- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ശ്രീനാഥ് ഭാസിക്കും ഷെയിൻ നിഗമിനും വിലക്കേർപ്പെടുത്തി സിനിമാ സംഘടനകൾ; രണ്ട് നടന്മാരും പെരുമാറുന്നത് ബോധമില്ലാത്തവരെ പോലെ; ഇവരുടെ കൂടെ സഹകരിച്ചു പോകാൻ സാധിക്കാത്ത അവസ്ഥയെന്ന് സംഘടനകൾ
കൊച്ചി: നടൻ ശ്രീനാഥ് ഭാസിക്കും ഷെയിൻ നിഗത്തിനും സിനിമയിൽ വിലക്ക്. ഇരുവരുടെയും സിനിമകളുമായി സഹകരിക്കില്ലെന്ന് സിനിമ സംഘടനകൾ പറഞ്ഞു. താരസംഘടന 'അമ്മ'കൂടി ഉൾപ്പെട്ട യോഗത്തിലാണ് തീരുമാനം. മയക്കുമരുന്നിനടിമകളായ നടന്മാരുമായി സഹകരിക്കില്ലെന്നും രണ്ടു നടന്മാരും പലപ്പോഴും ബോധമില്ലാതെയാണ് പെരുമാറുന്നതെന്നും വാർത്താസമ്മേളനത്തിൽ നിർമ്മാതാവ് രഞ്ജിത്ത് പറഞ്ഞു. എല്ലാ സംഘടനകളും ചേർന്ന് ചർച്ച നടത്തിയത് സിനിമയുടെ നന്മക്കെന്നും രഞ്ജിത്ത് കൂട്ടിച്ചേർത്തു.
ലഹരി മരുന്നു പയോഗിക്കുന്ന നിരവധി പേരുണ്ട് സിനിമ മേഖലയിൽ. അത്തരക്കാരുമായി സഹകരിച്ച് പോകാനാവില്ല. ഈ രണ്ട് നടന്മാരുടെ കൂടെ അഭിനയിക്കുന്നവർക്കും ജോലി ചെയ്യുന്നവർക്കും സഹിക്കാനാവാത്ത അവസ്ഥയാണെന്നും രഞ്ജിത്ത് കൂട്ടിച്ചേർത്തു. സ്ത്രീ സുരക്ഷയുടെ കാര്യത്തിൽ അടക്കം ശ്രദ്ധിക്കേണ്ടതുണ്ടെന്നും നിർമ്മാതാക്കൾ വ്യക്തമാക്കി.
സ്ഥിരമായി മയക്കുമരുന്നുപയോഗിക്കുന്നവരുടെ പേരുവിവരങ്ങൾ സർക്കാരിന് നൽകുമെന്നും നിർമ്മാതാക്കളുടെ പരാതിയിൽ കഴമ്പുണ്ടെന്നും അമ്മ ജനറൽ സെക്രട്ടറി ഇടവേള ബാബുവും പറഞ്ഞു. ഫെഫ്ക, അമ്മ, പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ തുടങ്ങിയ സംയുക്ത സംഘടനകൾ ചേർന്നാണ് ഇവർക്ക് വിലക്കേർപ്പെടുത്താൻ തീരുമാവിച്ചത്.
ലൊക്കേഷനുകളിൽ കൃത്യമായി എത്താൻ ശ്രീനാഥ് ഭാസി ശ്രമിക്കുന്നില്ല. ഇതേ പരാതി തന്നെയാണ് ഷെയിൻ നിഗവും പിന്തുടരുന്നത്. ഇത് നിർമ്മാതാക്കളുൾപ്പെടെയുള്ള സഹപ്രവർത്തകർക്ക് ബുദ്ധിമുട്ടുണ്ടാക്കുകയാണ്. ഈ സാഹചര്യത്തിലാണ് സംഘടനകൾ ഇത്തരത്തിലുള്ള തീരുമാനത്തിൽ എത്തിയിരിക്കുന്നത്. ദിവസങ്ങൾക്കു മുമ്പ് ചില താരങ്ങളുമായി മുന്നോട്ട് പോകാനാവില്ലെന്ന് ഫെഫ്ക പറഞ്ഞിരുന്നു. അതിന്റെ തുടർച്ചയെന്നോണമാണ് സംഘടനകളുടെ ഈ തീരുമാനം വരുന്നത്. ഈ താരങ്ങൾക്കെതിരെ നേരത്തേയും വിമർശനങ്ങൾ ഉയർന്നിരുന്നു. ഷെയിൻ നിഗത്തിന് വിലക്കേർപ്പെടുത്തിയിരുന്നത് പിന്നീട് പിൻവലിക്കുകയായിരുന്നു.
നിർമ്മാതാവ് സോഫിയ പോളിന്റെ ആർഡിഎക്സ് എന്ന ചിത്രത്തിന്റെ സെറ്റിൽ പ്രശ്നമുണ്ടാക്കിയതിനാണ് ഷെയ്ൻ നിഗത്തെ വിലക്കിയത്. കുർബാനി ചിത്രത്തിന്റെ ഡബ്ബിങും പൂർത്തിയാക്കിയിട്ടില്ല. ശ്രീനാഥ് ഭാസി ഏതൊക്കെ സിനിമകൾക്ക് വേണ്ടി കരാർ ഒപ്പിടുന്നു എന്ന് അദ്ദേഹത്തിന് തന്നെ അറിയില്ലെന്നും നിർമ്മാതാക്കൾ കുറ്റപ്പെടുത്തുന്നു. ശ്രീനാഥ് ഒരു സെറ്റിലും സമയത്തിന് എത്താറില്ലെന്നും ഫെഫ്ക ഭാരവാഹികൾ പറഞ്ഞു.
പെരുമാറ്റ ദൂഷ്യത്തിന്റെ പേരിൽ മുൻപും ഇരുവരും വിലക്ക് നേരിട്ടിടുണ്ട്. ഉല്ലാസം , വെയിൽ എന്നീ ചിത്രങ്ങളുടെ സെറ്റിൽ പ്രശ്നമുണ്ടാക്കിയതിനും സമയത്ത് ചിത്രീകരണം പൂർത്തിയാക്കാത്തതിനും, സംവിധായകന്റെയോ നിർമ്മാതാവിന്റെയോ അനുവാദമില്ലാതെ ചിത്രത്തിനായി സെറ്റ് ചെയ്തിരുന്ന ലുക്ക് മാറ്റിയതിനുമായിരുന്നു ഷെയ്ൻ നേരത്തെ വിലക്ക് നേരിട്ടത്. തുടർന്ന് അമ്മ അടക്കമുള്ള സംഘടനകൾ ചർച്ച നടത്തിയാണ് പ്രശ്നങ്ങൾ പരിഹരിച്ചത്.
മലായളത്തിൽ പ്രശ്നക്കാരായ നടന്മാർ ആരെന്ന് മറുനാടൻ മലയാളിയും പുറത്തുവിട്ടിരുന്നു. ഇവർക്കെതിരെ ശക്തമായ നടപടി ഉണ്ടാകുമെന്നും വാർത്തയിൽ വ്യക്തമാക്കുകയുണ്ടായി. ഷെയിൻ നിഗം തന്നെയാണ് സിനിമാ സെറ്റിൽ നിരന്തരം വിവാദത്തിലാകുന്ന ഒരു താരമെങ്കിൽ ഇക്കാര്യത്തിൽ സംഘടനക്ക്ക് അടക്കം പരാതികൾ ഉള്ളത് ശ്രീനാഥ് ഭാസിക്കെതിരെയാണ്.
വേനൽ എന്ന സിനിമയിൽ മുതൽ വിവാദ നായകനാണ് ഷെയിന് നിഗം. നിരവധി സിനിമകളുമായി നിറഞ്ഞു നിൽക്കുമ്പോഴാണ് അഹങ്കാരം തലയ്ക്ക് പിടിച്ചു ഷെയിൻ സ്വയം കുഴിതോണ്ടിയത്. ഈ സിനിമയിൽ അഭിനയിക്കാതെ വിട്ടു നിന്നതിന്റെ പേരിൽ ഷെയിന് വിലക്കും നേരിടേണ്ടി വന്നു. ഇതോടെ ഇടക്കാലം കൊണ്ട് ഫീൽഡിൽ നിന്നും മങ്ങിയ ഷെയിൻ വീണ്ടും തിരികെ എത്തി. ഇതിന് ശേഷം പ്രതിഫലം അടക്കം ഉയർത്തുകയും ചെയ്തു താരം. ഒരു കോടി പ്രതിഫലമായി വേണമെന്ന് പറഞ്ഞതു കൊണ്ട് മറ്റ് സിനിമകളിൽ നിന്നും ഒഴിവാക്കുന്ന അവസ്ഥയും ഉണ്ടായി.
ഇതിനിടെയാണ് സോഫിയ പോളിന്റെ ആർഡിഎക്സ് സിനിമാ സൈറ്റിലും ഷെയിൻ വില്ലനായത്. ആർഡിഎക്സ് എന്ന സിനിമയിലെ സൈറ്റിൽ തന്നേക്കാൾ പ്രാധാന്യം സഹതാരത്തിന് ലഭിച്ചോ എന്നതായിരുന്നു നടന്റെ ആശങ്ക. ഷെയിൻ നിഗമാണ് ഷൂട്ട് ചെയ്ത റഷസ് കാണണം എന്നു പറഞ്ഞ് പ്രശ്നം ഉണ്ടാക്കിയത്. കൂടാതെ സംവിധായകനെ നിരന്തരം അവഹേളിക്കുന്ന അവസ്ഥയും ഉണ്ടാ. നടൻ ഷൂട്ടിംഗിന് വിസമ്മതിച്ചതോടെ പ്രശ്നം തീർക്കാൻ പിന്നീട് ഫെഫ്ക ഇടപെടേണ്ട അവസ്ഥയും ഉണ്ടായി.
ചിത്രത്തിന്റെ ഷൂട്ടിങ് തുടങ്ങിയപ്പോൾ ഈ സിനിമയിലെ സഹനടൻ ആയിരുന്ന ആന്റണി പെപ്പെയുടെ കൈ ഒടിഞ്ഞിരുന്നു. ഒടിവ് നേരെയാക്കി സഹനടനെത്തിയപ്പോഴേക്കും യുവനായകനായ ഷെയിൻ ഉടക്കുമായി രംഗത്തുവന്നു. പലതും പറഞ്ഞ് സിനിമ നീണ്ടു. വീണ്ടും സെറ്റിലെത്തണമെങ്കിൽ പ്രതിഫലം കൂട്ടണമെന്നു വരെ ആവശ്യം വരെ ഉന്നയിച്ചു. പ്രിയദർശൻ ചിത്രമായ കൊറോണ പേപ്പേഴ്സിൽ അഭിനയിച്ചതോടെ താരമൂല്യം ഉയർന്നു എന്നു പറഞ്ഞായിരുന്നു നടന്റെ രംഗപ്രവേശം. ഫെഫ്ക വിഷയത്തിൽ ഇടപെട്ടതോടെ ഈ സിനിമയുടെ ഷൂട്ടിങ് പൂർത്തീകരിച്ചു.
അതേസമയം ശ്രീനാഥ് ഭാസി 8 മണിക്ക് ഷൂട്ടിങ് പ്ലാൻ ചെയ്താൽ 10 മണിക്ക് എത്തുന്നു എന്ന ആരോപണം നേരിടുന്നു. അടുത്തകാലത്ത് വിലക്കിൽ നിന്നും ഇളവു കിട്ടിയിട്ടേയുള്ളു ഭാസിക്ക്. അതേസമയം ആസഫിലി അടക്കമുള്ളവര്ക്ക് നേരെയും ആരോപണങ്ങളുണ്ട്. ഒരു മുതിർന്ന സംവിധായകന് വാക്കു നൽകിയ ശേഷം ഡേറ്റ് കൊടുക്കാതെ കബളിപ്പിച്ചു എന്ന ആരോപണം ആസിഫിനെതിരെ ഉണ്ട്. ഈ സിനിമയിൽ അഡ്വാൻസും നായകൻ കൈപ്പറ്റിയിരുന്നു.
സിനിമയിലെ അണിയറപ്രവർത്തകരെ നിരന്തരം കബളിപ്പിക്കുന്ന ഈ താരങ്ങൾക്കെതിരെ നിർമ്മാതാക്കൾക്കെതിരെ ശക്തമായ രോഷത്തിലാണ്. അമ്മയുമായി ഉണ്ടാക്കിയ കരാറിൽ ഇവർ ഒപ്പിടാൻ വിസമ്മതിക്കുന്നതും പ്രശ്നങ്ങൾക്ക് ഇടയാക്കുന്നുണ്ട്. ഇപ്പോഴത്തെ നിലയിൽ താക്കീത് എന്ന നിലയിലാണ് ഫെഫ്ക വാർത്താസമ്മേളനം വിളിച്ചു നിലപാട് വ്യക്തമാക്കിയത്. ഇതിനെയും വകവെക്കാതെ വന്നതോടെയാണ് വിലക്ക് അടക്കമുള്ള നടപടികളിലേക്ക് സംഘടന കടന്നതും. ഒരേ സമയം പല സിനിമകൾക്ക് തീയതി കൊടുക്കുന്നു. പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ തയാറാക്കിയ, അഭിനേതാക്കളുടെ സംഘടനയായ 'അമ്മ' അംഗീകരിച്ച എഗ്രിമെന്റ് ഒപ്പിടുന്നില്ലെന്ന പരാതി കുറച്ചുകാലമായുണ്ട്.
മറുനാടന് മലയാളി ബ്യൂറോ