കൊച്ചി: യുട്യൂബ് ചാനൽ അവതാരകയോട് അപമര്യാദയായി പെരുമാറിയ കേസിൽ നടൻ ശ്രീനാഥ് ഭാസിയെ അറസ്റ്റ് ചെയ്തു. ചോദ്യം ചെയ്യലിനു ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. സ്റ്റേഷൻ ജാമ്യത്തിൽ നടനെ വിട്ടയച്ചു. കൊച്ചി മരട് പൊലീസ് സ്റ്റേഷനിലാണ് ശ്രീനാഥ് ഭാസി നേരിട്ട് ഹാജരായത്. സുഹൃത്തുക്കൾക്കെപ്പമാണ് അദ്ദേഹം എത്തിയത്.

ഐപിസി 509, 354(എ), 294 ബി പ്രകാരമാണ് കേസടുത്തിരിക്കുന്നത്. പൊലീസ് തിങ്കളാഴ്ച രാവിലെ ഹാജരാകാനാണ് ആവശ്യപ്പെട്ടതെങ്കിലും വൈകിട്ട് ഹാജരാകാൻ അനുവദിക്കണമെന്നു പൊലീസിനോട് ആവശ്യപ്പെടുകയായിരുന്നു. അതിനിടെ പ്രൊഡ്യൂസേഴ്സ് അസോസിയേഷന് അവതാരക നൽകിയ പരാതിയിൽ ശ്രീനാഥ് ഭാസിയെ വിളിച്ചു വരുത്താനും നീക്കമുണ്ട്.

സ്ത്രീത്വത്തെ അപമാനിച്ചുവെന്നാണ് നടനെതിരെയുള്ള കേസ്. ഒരു ഓൺലൈൻ ചാനൽ അവതാരകയാണ് ശ്രീനാഥ് ഭാസിക്കെതിരെ പരാതി നൽകിയത്. അഭിമുഖത്തിനിടെ അപമര്യാദയായി പെരുമാറിയെന്നാണ് പരാതി. മരട് പൊലീസിലാണ് പരാതി നൽകിയത്. സിനിമയുടെ പ്രചാരണത്തിന്റെ ഭാഗമായുള്ള അഭിമുഖത്തിനിടെയായിരുന്നു സംഭവം. പൊലീസിന് പുറമേ വനിതാ കമ്മീഷനിലും അവതാരക പരാതി നൽകിയിരുന്നു.

അതേസമയം, താൻ അവതാരകയെ തെറിവിളിച്ചിട്ടില്ലെന്നാണ് ശ്രീനാഥ് ഭാസി പറഞ്ഞത്. താൻ ആരെയും തെറിവിളിച്ചിട്ടില്ല, തന്നോട് മോശമായി പെരുമാറിയപ്പോൾ സാധാരണ മനുഷ്യൻ എന്ന നിലയിൽ നടത്തിയ പ്രതികരണമാണെന്ന് ശ്രീനാഥ് ഭാസി പറഞ്ഞു.

സിനിമയുടെ പ്രചാരണത്തിന്റെ ഭാഗമായി ഹോട്ടലിൽ നടന്ന അഭിമുഖത്തിന് ഇടയിലായിരുന്നു പരാതിക്ക് ഇടയാക്കിയ സംഭവം. ചോദ്യം ഇഷ്ടപ്പെടാതിരുന്നതോടെ ശ്രീനാഥ് ഭാസി ഭീഷണിപ്പെടുത്തുകയും അസഭ്യം പറയുകയും ചെയ്‌തെന്നാണ് അവതാരകയുടെ പരാതി. ശ്രീനാഥ് ഭാസി പ്രകോപിതനാകാനുള്ള കാരണം വ്യക്തമാകുന്നതിനായി അഭിമുഖത്തിന്റെ വിഡിയോ ദൃശ്യം ഹാജരാക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്. സിസിടിവി ദൃശ്യങ്ങളും പരിശോധിക്കും.

അതേസമയം, മറ്റൊരു അഭിമുഖത്തിൽ നടൻ അവതാരകനെ യാതൊരു പ്രകോപനവുമില്ലാതെ അസഭ്യം പറയുന്നതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഇതു പൊലീസിനു ലഭിച്ചിട്ടുണ്ട്. ഇതുകൂടി മുൻനിർത്തിയാണ് നടപടികൾ. ജാമ്യം കിട്ടുന്ന വകുപ്പുകൾ മാത്രമാണ് ചുമത്തിയത്. അതുകൊണ്ട് തന്നെ നടന് ജാമ്യവും കിട്ടും. ഫലത്തിൽ ഈ വിവാദം ഇന്ന് തീരാനാണ് സാധ്യത.