കൊച്ചി: കെ പി സിസി സംസ്‌കാര സാഹിതി സംസ്ഥാന ചെയർമാൻ ആന്റോ ജോസഫിനെതിരെ കെപിസിസി വൈസ് പ്രസിഡന്റ് വിപി സജീന്ദ്രൻ. ഇടത് എംഎൽഎ പിവി ശ്രീനിജനിൽ നിന്ന് പണം വാങ്ങിയത് ആന്റോ ജോസഫാണെന്ന് വിപി സജീന്ദ്രൻ ആരോപിച്ചു. കുന്നത്തുനാട്ടിലേക്ക് കോൺഗ്രസ് പ്രതിഷേധ മാർച്ചും നടത്തി.

ആന്റോ ജോസഫും പിവി ശ്രീനിജനും തമ്മിലുള്ള അവിശുദ്ധ ബന്ധം പുറത്തുവന്നിരിക്കുന്നുവെന്നും ഇനിയും കൂടുതൽ കാര്യങ്ങൾ പുറത്തു വരുമെന്നും അദ്ദേഹം പറഞ്ഞു. ഇക്കാര്യങ്ങൾ മറുനാടൻ മലയാളി എഡിറ്റർ ഷാജൻ സ്‌കറിയക്ക് അറിയാമായിരുന്നുവെന്നും ഇത് പുറത്താകാതെ ഇരിക്കാനാണ് ഷാജനെതിരെ നിയമനടപടിയുമായി നീങ്ങിയതെന്നും വിപി സജീന്ദ്രൻ പറഞ്ഞു. സിനിമാ മേഖലയിലെ കള്ളപ്പണ ഇടപാടുമായി ബന്ധപ്പെട്ട് ഷാജൻ സ്‌കറിയക്ക് അറിയാമായിരുന്നു-സജീന്ദ്രൻ പറയുന്നു.

കണക്കുകൾ പുറത്തുവിടുമെന്ന് പറഞ്ഞതിന് പിന്നാലെയാണ് ഷാജൻ സ്‌കറിയയ്‌ക്കെതിരെ കേസെടുത്തത്. പിന്നീട് അദ്ദേഹം ഒളിവിൽ പോവുകയും കോടതിയിൽ കേസെത്തുകയുമായിരുന്നു. ഇതെല്ലാം ഇനിയും പുറത്തുവരും. ഒന്നും ഒളിച്ചുവെക്കാനാവില്ല. പിവി ശ്രീനിജനെതിരെ അനധികൃത സ്വത്ത് സമ്പാദനത്തിന് കേസെടുക്കണം. സ്പോർട്സ് കൗൺസിൽ കുട്ടികളെ എന്ത് കുറ്റം ചെയ്തിട്ടാണ് ഗേറ്റ് അടച്ചിട്ട് പുറത്ത് നിർത്തിയത്? ഇങ്ങനെ പെരുമാറാൻ സ്പോർട്സ് കൗൺസിൽ ആരുടെയും കുടുംബസ്വത്തല്ലെന്നും സജീന്ദ്രൻ  ആരോപിച്ചു.

സിപിഎം എൽഎൽഎ പി.വി. ശ്രീനിജിനെതിരെ ആദായ നികുതി വകുപ്പിന്റെ നടപടിയുണ്ടാകുമെന്ന് മാതൃഭൂമി ന്യൂസ് നേരത്തെ ആരോപിച്ചിരുന്നു. ബിജു പങ്കജാണ് മാതൃഭൂമി ചാനലിൽ ഈ വാർത്ത റിപ്പോർട്ട് ചെയ്തിരുന്നു. സിനിമാ നിർമ്മാതാവിന് നൽകിയ കണക്കിൽപ്പെടാത്ത പണത്തിന്റെ പലിശ സ്വന്തം കമ്പനിയിലെ തൊഴിലാളികളുടെ അക്കൗണ്ട് വഴി വാങ്ങിയെന്ന ആക്ഷേപത്തിലാണ് നടപടി. ഇതിന് പിന്നാലെയാണ് സജീന്ദ്രന്റെ പരസ്യ ആരോപണങ്ങൾ.

മാതൃഭൂമി ന്യൂസ് വാർത്ത ചുവടെ

കഴിഞ്ഞ ഡിസംബറിൽ സിനിമാ നിർമ്മാതാക്കളുടേയും താരങ്ങളുടേയും വീടുകളിൽ ആദായ നികുതി വകുപ്പ് റെയ്ഡ് നടത്തിയിരുന്നു. ഈ റെയ്ഡിലാണ് ഒരു നിർമ്മാതാവുമായി ശ്രീനിജിന് പണമിടപാടുള്ള വിവരം ആദായ നികുതി വകുപ്പിന് വിവരം ലഭിച്ചത്. ഇതിന്റെ അടിസ്ഥാനത്തിൽ കഴിഞ്ഞയാഴ്ച ശ്രീനിജിനെ ആദായ നികുതി വകുപ്പ് കൊച്ചിയിലെ ഓഫീസിലേക്ക് വിളിച്ചുവരുത്തി ചോദ്യംചെയ്തിരുന്നു. നാല് മണിക്കൂറോളം ചോദ്യംചെയ്തു. ഒരു നിർമ്മാതാവിൽ നിന്ന് താൻ പണം വാങ്ങിയതുമായി ബന്ധപ്പെട്ടാണ് ചോദ്യംചെയ്യലെന്നാണ് അന്ന് ശ്രീനിജിൻ മാധ്യമങ്ങളോട് പ്രതികരിച്ചത്.

എന്നാൽ, 2013 കാലയളവിൽ നിർമ്മാതാവിന് ശ്രീനിജിൻ പണം നൽകിയിരുന്നുവെന്നാണ് ആദായ നികുതി വകുപ്പ് വൃത്തങ്ങൾ പറയുന്നത്. ഒന്നര കോടിയോളം രൂപ നൽകിയതായും അതിന്റെ ഇരട്ടിയോളം രൂപ ശ്രീനിജിൻ പലിശയായി കൈപ്പറ്റിയിരുന്നതായുമാണ് വിവരം. നേരിട്ടല്ല ശ്രീനിജിൻ പണം കൈപ്പറ്റിയിരുന്നത്. ശ്രീനിജിൻ ഡറക്ടറായിട്ടുള്ള ഗാർഡൻ കമ്പനിയിലെ തൊഴിലാളികളുടെ അക്കൗണ്ടിലേക്കാണ് നിർമ്മാതാവ് എല്ലാ മാസവും പണം കൈമാറിയിരുന്നതെന്നും ആദായ നികുതി വകുപ്പ് കണ്ടെത്തി.

തൊഴിലാളികളെ ചോദ്യം ചെയ്തപ്പോഴാണ് പണമിടപാട് സംബന്ധിച്ച് കൂടുതൽ വ്യക്തത വന്നത്. തൊഴിലാളികളുടെയും നിർമ്മാതാവിന്റെയും മൊഴിക്കൊപ്പം പണം കൈമാറ്റത്തിന്റെ രേഖകളും ആദായ നികുതി വകുപ്പിന് ലഭിച്ചിട്ടുണ്ട്.

കണക്കിൽപ്പെടാത്ത പണത്തിന് ശ്രീനിജിനിൽ നിന്ന് നികുതിയും പിഴയുമടക്കം ഈടാക്കാനുള്ള നടപടിയിലാണ് ആദായനികുതിവകുപ്പ്. ശ്രീനിജിൻ തിരഞ്ഞെടുപ്പ് കമ്മീഷന് നൽകിയ സ്വത്ത് വിവരങ്ങളും പുതിയ നടപടികളോടെ ചോദ്യംചെയ്യപ്പെടും.