കൊച്ചി: ആലപ്പുഴ ഹൈബ്രിഡ് കഞ്ചാവ് കേസിലെ പ്രതി തസ്ലിമാ സുല്‍ത്താന തന്നെ ഫോണില്‍ വിളിച്ചിരുന്നുവെന്ന് നടന്‍ ശ്രീനാഥ് ഭാസി. ക്രിസ്റ്റീന എന്ന പേരിലാണ് തന്നെ വിളിച്ചത്. എന്നാല്‍ തനിക്ക് ഇവരുമായി യാതൊരുബന്ധവും ഇല്ലെന്ന് ശ്രീനാഥ് ഭാസി പറയുന്നു. താന്‍ ആരില്‍ നിന്നും കഞ്ചാവ് വാങ്ങുകയോ വില്‍ക്കുകയോ ചെയ്തിട്ടില്ലെന്നും ശ്രീനാഥ് ഭാസി പറഞ്ഞു. ആലപ്പുഴ ഹൈബ്രിഡ് കഞ്ചാവ് കേസില്‍ അറസ്റ്റ് ചെയ്തേക്കുമെന്ന് ഭയന്ന് ഹൈക്കോടതിയില്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യഹര്‍ജിയിലാണ് നടന്‍ ഇക്കാര്യങ്ങള്‍ വാദിച്ചത്. ഹര്‍ജി ഇന്ന് പരിഗണിക്കാനായി ലിസ്റ്റ് ചെയ്തിട്ടുണ്ട്.

കഴിഞ്ഞ വര്‍ഷം നവംബറില്‍ കോഴിക്കോട് ഒരു ഷൂട്ടിങ് ലൊക്കേഷനില്‍ തസ്ലിമ തന്നെ കാണാനെത്തിയിരുന്നെന്ന് ഹര്‍ജിയില്‍ പറയുന്നു. അന്ന് ക്രിസ്റ്റീന എന്നാണ് പേരു പറഞ്ഞത്. ആരാധികയാണെന്നു പറഞ്ഞ് ഒരു സുഹൃത്തു വഴിയായിരുന്നു പരിചയപ്പെടല്‍. അന്നു ഫോണ്‍ നമ്പറും വാങ്ങിയിരുന്നു. പിന്നെ ഏപ്രില്‍ ഒന്നിന് 'കഞ്ചാവ് ആവശ്യമുണ്ടോ' എന്നു ചോദിച്ച് അപ്രതീക്ഷിതമായി വിളിക്കുകയായിരുന്നു. കളിയാക്കുകയാണ് എന്നു കരുതി ഫോണ്‍ കട്ട് ചെയ്തു. പിന്നാലെ, 'ആവശ്യമുള്ളത് ചെയ്തുകൊടുക്കണം' എന്ന രീതിയില്‍ മെസേജ് വന്നു. കളിയാക്കുകയാണ് എന്നു കരുതി 'വെയ്റ്റ്' എന്ന് മറുപടി അയച്ചെന്നും തസ്‌ലിമ അയച്ച മറ്റു മെസജുകള്‍ക്കൊന്നും മറുപടി അയച്ചിട്ടില്ലെന്നും ഹര്‍ജിയില്‍ പറയുന്നു.

പ്രതിക്ക് ചാറ്റ് വഴി യാതൊരു മറുപടിയും നല്‍കിയിട്ടില്ല. താന്‍ അറിയപ്പെടുന്നൊരു സിനിമ നടനാണ്. അതുകൊണ്ട് തന്നെ ആരില്‍ നിന്നും കഞ്ചാവ് വാങ്ങുകയോ വില്‍ക്കുകയോ ചെയ്തിട്ടില്ലെന്നും ശ്രീനാഥ് ഭാസി ഹൈക്കോടതിയില്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ അവകാശപ്പെടുന്നു. താന്‍ നിരപരാധിയാണെന്നും അറസ്റ്റിലായാല്‍ പ്രധാന വേഷത്തില്‍ അഭിനയിച്ചുകൊണ്ടിരിക്കുന്ന സിനിമയുടെ ഷൂട്ടിങ് മുടങ്ങുമെന്നും ഹര്‍ജിയില്‍ പറയുന്നു.

താന്‍ ലഹരി വില്‍ക്കുകയോ കുറ്റകൃത്യത്തില്‍ ഏര്‍പ്പെടുകയോ ചെയ്തിട്ടില്ലെന്നു ശ്രീനാഥിന്റെ ഹര്‍ജിയില്‍ പറയുന്നു. നായകനായി അഭിനയിക്കുന്ന സിനിമയുടെ ഷൂട്ടിങ് എറണാകുളത്ത് നടക്കുന്നുണ്ട്. അറസ്റ്റിലായാല്‍ ഷൂട്ടിങ് മുടങ്ങും. തന്നെ ശാരീരികമായും മാനസികമായും പീഡിപ്പിക്കാനും സാധ്യതയുണ്ട്. അന്വേഷണവുമായി സഹകരിക്കാന്‍ തയാറാണെന്നും മുന്‍കൂര്‍ ജാമ്യം അനുവദിക്കണമെന്നുമാണ് ഹര്‍ജിയില്‍ പറയുന്നത്.

രണ്ടുകോടിരൂപ വിലയുള്ള മൂന്നു കിലോ ഹൈബ്രിഡ് കഞ്ചാവുമായാണ് കണ്ണൂര്‍ സ്വദേശിനി തസ്ലിമാ സുല്‍ത്താന (ക്രിസ്റ്റീന)യെയും ആലപ്പുഴ സ്വദേശി കെ. ഫിറോസിനെയും എക്‌സൈസ് പ്രത്യേകസംഘം അറസ്റ്റുചെയ്തത്. സിനിമ, ടൂറിസം മേഖലയിലുള്ളവര്‍ക്കായാണ് കഞ്ചാവ് എത്തിച്ചതെന്ന് ഇവര്‍ മൊഴി നല്‍കിയിരുന്നു. ശ്രീനാഥ് ഭാസി, ഷൈന്‍ ടോം ചാക്കോ തുടങ്ങിയ താരങ്ങളുടെ പേര് തസ്ലിമ വെളിപ്പെടുത്തിരുന്നു.

കൂടുതല്‍ തെളിവ് ശേഖരണത്തിന് ശേഷം മാത്രമേ നടന്മാരെ വിളിച്ചു വരുത്തി ചോദ്യം ചെയ്യുന്ന നടപടിയിലേക്ക് കടക്കൂവെന്ന് എക്സൈസ് സംഘം പറഞ്ഞിരുന്നു. ഈ സാഹചര്യത്തിലാണ് അറസ്റ്റ് ചെയ്തേക്കുമെന്ന് ഭയന്ന് ശ്രീനാഥ്ഭാസി കോടതിയെ സമീപിച്ചത്. ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണന്റെ ബെഞ്ച് ശ്രീനാഥ് ഭാസിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്നുതന്നെ പരിഗണിക്കും. ഹൈബ്രിഡ് കഞ്ചാവുമായി പിടിയിലായ തസ്ലിമാ സുല്‍ത്താനയേയും സഹായി കെ. ഫിറോസിനേയും റിമാന്‍ഡുചെയ്തിരുന്നു.