- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഭിന്നശേഷിക്കാരിയുടെ ഭൂമി തട്ടിപ്പ് കേസിൽ പ്രതികളായ ഏരിയാ കമ്മറ്റി അംഗം അടക്കം രണ്ടു പേരെ സിപിഎം സസ്പെൻഡ് ചെയ്തു; അന്വേഷണത്തിന് മൂന്നംഗ കമ്മിഷൻ; രണ്ടു പേരും പ്രതിയുടെ ആത്മാർഥ സുഹൃത്തുക്കൾ; പെരുവഴിയിലാക്കിയത് സ്ത്രീകൾ മാത്രം അടങ്ങിയ കുടുംബത്തെ; മുഖം രക്ഷിക്കാൻ സിപിഎം നടപടി
അടൂർ: ഭിന്നശേഷിക്കാരിയായ വിധവയെയും സുഖമില്ലാത്ത മാതാവിനെയും പറ്റിച്ച് ഭൂമി പണയം വച്ച് 36 ലക്ഷം രൂപ തട്ടിയ കേസിൽ പ്രതികളായ രണ്ട് നേതാക്കളെ സിപിഎം സസ്പെൻഡ് ചെയ്തു. സിപിഎം ഏരിയാ കമ്മറ്റി അംഗവും ലോക്കൽ സെക്രട്ടറിയുമായ ശ്രീനി എസ്. മണ്ണടി, പാർട്ടിയിലെ സജീവ അംഗമായ വനം വകുപ്പ് ഉദ്യോഗസ്ഥൻ ഷാജി കുമാർ എന്നിവരെ പാർട്ടിയിൽ നിന്ന് സസ്പെൻഡ് ചെയ്തതായി ഏരിയാ സെക്രട്ടറി അഡ്വ. എസ്. മനോജ് അറിയിച്ചു. ഏരിയാ കമ്മറ്റിയംഗം വേണു കൺവീനറായി അന്വേഷണ കമ്മിഷനെയും നിയോഗിച്ചു. ബി. നിസാം, അഡ്വ. ഉദയൻ എന്നിവർ കമ്മിഷൻ അംഗങ്ങളായിരിക്കും.
ഇതിൽ വേണുവും നിസാമും ശ്രീനിയുടെ ആത്മാർഥ സുഹൃത്തുക്കളാണ്. തട്ടിപ്പു കേസിൽ പാർട്ടി നടപടി സ്വീകരിക്കാത്തതിനെതിരേ പോഷക സംഘടനകളിൽ നിന്ന് അടക്കം പ്രതിഷേധം ഉയർന്നിരുന്നു. ഡിവൈഎഫ്ഐ കൊടുമൺ പോലുള്ള സോഷ്യൽ മീഡിയ പേജിൽ ശ്രീനിക്കും ഗോഡ്ഫാദർമാരായ സിപിഎം ജില്ലാ സെക്രട്ടറി ഉദയഭാനുവിനും അഡ്വ. എസ്. മനോജിനുമെതിരേ രൂക്ഷമായ വിമർശനം ഉയർന്നിരുന്നു.
ഭിന്നശേഷിക്കാരിയായ വിധവയെയും മാതാവിനെയും കബളിപ്പിച്ച് ഭൂമി തട്ടിയെടുത്ത് പണയം വച്ച് ലക്ഷങ്ങളുടെ ബാധ്യത വരുത്തുകയും ഒടുവിൽ കിടപ്പാടം ജപ്തിയായപ്പോൾ കൈമലർത്തുകയും ചെയ്ത സിപിഎം നേതാക്കൾ അടങ്ങുന്ന തട്ടിപ്പ് സംഘത്തെ അറസ്റ്റ് ചെയ്യാതെ പൊലീസിന്റെ ഒളിച്ചു കളിക്കുകയാണെന്ന് ആരോപണം ഉയർന്നിരുന്നു.
കരുവാറ്റ പൂങ്ങോട്ട് മാധവത്തിൽ എസ്.വിജയശ്രീ (44), മാതാവ് ശ്രീദേവി കുഞ്ഞമ്മ എന്നിവരെയാണ് പ്രതികൾ കബളിപ്പിച്ചത്. വിജയശ്രീയുടെ പരാതിയിൽ കരുവാറ്റാ ഗീതാഭവനിൽ ഷാജി കുമാർ, ഇയാളുടെ സുഹൃത്തും സിപിഎം അടൂർ ഏരിയാ കമ്മറ്റിയംഗവും ടൗൺ നോർത്ത് ലോക്കൽ സെക്രട്ടറിയുമായ കടമ്പനാട് മണ്ണടി കണിയാക്കോണത്ത് തെക്കേതിൽ എസ്. ശ്രീനി, സഹോദരി ചേർത്തല ഡി.ഇ.ഒ ശ്രീകല, മാതാവ് ചിറ്റ, ഏനാത്ത് കേരളാ ബാങ്ക് ശാഖ മുന്മാനേജർ പ്രഭാകരൻ പ്രഭാകരൻ പിള്ള എന്നിവരെ പ്രതികളാക്കിയാണ് ഡിസംബർ ഒന്നിന് പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്.
ഇവരുടെ ചതിയിൽ ഒന്നുമറിയാതെ 36 ലക്ഷം രൂപയുടെ കടക്കെണിയിലായത് വിജയശ്രീയും മാതാവ് ശ്രീദേവി കുഞ്ഞമ്മയുമാണ്. ആരോപണ വിധേയനായ ശ്രീനി മണ്ണടി ഡിവൈഎഫ്ഐ മുൻ ജില്ലാ സെക്രട്ടറിയേറ്റംഗമാണ്. നിലവിൽ സിപിഎം അടൂർ ഏരിയാ കമ്മറ്റിയംഗം കൂടിയാണ്. വടക്കടത്തുകാവിൽ പട്ടികജാതി സ്ത്രീയെ പറ്റിച്ച് ഭൂമി വിറ്റ കേസിൽ മുൻപ് 40 ദിവസം ജയിൽവാസം അനുഭവിച്ചിട്ടുണ്ട്. കൂടാതെ അടൂരിലെ ശ്മശാന ഭൂമി തട്ടിപ്പു മകസിലും ആരോപണ വിധേയനാണ്. ആദ്യം ബിജെപി പ്രവർത്തകനായിരുന്നു. മുസ്ലിം യുവതിയെ വിവാഹം കഴിച്ചതിന് ശേഷം പിഡിപിയിൽ ചേർന്നു. ഒരു റവന്യൂ ഉദ്യോഗസ്ഥനാണ് സിപിഎമ്മിന്റെ മുതിർന്ന നേതാവിന് പരിചയപ്പെടുത്തി കൊടുത്തത്. പിന്നീട് സിപിഎമ്മിലെ ഉന്നത നേതാക്കളുടെ വിശ്വസ്തനും രഹസ്യം സൂക്ഷിപ്പുകാരനുമായി. അതിനുള്ള പ്രതിഫലം എന്ന നിലയിലാണ് ഇക്കുറി സിപിഎം ഏരിയാ കമ്മറ്റിയിൽ സ്ഥാനം കിട്ടിയത്.
അതേ സമയം, പരാതി നൽകിയ തനിക്കും മാതാവിനും നേരെ കഴിഞ്ഞ രണ്ടിന് ആക്രമണം നടന്നുവെന്ന് വിജയശ്രീ പറഞ്ഞു. ഒരു സംഘം ആൾക്കാർ വീടിന് പുറത്തു വന്ന് ഭീഷണി മുഴക്കുകയും അസഭ്യം വിളിക്കുകയുമായിരുന്നു. വിവരം അറിയിച്ചിട്ടും അടൂർ പൊലീസ് നടപടി എടുത്തില്ലെന്നാണ് പരാതി.
വിജയശ്രീയെ ചതിച്ചത് ഇങ്ങനെ..
2012ൽ വിജയശ്രീ അടൂർ ഗവ.ആശുപത്രിയിൽ ചികിത്സയിലിരിക്കുമ്പോഴാണ് സംഭവം. ആശുപത്രി ചെലവിനും തുടർ ചികിത്സയ്ക്കും പണമില്ലാതിരുന്ന സാഹചര്യത്തിലാണ് പ്രതികൾ സഹായ വാഗ്ദാനവുമായി സമീപിക്കുന്നത്. വസ്തുവിന്റെ ആധാരം തരാമെങ്കിൽ പണയപ്പെടുത്തി ചികിത്സയ്ക്ക് ആവശ്യമായ ഒന്നര ലക്ഷം രൂപ ഏനാത്ത് സഹകരണബാങ്കിൽ നിന്നും എടുത്ത് നൽകാമെന്നായിരുന്നു വാഗ്ദാനം. അയൽവാസിയും സഹോദര തുല്യനുമായ കരുവാറ്റാ ഗീതാഭവനിൽ ഷാജി കുമാർ പറഞ്ഞതിൽ വിജയശ്രീ ഒന്നും സംശയിച്ചില്ല. സിപിഎമ്മിന്റെ നേതാവായ എസ്. ശ്രീനി, ഷാജിയുടെ സഹോദരിയും ചേർത്തല ഡി.ഇ.ഓയുമായ ശ്രീകല, മാതാവ് ചിറ്റ എന്നിവർ ചേർന്നായിരുന്നു വസ്തു പണയപ്പെടുത്തിയതെന്ന് വിജയശ്രീ പറഞ്ഞു.
ആശുപത്രി കിടക്കയിൽ വിജയശ്രീയെ കാണാനെത്തിയ സംഘത്തെപ്പറ്റി യാതൊരു സംശയവും അന്ന് തോന്നിയില്ല. ഷാജി കുമാർ സിപി.എം പ്രവർത്തകനും അടൂർ നഗരസഭാ കരുവാറ്റാ വാർഡ് കൗൺസിലറും എനാത്ത് സഹകരണബാങ്ക് ഭരണസമിതി അംഗവുമായിരുന്നു. തന്റെയും മാതാവ് ശ്രീദേവി കുഞ്ഞമ്മയുടെയും ഉടമസ്ഥതയിലുള്ള 78 സെന്റ് സ്ഥലം പണയപ്പെടുത്താനായി വിജയശ്രീ സമ്മതിച്ചതോടെ അവർ ചില പേപ്പറുകളിൽ ഒപ്പിട്ട് വാങ്ങി. തുടർന്ന് മാനസിക വൈകല്യമുള്ള മാതാവ് ശ്രീദേവി കുഞ്ഞമ്മയെ സമീപിച്ച സംഘം അവരിൽ നിന്നും ആധാരം വാങ്ങിയ ശേഷം ചില പേപ്പറിൽ ഒപ്പിട്ട് വാങ്ങി. പിന്നീട് ഇവരെപ്പറ്റി യാതൊരു വിവരവും ഉണ്ടായില്ല. ബാങ്കിൽ ആധാരം പണയപ്പെടുത്തിയ വകയിൽ ചില്ലിക്കാശ് വിജയശ്രീയ്ക്ക് ലഭിച്ചുമില്ല.
ആശുപത്രി വാസം കഴിഞ്ഞ് തിരിച്ചെത്തിയ ശേഷം പല തവണ ആധാരം തിരികെ നൽകണമെന്ന് വിജയശ്രീ ആവശ്യപ്പെട്ടു. വൈകാതെ തരാമെന്ന് പറഞ്ഞ് ഓരോ തവണയും പ്രതികൾ തടിതപ്പി. അങ്ങനെ ഇരിക്കവേ 2014 ൽ വിജയശ്രീയുടെ വീട്ടിൽ ബാങ്ക് വക ജപ്തിനോട്ടീസ് എത്തി. മുതലും പലിശയും അടക്കം 34 ലക്ഷം തിരികെ അടച്ചില്ലെങ്കിൽ ഭൂമി ജപ്തി ചെയ്യുമെന്നായിരുന്നു നോട്ടീസിലെ ഉള്ളടക്കം. എങ്ങനെ ഇത് സംഭവിച്ചുവെന്ന് അന്വേഷിച്ചപ്പോഴാണ് രണ്ട് തരണയായി പ്രതികൾ ആധാരം പണയപ്പെടുത്തി 34 ലക്ഷം രൂപ വായ്പയെടുത്തതായി വ്യക്തമായത്.
തുടർന്ന് വിജയശ്രീ, കേരളാ കാരുണ്യാ ഭിന്നശേഷി അസോസിയേഷന്റെ സഹായത്തോടെ ഡിവൈ.എസ്‌പിക്കും കോടതിയിലും പരാതിനൽകി. ഇരുകൂട്ടരുടേയും വാദം കേട്ട കോടതി 2016ൽ വിജയശ്രീക്ക് ഉണ്ടായ നഷ്ടം പരിഹരിച്ച് നൽകണമെന്നും ആധാരം നാലുമാസത്തിനുള്ളിൽ തിരികെ എടുത്ത് നൽകണമെന്നും വിധി പ്രസ്താവിച്ചു. പ്രതികൾ ഇതിന് തയ്യാറായില്ല. ഇതിനിടെ പ്രധാന പ്രതിയായ ഷാജി കുമാറിന് വനം വകുപ്പിൽ ജോലി ലഭിച്ചു. പ്രതികളുമായി നേരിൽ കണ്ട് പ്രശ്നം പരിഹരിക്കാനുള്ള എല്ലാ ശ്രമങ്ങളും പരാജയപ്പെട്ടു. എന്തുചെയ്യണമെന്നറിയാതെ വിഷമിക്കുമ്പോഴാണ് കഴിഞ്ഞ മാസം കോടതി ഉത്തരവ് മറികടന്ന് എനാത്ത് കേരളാ ബാങ്ക് മാനേജർ അജിതാ മധു മുതലും പലിശയും ചേർത്ത് 54 ലക്ഷം രൂപാ നഷ്ടപരിഹാരം ആവശ്യപ്പെട്ടുകൊണ്ട് വീണ്ടും ജപ്തി നോട്ടീസ് അയച്ചത്.
പ്രതികളെ ബാങ്കിന്റെ് ആദ്യ മാനേജർ പ്രഭാകരൻ നായരും ഏനാത്ത് കേരളാ ബാങ്കിന്റെ ഇപ്പോഴത്തെ മാനേജർ അജിതാ മധുവും വഴിവിട്ട് സഹായിച്ചിട്ടുണ്ടെന്ന് വിജയശ്രീ ആരോപിക്കുന്നു. പ്രതികൾ തന്റെ വസ്തുവിന്റെ പ്രമാണം ഉപയോഗിച്ച് പലതവണ വായ്പ എടുത്തതായി സൂചനയുണ്ട്. മറ്റൊരാളുടെ പേരിലുള്ള ഭൂമിയുടെ ആധാരം ഉപയോഗിച്ച് പ്രതികൾ അനധികൃതമായി പണം തട്ടിയെടുക്കുകയായിരുന്നുവെന്ന കാര്യം നേരത്തെ തന്നെ മാനേജർമാർക്ക് അറിവുള്ളതാണ്. അധികൃതർ അടിയന്തര നടപടി സ്വീകരിച്ച് കുറ്റക്കാരെ മാതൃകാ പരമായി ശിക്ഷിക്കണമെന്ന് വിജയശ്രീ ആവശ്യപ്പെട്ടു.
ശ്രീലാല് വാസുദേവന് മറുനാടന് മലയാളി പത്തനംതിട്ട ന്യൂസ് കോണ്ട്രിബ്യൂട്ടര്