.

കരുണാമൂർത്തിയായ ഗുരുദേവൻ മാനസാന്തരം വന്ന അവർക്ക് അഭയ മരുളി കൊണ്ട് ക്ഷേത്ര ഭാരവാഹികളെ ചൂണ്ടിക്കാട്ടിക്കൊണ്ട് " ഈ പാവങ്ങൾ പ്രതിഷ്ഠയ്ക്ക് ആൾബലം ഇല്ലാതെ വല്ലാതെ ബുദ്ധിമുട്ടുന്നു. ഇവരെ വേണ്ടവണ്ണം സഹായിക്കുക, " "അടിയങ്ങൾഅങ്ങനെ ചെയ്യാമേ "എന്ന് ഗുരുവിനോട് എതിർപ്പുമായിഎത്തിയ ആ സംഘം സമ്മതിക്കുകയും ചെയ്തു.

ഗുരുദേവ തൃപ്പാദ സാന്നിധ്യം കൊണ്ട് പരമ പവിത്രമായി തീർന്ന ഈ ക്ഷേത്രം സന്ദർശിക്കാൻ കഴിഞ്ഞദിവസം കുടുംബസമേതം പോയിരുന്നു. ആത്മീയ ചൈതന്യ നിറഞ്ഞു തുളുമ്പുന്ന ക്ഷേത്രം. ധരിച്ചിരുന്ന മേൽവസ്ത്രത്തോടെ ക്ഷേത്രത്തിൽ പ്രവേശിച്ച് ദേവദർശനം നടത്തി പ്രദിക്ഷണം ചെയ്‌തു വരുമ്പോഴാണ് ഒരു സഹോദരി വന്ന് പറയുന്നത് ക്ഷേത്രത്തിനകത്ത് മേൽവസ്ത്രം ധരിക്കാൻ പാടില്ല എന്ന്. ഈ ക്ഷേത്രം ശ്രീനാരായണഗുരുദേവ തൃപ്പാദങ്ങളുടെ തൃക്കരങ്ങൾ കൊണ്ട് പ്രതിഷ്ഠ നടത്തിയതിനാൽ മേൽ വസ്ത്രം ധരിച്ച് അകത്ത് കയറി ദർശനം നടത്താം,എന്ന് ഞാനും പറഞ്ഞു ക്ഷേത്ര ദർശനം പൂർത്തിയാക്കി പുറത്തേക്ക് വന്നു.

ഗുരുദേവനാൽ പ്രതിഷ്ഠ നിർവഹിക്കപ്പെട്ട കുമ്പളങ്ങി അർദ്ധനാരീശ്വര ക്ഷേത്രത്തിലേക്ക് ഭക്തിപൂർവ്വം ചാലക്കുടിക്കടുത്ത കൊരട്ടിയിൽ നിന്നും ഏകദേശം 54 കിലോമീറ്റർ ഓളം യാത്ര ചെയ്ത്‌ത് എത്തിയ ഞങ്ങൾക്ക് ഈ ഗുരുദേവക്ഷേത്രത്തിൽ നിന്നും ഇങ്ങനെ ഒരു അനുഭവം ഉണ്ടാകുമെന്ന് പ്രതീക്ഷ ഉണ്ടായിരുന്നില്ല.

ക്ഷേത്രത്തിൽ നിന്നും ഫോൺനമ്പർ വാങ്ങി ക്ഷേത്ര ഭാരവാഹിയായ സഭയുടെ പ്രസിഡന്റിനോട് ഫോണിൽ ഈ വിവരം പറയുമ്പോൾ അദ്ദേഹം പറഞ്ഞത് നൂറ്റാണ്ടുകളായുള്ള ആചാരം മാറ്റാൻ പൊതുയോഗം വിളിച്ചു ചേർത്ത് സമ്മതം വാങ്ങിയിട്ട് മാത്രമേ ചെയ്യാൻ കഴിയൂ എന്നാണ്. നൂറ്റാണ്ടുകളായിട്ടുള്ള ആചാരങ്ങൾ മാറ്റി ശ്രീനാരായണഗുരുദേവൻ ലോകർക്ക് മുന്നിൽ മാതൃക കാട്ടി പ്രതിഷ്ഠ നടത്തിയ ക്ഷേത്രത്തിന്റെ അവസ്ഥ കഷ്ടം എന്നല്ലാതെ എന്താണ് പറയാൻ കഴിയുക.

ഇതിനുശേഷം വല്ലാത്ത മനോവേദനയോട് കൂടിയാണ് ശ്രീനാരായണ പ്രസ്ഥാനത്തിന്റെ ആഗോള തലസ്ഥാനമായ ശിവഗിരി മഠത്തിന്റെ നിയുക്ത പ്രസിഡന്റ് ശ്രീമദ് സച്ചിദാനന്ദ സ്വാമിജിയോട് ഈ വിവരം ഫോണിലൂടെ പങ്കുവയ്ക്കുന്നത്.

സ്വാമിജി പറയുന്നത് 1969 ൽ അന്നത്തെ ശിവഗിരി മഠത്തിന്റെ മഠാധിപതിയായിരുന്ന ശ്രീമദ് ശങ്കരാനന്ദ സ്വാമികൾ ( ശ്രീനാരായണഗുരുദേവന്റെ നേർ ശിഷ്യനും അവസാനത്തെ ശിവഗിരി മഠാധിപതിയും) കോഴിക്കോട് ശ്രീകണ്ഠേശ്വര ക്ഷേത്ര സന്നിധിയിൽ വച്ച് " ഇനിമുതൽ ശ്രീനാരായണ ഗുരുദേവനാൽ പ്രതിഷ്‌ഠിതമായ ക്ഷേത്രങ്ങളിൽ എല്ലാവർക്കും മേൽ വസ്ത്രം ധരിച്ച് പ്രവേശിക്കാം " എന്ന പ്രഖ്യാപനം നടത്തിയിരുന്നുവെന്നാണ് . അന്നുമുതൽ ഇന്നുവരെ ശിവഗിരി മഠത്തിന്റെയും ഈ വിഷയത്തിലുള്ള സമീപനം ഇതുതന്നെയാണ്.

ഏതാനും വർഷങ്ങൾക്കു മുമ്പ് എസ്എൻഡിപി യോഗവും ഈ തീരുമാനത്തെ അനുകൂലിച്ച് ആദരണീയ യോഗം ജനറൽ സെക്രട്ടറി ശ്രീ വെള്ളാപ്പള്ളി നടേശൻ അവറുകൾ ഔദ്യോഗിക പ്രഖ്യാപനം നടത്തിയെന്നുമാണ് മനസ്സിലാക്കാൻ കഴിഞ്ഞിട്ടുള്ളത്. ഇതെല്ലാം കഴിഞ്ഞതിനുശേഷം ഏതാനും മാസങ്ങൾക്കു മുമ്പ് തൃശ്ശൂർ പട്ടണത്തിൽ വച്ച് വിവിധ സമ്പ്രദായങ്ങളിൽ പെട്ട നൂറുകണക്കിന് സന്യാസിവാര്യന്മാരുടെ സാന്നിധ്യത്തിൽ സന്യാസി സംഘടനയായ കേരള മാർഗ്ഗദർശക മണ്ഡലത്തിന്റെ ആദരണീയ പ്രസിഡന്റ് ശ്രീമദ് ചിദാനന്ദപുരി സ്വാമികളും കേരളത്തിലെ ക്ഷേത്രങ്ങളിൽ മേൽ വസ്ത്രം ധരിച്ച് പ്രവേശിക്കാം എന്ന ആചാരം നടപ്പിൽ വരുത്തേണ്ടതാണ് എന്ന് പ്രഖ്യാപിക്കുകയുണ്ടായി.

ദേവസ്വം ബോർഡ് ഭരിക്കുന്ന ക്ഷേത്രങ്ങളളോടൊപ്പം ശ്രീനാരായണ ഗുരുദേവ തൃപ്പാദങ്ങളാൽ പ്രതിഷ്ഠിതമായ പല പ്രമുഖ ക്ഷേത്രങ്ങളിലും ഇന്നും ആചാരത്തിന്റെ പേരിൽ പുരുഷന് മേൽ വസ്ത്ര നിരോധനം തന്നെ തുടരുന്നു. മാമൂൽ പ്രിയന്മാരായ തന്ത്രിമാരും ജ്യോത്സ്യന്മാരും ഇതിനെല്ലാം കൂട്ടുനിൽക്കുന്നു.

അന്ധവിശ്വാസങ്ങളിലും അനാചാരങ്ങളിലും പാപ പങ്കിലമായിരുന്ന ക്ഷേത്രാചാരങ്ങളെ കാലോചിതമായി മൂല്യനവീകരണം ചെയ്ത് ഒരു പുതിയ ക്ഷേത്ര സംസ്കാരം തന്നെ വളർത്തിയെടുത്ത ശ്രീനാരായണഗുരുദേവ തൃപ്പാദങ്ങൾ പ്രതിഷ്ഠ ചെയ്ത്‌ത, പുരുഷന് മേൽ വസ്ത്രം നിരോധനം നടത്തിയിട്ടുള്ള ക്ഷേത്രങ്ങളുടെ ഭാരവാഹികൾ എത്രയും വേഗം തന്നെ കാലോചിതമല്ലാത്ത, ക്ഷേത്രദർശനം നടത്തുന്ന ഭക്തന്മാരായ പുരുഷന്മാർക്ക് ഏർപ്പെടുത്തിയിരിക്കുന്നു മേൽ വസ്ത്ര നിരോധനം മാറ്റി ഗുരുദേവ ആദർശങ്ങളോട് നീതി പുലർത്തണം. ഇത് കാലത്തിന്റെ കൂടെ ആവശ്യമാണ്. എന്നും കുറിപ്പിൽ പറയുന്നു. ഇപ്പോൾ ഈ ഫേസ്ബുക്ക് ശ്രദ്ധ നേടിയിരിക്കുകയാണ്. നിരവധിപേർ ഈ അനാചാരത്തിനെതിരെ മുന്നോട്ട് വരുകയും ചെയ്തിട്ടുണ്ട്.